ഫെമിനിസ്റ്റുകളേ നിങ്ങൾ ഈ ലൈംഗികവൽക്കരണത്തെ എതിർക്കുന്നുണ്ടോ?

August 14, 2021

സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള  അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു.

ടൊറന്റോ സർവകലാശാലയിൽ നിന്ന്  വിരമിച്ച പ്രൊഫ. ഹെലൻ ജെഫേഴ്സൺ ലെൻസ്കിജ്, ഒളിംപിക്സിൽ നടക്കുന്ന  ലൈംഗികവൽക്കരണത്തെ കുറിച്ച് ഗ്ലോബൽ ന്യൂസിനോട് പങ്കുവെച്ച അഭിപ്രായങ്ങൾ ഗൗരവപ്പെട്ട ഒരു അന്തർദേശീയ സംവാദത്തിന് വിഷയമാകേണ്ടതാണ്; "സ്ത്രീ ശരീരങ്ങളുടെ  ലൈംഗികവൽക്കരണം ഒളിംപിക്‌സിൽ നന്നായി നടക്കുന്നുണ്ട്,  ജിംനാസ്റ്റിക്സ്, ബീച്ച് വോളിബോൾ, ബീച്ച് ഹാൻഡ്ബോൾ എന്നീ ഇനങ്ങളിലാണ് ഇത് കൂടുതൽ പ്രകടമാകുന്നത്". കഴിഞ്ഞ ജൂലൈ 26നാണ് ഹെലൻ ജെഫേഴ്സൻ്റെ ഈ പ്രസ്താവന പുറത്തു വന്നത്.

അന്താരാഷ്ട്ര ഫെഡറേഷനുകളിൽ നേതൃസ്ഥാനത്തുള്ള പുരുഷന്മാരാണ് അവർക്കനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കുന്നത്. ഡ്രസ് കോഡുകൾ നിശ്ചയിക്കുന്നതിൽ പണത്തിനും വാണിജ്യ താൽപ്പര്യങ്ങൾക്കും ഇവർ കൂടുതൽ പരിഗണന നൽകുന്നു. അതുകൊണ്ട് തന്നെ അവർ തീരുമാനിക്കുന്ന വസ്ത്രധാരണ രീതിയാണ് ഇവിടെ നടപ്പിലാകുക. ഇത്തരം നിയമങ്ങളും വസ്ത്രധാരണ രീതികളും സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്നത് വസ്തുതയാണ്.

സ്ത്രീകൾ സാധാരണയായി കാലുകൾ മുഴുവൻ കാണിക്കുന്ന വസ്ത്രങ്ങളാണ് കായിക മത്സരങ്ങളിൽ ധരിക്കാറുള്ളത്. അവ ധരിച്ചില്ലങ്കിൽ മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. 2019 വേൾഡ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ സോ ജിംഗ്യുവാൻ, പുരുഷ ജിംനാസ്റ്റുകൾ സാധാരണയായി ധരിക്കാറുള്ള  അയഞ്ഞ ഷോർട്ട്സ് ധരിച്ചതിന് പരിഹാസം നേരിട്ടിരുന്നു. മാത്രമല്ല, പാരാലിമ്പിയയിൽ ലോക ചാമ്പ്യൻ സ്പ്രിന്ററായ ഒലിവിയ ബ്രീനിനോട് ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിലെ ഒരു ഉദ്യോഗസ്ഥൻ  പരിഹാസപൂർവ്വം പറഞ്ഞത്, 'അവളുടെ സ്പ്രിന്റ് ബ്രീഫ്സ് വളരെ ചെറുതും ചേർന്നതുമാണ്, മാത്രമല്ല കാണാനും കൊള്ളാം' എന്നായിരുന്നു.

ഇതിനു മറുപടിയായി, "ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഞാൻ വർഷങ്ങളായി ഒരേ സ്പ്രിന്റ് സ്റ്റൈൽ ബ്രീഫാണ് ധരിക്കുന്നത്. അവ മത്സരത്തിനു വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ടോക്കിയോയിൽ ഞാൻ അവ ധരിക്കും. ഒരു പുരുഷ എതിരാളി എന്നെ വസ്ത്രത്തിന്റ പേരിൽ  വിമർശിച്ചു. അന്നുതന്നെ ഞാൻ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു ” പാരാലിമ്പിയൻ ലോക ചാമ്പ്യൻ സ്പ്രിന്റർ ഒലിവിയ ബ്രീൻ പറഞ്ഞു 

2019, ഫ്രഞ്ച് ഓപ്പണിൽ അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് ധരിച്ച ഫുൾ-ബോഡി ക്യാറ്റ്സ്യൂട്ടിനെ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് എതിർത്തിരുന്നു, ടൂർണമെന്റിൽ ഇത് അംഗീകരിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.   2018-ൽ, റോളണ്ട് ഗാരോസിൽ അത്ലറ്റുകൾ  ക്യാറ്റ്സ്യൂട്ടുകൾ ധരിക്കുന്നത് നിരോധിച്ചിരുന്നു. 2008 ഒളിമ്പിക്സ് വ്യക്തിഗത ഓൾ-റൗണ്ട് ഗോൾഡ് മെഡൽ ജേതാവ് നാസ്റ്റിയ ലുകിനും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 'നിങ്ങൾ ബിക്കിനി ഉപയോഗിക്കാതിരുന്നാലും ബ്രായുടെ  സ്ട്രാപ്പ് പുറത്താണെങ്കിലും നിങ്ങളുടെ പോയിന്റുകൾ കുറക്കും' എന്ന് കോച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് ഒരു പ്രസിദ്ധീകരണത്തിൽ അവർ പറയുകയുണ്ടായി. "യൂറോപ്യൻ ബീച്ച് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബിക്കിനിക്ക് പകരം ഷോർട്ട്സ് ധരിച്ചതിന് നോർവേ വനിതാ ബീച്ച് ഹാൻഡ്‌ബോൾ ടീമിന്, 1,500 യൂറോ (ഏകദേശം 1.31 ലക്ഷം രൂപ, ഏകദേശം) പിഴ ചുമത്തിയ സംഭവവുമുണ്ട്.

സ്പോർട്സ് അത്ലറ്റുകളുടെ  വസ്ത്രത്തിൻ്റെ നീളം കാലിനു ചുറ്റുമുള്ള തിരശ്ചീന രേഖയെ കവിയരുത് എന്നാണ് കോഡ് ഓഫ് പോയിന്റുകൾ പറയുന്നത്. എന്നാൽ പല കോച്ചുകളും അവരുടെ  വസ്ത്രങ്ങൾ ചർമ്മത്തിൽ ഒട്ടിക്കാനാണ്  പ്രേരിപ്പിക്കാറുള്ളത്. 2021 ജൂലൈ 24 ന് ടൈംസ് ഓഫ് ഇന്ത്യയിൽ കൃതിക കപൂർ ഇതിനെക്കുറിച്ച് എഴുതിയിരുന്നു:  "ഒരു കായിക വിനോദവുമായി ബന്ധപ്പെട്ട ഡ്രസ്കോഡ് കളിക്കാരന്റെ സുഖസൗകര്യങ്ങൾ, അല്ലെങ്കിൽ ഗെയിം കളിക്കാനുള്ള അവരുടെ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒരാൾ കരുതുന്നു. ഇനി ആ കളിക്കാരൻ ഒരു സ്ത്രീയാണങ്കിൽ അവൾ ചർമം കാണിക്കണം എന്ന് വാശിപിടിക്കുന്നത് എന്തിന് എന്നാണ് അവൾ ചോദിക്കുന്നത്".

എന്നാൽ ഇന്ന് സമൂഹം ഇത്തരം കാര്യങ്ങളെ പരസ്യമായി എതിർക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ അടുത്ത് കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ  ജർമ്മൻ ജിംനാസ്റ്റുകൾ അവരുടെ ലൈംഗികവൽക്കരണത്തിന് എതിരെ പ്രതിഷേധം നടത്തിയത് ശരീരം മുഴുവൻ മറയുന്ന രീതിയിലുള്ള ബോഡി സ്യൂട്ട് ധരിച്ചയിരുന്നു. സാറാ വോസിന്റെ പ്രകടനത്തോടെയാണ് ഇതിന് തുടക്കമിട്ടത്. ഇത്തരം ലൈംഗികവൽകരണത്തിനെതിരെ സമൂഹം പ്രതികരിക്കില്ല, അതിന് നമ്മൾ തന്നെ ഇറങ്ങണം. കാരണം  അവർക്ക് അവരുടെ  കച്ചവടതാൽപര്യങ്ങളാണ് വലുത്. 

എന്നാൽ, പവിത്രമായി നാം കാത്തു സൂക്ഷിക്കുന്ന നമ്മുടെ  ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംഘപരിവാർ ഉൾപ്പെടെയുള്ള യാഥാസ്ഥിതികർ അത്തരം കാര്യങ്ങളെക്കുറിച്ച് ഇന്ത്യയിൽ വലിയ ബഹളണ്ടാക്കുന്നു, നമ്മുടെ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു, വ്യക്തികളെ ശിക്ഷിക്കുന്നു, പക്ഷേ അത്തരം അശ്ലീലമായ ആചാരങ്ങളെയും അസഭ്യമായ വസ്ത്രധാരണത്തെയും അവർ  എതിർക്കുന്നില്ല. സാമ്രാജ്യത്വങ്ങൾക്കും വ്യാപാര താൽപര്യങ്ങൾക്കുമെതിരെ അവർ ശബ്ദം ഉയർത്തുന്നില്ല. ഇന്ത്യയിലെ പുരോഗമനവാദികളും ഫെമിനിസ്റ്റുകളും ഈ ലൈംഗികവൽക്കരണം പ്രശ്നമാക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും അത് ഉയർത്തിക്കാണിക്കില്ല. വാസ്തവത്തിൽ അവർ അത്തരം കാര്യങ്ങൾ വിൽക്കുകയും ആസ്വദിക്കുകയുമാണ് ചെയ്യുന്നത്.