മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ.
സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ.
1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു സംവരണം. 1970 മാര്‍ച്ചില്‍ ഇത് യഥാക്രമം 15%, 7.5% എന്നിങ്ങനെയായി ഉയര്‍ത്തി. ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തുടര്‍ച്ചയായ വിവേചനം കാരണം അധസ്ഥിത വിഭാഗങ്ങളിലെ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ സംവരണത്തിന്റെ ഗുണം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
പിന്നാക്ക സമുദായങ്ങളിലെ കര്‍ഷക വിഭാഗങ്ങള്‍ സമാനമായ സംവരണം വേണമെന്ന് ആവശ്യമുയര്‍ത്തി. ഇത് പഠിക്കാനായി 1953ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആചാര്യ കാക കലേല്‍കറിനെ അധ്യക്ഷനാക്കി ഒരു സമിതിയെ നിയോഗിച്ചു. 1955 മാര്‍ച്ചില്‍ ഈ സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലായില്ല.
ദക്ഷിണേന്ത്യന്‍ ഭാഗത്ത് ഇടത്, പ്രാദേശിക മുന്നേറ്റങ്ങളുടെ ശക്തിയില്‍ (പെരിയാറിന്റെ ദ്രവീഡിയന്‍ മുന്നേറ്റം പോലെ) സംവരണ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും 1967 വരെ ഉത്തരേന്ത്യന്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ആധിപത്യത്തില്‍ പിന്നാക്ക സമുദായങ്ങളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാതെയായി. സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യ ആണ് ഇത്തരം ആവശ്യങ്ങള്‍ ഉത്തരേന്ത്യയില്‍ ഉന്നയിച്ച ആദ്യ നേതാവ്.
അറുപതുകളുടെ അവസാനം മുതല്‍ എഴുപതുകളുടെ അവസാനം വരെ
1967ല്‍ നെഹ്‌റുവിന്റെ മരണത്തിന് ശേഷം പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ അധികാരത്തില്‍വന്നു തുടങ്ങി.
ഉത്തര്‍പ്രദേശ്- ചരണ്‍സിങ്- സംയുക്ത് വിധായക് ദള്‍ ഗവണ്മെന്റ്
ഹരിയാന- റാവു ബിജേന്ദര്‍ സിങ്- വിശാല്‍ ഹരിയാന പാര്‍ട്ടി
പശ്ചിമ ബംഗാള്‍- അജോയ് കുമാര്‍ മുഖര്‍ജി- യുനൈറ്റഡ് ഫ്രണ്ട് ഗവണ്മെന്റ്
ബിഹാര്‍- യുനൈറ്റഡ് ഫ്രണ്ട് ഗവണ്മെന്റ് – മഹാമായ പ്രസാദ് സിന്‍ഹ
കേരളം- ഇഎംഎസ് നമ്പൂതിരിപ്പാട്-ഏഴ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ മുന്നണി.
മദ്രാസ്- സിഎം അണ്ണാദുരൈ- ദ്രാവിഡ മുന്നേറ്റ്ര കഴകം
ഒഡീഷ- രാജേന്ദ്ര നാരായണ്‍ സിങ് ദിയോ- സ്വതന്ത്ര പാര്‍ട്ടി
പഞ്ചാബ്- ഗുര്‍നാം സിങ്- അകാലി ദള്‍
മധ്യപ്രദേശ്- വിമതന്‍ ഗോവിന്ദ് നാരായണ്‍ സിങ്- ലോക് സേവക് ദള്‍
ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും നിരവധി നേതാക്കള്‍ ഉയര്‍ന്നുവരാന്‍ ഇതെല്ലാം കാരണമായി.
1968 മുതല്‍ 1972 വരെയുള്ള വര്‍ഷങ്ങളില്‍ ബിഹാറില്‍ അവര്‍ണരായ നിരവധി പേര്‍ മുഖ്യമന്ത്രിമാരായി അധികാരത്തിലെത്തി. സതീഷ് പ്രസാദ് സിങ്, ബി.പി മണ്ഡല്‍, ഭോല പസ്വാന്‍, ദരോഗ പ്രസാദ് റായ്, കര്‍പൂരി ഥാക്കൂര്‍ എന്നിവര്‍. ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘിൽ പോലും യാദവ്, ദളിത് സമുദായങ്ങളില്‍നിന്നുള്ള നേതാക്കളുണ്ടായിരുന്നു.സംയുക്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുലയം സിങ് യാദവ്, രാം വിലാസ് പസ്വാന്‍ എന്നിവരുൾപടെയുള്ളവർക്ക് സംസ്ഥാനങ്ങളുടെ അധികാരത്തിലും അസംബ്ലികളിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുണ്ടായതോടെ ഈ സമുദായങ്ങളുടെ- ഇന്ന് ഒ.ബി.സി വിഭാഗത്തില്‍ പെട്ട സമുദായങ്ങളുടെ- സംവരണ ആവശ്യങ്ങള്‍ ശക്തമായി.
1971ല്‍ കര്‍പൂരി ഥാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ മുംഗേരി ലാലിന്റെ നേതൃത്വത്തില്‍, വിഷയം പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചു. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉത്തര്‍പ്രദേശിലെ എച്ച്.എന്‍ ബഹുഗുണ സര്‍ക്കാര്‍ ഛേദിലാല്‍ സതിയുടെ നേതൃത്വത്തില്‍ സമാനമായ കമ്മീഷന്‍ രൂപീകരിച്ചു. കലേല്‍കര്‍ കമ്മീഷന്‍ ആദ്യത്തെ ഒ.ബി.സി കമ്മീഷന്‍ ആയി അറിയപ്പെടുന്നത്. കലേല്‍കര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ കാലഹരണപ്പെട്ടുവെന്ന തോന്നലില്‍ ജനതാ പാര്‍ട്ടിയുടെ സഖ്യകക്ഷിയിലൂടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി മൊറാര്‍ജി ദേശായ്, മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായ ബി.പി മണ്ഡലിന്റെ നേതൃത്വത്തില്‍ പുതിയ കമ്മീഷന്‍ രൂപീകരിച്ചു. സതി കമ്മീഷന്‍ റിപോര്‍ട്ട് യുപി സര്‍ക്കാര്‍ പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.
മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കപ്പെട്ടപ്പോഴേക്കും ജനതാ പാര്‍ട്ടി സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുകയും ഇന്ദിരാ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു. എഴുപതുകളുടെ അവസാനത്തില്‍, മണ്ഡല്‍ റിപോര്‍ട്ട് പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചപ്പോള്‍, യുപിയിലും ബിഹാറിലും ജനതാ പാര്‍ട്ടി സര്‍ക്കാരുകള്‍ സംവരണം നടപ്പിലാക്കി. ഉത്തര്‍പ്രദേശില്‍ 15%, ബിഹാറില്‍ 20%.
എണ്‍പതുകളുടെ തുടക്കം മുതല്‍ തൊണ്ണൂറുകളുടെ ആദ്യകാലം വരെ
രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തെ തന്നെ മാറ്റാന്‍ കഴിവുള്ള ഈ പ്രശ്‌നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 1989 വരെയും അവഗണിക്കുകയാണ് ചെയ്തത്. ആദ്യം ഇന്ദിരാ ഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും ഈ പ്രശ്‌നത്തിന്റെ സമ്മര്‍ദ്ദത്തിന് കീഴില്‍വന്നു. യുപിയിലെയും ബിഹാറിലെയും സാഹചര്യം മറ്റു സംസ്ഥാനങ്ങളിലെ ആവശ്യങ്ങളെ കൂടുതല്‍ ശക്തമാക്കി.
എണ്‍പതുകളുടെ അവസാനത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ബഫേഴ്‌സ് അഴിമതി കുറ്റാരോപണം നേരിടുകയും ബി.ജെ.പിയുടെ രാമക്ഷേത്രമുന്നേറ്റവും ശക്തിയ്ക്അർജിക്കുകയും ചെയ്തു. രാജീവ് ഗാന്ധിക്കെതിരെയുള്ള അഴിമതി വിരുദ്ധ ക്യാംപെയ്‌ന്റെ മുഖമായിരുന്ന, മുന്‍ പ്രതിരോധ മന്ത്രി വിപി സിങ് ജനതാപാര്‍ട്ടിയുടെ സംഘടനകളെ ഒന്നിച്ചുചേര്‍ത്ത് ജനതാ ദള്‍ രൂപീകരിച്ചു.
1989ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ മണ്ഡല്‍ റിപോര്‍ട്ട് ഒരു പ്രധാന അജണ്ടയായി വന്നു. ബിജെപി പോലും തെരഞ്ഞെടുപ്പ് പത്രികയില്‍ മണ്ഡല്‍ റിപോര്‍ട്ട് ഉള്‍പ്പെടുത്തി. സവര്‍ണ വിഭാഗങ്ങളായ അതിന്റെ വോട്ട് ബാങ്കിന് വേണ്ടി ദരിദ്രരുടെ ക്വോട്ടയെക്കുറിച്ചും സംസാരിച്ചു.
‘എസ്.സി, എസ്.ടി സംവരണം പതിവുപോലെ തുടരണം…മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കും സംവരണം വേണം. അവര്‍ക്കിടയിലുള്ള ദരിദ്രര്‍ക്ക് മുന്‍ഗണന കിട്ടണം. പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണം ദാരിദ്ര്യമായിരിക്കെ, മറ്റു ജാതികളിലുള്ളവര്‍ക്കും അവരുടെ സാമ്പത്തിക സാഹചര്യമനുസരിച്ച് സംവരണം വേണം,’ബി.ജെ.പി തെരഞ്ഞെടുപ്പ് പത്രികയില്‍ ഇങ്ങനെ എഴുതി.
വി.പി സിങ് പ്രധാനമന്ത്രിയായി, മുലയംസിങ് യാദവ്, ശരദ് യാദവ്, ലാലു പ്രസാദ്, നിതീഷ് കുമാര്‍, രാം വിലാസ് പാസ്വാന്‍ എന്നിങ്ങനെ അധസ്ഥിത സമുദായങ്ങളില്‍ നിന്നുമുള്ള നേതാക്കളുടെ പിന്തുണയോടെയാണ് വി.പി സിങ് അധികാരത്തിലെത്തിയത്. ഉപ പ്രധാനമന്ത്രി ദേവി ലാല്‍ ജാട്ട്, നേതാവായിരുന്നു ജാട്ട് വിഭാഗം ഓബിസി വിഭാഗത്തില്‍ പെടുന്നതല്ല. ഈ സഖ്യകക്ഷിക്ക് ബിജെപി പിന്തുണ നല്‍കിയിരുന്നു. വി.പി സിങ് (ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്പുത്) 1990 ഓഗസ്റ്റ് 2ന് ദേവിലാലിനെ പുറത്താക്കുകയുണ്ടായി. 1990 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സിങ് തന്റെ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തു. എണ്‍പതുകളിലെ ആദ്യകാലങ്ങളില്‍ ഉത്തര്‍പ്രദേശ് ഭരണകാലത്ത് ദലിത്, ഓബിസി വിരുദ്ധന്‍ എന്ന ആരോപണവും, ഈ വിഭാഗങ്ങളില്‍നിന്നുള്ളവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും വിപി സിങ്ങിന് നേര്‍ക്ക് ഉണ്ടായിരുന്നു.

മണ്ഡല്‍ റിപോര്‍ട്ടിനെക്കുറിച്ചുള്ള തീരുമാനം സുപ്രിം കോടതിയില്‍ ചലഞ്ച് ചെയ്യപ്പെട്ടു. 1992 നവംബര്‍ 16ലെ വിധിയെത്തുടര്‍ന്ന് ക്രീമി ലെയറിനെ മാറ്റി നിര്‍ത്തി മണ്ഡല്‍ റിപോര്‍ട്ട് നടപ്പിലാക്കപ്പെട്ടു.
1990കള്‍ മുതല്‍ 2004 വരെ
മണ്ഡല്‍ റിപോര്‍ട്ട് നടപ്പിലാക്കിയ ശേഷം ഒ.ബി.സി വിഭാഗക്കാര്‍- എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള വിഭാഗത്തിന്റെ രാഷ്ട്രീയ ശക്തിയുടെ ഉയര്‍ച്ചയുണ്ടായി. 1990 മാര്‍ച്ചില്‍ ലാലു പ്രസാദ് യാദവ് ബിഹാറില്‍ അധികാരത്തിലെത്തി. ഉത്തര്‍പ്രദേശിലും സമാനമായിരുന്നു സാഹചര്യം, 2017 മുതലാണ് ഇതില്‍ മാറ്റമുണ്ടായത്.
ഹിന്ദി ഹൃദയഭൂമിയില്‍ ഓബിസികളുടെ അധികാര കേന്ദ്രീകരണം സവര്‍ണരിലെ ദരിദ്രരുടെ ക്വോട്ടയ്ക്കായുള്ള ആവശ്യപ്പെടലുകള്‍ തീവ്രമാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ യാദവര്‍, കുര്‍മികള്‍, ലോധുകള്‍ എന്നീ വിഭാഗങ്ങള്‍ പ്രധാന അധികാര കേന്ദ്രങ്ങളായി കണക്കാക്കപ്പെട്ടു. ജാട്ടുകളും അധികം വൈകാതെ (അഞ്ചു സംസ്ഥാനങ്ങളില്‍) ഓബിസി വിഭാഗത്തില്‍ പെട്ടു.
1991ല്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ദരിദ്രരായ സവര്‍ണര്‍ക്കായി 10% സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം മുന്നോട്ടുവെച്ചു. എന്നാല്‍ സുപ്രീം കോടതി ഇത് തള്ളുകയായിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍, കോണ്‍ഗ്രസ് അതിന്റെ നേതൃപദവികളില്‍ ഓബിസി വിഭാഗക്കാരെ ഉള്‍പ്പെടുത്താന്‍ പരാജയപ്പെട്ടപ്പോള്‍ ബിജെപി ആ സാധ്യത ഉപയോഗിച്ചു. എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കല്യാണ്‍ സിങ്, ഉമാ ഭാരതി, സുശീല്‍ മോദി, സുന്ദര്‍ലാല്‍ പട്വ, ശിവരാജ് സിങ് ചൗഹാന്‍, ഗോപിനാഥ് മുണ്ടെ എന്നീ നേതാക്കള്‍ അങ്ങനെ ഉയര്‍ന്നുവന്നു.
യാദവരുടെ ആധിപത്യത്തിനെതിരെ കുര്‍മികളെയും ലോധകളുടെയും രാഷ്ട്രീയ പ്രവേശം ഉണ്ടായി. മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കുന്നതിനും സവര്‍ണരില്‍ ദരിദ്രരായവര്‍ക്ക് 10% സംവരണം കൊണ്ടുവരുന്നതിലും ബിജെപി ശബ്ദമുയര്‍ത്തി. 1993 ജൂണില്‍ ബംഗളൂരുവില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ ബി.ജെ.പി ഒരു പ്രമേയം പാസാക്കി.
1996ലെ പ്രകടനപത്രികയിലും- (13 ദിവസത്തേക്ക് അവരെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ്) അവര്‍ 10% സംവരണം ഉള്‍പ്പെടുത്തി. ഈ കാലയളവില്‍ നിരവധി സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിത്തുടങ്ങിയിരുന്നു.
2004 മുതല്‍ 2014 വരെ
മന്‍മോഹന്‍ സിങ് ഗവണ്മെന്റില്‍ അധസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങി. കേന്ദ്രീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓബിസി വിഭാഗക്കാര്‍ക്കും മണ്ഡല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രായോഗികമാക്കി. മന്‍മോഹന്‍ സിങ് ഗവണ്മെന്റ് മേജര്‍ ജനറല്‍ എസ്.ആര്‍ സിന്‍ഹോയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിയെ നിയമിച്ചതുപോലെ.
2014ന് ശേഷം, മോദി കാലഘട്ടം
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതോടെ ബി.ജെ.പി ഒ.ബി.സി ജാതികളെ അതിന്റെ സന്ദേശത്തിന്റെ കേന്ദ്രമാക്കി. 2014ല്‍ ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടെ മോദിയുടെ പ്രധാന വാചകം ഇങ്ങനെയായിരുന്നു, ‘ഞാനിവിടെ ഇന്നെത്തിയിരിക്കുന്നത് കഴിഞ്ഞ എഴുപതു വര്‍ഷങ്ങളായി എസ്.സി, എസ്. ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് കിട്ടാത്തതെല്ലാം ലഭ്യമാക്കാനാണ്’.
മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കിടെ പിന്നിലാക്കപ്പെട്ട സമുദായങ്ങളിലേക്കും ബി.ജെ.പി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രധാനമന്ത്രിയായിരിക്കെയുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ മോദി ബിആര്‍ അംബേദ്കറുടെ ആശയങ്ങള്‍ ഉപയോഗിച്ചു, ദലിത് വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ഓബിസി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.
2017 ഒക്ടോബറില്‍ മോദി സര്‍ക്കാര്‍ ഡല്‍ഹി ഹൈ കോടതി മുന്‍ ചീഫ് ജസ്റ്റിസായ ജി. രോഹിണി അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. ഒ.ബിസി വിഭാഗത്തെ ഉപ വിഭാഗങ്ങളിലേക്ക് തരംതിരിക്കാന്‍. ഈ പാനലിന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനുവരി 31, 2023 വരെ കമ്മീഷന്റെ കാലാവധി നീട്ടി.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പായി മോദി സര്‍ക്കാര്‍ ഇഡബ്‌ള്യുഎസ് ഫയല്‍ നീക്കി. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നു. ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ നടപടികളുണ്ടാകുകയും അതിവേഗം ബില്‍ നിയമമാക്കുകയും ചെയ്തു.
ഇതിനെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് തന്ത്രമായി അപലപിച്ചു, പക്ഷേ സുപ്രീം കോടതിയും ഈ നിയമനിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുകയാണ്.