Skip to content Skip to sidebar Skip to footer

ഇളയരാജ ചെറിയ വിജയമല്ല.

എം. കല്യാണരാമൻ

മധുരൈ രാജൻ എന്നാൽ ഒരു പത്രപ്രവർത്തകനെ സംബന്ധിച്ച് ആനന്ദമായിരുന്നു. ദളിത് ആക്ടിവിസ്റ്റായ രാജന്, റിപ്പോർട്ടർമാർക്ക് എന്താണ് വേണ്ടതെന്ന് അറിയാമായിരുന്നു, 1990കളിൽ തമിഴ്‌നാട്ടിൽ ജാതി സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, പത്രപ്രവർത്തകർക്ക് വേണ്ടുന്ന വിവരങ്ങൾ അവരിലേക്ക് എത്തിക്കാനുള്ള കഴിവും ധൈര്യവും രാജന് ഉണ്ടായിരുന്നു. മൃദംഗം മുതൽ ഡ്രം വരെയുള്ള സംഗീത ഉപകരണങ്ങൾ നന്നാക്കുന്ന ഒരു കട ഉണ്ടായിരുന്നു രാജന്. മധുരയിലെ ‘പരിയർ’ കോളനിയിലായിരുന്നു രാജന്റെ വീട്. ഇത് ‘പരിയർ’ വിഭാഗത്തിലെ ഒരു ഭാഗം മാത്രമാണ്, രാജൻ വിശദീകരിച്ചു. എന്നാൽ, തൊട്ടടുത്ത ജില്ലയിൽ നിന്നുള്ള ഇളയരാജയെ ‘സൂപ്പർ ബ്രാഹ്മണൻ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഒരു പരിയർ കുടുംബത്തിലാണ് ഇളയരാജ ജനിച്ചത് – ഒരു തമിഴ് ‘പൂർവ്വകുടി’, യഥാർത്ഥ തമിഴ് ജാതികളിൽ പെട്ട ഒന്ന്. ആദ്യകാലത്ത് ഇളയരാജ, പാർട്ടി യോഗങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗാനങ്ങൾ രചിക്കാനും പാടാനും സഹോദരനെ സഹായിച്ചിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന തേനി ജില്ലയിലെ ഗ്രാമത്തിൽ നിന്നുള്ള ‘പാവലാർ വരദരാജൻ’ ട്രൂപ്പ് കേരളത്തിലെ സഖാക്കൾക്കും ഉപകാരമായിരുന്നു.

ഇളയരാജയുടെ ചലച്ചിത്രഗാനങ്ങളിലൊന്ന്, ഇപ്പോഴും സി.പി.ഐ എം സമ്മേളനങ്ങളിൽ വിപ്ലവാഹ്വാനമായി ഉപയോഗിച്ചുപോരുന്നു. പാട്ടിലെ ആവേശകരമായ ഒരു വരി ഇങ്ങനെയാണ്: “സമരം വീസിയ പാമര ജാടികൾ സാധനൈ കണ്ടുവിടും.” (മനുഷ്യാ, നീ കോപത്തോടെ എഴുന്നേറ്റ് നിന്നാൽ മാത്രമേ, നിന്റെ കണ്ണ് ചുവന്നാൽ മാത്രമേ ധനികരെയും രാജാക്കന്മാരെയും ആരാധിക്കുന്ന സാധാരണ ജാതിക്കാർ വിജയം കണ്ടെത്തുകയുള്ളു).

ഇളയരാജയുടെ പൂർവികർ ജാതിഹിന്ദുക്കൾക്ക് കീഴിൽ പണിയെടുത്തവരായിരിക്കാം. എന്നാൽ, പ്രശസ്ത സംഗീതജ്ഞൻ ഇപ്പോൾ നരേന്ദ്ര മോദി സർക്കാരിന്റെ രാജ്യസഭാ നോമിനിയായി ഉടൻ പാർലമെന്റ് പടികൾ കയറാൻ പോവുകയാണ്. ഇളയരാജയെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നത് ഇടതുപക്ഷ വിപ്ലവമല്ല, മറിച്ച് തമിഴ്‌നാട്ടിൽ രാഷ്ട്രീയ ഇടം നേടാനും രാജ്യവ്യാപകമായി “പ്രതീകാത്മക” തന്ത്രം ഉപയോഗിക്കാനും ശ്രമിക്കുന്ന വലതുപക്ഷമാണ്.

“ബി.ആർ അംബേദ്‌കറിന്റെ പാതയിൽ സഞ്ചരിക്കുന്ന നരേന്ദ്ര മോദിയെ” പ്രശംസിക്കുന്ന ഒരു പുസ്തകത്തിന് ഇളയരാജ അവതാരിക എഴുതിയത് ദ്രാവിഡവാദികളെ രോഷാകുലരാക്കിയിരുന്നു. രാഷ്ട്രീയത്തിൽ അത്ര നിഷ്കളങ്കനൊന്നുമല്ല ഇളയരാജ എന്ന സംഗീതജ്ഞൻ. രാഷ്ട്രീയം വളരെ സൂക്ഷ്മമായി അറിയാമെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ വേർതിരിച്ചു മനസ്സിലാകുമെന്നും അദ്ദേഹത്തിന്റെ മുൻ കാല അഭിമുഖങ്ങളിൽ നിന്ന് വ്യക്തമാണ്. മാർക്‌സിസ്റ്റുകൾക്കിടയിലെ തന്റെ ആദ്യകാല സംഗീതജീവിതം പൂർണ്ണമായും സംഗീതത്താൽ നയിക്കപ്പെട്ടതാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന് മുകളിലുള്ള സമ്മർദ്ദം മനസ്സിലാക്കാവുന്നതേ ഉള്ളു. അതുകൊണ്ട് തന്നെ ഇളയരാജ മോദിയെ പ്രശംസിക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ്.

ഇതിന് ശേഷം അദ്ദേഹത്തിനുള്ള “പ്രത്യുപകാരം” വരുന്നു എന്ന രീതിയിൽ സംസാരങ്ങൾ നടന്നിരുന്നു. ചിലരത് ‘ഭാരതരത്‌ന’ അവാർഡായിരിക്കുമെന്ന് പ്രതീക്ഷിച്ചു. അതുകൊണ്ട് രാജ്യസഭാ സീറ്റ് അൽപ്പം കുറഞ്ഞുപോയി എന്നു പറയേണ്ടി വരും. സിനിമാ പ്രവർത്തകർ ആദായനികുതി അന്വേഷണത്തിന് ഇരയാകുന്നതും സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുന്നതും എങ്ങനെയെന്ന് സിനിമാ പത്രപ്രവർത്തകർ പരദൂഷണം പറഞ്ഞു.

പക്ഷേ, ബി.ജെ.പിയെ സമ്മതിക്കണം. ഇളയരാജയെ തങ്ങളുടെ പക്ഷത്താക്കുക എന്നത് ചെറിയ കാര്യമല്ല.

ഒരുപക്ഷേ, മറ്റാരെക്കാളും ഈ അടുത്ത കാലത്തായി തമിഴർ അവരിൽ ഒരാളായി കണ്ട് ആഘോഷിക്കുന്നത് ഇളയരാജയെയാണ്. കാരണം ഇളയരാജ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് വന്ന ആളാണ്. കാഴ്ചയിലും സംസാരത്തിലുമൊക്കെ തനി തമിഴനാണ്. അപൂർവ്വമായി മാത്രമേ ഇളയരാജ തമിഴ്‌നാട്ടിൽ നിന്ന് പുറത്തുകടന്നിട്ടുള്ളൂ.

ഇളയരാജയ്ക്ക് ‘ബാച്ച്’ സംഗീതം സാധ്യമായിരുന്നു. ഏതാണ്ട് പൂർണ്ണമായും ‘മെലഡി’യാൽ നയിക്കപ്പെടുന്ന തമിഴ് സംഗീതത്തിൽ ‘ഹാർമണി ഘടകങ്ങൾ’ അവതരിപ്പിച്ച ആദ്യകാല സംഗീതസംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം. 30 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഫ്യൂഷൻ സംഗീതം സാധ്യമാക്കി. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളിലെ സിംഫണിക് ഘടകങ്ങൾ പിന്നീട് പൂർണ്ണമായ പാശ്ചാത്യ സിംഫണികളിലേക്ക് ആഴ്ന്നിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഗാനങ്ങളിൽ കൂടുതലും കർണാട്ടിക് സംഗീത രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് – മികച്ച സംഗീതജ്ഞർ അദ്ദേഹത്തെ പലപ്പോഴും “വാഗ്ഗേയകാര” എന്ന് വിശേഷിപ്പിക്കാറുണ്ട്. (മഹാന്മാരുടെ പാരമ്പര്യത്തിൽ പെട്ട കർണാട്ടിക് സംഗീതസംവിധായകനാണ് വാഗ്ഗെയകാര). കർണാട്ടിക് സംഗീതം ബ്രാഹ്മണരുടെ കുത്തകയായി തുടരുമ്പോൾ, തന്റെ ചലച്ചിത്രഗാനങ്ങളിലൂടെ ഒരു ശരാശരി തമിഴനിലേക്ക് മികച്ച രാഗങ്ങളുടെ സൂക്ഷ്മതകൾ ഇളയരാജ ആലപിച്ചു. ഇളയരാജയുടെ ശബ്ദം അദ്വിതീയമാണ് – സംഗീതത്തിലെ നിരവധി ശ്രേണികൾ ഉൾക്കൊള്ളുമ്പോൾ തന്നെ ആധികാരികമായി അത് തമിഴിൽ നിലനിൽക്കുന്നു.

ഇന്ന് പ്രതിഭയുടെ ഉയരങ്ങൾ കീഴടക്കി എന്ന് പറയാവുന്ന ചുരുക്കം ചില തമിഴരിൽ ഒരാളാണ് ഇളയരാജ.

പ്രതിഭയ്‌ക്കൊപ്പം ഉത്കേന്ദ്രതകളും(eccentricities) ഉണ്ട്. തന്റെ ജാതി ഐഡന്റിറ്റി ഇളയരാജ സൗകര്യപൂർവം മറന്നു. സാമൂഹിക പരിഗണന കാണിക്കുന്ന ഒന്നും അദ്ദേഹം പരസ്യമായി ചെയ്തിട്ടില്ല. അദ്ദേഹം ദലിതരുടെ വിഷയങ്ങളിലോ, മറ്റു സാമൂഹ്യ പ്രശ്നങ്ങളിലോ താല്പര്യം കാണിക്കാറില്ല. പിന്തുണ ആവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിക്കുന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളെ അദ്ദേഹം ആട്ടിയോടിച്ചു.

ഇളയരാജയുമായി ഇടപെടാൻ കുറച്ചു പ്രയാസമാണ്. അദ്ദേഹത്തിന്റെ ‘ഈഗോ’ ദുർബലമാണ്, എളുപ്പത്തിൽ പ്രകോപിതനാകും. അദ്ദേഹം അത്ര ദാനശീലനൊന്നുമല്ല. തന്റെ സംഗീതകച്ചേരികളിൽ ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പാടരുതെന്ന് എസ്.പി ബാലസുബ്രമണ്യത്തോട് ഇളയരാജ ആവശ്യപെടുകയുണ്ടായി. ഇത് അവർ തമ്മിൽ കാലങ്ങളയുള്ള സൗഹൃദം ഏറെക്കുറെ താളം തെറ്റിച്ചിരുന്നു. കുറച്ചു കൂടി കടന്ന് ഇളയരാജ തന്റെ പല ക്ലാസിക്കുകളുടെയും ഡിജിറ്റൽ പകർപ്പവകാശം ക്ലെയിം ചെയ്യുകയുണ്ടായി, കുറച്ചൊക്കെ അതിൽ വിജയിക്കുകയും ചെയ്തു.

ഇളയരാജ ക്ഷേത്രങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആദിശങ്കരനോട്‌ അദ്ദേഹത്തിന് പ്രത്യേക ആരാധനയാണ്. അദ്ദേഹം മതവിശ്വാസി മാത്രമല്ല, ആത്മീയതയോട് ആഴമായ ആദരവുള്ള ഒരാളാണ്. തന്റെ പ്രതിഭയെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം യാഥാർത്ഥ്യത്തെ നിഷേധിക്കുകയാണ് പതിവ്. ഇന്ന ദിവസം താൻ ഇത്തരത്തിൽ ഒരു ഗാനം രചിക്കുമെന്ന് നേരത്തെ വിധിക്കപ്പെട്ടതാണെന്നും ആ ഗാനം മറ്റൊരു ദിവസം ഒരാൾ കേട്ട് ഇഷ്ടപ്പെടുന്നുവെന്നതും എഴുതപ്പെട്ടിരിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അദ്ദേഹം എന്താണ് പറയുന്നതെന്ന് മധുരൈ രാജന് അറിയാം.

ഇങ്ങനെയൊക്കെ ആണെങ്കിലും തമിഴർ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യനാണു ഇളയരാജ. നിരീശ്വരവാദിയായ കരുണാനിധി അദ്ദേഹത്തെ “ഇസൈ ജ്ഞാനി” എന്നാണ് വിശേഷിപ്പിച്ചത് – സംഗീതത്തിൽ പ്രബുദ്ധനായ മനുഷ്യൻ. ആ വിശേഷണം കാലങ്ങൾ കഴിഞ്ഞിട്ടും അതേപോലെ നിലനിൽക്കുന്നു. അതുകൊണ്ടാണ് അംബേദ്കർ-മോദി താരതമ്യത്തിനെതിരെ ദ്രാവിഡവാദികൾ പ്രതിഷേധിച്ചപ്പോൾ ഡി.എം.കെ നേതൃത്വം ട്രോളുകൾ പിൻവലിച്ചത്. സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെക്കാൾ വലുതായിരുന്നു ഇളയരാജ എന്ന തമിഴ് സാനിധ്യം.

അതുകൊണ്ട്, ഇളയരാജയ്ക്ക് മോദിയെ പിന്തുണയ്ക്കാൻ കഴിയുമെങ്കിൽ ഏതൊരു തമിഴനും കഴിയും. ഈ പ്രതീക്ഷയോടെയാണ്, ഇതുവരെ പാർട്ടിയെ ശക്തമായി ചെറുത്തുതോൽപിച്ച ഒരു സംസ്ഥാനത്ത് ലക്ഷ്മണരേഖ കടക്കാൻ കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നത്.

എം കല്യാണരാമൻ എഴുതി ദി വൈർ പ്രസിദ്ധീകരിച്ചത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.