Skip to content Skip to sidebar Skip to footer

സംഘ്പരിവാർ നിർമിക്കുന്ന രാഷ്ട്രീയ ഭാവന

ലോകസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് 2014 ൽ ബി.ജെ.പിക്ക് അധികാരം നേടി കൊടുത്തത് എന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ധാരണയുള്ള ആരും വിശ്വസിക്കില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നതിന് ചെറുതും വലുതുമായ അസൂത്രണങ്ങളും ഹൃസ്വ – ദീർഘ കാല പദ്ധതികളും അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും. ആ പദ്ധതികൾ നടപ്പിലാക്കുന്നതിലെ വിജയമാണ് ഒരു പാർട്ടിക്കും അവർ പിൻപറ്റുന്ന ആശയങ്ങൾക്കും രാജ്യത്ത് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്നത്.

നിലവിൽ ജനങ്ങൾ അംഗീകരിച്ച, തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു പാർട്ടിയെ സംബന്ധിച്ച് അധികാരത്തിലിരിക്കുന്ന സമയവും പരീക്ഷണങ്ങൾ നിറഞ്ഞതാണ്. മുന്നത്തേക്കാൾ വേഗത്തിലും ശക്തിയിലും ഭരണകൂടങ്ങൾ വിമർശിക്കപ്പെടും. ഇതിൽ നിന്ന് വ്യത്യസ്തമല്ല ഇപ്പോൾ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയുടെയും അവസ്ഥ.

ആർ.എസ്.എസ് പിൻബലമുള്ള, വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന രാഷ്ട്രീയ ഗുണഭോക്താക്കളിൽ ഒരു കൂട്ടരായ ബി.ജെ.പിയെ സംബന്ധിച്ച് അവരുടെ ഹിന്ദുത്വ അജണ്ടകളും പദ്ധതികളും ഏറ്റവും ദൃശ്യതയോടെ ആവിഷ്ക്കരിക്കപെടുന്ന ഒരു സന്ദർഭത്തിലാണ് നമ്മൾ ഉള്ളത്. ബി.ജെ.പിയെ തെരഞ്ഞടുപ്പ് വിജയിച്ചത്തിലേക്ക് എത്തിച്ചതും, അവിടന്ന് ഇങ്ങോട്ടും സംഘ്പരിവാറിന് വളക്കൂറുള്ള മണ്ണായി രാജ്യം മാറിയതെങ്ങനെയെന്ന് പരിശോധിക്കുന്നു.

തെരെഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് ഒരു പാർട്ടി നിർവഹിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾക്ക് പുറമേ അധികാരത്തെ താങ്ങി നിർത്തുന്ന മറ്റ് ചില ഘടകങ്ങൾ കൂടി ഉള്ളതായി കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാധ്യമങ്ങളാണ്. 2014ൽ ബി.ജെ പി അധികാരത്തിലേറിയതിന് ശേഷം ഇന്ത്യൻ മാധ്യമങ്ങൾക്ക് വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ബി.ജെ.പിയുടെ അധികാരത്തെ സഹായിക്കാനായി മാധ്യമങ്ങൾ ചെയ്യാൻ ശ്രമിച്ചത്.

ഒന്ന്, രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രത്തെ, അതിന്റെ ഉപകരണങ്ങളെ അപനിർമിക്കുകയും പുതിയ ആഖ്യാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.

സാധാരണഗതിയിൽ രാഷ്ട്രീയ നിരൂപണ – വിമർശനങ്ങൾക്ക് അതാത് ഭരണകൂടങ്ങൾ നിർവഹിക്കുന്ന സാമൂഹിക രാഷ്ട്രീയ പുരോഗതികൾ, വികസനങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് മാനദണ്ഡങ്ങളായി സ്വീകരിക്കാറുള്ളത്. എന്നാൽ, മോദി കാലത്ത് ഇത്തരം വിശകലന ഉപാധികളെ നിരാകരിച്ച മാധ്യമങ്ങൾ, രാജ്യസ്നേഹം ദേശീയത തുടങ്ങിയ അമൂർത്തമായ വൈകാരിക ഭാവനയിൽ നിന്ന് ഭരണകൂട പ്രവർത്തനങ്ങളെ വിശേഷിച്ചും നരേന്ദ്രമോദി എന്ന അധികാരിയെ വിലയിരുത്താൻ ഉപയോഗിച്ചു. ഒരർത്ഥത്തിൽ മാധ്യമങ്ങൾ ഇത്തരമൊരു വീക്ഷണക്കോൺ അവതരിപ്പിച്ചതിന് ശേഷം അതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് ബി.ജെ.പി അധികാരത്തിൽ വന്നതിനെ തുടർന്ന് സ്ഥാപിതമായ റിപ്പബ്ലിക് ടി.വിക്കും അതിന്റെ സ്ഥാപകരിൽ ഒരാളായ അർണബ് ഗോസ്വാമിക്കുമാണ്. സാമൂഹിക രാഷ്ട്രീയ വിശകലനങ്ങളിൽ നിന്ന് മാറി, അമൂർത്തമായ വൈകാരികതയിൽ നിന്നുകൊണ്ട് മാത്രം കാര്യങ്ങളെ വിശകലനം ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റിപ്പബ്ലിക്ക് ടി.വി.

രണ്ട്, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്ന ഭരണകൂടത്തിൽ നിന്ന് അതാത് രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികരിക്കുന്ന ആശയസംഹിതയെ സ്ഥാപിക്കുക എന്ന നിലക്ക് ഇന്ത്യയിലെ അധികാരാരോഹണങ്ങൾ വിലയിരുത്തപ്പെടുകയും അതിനെ മാനദണ്ഡമാക്കി ഭരണത്തെ വിശകലനം ചെയ്യാനും തുടങ്ങി. രാജ്യത്ത് ദശലക്ഷകണക്കിന് മനുഷ്യർ ജോലി, ഭക്ഷണം, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ ജീവിതത്തിൻ്റെ സർവ മേഖലകളിലും ദൈന്യത അനുഭവിക്കുമ്പോഴും രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും വലിയ ആഘോഷമായി മാറി. 3000 കോടിയുടെ പ്രതിമ സ്ഥാപിക്കുന്നതോടെ വികസനത്തിന്റെ ഉത്തുംഗ മാതൃകയായി അത് അടയാളപ്പെടുത്തപ്പെടുന്നു.

മൂന്ന്, തെറ്റായ കാരണങ്ങൾ മുൻനിർത്തി രാഷ്ട്രീയ ബിംബങ്ങളെ രൂപപെടുത്തുന്നതാണ്.
മറ്റേതൊരു രാഷ്ട്രീയ നേതാവിനെക്കാളും ദൃശ്യതയുള്ള നേതാവാണ് നരേന്ദ്രമോദി. അദ്ദേഹത്തെ ഒരു ആരാധ്യ പുരുഷനായി അവതരിപ്പിക്കുന്നതിൽ മാധ്യമങ്ങളും ഇതര പി.ആർ ഏജൻസികളും ഏറെ പണിയെടുത്തിട്ടുണ്ട്. ഏറ്റവും അവസാനം നടന്ന കർണാടക തെരെഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ വികാരങ്ങൾ ഉണ്ടാവുകയും ബി.ജെ.പി മുന്നോട്ട് വെച്ച സർവ്വ തന്ത്രങ്ങളും പരാജയപ്പെടും എന്ന അവസ്ഥ വരികയും ചെയ്തപ്പോൾ നരേന്ദ്രമോദി എന്ന ‘കൾട്ട് ഫിഗറി’നെ ഉപയോഗപ്പെടുത്തി തെരഞ്ഞടുപ്പ് വിജയിക്കാനുള്ള ശ്രമങ്ങൾ വരെ നടത്തുകയുണ്ടായി.

നരേന്ദ്രമോദിക്ക് ഉണ്ടെന്ന് പറയുന്ന വ്യക്തി ശോഭയെ മുൻനിർത്തിയാണ് അദ്ദേഹത്തെ ആരാധ്യ പുരുഷൻ എന്ന പരിവേഷത്തിലേക്ക് പ്രചാരണങ്ങൾ കൊണ്ടെത്തിച്ചത്.

വിവാഹം കഴിച്ച്, ചുരുങ്ങിയ കാലത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച സംഭവം രാജ്യത്തോടുള്ള വലിയ ത്യാഗമായാണ് ഇന്ന് ആഘോഷിക്കപ്പെടാറുള്ളത്. പ്രായമായ അമ്മയോടുള്ള സ്നേഹമാണ് മറ്റൊരു പ്രത്യേകതയായി അവതരിപ്പിക്കാറുള്ളത്. ആണ്ടിൽ ഒരിക്കൽ അമ്മയെ കാണാൻ പോകുന്നത് രാജ്യത്തെന്നല്ല ലോകത്ത് തന്നെയുള്ള എല്ലാ ഇന്ത്യക്കാരും അറിയുകയും ചെയ്യും. ഇങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങൽ പർവതീകരിച്ചും ന്യായികരിച്ചും തെറ്റായ ഭാവന രൂപപെടുത്തുന്നു.

രാഹുൽ ഗാന്ധിക്ക് ഉപേക്ഷിക്കാൻ പോലും ഒരു ഭാര്യയില്ലല്ലോ എന്ന ബി.ജെ.പി സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകൾ, തമാശ തോന്നുന്ന നിസാര സംഗതി ആണെന്ന് തോന്നുമെങ്കിലും അതിലൂടെ പ്രചരിപ്പിക്കുന്ന സന്ദേശം, അതിനെ ആളുകൾ മനസിലാക്കുന്ന രീതി ഏറെ പ്രധാനപെട്ടതാണ്.

ഭരണ നിർവഹണം, ജനങ്ങൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഇതൊന്നും അധികം ചർച്ച ചെയ്യപ്പെടാത്ത കാലത്ത് മറ്റെന്തിന്റെയൊക്കെയോ മുകളിൽ കെട്ടിപ്പൊക്കിയ അധികാര രാഷ്ട്രീയ ബിംബങ്ങൾ ഒരുനാൾ തകർന്ന് വീഴുക തന്നെ ചെയ്യും. ഏതൊരു ജനാധിപത്യ രാജ്യത്തും ജനങ്ങൾ ആണ് പ്രധാനം. ആ രാജ്യത്തെ രാഷ്ട്രീയം ജനങ്ങളിലേക്ക് മടങ്ങാത്തിടത്തോളം കാലം ഒരു അധികാരവും ശ്വാശ്വതമല്ല.

ജനസംഖ്യ കൊണ്ടും ഭൂവിസൃതി കൊണ്ടും ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങി ഒരു രാജ്യത്തെ അടിസ്ഥാന മൂലധന ലഭ്യത, വിഭവ വിതരണം, അടിസ്ഥാന സൗകര്യ വികസനം, ശിശുക്കൾ മുതൽ വൃദ്ധമാർ വരെയുള്ള ആളുകൾക്ക് ജീവിക്കാനുള്ള ജീവിത സൗകര്യങ്ങളുടെ നിലവാരം, ഇങ്ങനെ തുടങ്ങി പല മേഖലയിലും ഏറെ പുറകിലാണ്. അതിനാൽ തന്നെ അധികാരം നിയന്ത്രിക്കുന്ന പ്രധാന വോട്ട് ബാങ്കുകളിൽ ഒന്നായ ഇവിടത്തെ മധ്യവർഗ ജന സമൂഹവും ഇന്നത്തെ ഭരണത്തിൽ അസംതൃപ്തരാണ്.

നോട്ട് നിരോധനം, തൊഴിലില്ലായ്മ, അനിയന്ത്രിതമായ വിലക്കയറ്റം എന്നീ പ്രശ്നങ്ങൾ നിലനിൽക്കെ, സർക്കാർ അവതരിപ്പിക്കുന്ന ബജറ്റുകളിൽ അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ല എന്ന് ജനങ്ങൾ മനസിലാക്കുകയും അതിന്റെ സ്വാഭാവിക പ്രതികരണങ്ങൾ രൂപപ്പെട്ടു വരികയും ചെയ്യുന്നുണ്ട്.

കർണാടക തെരെഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമാണ്. ജാതി – വർഗീയ രാഷ്ട്രീയ സമവാക്യങ്ങളിലൂടെ ബി.ജെ.പി കർണാടക ജയിക്കാൻ ശ്രമിച്ചപ്പോൾ ഇതേ സമവാക്യങ്ങൾ അവർക്കെതിരെ തിരിയുന്ന കാഴ്ചയാണ് അവിടെ കണ്ടത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഹിന്ദുത്വ ഭാവനക്ക് അപ്പുറത്ത് ജനങ്ങളുടെ ആവശ്യങ്ങളോട് എന്താണ് ചെയ്യാനുള്ളത് എന്ന ചോദ്യത്തിന് ഒരു ഉത്തരം ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. എല്ലാ സമവാക്യങ്ങൾക്കും മുകളിൽ ജനങ്ങളുടെ വികാസം പ്രധാന ചോദ്യ ചിഹ്നമായി എന്നും അവശേഷിക്കും. സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീയം എന്നും ഇത്തരം വ്യാജ രാഷ്ട്രീയ ബോധത്തിനെതിരെയുള്ള തകീത് ആയി നിലകൊള്ളും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.