2021ലെ ‘ഗാലപ്പ് ലോ ആൻഡ് ഓർഡർ’ സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 60 ആം സ്ഥാനത്ത്. 1 മുതൽ 100 വരെയുള്ള സൂചികയിൽ 80 ആണ് ഇന്ത്യയുടെ സ്കോർ. 96 പോയന്റുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ഒരു രാജ്യത്തെ, കൂടുതൽ ആളുകൾ സുരക്ഷിതരാണെന്നാണ് ഉയർന്ന സ്കോർ സൂചിപ്പിക്കുന്നത്. 51 സ്കോറുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്.
2021-ലും, 2022-ന്റെ തുടക്കത്തിലും, ‘ഗാലപ്പ് ലോ ആൻഡ് ഓർഡർ സർവേ’ 122-ലധികം രാജ്യങ്ങളിലായി 15 വയസ്സിന് മുകളിലുള്ള 1,27,000 ആളുകളെ അഭിമുഖം നടത്തി ശേഖരിച്ച വിവരങ്ങൾ അനുസരിച്ചാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. നാല് ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സംയോജിത സ്കോറാണ് സൂചിക. ആളുകളുടെ സുരക്ഷിതത്വബോധവും നിയമപാലകരിലുള്ള വിശ്വാസവുമാണ് ഇത് സൂചിപ്പിക്കുന്നത്.
സർവേയിൽ ഉന്നയിച്ച ചോദ്യങ്ങൾ:
1) നിങ്ങൾ താമസിക്കുന്ന നഗരത്തിലോ, പ്രദേശത്തോ നിലവിലുള്ള പ്രാദേശിക പോലീസ് സേനയിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ?
- 70 % പേർ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
പോലീസിനും സർക്കാരിനുമെതിരെ നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയ യു.എസ്, കാനഡ, പടിഞ്ഞാറൻ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ, പ്രാദേശിക പോലീസ് സേനയിൽ വിശ്വാസം കുറവുള്ളതായി കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടു.
2) നിങ്ങൾ താമസിക്കുന്ന നഗരത്തിലോ, പ്രദേശത്തോ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് നിങ്ങൾക്ക് സുരക്ഷിതമായി തോന്നിയിട്ടുണ്ടോ?
- 71 % പേർ രാത്രി യാത്ര സുരക്ഷിതമായി തോന്നുന്നതായി അഭിപ്രായപ്പെട്ടു.
3) കഴിഞ്ഞ 12 മാസത്തിനുള്ളിൽ, നിങ്ങളിൽ നിന്നോ മറ്റ് കുടുംബാംഗങ്ങളിൽ നിന്നോ പണമോ വസ്തുവോ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ?
- 11 % പേരുടെ സ്വത്ത് മോഷ്ടിക്കപ്പെട്ടിട്ടുണ്ട്
4) കഴിഞ്ഞ 12 മാസത്തിനുള്ളിൽ, നിങ്ങൾ ആക്രമിക്കപ്പെടുകയോ, നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ടോ?
- 6 % പേർ അക്രമങ്ങൾക്കോ, തട്ടിക്കൊണ്ടുപോകലിനോ ഇരയായിട്ടുണ്ട്.
രാജ്യങ്ങളുടെ റാങ്ക് അനുസരിച്ചുള്ള പട്ടിക:
സിംഗപ്പൂർ – 96
താജിക്കിസ്ഥാൻ – 95
നോർവേ – 93
സ്വിറ്റ്സർലൻഡ് – 92
ഇന്തോനേഷ്യ – 92
യുണൈറ്റഡ് അറബ് എമിറേറ്റ്സ് – 92
കാനഡ – 87
ജപ്പാൻ – 86
ഫ്രാൻസ് – 85
ഓസ്ട്രേലിയ – 84
യുണൈറ്റഡ് സ്റ്റേറ്റ്സ് – 83
ഇറ്റലി – 83
ജർമ്മനി – 83
ഇറാൻ – 82
പാകിസ്ഥാൻ – 82
ന്യൂസിലാൻഡ് – 82
ശ്രീലങ്ക – 80
ഇന്ത്യ – 80
ഇറാഖ് – 80
യുണൈറ്റഡ് കിംഗ്ഡം – 79
ബംഗ്ലാദേശ് – 79
റഷ്യൻ ഫെഡറേഷൻ – 77
ബ്രസീൽ – 71
സിയറ ലിയോൺ – 59
റിപ്പബ്ലിക് ഓഫ് കോംഗോ – 58
വെനിസ്വേല – 55
ഗാബോൺ – 54
അഫ്ഗാനിസ്ഥാൻ – 51