ഖബീബ്: ഇസ്‌ലാമോഫോബിക് ലോകത്തിലെ തലകുനിക്കാത്ത മുസ്‌ലിം ചാമ്പ്യൻ

തൽഹ അബ്‌ദുല്‍ റസാഖ്
November 08, 2020
khabib dua

 

കഴിഞ്ഞ മല്‍സരത്തില്‍ ഒന്നാമതുള്ള ജസ്റ്റിൻ ഗെയ്ത്ജെയെ തോൽപ്പിച്ചതിലൂടെ തന്റെ അപരാജിത റെക്കോർഡ് 29-0 എന്നതിലെത്തിച്ച് 'ഇടിക്കൂടിന്റെ ജേതാവ്' താൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഖബീബ്. ഇതോടുകൂടി 30-0 എന്ന തന്റെ പിതാവിന്റെ സ്വപ്‌ന പദ്ധതിയോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ് അദ്ദേഹം. ഇടിക്കൂടിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സാമർഥ്യവും കണക്കിലെടുത്ത് എല്ലാ മുസ്‌ലിംകളും ആദരിക്കേണ്ട ഒരു കായിക താരമാണ് ഖബീബ്.

എല്ലാ കാലഘട്ടങ്ങളിലും അതിനനുസൃതരായ ധീരരായ കായിക താരങ്ങൾ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലർ അവരുടെ കായിക അതിർത്തികൾ ഭേദിച്ച് വലിയ കാര്യങ്ങൾ ചെയ്യാൻ ആ വേദിയെ ഉപയോഗപ്പെടുത്തിയവരാണ്. പാശ്ചാത്യ രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാ രീതിയിലും താഴ്ത്തികെട്ടുകയും ലോകമൊട്ടാകെ വേട്ടയാടപ്പെടുകയും ചെയ്യുന്ന സമൂഹമെന്ന നിലയിൽ മുസ്‌ലിംകൾ പലപ്പോഴും തങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്ന കായിക താരങ്ങളുടെ ധീരതയിൽ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പൊതുബോധത്തെകൊണ്ട് ഈ കായിക താരങ്ങളുടെ നേട്ടങ്ങളെ അംഗീകരിപ്പിക്കാനും അവർ തികച്ചും മുസ്‌ലിംകളാണെന്ന് പറയിക്കാനും സമ്മർദം ചെലുത്താൻ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുമുണ്ട്.

മിശ്ര ആയോധന കലയുടെ ഇതിഹാസമായ ഖബീബ് "ദി ഈഗിൾ" നിർമഗോമേദോവിനെ പോലെ ഇസ്‌ലാമിന്റെ ധാർമികത, വിനയം, കരവിരുത് എന്നിവയെ പ്രതിനിധീകരിക്കുന്ന മറ്റൊരാളിന്നില്ല.

കഴിഞ്ഞ മല്‍സരത്തില്‍ ഒന്നാമതുള്ള ജസ്റ്റിൻ ഗെയ്ത്ജെയെ തോൽപ്പിച്ചതിലൂടെ തന്റെ അപരാജിത റെക്കോർഡ് 29-0 എന്നതിലെത്തിച്ച് 'ഇടിക്കൂടിന്റെ ജേതാവ്' താൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഖബീബ്. ഇതോടുകൂടി 30-0 എന്ന തന്റെ പിതാവിന്റെ സ്വപ്‌ന പദ്ധതിയോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ് അദ്ദേഹം. ഇടിക്കൂടിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സാമർഥ്യവും കണക്കിലെടുത്ത് എല്ലാ മുസ്‌ലിംകളും ആദരിക്കേണ്ട ഒരു കായിക താരമാണ് ഖബീബ്. ഒപ്പം പരേതനായ അദ്ദേഹത്തിന്റെ പിതാവും പരിശീലകനുമായ അബ്‌ദുൽ മനാബ് നിർമഗോമേദോവിനു അഭിമാനിക്കാവുന്ന ഒരു മകൻ കൂടിയാണ് ഖബീബ്.

 

khabib and father

 

അബ്‌ദുൽ മനാബിന്റെ സ്വപ്‌ന പദ്ധതിയുടെ സാക്ഷാത്കാരം

റഷ്യയുടെ ശീതോഷ്‌ണ കാലാവസ്ഥയില്‍, മലനിരകളാല്‍ നിറഞ്ഞ ടാജിസ്ഥാൻ പ്രദേശത്തു ജനിച്ച ഖബീബ്, ജനനം മുതൽ വളർന്നു വന്ന രീതി പാരിതോഷികത്തിനു വേണ്ടി വിജയിക്കാനായിരുന്നില്ല, മറിച്ച് ഒരു യഥാർഥ യോദ്ധാവാകാനായിരുന്നു. തന്റെ മകന്റെ യു.എഫ്.സി മത്സരങ്ങൾക്ക് തടസ്സം സൃഷ്‌ടിക്കാൻ യു.എസ് വിസ നിഷേധിച്ച അവസരത്തിലുൾപ്പെടെ കരിയറിലുടനീളം പിതാവ് അബ്‌ദുൽ മനാബ് ഖബീബിനൊപ്പം നിൽക്കുകയും വിജയങ്ങളിലേക്ക് വഴികാട്ടുകയും ചെയ്‌തിട്ടുണ്ട്.

അബ്‌ദുൽ മനാബിന്റെ അഭിമുഖങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ ഭക്തി വ്യക്തമായിരുന്നു, ഒപ്പം തന്റെ പരിശീലനത്തിലും അദ്ദേഹം ഉറച്ച വിശ്വാസം കാത്തുസൂക്ഷിച്ചിരുന്നു. കൊറോണ വൈറസ് കാരണം ലോകം നിശ്ചലമായപ്പോൾ അബ്‌ദുൽ മനാബ് രോഗാതുരനാകുകയും ജൂലൈയിൽ തന്റെ അൻപത്തിയേഴാം വയസ്സിൽ മരണപ്പെടുകയും ചെയ്‌തു. ഒരു മകനെന്ന നിലയിൽ പിതാവിന്റെ മാർഗദർശനവും വിവേകവും അടുത്തില്ലാത്ത ഖബീബിന്റെ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്.

എങ്കിൽപോലും ലൈറ്റ് വെയ്റ്റ് ചാമ്പ്യനായ ഖബീബ് തന്റെ ധീരത പ്രകടിപ്പിക്കുകയും പരേതനായ പിതാവിൽ നിന്ന് താനുൾക്കൊണ്ട പാഠങ്ങൾ പ്രദർശിപ്പിക്കുകയും ഇത് തുടർന്നുകൊണ്ട് ഇടികൂട്ടിനകത്തും പുറത്തും ഏറ്റവും മികച്ച നേട്ടങ്ങൾ കൈവരിച്ച് തന്റെ പിതാവിന്റെ യശസ്സുയർത്തുമെന്നും തെളിയിച്ചു. ഇതിൽ കൂടുതൽ അഭിമാനകരമായി അദ്ദേഹത്തിന്റെ പിതാവിന് മറ്റൊന്നുണ്ടാകില്ല.

ഖബീബിന്റെ വിജയങ്ങളുടെ കാരണങ്ങൾ രഹസ്യമല്ല. അദ്ദേഹത്തെ നേരിട്ട എല്ലാവർക്കും അദ്ദേഹത്തെകുറിച്ച് നേരത്തെ തന്നെ വ്യക്തമായി അറിയുമെന്നിരിക്കെ. കഠിനാധ്വാനം, അച്ചടക്കം, സാങ്കേതിക മേന്മ, ആത്മീയത എന്നിവ കോർത്തിണക്കിയ അബ്‌ദുൽ മനാബിന്റെ സൂത്രവാക്യം പ്രാവർത്തികമാക്കുന്നതിൽ നിന്ന് ഖബീബിനെ തടയാൻ ആർക്കും സാധിച്ചില്ല.

കോക്കാസസുകാരുടെ പ്രസിദ്ധമായ ദൃഢതയും അദ്ദേഹത്തിന്റെ പിതാവിന്റെ സമോ ആയോധന കലയുടെ സാങ്കേതിക മികവും ഒത്തിണക്കിയ കർക്കശ പരിശീലനമായിരുന്നു ഖബീബിന്റേത്. കൂടാതെ ഇസ്‌ലാമിൽ അഭയവും ശക്തിയും തേടി, തന്നെ മാനസികമായും ആത്മീയമായും ഉർജ്ജസ്വലനായി കാത്തുസൂക്ഷിച്ചിരുന്നു ഖബീബ്.

കുട്ടിക്കാലത്തു കരടികളുമായി മല്ലിടുക, തണുത്തുറഞ്ഞ നദി നീന്തിക്കടക്കുക, മികച്ച പരിശീലന പങ്കാളികളോട് അവർ തളരുന്നതുവരെ പോരാടുക എന്നീ കാര്യങ്ങൾക്ക് ഖബീബ് അറിയപ്പെട്ടിരുന്നു. ഒരിക്കലദ്ദേഹത്തിന്റെ പിതാവ്  ഖബീബിനെ കുറിച്ച് പറഞ്ഞത് തന്റെ പരാക്രമണ സ്വഭാവം തെളിയിക്കുന്നതിന് പിതാവിന് മുൻപിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് എപ്പോഴും കാണിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ച കുട്ടി എന്നാണ്.

ലോകത്തിനു നൽകാൻ കഴിയുന്ന ഏറ്റവും മികച്ചതിനെ പോലും പരാജയപ്പെടുത്തികൊണ്ട് 'ദി ഈഗിൾ' തന്റെ ജീവിതം മുഴുവനും പിതാവിന്റെ ദൗത്യത്തിനോടുള്ള ആദരവ് രേഖപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ രണ്ടു വർഷം തുടർച്ചയായ കോംബാറ്റ് സാമ്പോ ലോക ചാമ്പ്യൻഷിപ്പിൽ ആധിപത്യം പുലർത്തുക മാത്രമല്ല എം.എം.എ മത്സരത്തിൽ ലോകത്തിലെ തന്നെ മികച്ച ഗുസ്‌തിക്കാർക്കെതിരെ പോരാടുകയും 2018ൽ ന്യൂയോർക്കിൽ മികച്ച താരം 'റൈസിങ്' അൽ ലാക്വിന്റയെ പരാജയപ്പെടുത്തി ലൈറ്റ് വെയ്റ്റ് ചാമ്പ്യനാവുകയും ചെയ്‌തു. അവിടുന്നങ്ങോട്ട് മൂന്ന് തവണ തന്റെ ടൈറ്റിൽ കെൽജിയോട് പ്രതിരോധിച്ചിട്ടുണ്ട്.

മുഖ്യമായും 2018ലുടനീളം തന്റെ പിതാവിനെയും ഭാര്യയെയും മതത്തെയും അധിക്ഷേപിച്ചു സംസാരിച്ച സൂപ്പർ സ്റ്റാർ കോണേർ മെക് ഗ്രിഗോറിനെ തോൽപ്പിക്കുകയും 2019ൽ ഡസ്റ്റിന് പോയിരിറിനെ തോൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. വിരമിക്കുന്നതിനു മുൻപ് 30-0ൽ ഖബീബിനെ എത്തിക്കുക എന്നതായിരുന്നു അബ്‌ദുൽ മനാബിന്റെ സ്വപ്‌ന പദ്ധതി. ഈയവസരത്തിൽ അതിനുള്ള സാധ്യത ഏറെ വ്യക്തമാണ്.

 

khabib prayer

 

ഇസ്‌ലാമോഫോബിയയുടെ ലോകത്ത്‌ തലകുനിക്കാത്ത മുസ്‌ലിം

ഖബീബിനെ ആരാധകർക്കിടയിൽ പ്രശസ്‌തമാക്കുന്നത് ഇടികൂടിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടനം മാത്രമല്ല സമർപ്പണ മനോഭാവവും കഠിനാധ്വാനിയും വിജയിയുമായ മതാനുഷ്‌ഠിയായ ഒരു മുസ്‌ലിമെന്ന പ്രതിച്ഛായ നിലനിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് കൂടിയാണ്.

മുഖ്യമായും ഖബീബ് രാഷ്ട്രീയത്തോട് അകന്നാണ് നിൽക്കുന്നത്. ഹെവി വൈയ്റ്റിൽ 1960കളും 1970കളും അടക്കി ഭരിച്ച ബോക്‌സിങ് ഇതിഹാസം മുഹമ്മദലിക്ക് നേർവിപരീതമായി ഖബീബ് സംയമനമാണ് തെരഞ്ഞെടുത്തത്.

സിവിൽ റൈറ്റ്‌സ് മൂവ്മെന്റിന്റെ ഭാഗമായി 1967ൽ വിയറ്റ്നാമിനെതിരായ യുദ്ധത്തിൽ ആർമിയിൽ ചേരാൻ അലി വിസമ്മതിച്ചിരുന്നു. അവർ (വിറ്റ്‌കോംഗ്സ്) ഒരിക്കലും തന്നെ കറുത്തവൻ എന്ന് വിളിച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞു. ഇതാരോപിച്ചു യു.എസിലെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അദ്ദേഹത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും, ഹെവി വെയ്റ്റ് ടൈറ്റിൽ എടുത്തുമാറ്റുകയും, 1971 വരെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും ചെയ്‌തു. എന്നിരുന്നാലും ആ മഹാരഥൻ തന്നിലെ അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിക്കുകയും റിങ്ങിലേക്ക് തിരിച്ചു വരികയും ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച വിജയിയും ധീരനുമായി തന്റെ സ്ഥാനം എഴുതിച്ചേർക്കുകയും ചെയ്‌തു.

ഖബീബ് തന്റെ എളിമ തെളിയിച്ച ഒരു സന്ദർഭം ഈയടുത്തിടെ അദ്ദേഹവുമായി നടന്ന അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാവുന്നു; സമൂഹത്തിലെ സ്വാധീനത്തെക്കുറിച്ചും ആധുനിക കാലഘട്ടത്തിലെ അലിയാണോ എന്ന ചോദ്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ്. അലിയുമായുള്ള താരതമ്യം നിരാകരിക്കുകയും കറുത്ത അമേരിക്കക്കാരുടെ വേട്ടയാടൽ ചൂണ്ടികാട്ടി ഇത്തരത്തിൽ പറയുകയുണ്ടായി. 'അദ്ദേഹവുമായി എന്നെ താരതമ്യപ്പെടുത്തണമെങ്കിൽ ഞാനാ സമയത്തിലേക് തിരിച്ചുപോവുകയും കറുത്തവനായിരിക്കുകയും ഒരു ചാമ്പ്യനായിരിക്കുകയും വേണം. ശേഷം ഞാനന്ന് എങ്ങനെയാണു പ്രതികരിക്കുക എന്ന് നമുക്ക് നോക്കാം'.

ഖബീബിന്റെ രാഷ്ട്രീയ മൗനം അലിയുടെ തുറന്നടിച്ച പ്രതിരോധവുമായി താരതമ്യപ്പെടുത്താനാകില്ല. എങ്കിലും ഹിജാബ് ധരിക്കുന്ന സ്ത്രീയും, താടി വളർത്തുന്ന പുരുഷനുമടക്കം മതത്തെ പ്രത്യക്ഷത്തിൽ പ്രതിനിധീകരിക്കുന്ന മുസ്‌ലിംകളെ സുരക്ഷ ഭീഷണിയാണെന്ന് പറഞ്ഞുവെക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യ അധീന കശ്‍മീരിലായാലും മ്യാൻമറിലെ റോഹിൻഗ്യകളായാലും ചൈനയിലെ ഉയ്ഗ്യൂർ മുസ്‌ലിംകൾ ആയാലും, പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഉൾപ്പടെയുള്ള എല്ലാ രാഷ്ട്രീയക്കാരും വോട്ട് ലക്ഷ്യംവെച്ച് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രസ്‌താവനകൾ നടത്തുകയും തീവ്ര ന്യൂനപക്ഷത്തിന്റെ പ്രവർത്തികളെ, മുഴുവൻ മുസ്‌ലിം സമൂഹത്തിന്റെയും തലയിൽ കെട്ടിവെക്കുന്ന മതനിരപേക്ഷ ഫ്രാൻ‌സിൽ ഉൾപ്പടെ ലോകത്താകമാനം മുസ്‌ലിംകൾ വേട്ടയാടപ്പെടുകയാണ്.

ഈ അവസരത്തിൽ ഖബീബിന്റെ പ്രസംഗങ്ങളിലെ  അൽഹംദുലില്ലാഹ്‌യും ഇൻഷാ അല്ലാഹ്‌യും പത്തുകണക്കിന് മില്യൺ ജനങ്ങളിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നതും, തന്റെ മുസ്‌ലിം പാരമ്പര്യം വിളിച്ചോതുന്ന പാപക തൊപ്പി ധരിച്ചു തന്റെ വിജയം അല്ലാഹുവിൽ നിന്ന് മാത്രം വരുന്നതാണെന്നും പറയുന്നത് ശക്തമായ സന്ദേശമാണ് നൽകുന്നത്. ഭൂരിപക്ഷം വരുന്ന ആരാധകരെ പിടിച്ചിരുത്തുന്ന പാശ്ചാത്യ അന്തരീക്ഷത്തിൽ (മെക്ക് ഗ്രിഗർ തന്റെ സമ്പാദ്യം കാട്ടുന്നതും, റിങ് ഗേൾസും, ദൃശ്യപ്പൊലിമ ഉണ്ടാകാനുള്ള ലൈംഗികതയുടെ പ്രദർശനവും) തന്റെ പരമ്പരാഗത വേഷത്തിൽ നാഥനെ സ്‌തുതിക്കുന്ന പരിശീലനത്തിൽ സമർപ്പിതനായ താടി വെച്ച ഖബീബ് സുശക്തമായ സന്ദേശമാണ് നൽകുന്നത്.

തന്റെ കാഴ്ച്ചയെ ഇതിൽ നിന്നെല്ലാം അകറ്റി ഇസ്‌ലാം അനുശാസിക്കുന്നത് പോലെ തന്റെ കരവിരുതിലാണ് ഖബീബ് ആത്മസമർപ്പണം നടത്തുന്നത്. ഭക്തിയോട് കൂറുപുലർത്തുന്ന ധാർമികതയുള്ള ഒരു മുസ്‌ലിം ചാമ്പ്യൻ മുസ്‌ലിംകളെ അവരായി തന്നെ ബഹുമാനിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്. തന്റെ സ്വത്വം മൂലം വിഷമത്തിലാകുന്ന യുവ മുസ്‌ലിംകൾക്ക് ഒരു പ്രചോദനമാണ് ഖബീബ്. ഒപ്പം തങ്ങളുടെ വിജയകൊടുമുടിയിൽ നിൽക്കുമ്പോഴും തലകുനിക്കാത്ത മുസ്‌ലിമായ ഖബീബ് അവർക്ക് അഭിമാനമാണ്.

ഖബീബിന്റെ സ്വാധീനം കായിക ലോകത്തിനുമപ്പുറമാണ്. അബ്‌ദുൽ മനാബ് ജീവിച്ചിരുന്നെങ്കിൽ ജീവിതത്തിലും ഇപ്പോൾ മരണത്തിലും ഇങ്ങനെയൊരു മകനെ നൽകിയതിൽ അല്ലാഹുവിനു സ്‌തുതി ചൊല്ലുമെന്നതിൽ എനിക്ക് സംശയമില്ല.

 

തൽഹ അബ്‌ദുല്‍ റസാഖ്

യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്റൻഷൻ സ്ട്രാറ്റജി ആൻഡ് സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും 2015 ലെ അൽ ജസീറ യംഗ് റിസർച്ചർ അവാർഡ് ജേതാവുമാണ് തൽഹ അബ്‌ദുല്‍ റസാഖ്.  അദ്ദേഹത്തിന്റെ ഗവേഷണം മിഡിൽ ഈസ്റ്റേൺ സുരക്ഷ, ഭീകരവാദത്തിനെതിരായ പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.