മദ്രസകൾ അടച്ചുപൂട്ടുന്നു; പൊതുപണം മതപഠനത്തിന് നൽകാനാവില്ലെന്ന് അസം സർക്കാർ

October 12, 2020
Madrasa - Assam

 

മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. 1967 മുതൽ സർക്കാർ എയ്‌ഡഡ് മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്ക.

മതേതര രാജ്യത്ത് പൊതുപണം മതവിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാവില്ലെന്ന വാദമുയർത്തി എയ്‌ഡഡ് മദ്രസകൾ അടച്ചുപൂട്ടാനൊരുങ്ങി അസമിലെ ബി.ജെ.പി സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത മാസം പുറപ്പെടുവിക്കും. മതം, അറബി പോലുള്ള വിഷയങ്ങളും ഭാഷകളും കുട്ടികളെ പഠിപ്പിക്കുക എന്നത് ഒരു മതേതര സർക്കാറിന്റെ ജോലിയല്ലെന്ന് അസം സംസ്ഥാന ധനകാര്യ മന്ത്രി ഹിമന്ദ ബിസ്വ ശർമ പറഞ്ഞു. സംസ്‌കൃത പഠനകേന്ദ്രങ്ങളുടെ പ്രവർത്തനം സുതാര്യമാണെന്നും അവയുടെ ഭാവി സംബന്ധിച്ച കാര്യങ്ങളും അടുത്ത മാസം പുറത്തിറങ്ങുന്ന വിജ്ഞാപനത്തിലുണ്ടാവുമെന്നും സർക്കാർ വ്യക്തമാക്കി.

അസമിൽ 614 സർക്കാർ മദ്രസകളും 900ഓളം സ്വകാര്യ മദ്രസകളുമുണ്ട്. അടച്ചുപൂട്ടുന്ന പല മദ്രസകളും പലതും ബ്രീട്ടീഷ് കാലയളവിലുള്ളതുമാണ്. 1967 മുതൽ സർക്കാർ എയ്‌ഡഡ്‌ മദ്രസകൾ പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. അറബി വിഷയങ്ങൾക്ക് പുറമെ ശാസ്ത്രം, ആസാമീസ്, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ചരിത്ര വിഷയങ്ങളും മദ്രസകളിൽ പഠന വിഷയങ്ങളാണ്. ജനസംഖ്യയിൽ 34.22 ശതമാനമുള്ള മുസ്‌ലിംകൾക്ക് തീരുമാനം തിരിച്ചടിയാവും. എൻ.ആർ.സിയുടെ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെടുമെന്നും ആശങ്കയുണ്ട്. രണ്ട് വർഷം മുമ്പ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിർത്തലാക്കി സെക്കന്ററി ബോർഡ് ഓഫ് എജ്യുക്കേഷൻ്റെ കീഴിൽ ഉൾപ്പെടുത്തി.

തെരഞ്ഞെടുപ്പ് കാലത്ത്  ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമെന്ന് മുസ്‌ലിം സംഘടനകളുടെ വിമർശനം. ബോഡോലാന്റ് പ്രവിശ്യ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് വംശീയ-ഭാഷാ സംഘര്‍ഷങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് മദ്രസ അടച്ചുപൂട്ടല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. ബി.ജെ.പി സർക്കാർ എയ്‌ഡഡ്‌ മദ്രസകൾ അടച്ചുപൂട്ടുകയാണെങ്കിൽ, നിയമസഭയിൽ അധികാരത്തിലെത്തിയ ശേഷം വീണ്ടും തുറക്കുമെന്ന് ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മേധാവിയും ലോക്‌സഭ എം.പിയുമായ ബദറുദ്ദീൻ അജ്‌മൽ.