മീഡിയ വണ്ണിന്റെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലിന്റെ പ്രവർത്തന സ്വാതന്ത്രം നിഷേധിച്ചത്, അല്പം ദീർഘമായ നടപടിക്രമങ്ങൾക്ക് ശേഷമാണെങ്കിലും കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. മീഡിയ വണ്ണിന് പ്രവർത്തന അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ, ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് ചാനലിനെയോ പൊതുസമൂഹത്തെയോ അറിയിച്ചിട്ടില്ലായിരുന്നു. കീഴ്ക്കോടതികളിൽ കേന്ദ്രസർക്കാർ ചാനൽ നിരോധനത്തിന് കാരണമായി ഒരു സീൽഡ് കവർ നൽകുക മാത്രമാണ് ചെയ്തത്. ഇത് എന്താണെന്നോ ഇതിന്റെ ഉള്ളടക്കം എന്തെന്നോ അവ്യക്തമായിരുന്നു. എന്നാൽ സുപ്രീംകോടതിയിലേക്ക് കേസ് എത്തിയ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സീൽഡ് കവർ മുൻനിർത്തി ഈ കേസ് പരിഗണിക്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കി. ഇതിനെ തുടർന്ന് കേന്ദ്രം കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടുകയും എന്തുകൊണ്ട് ചാനലിന്റെ ലൈസൻസ് പുതുക്കി നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തിൽ തന്നെ കാരണങ്ങൾ ബോധിപ്പിക്കാൻ കേന്ദ്രത്തെ നിർബന്ധിതമാക്കുകയും ചെയ്തു. കോടതിയുടെ അവസാന വിധിയെ മുൻനിർത്തി മീഡിയ വൺ ചാനലിനെതിരെ സീൽഡ് കവറിൽ ഉന്നയിച്ച പ്രശ്നങ്ങളുടെ ഉള്ളടക്കത്തെയും സീൽഡ് കവർ രാഷ്ട്രീയത്തെയും പരിശോധിക്കുന്നു.
ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാൻ വിസമ്മതിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയൊക്കെയാണ്.
യു.എ.പി.എ(UAPA), അഫ്സ്പ(AFSPA) പോലുള്ള നിയമങ്ങൾക്ക് എതിരെ വാർത്തകൾ നൽകുന്നു.
സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ വിമർശനം ഉന്നയിച്ചുസൈന്യത്തെയും ജുഡീഷ്യറിയേയും വിമർശിക്കുന്നു.
ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നു.
ബാബരി മസ്ജിദ് വിഷയത്തിൽ പ്രത്യേക സമീപനം സ്വീകരിക്കുന്നു.
മാധ്യമം പത്രമായും അതിന്റെ ഉടമസ്ഥരായ ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധം.
മാധ്യമം പത്രം ഗവർമന്റിനെ വിമർശിക്കുന്നു.
സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ ഉന്നയിച്ച ഈ വാദഗതികൾ ഒക്കെ തന്നെ ചീഫ് ജസ്റ്റിസ് പരിഗണിക്കുകയും പൊതുവിൽ മാധ്യമ ധർമം നിർവഹിക്കേണ്ട ദൗത്യം തന്നെയാണ് ഇവയിലൊക്കെയും ഉള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. സർക്കാറുകളെ വിമർശിക്കുക, നിയമ സംവിധാനത്തിന്റെയും സൈനിക നടത്തിപ്പിന്റെയും പ്രശ്നങ്ങൾ ചൂണ്ടികാണിക്കുക, ന്യൂനപക്ഷങ്ങൾ അടക്കമുള്ള പരിഗണന അർഹിക്കുന്ന ആളുകളെ ചേർത്ത് നിർത്തുക തുടങ്ങിയവയെ ദേശവിരുദ്ധ പ്രവർത്തനമായോ രാജ്യദ്രോഹപരമായോ കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഈ വിധിയിലൂടെ കോടതി മുന്നോട്ട് വെക്കുന്നത്. ഒന്ന്, മാധ്യമ പ്രവർത്തനത്തിന്റെ അനന്ത സാധ്യതകൾ എന്നും തുറന്ന് വെക്കേണ്ടതുണ്ട്, അതിനുള്ള അവസരങ്ങൾ റദ്ദ് ചെയ്യപെടരുത് എന്ന രാജ്യത്തെ മാധ്യമ പ്രവർത്തനത്തിന്റെ അന്തസത്തയെ നിലനിർത്തുന്ന സമീപനം. രണ്ട്, വിമർശനങ്ങളെ, എതിർ അഭിപ്രായങ്ങളെ സ്ഥാനത്തും അസ്ഥാനത്തും ദേശസുരക്ഷ വാദം ഉന്നയിച്ച് ഇല്ലാതാക്കുന്നതിനെ കോടതിയുടെ വ്യവഹാരിക ഭാഷ ഉപയോഗിച്ച് സാങ്കേതിമായി തന്നെ പ്രതിരോധിക്കുന്നു. ഈ രണ്ട് കാരണങ്ങൾ കേവലം മീഡിയ വണ്ണിന്റെ വിലക്ക് എന്നതിനപ്പുറത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ തന്നെ സാധ്യതയെ വലിയ രീതിയിൽ ഉയർത്തി പിടിക്കുന്നു.
സർക്കാറുകളുടെയും മറ്റ് ഭരണ സംവിധാനങ്ങളുടെയും പ്രശ്നങ്ങളെ ചൂണ്ടികാണിക്കുന്നതും വിമർശിക്കുന്നതും മാധ്യമ പ്രവർത്തനത്തിന്റെ ഭാഗം തന്നെയാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്. അത്തരം ഇടപെടലുകളെ പ്രധാനമായി കാണേണ്ടതുണ്ടെന്നും കോടതി മനസിലാക്കുന്നു. ഇതിലൂടെ ദേശദ്രോഹം ആരോപിച്ച് എല്ലാത്തരം ആവിഷ്ക്കാരങ്ങളെയും ഇല്ലാതാക്കാം എന്ന വാദത്തിന്റെ മുനയൊടിക്കുകയാണ് ഈ വിധി ചെയ്യുന്നത്. ഇവിടെ മാധ്യമങ്ങളുടെ പ്രവർത്തന രീതി എന്തായിരിക്കണമെന്നും, മാധ്യമങ്ങളുടെ നിലപാട് എന്തായായിരിക്കണമെന്നുകൂടി പരോക്ഷമായി കോടതി ആഖ്യാനിക്കുന്നു.
മറ്റൊന്ന്, ഇതുവരെ കേട്ടുകേൾവി ഇല്ലാത്തവിധം സീൽഡ് കവറിൽ തങ്ങളുടെ വാദം അവതരിപ്പിക്കുന്ന സമീപനമാണ് സർക്കാർ ഇവിടെ സ്വീകരിച്ചത് എന്നതാണ്. എന്ന് മാത്രമല്ല കീഴ്‌ക്കോടതികളിലും ഹൈക്കോടതി അടക്കമുള്ള സുപ്രധാന ഇടങ്ങളിലും സീൽഡ് കവർ രാഷ്ട്രീയം വിജയിക്കുകയും ചെയ്ത ഒരു കേസ് കൂടിയാണ് മീഡിയ വണ്ണിന്റേത്. ഹൈക്കോടതി വിലയിരുത്തിയത് സീൽഡ് കവറിൽ ഉള്ള ഉള്ളടക്കങ്ങൾ പ്രകാരം ഒരു മണിക്കൂർ പോലും ചാനൽ പ്രവർത്തിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നാണ്. അത്ര പ്രശ്‌നകരമായി ഹൈക്കോടതി കണ്ട ഒരു വിഷയം എന്തുകൊണ്ടാണ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ അതിന്റെ ഗൗരവം ചോർന്ന് പോയത്? കേന്ദ്രസർക്കാർ ഉന്നയിച്ച ഒരു ആരോപണത്തിലും സുപ്രീംകോടതിക്ക് ഗൗരവകരമായി ഒന്നുംതന്നെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ മറ്റ് കോടതികളിൽ സീൽഡ് കവർ നിർണയിച്ച രാഷ്ട്രീയം എന്താണ്? തുടങ്ങി ഇനിയും ഉത്തരം ലഭിക്കേണ്ടുന്ന ചോദ്യങ്ങൾ ഈ കേസിന്റെ വിധിയെ തുടർന്നും അവശേഷിക്കുന്നുണ്ട്. സീൽഡ് കവറിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചും അത് എവിടെ, എപ്പോഴൊക്കെ ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചും തുടക്ക ഘട്ടത്തിൽ തന്നെ കോടതി ഇടപെട്ട് വ്യക്തത വരുത്തിയതിലൂടെ ഒരു പരിധിവരെ സീൽഡ് കവർ രാഷ്ട്രീയം അത്ര എളുപ്പത്തിൽ ഇനിയും നമ്മുടെ കോടതി വ്യവഹാരങ്ങളിലേക്ക് കടന്ന് വരില്ലെന്ന് പ്രതീക്ഷിക്കാം.