പ്രജ്വാൾ
2019 ജൂലൈയിലാണ് ഹിസ്റ്ററിയിൽ മാസ്റ്റേഴ്സ് ചെയ്യാൻ ഞാൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നത്. രോഹിത് വെമുല മൂവ്മെന്റിലൂടെയാണ് ഈ യൂണിവേഴ്‌സിറ്റിയെ കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞത്.
അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റൽ സംവിധാനം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന അറിയിപ്പ് ലഭിച്ചു. ഒഴിവുള്ള ഹോസ്റ്റലുകൾ ഔദ്യോഗികമായി ലഭ്യമായിരിക്കെയാണ് ഇങ്ങനെയൊരു അറിയിപ്പ് വന്നത്. എന്നെ സംബന്ധിച്ച് ഇവിടെ പഠിക്കാൻ ഹോസ്റ്റൽ സൗകര്യം അനിവാര്യമായിരുന്നു.
പാര്‍ശ്വവത്ക്കരിക്കപെട്ട വിഭാഗങ്ങളുടെ വിഭ്യാഭ്യാസ ഉന്നമനത്തിന് ഹോസ്റ്റലുകൾ നിർണായകമായ പങ്കാണ് വഹിക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉയർച്ചക്കായി 1924ൽ ബാബ സഹേബ് അംബേദ്കർ ‘ബഹിഷ്‌കൃത് ഹിതകരിണി സഭ’ സ്ഥാപിച്ചു. ഇത്തരം ഹോസ്റ്റലുകൾ ഉണ്ടാകുക എന്നതായിരുന്നു സഭയുടെ പ്രധാന ഉദ്ദേശ്യം. 2016ൽ രോഹിത് വെമുലയെയും മറ്റ് നാല് പേരെയും വി സി അപ്പ റാഉ സാമൂഹികമായി ബഹിഷ്കരിക്കുന്നത് ഹോസ്റ്റൽ സൗകര്യം നിർത്തലാക്കികൊണ്ടാണ്.
എന്നെ സംബന്ധിച്ച് ഹോസ്റ്റലിന് വേണ്ടി ദിവസവും വാർഡനെ പോയി കാണുന്നത് ദിനചര്യയുടെ ഭാഗമായി മാറി. വാർഡൻ ഓഫീസിന്റെ നിസ്സംഗത എന്നെ തളർത്തി. മാസങ്ങളായി തുടർന്ന അപമാനത്തിന് ഒടുവിൽ സഹായത്തിനായി എ.എസ്.എയെ (ആബേദ്കർ സ്റ്റുഡന്റ്‌സ് യൂണിയൻ) ബന്ധപ്പെടാൻ ഞാൻ തീരുമാനിച്ച രാത്രിയിൽ എനിക്ക് റൂം അനുവദിച്ചു.
ജാതിവിരുദ്ധ സംഘടനയിൽ പ്രവർത്തിക്കുന്നതിന്റെ അവജ്ഞ എനിക്ക് അറിയാമായിരുന്നു. ലിബറൽ ആഖ്യാനങ്ങളിലൂടെ എ.എസ്.എ എന്നത് പുരുഷാധിപത്യപരമായ ഒരു കൂട്ടമാണെന്ന് ഞാൻ വിശ്വസിച്ചു. അവരിൽ നിന്ന് വിട്ടനിൽക്കാൻ തീരുമാനിച്ചു. എ.എസ്.എയിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ വിവേചനപരമായ അനുഭവങ്ങൾ നേരിടേണ്ടി വരില്ല എന്ന് ഞാൻ കരുതി. അപ്പോഴും ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥി സുഹൃത്തുക്കളുടെയും ജാതീയമായ ഇടപെടലുകൾ തുടർന്നു. ഞങ്ങളുടെ ഉത്തരങ്ങളെ ഒബ്ജെക്റ്റീവ് എന്നും നോൺ അക്കാദമിക്ക് എന്നും മുദ്രകുത്തി. ഞങ്ങളുടെ ചോദ്യങ്ങളെ പരിഹാസ്യമായ മൗനം കൊണ്ടോ ‘നിങ്ങൾക്ക് ഇനിയും മനസിലായിട്ടില്ല കൂടുതൽ വായിക്കണം’ എന്ന് പറഞ്ഞും അവഗണിച്ചു.
സ്വാതന്ത്രം നേടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും കലാലയങ്ങളിൽ പോലുമുള്ള വിവേചനത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. വിദ്യാഭ്യാസാവകാശം നേടിയെടുക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ ഞങ്ങളുടെ മുന്നിൽ തുറക്കപ്പെടുകയാണ്. എന്നാൽ, കലാലയങ്ങളിലേക്കുള്ള കേവല ശാരീരിക പ്രവേശനം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവേചനത്തിൽ നിന്നുമുള്ള മോചനം ഉറപ്പാക്കുന്നുണ്ടോ?
ഈ വിദ്യാഭ്യാസം ഞങ്ങളിലെ പ്രാപ്തി വര്ധിപ്പിക്കുന്നതിനോ,ഞങ്ങളെ ഒരു സ്വതന്ത്ര മനുഷ്യരായി മറ്റുന്നതിനോ സഹായിക്കുന്നുണ്ടോ? ഞാൻ ജോയിൻ ചെയ്യുന്നതിന്റെ കുറച്ച് മാസം മുന്നേ വെളിവടയുടെ അഞ്ച് ദളിത് സ്കോളേഴ്സിനുള്ള അനുമതി നിഷേധിക്കുകയും അവ അർധരാത്രി ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തെ വിവിധ ഗ്രാമങ്ങളിലുള്ള വെളിവാടകൾ ദളിതരുടെ ചേരിവൽക്കരണത്തെ അടയാളപ്പെടുത്തുമ്പോൾ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ അവരേ ഇല്ലാതാക്കുന്നതിലൂടെ യൂണിവേഴ്‌സിറ്റി അധികൃതർ എന്താണ് ലക്ഷ്യം വെക്കുന്നത്?
പോരാട്ടത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കാനുള്ള ശ്രമനമാണത്. കാരണം ചില ഓർമകൾ പോലും വിവേചന സമ്പ്രദായങ്ങളെ വെല്ലുവിളിച്ച് കൊണ്ടിരിക്കും. ജാതി ഹിന്ദുക്കളുടെ കുത്തകയായി തുടരുന്ന ഇത്തരം സർവകലാശാല ഇടങ്ങൾ വിവേചന സമ്പ്രദായത്തെ എപ്പോഴും നിലനിർത്താൻ ശ്രമിക്കും.
ഇത്തരം സാഹചര്യങ്ങളിൽ മറ്റ് യുവ അംബേദ്കറേറ്റ് പ്രസ്ഥാനങ്ങൾ പോലെ എ.എസ്.എയും കൗണ്ടർ സംസ്കാരങ്ങൾ രൂപപ്പെടുത്തുകയും പാർശ്വവത്കരിക്കപ്പെട്ടവരെ അവരുടെ കഴിവുകൾ കെട്ടിപടുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ ക്ലാസ്സ്മുറികളിൽ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കപ്പെടുന്നു.
യൂണിയൻ തെരഞ്ഞെടുപ്പുകളിലുള്ള പങ്കാളിത്തം, ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നിറക്കുന്നതിൽ സമ്മർദ്ദം ചെലുത്തുക, പാര്‍ശവത്ക്കരിക്കപെട്ട വിദ്യാർഥികളുടെ ഇന്റർവ്യൂകളിൽ ഉണ്ടാക്കുന്ന ക്രമക്കേട് പരിശോധിക്കുക, സ്കോളർഷിപ്പ് വിതരണം തുടങ്ങിയവയൊക്കെ അംബേദ്കർ വിദ്യാർത്ഥി സംഘടനകൾ തലമുറകളായി അദൃശ്യമായി ചെയ്ത പ്രവർത്തനങ്ങളുടെ ഫലമാണ്. ഇത്തരം സംഘങ്ങൾ സർവകലാശാല പാഠപുസ്തകങ്ങളും മറ്റും ഉന്നയിക്കുന്നതിനെക്കാൾ സാമൂഹിക നീതിയെ കൊണ്ടുനടക്കുന്നവരാണ്.
ഓരോ ഇടങ്ങളും അധികാര ശ്രേണിപരമാണ്. എ.എസ്.എക്ക് പോലും അതിൽ മാറ്റമില്ല. അധികൃതരുമായുള്ള കൂടിയാലോചനകളും തീരുമാനം എടുക്കുന്നതിലും സംഘടന മൂലധനത്തിലുള്ള അക്സസ്സ് ഒക്കെ തന്നെ ശ്രേണിബദ്ധമാണ്.

രോഹിത് വെമുല പറഞ്ഞത് പോലെ “ഒരു മനുഷ്യന്റെ മൂല്യം അവന്റെ തൽക്ഷണമുള്ള ഐഡന്റിറ്റിയിലേക്കും അടുത്തുള്ള സാധ്യതയിലേക്കും ചുരുക്കി….നക്ഷത്രധൂളിയായി നിർമിച്ച ഒരു ആത്മാവായി ഒരിക്കലും മനുഷ്യനെ കണ്ടില്ല”.
സംഘടനാ ഇടങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിലും ലോകവീക്ഷണം ഉണ്ടാക്കുന്നതിലും സഹായിക്കും. എന്നാൽ സ്വതന്ത്രമായ സ്വത്വത്തിൽ നിന്ന് വിശാല ആത്മാവുള്ള മനുഷ്യനെ പലപ്പോഴും അവക്ക് കാണാൻ കഴിയില്ല. ബാബസഹേബിന്റെ വിമോചന ലോകവീക്ഷണത്തോടും ദൃഢമായ സ്വയംബോധത്തോടുമുള്ള എ.എസ്.എയുടെ പ്രതിബദ്ധതയാണ് വിവേചനത്തിനെതിരായ പോരാട്ടത്തിൽ പരിവർത്തനാത്മകമായ ഭാവി ഞാൻ കാണുന്നത്.
പ്രമുഖ അംബേദ്കറേറ്റ് കവി വാമൻ കർദക്കിൻ്റെ ഈ രണ്ട് വരി കവിത ഇവിടെ പ്രസക്തമാണെന്ന് കരുതുന്നു.
“സമത്വത്തിന്റെ കാറ്റ് വീശുന്നിടത്ത് ചൂഷണത്തിന് അഭയമില്ല
പുതിയ മനുഷ്യനെ തേടിയുള്ള സാര്‍ത്ഥവാഹകസംഘം പുറപ്പെട്ടു കഴിഞ്ഞു
മനുഷ്യർക്കായി പോരാടുന്ന പുതിയ മനുഷ്യനെ സൃഷ്ടിക്കാൻ
ഞങ്ങളുടെ ഐക്യശബ്ദം ഇപ്പോൾ ആകാശത്തോളം എത്തിയിരിക്കുന്നു”