ദളിത്‌ സ്ത്രീകൾക്ക് നീതിതേടി ഒരു വേദി

Staff Editor
August 30, 2021

2021 ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ നടക്കുന്ന ഈ ക്യാമ്പയിന്റ ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്.

ഒരു ദലിത് സഹോദരനെ ലോറിയുടെ പുറകിൽ കെട്ടിവലിച്ച് കൊലപ്പെടുത്തിയ ക്രൂരത മാധ്യമങ്ങളിൽ നാം കണ്ടതേയുള്ളൂ. ദലിത്സമൂഹം നേരിടുന്ന പീഡനങ്ങൾക്ക് അറ്റമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ദലിത് സ്ത്രീകളുടെ ദുരിതങ്ങൾ ഈ ഗണത്തിൽ ഏറ്റവും ഗുരുതരമാണ്. ദളിത് ഹ്യുമൻ റൈറ്റ്സ് ഡിഫെൻഡേർസ് നെറ്റ്‌വർക്ക്  (DHRD-Net), ഇക്വാലിറ്റി ലാബ്സ്, ഇക്വാലിറ്റി നൗ എന്നീ സംഘടനകളുമായി സഹകരിച്ച്, നാഷണൽ കൌൺസിൽ ഓഫ് വുമൺ ലീഡേഴ്‌സ്(NCWL) സംഘടിപ്പിച്ച ദേശീയ കാമ്പയിൻ പ്രസക്തമാകുന്നത് ഇവിടെയാണ്.

2021ജൂലൈ 19 മുതൽ, 2021 ഓഗസ്റ്റ് 31 വരെ  നടക്കുന്ന ഈ ക്യാമ്പയിന്റ  ലക്ഷ്യം ദലിത് സ്ത്രീകളും പെൺകുട്ടികളും അവരുടെ ലിംഗം, ജാതി, വർഗം എന്നിവയുടെ പേരിൽ അനുഭവിക്കുന്ന കടുത്ത  അതിക്രമങ്ങളും, പീഡനങ്ങളും പ്രതിരോധിക്കാൻ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ്. 

നാഷണൽ കൗൺസിൽ ഓഫ് വുമൺ ലീഡേഴ്സ് (NCWL) 2021 ഫെബ്രുവരിയിലാണ് സ്ഥാപിതമായത്. ഇന്ത്യയിലുടനീളമുള്ള 70 ഓളം വനിതാ നേതാക്കളെ ഒരുമിപ്പിച്ച്, അവരുടെത്തന്നെ സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണക്കുക, അവരെ  ശാക്തീകരിക്കുക, പാർശ്വവത്കരിക്കപ്പെട്ട വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള സ്ത്രീകൾക്ക് മാത്രമായി ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക, അവരുടെ  അവകാശങ്ങൾ നേടിയെടുക്കുക എന്നിങ്ങനെയുള്ള പ്രവർത്തങ്ങളിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. 

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവർ, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവർ, ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്കുള്ളിൽ നീതി ലഭിക്കാൻ പാടുപെടുകയാണെന്ന് NCWL ചൂണ്ടിക്കാട്ടിയിരുന്നു.19-കാരിയായ ദളിത് സ്ത്രീയെ ഹത്രാസിൽ അതിഭീകരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും, അധികാരികളികൾ  അതിനെ കൈകാര്യം ചെയ്ത രീതിയും, പ്രബല ജാതികളിൽ നിന്നുള്ള പുരുഷന്മാർക്ക് എങ്ങനെ സംരക്ഷണം ലഭിക്കുന്നു തുടങ്ങി, വിഷയത്തിൻ്റെ എല്ലാ തലങ്ങളെയും കുറിച്ച  ചർച്ച നടക്കുന്ന ഇടം കൂടിയാണ് NCWL.

നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) 2019ലെ കണക്കുകൾ പ്രകാരം  ഇന്ത്യയിൽ പ്രതിദിനം പത്ത് ദളിത് സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്. ഈ കണക്കുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. എന്നാൽ, പരാതി നൽകാതെ മൂടിവെക്കപ്പെടുന്ന കേസുകളുംകൂടി പരിഗണിക്കുമ്പോൾ കണക്കുകൾ വർധിക്കാൻ സാധ്യതയുണ്ട്.15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ, 1985 മുതൽ ഇന്നുവരെ, ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ജാതി അടിസ്ഥാനത്തിൽ നടന്ന ലൈംഗിക അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കണക്കുകളുമുൾക്കൊള്ളുന്ന ഒരു പ്രദർശനം സംഘടിപ്പിക്കുമെന്നും NCWL  പറഞ്ഞു. 

പ്രചാരണ കാലത്ത് എൻ.സി.ഡബ്ല്യു.എൽ നിരവധി പ്രവർത്തനങ്ങൾക്ക്  ആതിഥേയത്വം വഹിക്കും. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ഒരുമിച്ച് അണിനിരത്തുക, ക്രിയാത്മകമായ മാറ്റത്തിനു വേണ്ടി പരിശ്രമിക്കുക, അവർക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെക്കാനും   ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും വേണ്ട ഡാറ്റകൾ ശേഖരിക്കുക, ജാതി അടിസ്ഥാനമാക്കിയുള്ള ലൈംഗിക അതിക്രമ കേസുകൾക്കെതിരായ പ്രതികരണങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, സർക്കാർ അധികാരികൾക്കും പൊതുസമൂഹത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക എന്നിവയൊക്കെ ക്യാമ്പയിനിൻ്റെ ഭാഗമാണ്.

Staff Editor