Skip to content Skip to sidebar Skip to footer

ആ ചെറുപ്പക്കാരന്റെ കുടുംബവും സമുദായവും എന്നെന്നേക്കും ചിന്തിച്ചുകൊണ്ടിരിക്കും

18 വയസ്സുള്ള ദര്‍ശന്‍ സൊളങ്കി എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഐ.ഐ.ടി ബോംബെയിലെ ജാതി വിവേചനങ്ങള്‍ കാരണമാണ് എന്നായിരുന്നു പ്രാഥമിക വിവരങ്ങൾ. കെമിക്കല്‍ എഞ്ചിനിയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദാബാദ് സ്വദേശിയായ ദര്‍ശന്‍ മൂന്നര മാസങ്ങള്‍ക്ക് മുമ്പാണ് ഐ.ഐ.ടി ബോംബെയില്‍ പ്രവേശനം നേടിയത്.

2023 ഫെബ്രുവരി 12ന് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്ത ദർഷൻ്റെ മരണം, പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

മേല്‍ജാതി വിഭാഗത്തില്‍നിന്നുള്ള റൂം മേറ്റ്, ദര്‍ശന്റെ ജാതി ഏതാണെന്ന് കണ്ടെത്തിയതിന് ശേഷം ദര്‍ശനുമായുള്ള ഇടപെടല്‍ കുറച്ചിരുന്നതായി ദര്‍ശന്റെ സീനിയറായിരുന്ന ഉദയ് സിങ് മീണ പറഞ്ഞിരുന്നു. ജാതീയമായ വിവേചനവും പഠനം സംബന്ധിച്ചുള്ള ആശങ്കകളും ആത്മഹത്യയ്ക്ക് കാരണമായിക്കാണണം എന്നും ഉദയ് മീണ പറയുന്നു.

ക്യാംപസില്‍ നടക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളെ കേവലം ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണരുതെന്നും, ഒരു സ്ഥാപനത്തിന്റെ തന്നെ പ്രശ്‌നമായി കാണണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം,

. ഫെബ്രുവരി 13, 2023

ഈ ക്യാംപസിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെകൂടി മരണത്തില്‍ വേദനിക്കുകയാണ് നമ്മള്‍. പതിനെട്ടു വയസ്സുള്ള ദര്‍ശന്‍ സൊളങ്കി എന്ന ദളിത് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ഫെബ്രുവരി 12 ഞായറാഴ്ചയാണ് താഴേക്ക് ചാടി മരിച്ചത്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്ന ഒരു ജീവിതം വളരെ പെട്ടെന്ന് അവസാനിച്ചു.

ഇത്രയും കഴിവുള്ള അവരുടെ മകനും അവന്‍ പഠിക്കാന്‍ ചെന്ന ഈ പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും സംഭവിച്ചതെന്താണെന്ന് ഈ ചെറുപ്പക്കാരന്‍റെ കുടുംബവും സമുദായവും എന്നെന്നേക്കും ചിന്തിച്ചുകൊണ്ടിരിക്കും.

അവന് അതിജീവിക്കാന്‍ കഴിയാതെപോയത് എങ്ങനെ എന്നതിനെപ്പറ്റി വിശദീകരണങ്ങളുണ്ടാകും, അക്കാദമിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതായത് എങ്ങനെ എന്നും ഐ.ഐ.ടി സ്വപ്‌നം ഉറച്ച മനസ്സാക്ഷിയുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്നും പറഞ്ഞേക്കും. അവനെ ഈ അവസ്ഥയിലേക്കെത്തിച്ചത് ജാതിവിവേചനമാണോ അസഹനീയമായ മാനസിക സമ്മര്‍ദ്ദമാണോ എന്ന് ഞങ്ങള്‍ക്കറിയില്ല. ഇതുവരെ നമുക്കു മനസ്സിലായത് ഇതൊരു വ്യവസ്ഥാപിതപ്രശ്‌നം ആണ് എന്നാണ്. സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പ്രശ്‌നം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് ഇനിയെങ്കിലും നമുക്ക് തീര്‍പ്പാക്കാതിരിക്കാം.

നാഗരികമല്ലാത്ത, ഇംഗ്ലീഷ് സംസാരിക്കാത്ത പശ്ചാത്തലങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളില്‍നിന്നുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയോ കരുതലോ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ടോ?

ഇവിടത്തെ വിഭവങ്ങൾക്ക് ചില മുൻഗണനകൾ തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നാറുണ്ട്. വിദ്യാർഥികളുടെ സാമൂഹ്യവും മാനസികവുമായ ആരോഗ്യത്തെ കുറിച്ചു എത്രത്തോളം ഈ ഇൻസ്റ്റിറ്റ്യൂട്ട് കരുതൽ നല്‍കുന്നുണ്ട്?

എസ്.സി / എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ തീവ്രമായ അവഹേളനവും വിവേചനവും നേരിടുന്നുണ്ട് എന്നത് ഒരു തുറന്ന സത്യമാണ്, അത് വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽനിന്നും തൊഴിലാളികളിൽ നിന്നുമെല്ലാമാണ്. വ്യവസ്ഥാപിതവും സാധാരണവുമായിക്കഴിഞ്ഞ ജാതീയത വിദ്യാർഥികളിൽ മാനസിക സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഐ.ഐ.ടി കളിൽ അവരെ സഹായിക്കാനുള്ള സംവിധാനങ്ങൾ ഇല്ല.

2014 സെപ്തംബറില്‍ അനികേത് അംഭോര്‍ എന്ന ഇരുപത്തിരണ്ടുകാരനായ ബി.ടെക് വിദ്യാര്‍ത്ഥി ഐ.ഐ.ടി ബോംബെയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മരിക്കുകയുണ്ടായി. അനികേത് ഐ.ഐ.ടിയില്‍ അഡ്മിഷനെടുത്തത് എസ്.സി റിസര്‍വേഷന്‍ കാറ്റഗറിയിലാണ്. അനികേതിന്‍റെ അക്കാദമിക കഴിവുകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള അധിക്ഷേപങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും നേരിട്ടിരുന്നു. സംവരണ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയെയും പ്രചോദനത്തെയും സാരമായി ബാധിക്കുന്ന വിവേചന അന്തരീക്ഷം ഐ.ഐ.ടി ബോംബെയില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ നിന്നും രൂപപ്പെട്ടതാണ് ഈ ആത്മഹത്യ.

അതീവദുഖിതരായിരിക്കുമ്പോഴും അനികേതിന്‍റെ രക്ഷിതാക്കള്‍, ഐ.ഐ.ടി ബോംബേയില്‍ അനികേത് പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും തേടുമ്പോള്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് മൊഴി നല്‍കി. ഈ മൊഴിയില്‍, ‘കാറ്റഗറി സ്റ്റുഡന്‍റ്’ എന്ന രീതിയില്‍ അനികേതിനെതിരെ ചില അധ്യാപകര്‍ നടത്തിയ പരാമര്‍ശങ്ങളും ഐ.ഐ.ടി ബോംബെ ക്യാംപസില്‍ സംവരണം എങ്ങനെ മെറിറ്റ് ഇല്ലായ്മയായി സമീകരിക്കുന്നു എന്നുമെല്ലാം വിശദമാക്കിയിട്ടുണ്ട്.

ദര്‍ശന്‍ സൊളങ്കി പിതാവ് രമേശ്ബായിക്കൊപ്പം. ഫോട്ടോ/ ‘ദി വൈർ’.

അനികേതിന്‍റെ കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച എ.കെ സുരേഷ് കമ്മിറ്റിയുടെ കണ്ടെത്തലില്‍ സംവരണം വഴി പ്രവേശനം നേടിയതിന്‍റെ പേരില്‍ അനികേത് അധിക്ഷേപം നേരിട്ടിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. ഒരു ഡെെവേഴ്സിറ്റി സെല്‍ ക്യാംപസില്‍ ആരംഭിക്കാനും ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക, സഹായകമായ സംവിധാനങ്ങള്‍ ആരംഭിക്കുക, കൗണ്‍സിലിങ്, എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള മെന്‍ററിങ് പ്രോഗ്രാമുകളില്‍ കൂടുതല്‍ പ്രാതിനിധ്യം, അക്കാദമിക്സിലേക്ക് കൂടുതല്‍ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളെ എത്തിക്കുകയും അതുവഴി അധ്യാപകരുടെ എണ്ണത്തിലൂടെ മെച്ചപ്പെട്ട പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുക എന്നിവ ഇതേത്തുടര്‍ന്ന് രൂപപ്പെട്ട ആവശ്യങ്ങളാണ്.

ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഔദ്യോഗികമായി രൂപീകരിച്ച ഈ കമ്മിറ്റിയുടെ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മിറ്റിയുടെ പല ശുപാര്‍ശകളും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ റിപ്പോര്‍ട്ടിനോട് നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോഴും നമ്മള്‍ ആവശ്യപ്പെടുന്നത് ഈ റിപോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നാണ്, അതേപ്പറ്റി ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്.

ഐ.ഐ.ടി ബോംബെയില്‍ എസ്.സി, എസ്.ടി അധ്യാപകരുടെ പ്രാതിനിധ്യക്കുറവും നമ്മള്‍ ഉന്നയിക്കുന്നതാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാത്തിടത്തോളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇതുപോലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒറ്റപ്പെടല്‍ അനുഭവിക്കും. അധ്യാപകരുടെ റിക്രൂട്ട്മെന്‍റില്‍ കടുത്ത സംവരണ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. എസ്.സി, എസ്.ടി സെല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള കാലതാമസം, മാനസികാരോഗ്യ സംവിധാനങ്ങളുടെ അഭാവം എന്നിങ്ങനെയുള്ള ഘടനാപരമായ അപാകതകളെല്ലാം ഇത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നുണ്ട്.

അതുകൊണ്ട് ഒരു ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ വ്യക്തിപരമായൊരു കാര്യമല്ല, നമ്മളില്‍ ചിലരെ ഒറ്റപ്പെട്ടവരാണെന്ന് തോന്നിക്കുന്ന ഈ സംവിധാനത്തിന്‍റെ ചില പ്രശ്നങ്ങളുമായി അത് ചേര്‍ന്ന് കിടക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ഇതിനെ വ്യവസ്ഥാപിത കൊലപാതകമെന്ന് വിളിക്കുന്നത്.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് നമുക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ട്; ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് നിരവധി സ്വപ്നങ്ങളുമായി എത്തുന്നവരോട്. ഒരു സമൂഹമെന്ന നിലയിലും സ്ഥാപനമെന്ന നിലയിലും നമ്മള്‍ എന്താണ് ആഘോഷിക്കുന്നത്? എന്താണ് നമ്മള്‍ അരികുവല്‍ക്കരിക്കുന്നത്? ഇനിയും എത്ര അനികേതും ദര്‍ശനും മരിക്കണം?

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.