ലോക്ഡൌൺ നിയമ ലംഘനം: പിഴ നൂറ്റിപ്പതിനാറ് കോടി, കേസുകൾ ആറ് ലക്ഷത്തിലധികം

CF Ansari
October 06, 2021

ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്.

കോ​വി​ഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൌൺ ​ചട്ടങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പൊ​ലീ​സ്​ പി​ഴ​ ഈ​ടാ​ക്കി​യ​ത്​ നൂറ്റിപ്പതിനാറു കോടിയിലധികം രൂ​പ. ആകെ റജിസ്റ്റർ ചെയ്തത് 6,11,851 കേസുകൾ. നടപ്പ് നിയമസഭാ സമ്മേളനത്തിൽ കായംകുളം എം. എൽ. എ യു. പ്രതിഭയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഏറ്റവും പുതിയ കണക്കുകളുള്ളത്. 1,16,62, 04,700 രൂപ  (നൂറ്റിപ്പതിനാറ് കോടി, അറുപത്തിരണ്ട് ലക്ഷത്തി നാൽപ്പത്തി ഏഴായിരം രൂപ) ആണ് മൊത്തം പിഴയായി ഇതുവരെ ഈടാക്കിയിട്ടുള്ളത്. 

2020 മാർച്ച് 25 മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിൽ 100 കോടിയിലധികം രൂപ (1,00,01,95,900 രൂപ) പിഴ ഈടാക്കിയതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 11ന് പി.സി വിഷ്ണുനാഥ് എം.എൽ. എയുടെ ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രണ്ടു കോടിയിലേറെ രൂപ (2,82,59,900 രൂപ) കച്ചവടക്കാരിൽ നിന്നു മാത്രം ഈടാക്കിയതായും വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച പുറത്തുവിട്ട കണക്കിൽ കച്ചവടക്കാരിൽനിന്ന് ഈടാക്കിയ തുകയുടെ കണക്ക് ലഭ്യമല്ല. എങ്കിലും പി​ഴ​യി​ട്ട​വ​രി​ൽ ഏ​റെ​യും ക​ച്ച​വ​ട​ക്കാ​രും നി​ത്യ​വൃ​ത്തി​ക്ക്​  പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രും ആണെന്ന് പരക്കെ ആക്ഷേപമുണ്ട്. 

ഏ​റ്റ​വും കൂ​ടു​ത​ൽ പി​ഴ​ ഈടാ​ക്കി​യ​ത്​ എ​റ​ണാ​കു​ളം സി​റ്റി​യി​ലും മ​ല​പ്പു​റ​ത്തും, കു​റ​വ്​ തൃ​ശൂ​ർ റൂ​റ​ലിലും ഇടുക്കിയിലുമാണ്. ഓഗസ്റ്റ് മാസത്തിൽ പുറത്തുവന്ന കണക്കും പുതിയ കണക്കുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഏതാണ്ട് 16 കോടിയിലേറെ രൂപ (16,60,08,800 രൂപ) കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കോവിഡ് നിയന്ത്രണ ലംഘനത്തിന്റെ പേരിൽ പോലീസ്  ഈടാക്കിയിട്ടുണ്ട്. 


രണ്ടാം കോവിഡ് വ്യാപനത്തെ തുടർന്ന് നിലവിൽ വന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനും മാസ്ക് ധരിക്കാത്തതിനുമായി 2021മെയ് 8 മുതൽ  2021 ജൂലൈ 27വരെ മാത്രം സംസ്ഥാനത്ത് 29,20,50,000 (ഇരുപത്തിയൊമ്പത് കോടി ഇരുപത് ലക്ഷത്തി അൻപതിനായിരം രൂപ) ഈടാക്കിയതായി നേരത്തെ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത കാലയളവിൽ ആകെ 168969 കേസുകൾ റജിസ്റ്റർ ചെയ്തതായും ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് മഞ്ചേശ്വരം എം.എൽ.എ സി എച്ച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാൽ തിങ്കളാഴ്ച്ച പുറത്തുവന്ന പുതിയ കണക്ക് പ്രകാരം ആകെ റജിസ്റ്റർ ചെയ്ത ആറ് ലക്ഷത്തിലധികം വരുന്ന കേസുകളിൽ ഒന്നര ലക്ഷത്തിനടുത്ത് (1,40,412 കേസുകൾ) തിരുവനന്തപുരം റൂറലിലാണ്. രണ്ടാമത് തിരുവനന്തപുരം സിറ്റിയിലും, 46,378 കേസുകൾ . ഏറ്റവും കുറവ് കണ്ണൂർ റൂറലിലാണ്, 8102 കേസുകൾ. രണ്ടാമത് വയനാടും, 9436 കേസുകൾ.  


പിഴയുടെ തോത് ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. 20,128 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ട മലപ്പുറത്ത് 13 കോടിയിലധികം രൂപ (13, 90, 21, 500 രൂപ ) ആണ് പിഴ ഇനത്തിൽ ഈടാക്കിയത്. അതേ സമയം 20,125 കേസുകളുള്ള ആലപ്പുഴയിൽ     4,84,57,000, രൂപയും,  20,995 കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ട തൃശൂർ സിറ്റിയിൽ 5,94,56,800 രൂപയും,  20,480 കേസുകളുള്ള തൃശൂർ റൂറലിൽ 2,15,23,200 രൂപയുമാണ് പിഴ ഈടാക്കിയത്.
  
ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ എറണാകുളം സിറ്റിയിൽ (14 കോടിയിലധികം രൂപ)  30,242 കേസുകളുള്ളപ്പോൾ  ലോക്ഡൌൺ നിയമ ലംഘനത്തിന്റെ പേരിലുള്ള കേസുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള  തിരുവനന്തപുരം റൂറലിലും രണ്ടാമതുള്ള  തിരുവനന്തപുരം സിറ്റിയിലും ഈടാക്കിയ പിഴ യഥാക്രമം ഒമ്പതര  കോടിയും(9,63,74,000)  നാലര കോടി (4,60,69,500) യുമാണ്.

ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം  രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ക, മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി ഒ​ത്തു​ചേ​രു​ക, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ക എ​ന്നി​വ​യാ​ണ്​ കൂ​ടു​ത​ലുള്ളത്. പിഴ ഈടാക്കാൻ പൊലീസിന്  ക്വോ​ട്ട നി​ശ്ച​യി​ച്ചി​ട്ടുണ്ടെന്നും എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ്​ പി​ഴ​ ഇടാ​ക്കുകയാണെന്നുമുള്ള ആക്ഷേപങ്ങളും ലോക്ക്ഡൌൺ കാലയളവിൽ ഉയർന്നിരുന്നു. 

റജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ, ഈടാക്കിയ പിഴ (പോലീസ് ജില്ല അടിസ്ഥാനത്തിൽ)

പോലീസ് ജില്ല അടിസ്ഥാനത്തിൽ ഈടാക്കിയ പിഴ (മാർച്ച് 25, 2021 മുതൽ ജൂലൈ 31 വരെയുള്ള കണക്ക് )

CF Ansari