Skip to content Skip to sidebar Skip to footer

അടിയന്തരാവസ്‌ഥയെക്കാൾ അപകടകരമാണ്…

എം.ജി ദേവസഹായം.

1975 ജൂൺ 25 അർധരാത്രിയിൽ പ്രസിഡന്റ് ഫക്രുദ്ദിൻ അലി അഹമദിന്റെ അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ ഒരു ഇരുണ്ട യുഗത്തിന് തുടക്കമിട്ടു. “ഇന്ത്യൻ പ്രസിഡന്റായ ഫക്രുദ്ദീൻ അലി അഹമ്മദ് എന്ന ഞാൻ ആഭ്യന്തര കലഹങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാൽ ഗുരുതരമായ അടിയന്തരാവസ്ഥ നിലവിൽവന്നതായി ഭരണഘടനയുടെ ആർട്ടിക്കിൾ 352 ലെ ഒന്നാം അനുഛേദ പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു.” പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം അർധരാത്രിയിൽ പുറപ്പെടുവിച്ച ഈ പ്രഖ്യാപനം ഇന്ത്യയുടെ നവജാത ജനാധിപത്യത്തെ സാരമായി ബാധിക്കാൻ കെൽപ്പുള്ളതായിരുന്നു.

എന്നാൽ, ഈ അടിയന്തരാവസ്ഥ ക്രൂരവും അപ്രതീക്ഷിതവുമായിരുന്നെങ്കിൽ, നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ രാജ്യത്ത് ഇപ്പോൾ അരങ്ങേറുന്ന സംഭവവികാസങ്ങൾ വ്യവസ്ഥാപിതവും, വഞ്ചനാപരവും വരും കാലത്തേക്ക് ഒരു സമൂഹമെന്ന നിലയിൽ നമ്മെ തകർക്കാൻ സാധ്യതയുള്ളതുമാണ്.

അടിയന്തരാവസ്‌ഥ പ്രഖ്യാപനത്തിലൂടെ ഭരണഘടനയുടെ മൂന്നാം ഭാഗം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഒരു ലക്ഷത്തിലധികം പേരെ തടങ്കലിലാക്കി, ഇന്റേണൽ സെക്യൂരിറ്റി ആക്ററ് (MISA ) പോലെയുള്ള നിയമങ്ങൾ ശക്തമാക്കിയതോടെ കോടതികൾക്ക് ഇത്തരം കേസുകളിൽ ഇടപെടുക അസാധ്യമായി. പാർലമെന്റ് നടപ്പാക്കിയ സ്വേച്ഛാധിപത്യ നിയമങ്ങൾ ഇന്ത്യൻ ജനതയുടെ കഴുത്തിലെ കുരുക്ക് കൂടുതൽ മുറുക്കി.

അടിയന്തരാവസ്ഥ കാലത്തെ ഓർമ്മകൾ.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷമുള്ള രാത്രിയും പകലും എനിക്ക് വ്യക്തമായി ഓർമയുണ്ട്. ഞാൻ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന ചണ്ഡീഗഢിൽ, മാധ്യമങ്ങൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നേരെയായിരുന്നു ആദ്യത്തെ ആക്രമണം. രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ഗ്യാനി സെയിൽ സിംഗ്, കേന്ദ്രഭരണ പ്രദേശത്തിന്റെ ചീഫ് കമ്മീഷണർ എൻ. പി. മാത്തൂരിനെ വിളിക്കുകയും ചണ്ഡീഗഢിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ‘ദി ട്രിബ്യുൺ’ പത്രത്തിനെതിരെ ശക്തമായ നടപടിയെടുക്കണം എന്ന് ആവശ്യപെടുകയും ചെയ്തു. പത്രത്തിന്റെ ഓഫീസ് പരിസരം സീൽ ചെയ്യണമെന്നും അതിന്റെ എഡിറ്ററെ അറസ്റ്റ് ചെയ്യണമെന്നും പിറ്റേന്ന് രാവിലെ പത്രം ഇറക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസ്വസ്ഥനായ മാത്തൂർ ഈ നിർദ്ദേശങ്ങൾ അന്നത്തെ സീനിയർ പോലീസ് സൂപ്രണ്ട് എസ്.എൻ ഭാനോട്ടിന് കൈമാറി. പരിചയസമ്പന്നനായ പോലീസുകാരനായതിനാൽ ഔദ്യോഗിക ഉത്തരവില്ലാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭാനോട്ട് തയ്യാറായില്ല. ഞാൻ ഒരിക്കലും സമ്മതിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എന്നെ ശല്യപെടുത്തിയതുമില്ല. അങ്ങനെ അടിയന്തരാവസ്ഥയും, ജയപ്രകാശ് നാരായൺ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റും അറിയിച്ചുകൊണ്ടുള്ള ബാനർ തലക്കെട്ടുകളുമായി പിറ്റേന്ന് രാവിലെ പത്രം പതിവുപോലെ പുറത്തിറങ്ങി. ഇത് ഹരിയാന മുഖ്യമന്ത്രി ചൗധരി ബൻസി ലാലിനെ ചൊടിപ്പിച്ചു. ഹരിയാന പോലീസിനെക്കൊണ്ട് ‘ദി ട്രിബ്യൂൺ’ റെയ്ഡ് ചെയ്ത് പൂട്ടിക്കുമെന്ന് അദ്ദേഹം ഭീക്ഷണിപ്പെടുത്തി. ഈ രണ്ട് മുഖ്യമന്ത്രിമാർക്കും പത്രവുമായും അതിന്റെ എഡിറ്റർ മാധവൻ നായരുമായും മുൻവൈരാഗ്യവുമുണ്ടായിരുന്നു.

ചണ്ഡീഗഢ് ഭരണം നിയന്ത്രിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ ‘അടിയന്തരാവസ്‌ഥ’യുടെ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഞങ്ങൾ ജാഗ്രത പുലർത്തിയിരുന്നു. MISA ആക്ട് പ്രകാരമുള്ള അറസ്റ്റുകൾ വസ്തുനിഷ്ഠമായിരിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ സെക്ഷൻ 144 CrPC ചുമത്തി ഞങ്ങൾ സ്ഥിതിഗതികൾ നിയന്ത്രിച്ചു. ‘ദി ട്രിബ്യൂൺ’ പത്രത്തിനെതിരെ നടപടിയെടുക്കില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. ഇത് രണ്ട് മുഖ്യമന്ത്രിമാരെയും ഞങ്ങൾ അറിയിച്ചു.

‘ദി ട്രിബ്യൂൺ’ പ്രസിദ്ധീകരണം തുടർന്നു പക്ഷെ പ്രധാന വാർത്തകൾ സെൻസർ ചെയ്യപ്പെട്ടു.. അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായ വാർത്തകൾ അവർ പ്രസിദ്ധീകരിച്ചില്ല. ഉദാഹരണത്തിന്, MISA ചുമത്തി തടവിലാക്കപ്പെട്ട ആർ എസ് എസ് പ്രവർത്തകർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മാപ്പെഴുതികൊടുത്ത്‌ കൂട്ടത്തോടെ കീഴടങ്ങിയത് വാർത്തയായില്ല.

ആർ എസ്എസിന്റെ രണ്ടാം സ്വാതന്ത്ര്യ സമരം

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ആർ.എസ്.എസ് സാഹിത്യം അടിയന്തരാവസ്ഥയെ അവർ നയിച്ച “രണ്ടാം സ്വാതന്ത്ര്യസമരം” എന്നാണ് വിശേഷിപ്പിക്കുന്നത്. വാസ്തവത്തിൽ, അപൂർവമായ ചില സന്ദർഭങ്ങളിൽ ഒഴികെ, അടിയന്തരാവസ്ഥ കാലത്തെ ഈ ഭീമന്മാരുടെ പ്രകടനം ഭീകരമായിരുന്നു. പ്രഗത്ഭ അഭിഭാഷകൻ എ.ജി നൂറാനി ഇതിനെക്കുറിച്ച് എഴുതുന്നതിങ്ങനെയാണ്; “എല്ലാ വർഷവും അടിയന്തരാവസ്ഥയുടെ വാർഷികത്തിൽ ആർ.എസ്.എസും അതിന്റെ പാദസേവകരും, പ്രത്യേകിച്ച് അതിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പിയിലുള്ളവരും, ഈ ‘മഹാപാപത്തെ’ അപലപിച്ച് രംഗത്തെത്തുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇവരുടെ പൂർവ്വികരും, രാഷ്ട്രീയ മുന്നണിയായ ജനസംഘവും ന ടത്തിയ “ത്യാഗങ്ങളെ” സംബന്ധിച്ചു വീമ്പിളക്കുന്നു.

എന്നാൽ, അടിയന്തരാവസ്ഥയെക്കുറിച്ച് ശബ്ദമുയർത്താൻ ഇവർക്ക് ഒരവകാശവുമില്ല. ജയിൽ ശിക്ഷയിൽ നിന്ന് ഇളവ് നേടാനും അവരുടെ സംഘടനയുടെ നിരോധനം നീക്കാനും കോൺഗ്രസ് സർക്കാരിനോട് കെഞ്ചുകയാണ് അടിയന്തരാവസ്‌ഥ കാലത്തു ഇവരുടെ നേതാക്കൾ ചെയ്തുകൊണ്ടിരുന്നത്.”

അന്നത്തെ ആർ.എസ്.എസ് മേധാവിയായിരുന്ന ബാലാസാഹേബ് ദിയോറസ് ഇന്ദിരാഗാന്ധിക്കയച്ച കത്തുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ജനാധിപത്യം രാജ്യത്തിന്റെ ക്ഷേമത്തിനു അവിഭാജ്യമാണെന്ന് അദ്ദേഹം ഒരിക്കൽ പോലും സൂചിപ്പിക്കുന്നില്ല. മാത്രവുമല്ല, “അടിയന്തരാവസ്‌ഥക്കെതിരെയുള്ള ഒരു പ്രവർത്തനത്തിലും ഏർപ്പെടില്ല” എന്നെഴുതി സർക്കാർ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഫോമിൽ ഒപ്പിടാൻ അദ്ദേഹത്തിന്റെ അണികളെ പ്രേരിപ്പിക്കുകയാണ് ആർ.എസ്.എസിന്റെ നേതാവ് ചെയ്‌തത്‌.

ഇപ്പോൾ, മോദി സർക്കാരിന് കീഴിൽ, ഒരു ഔപചാരിക അടിയന്തരാവസ്ഥയില്ലാതെ തന്നെ, ജനാതിപത്യ സ്ഥാപനങ്ങൾ സർക്കാരിനും പാർട്ടി ആജ്ഞകൾക്കും കീഴടങ്ങിയിരിക്കുകയാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, സായുധ സേന പോലും ഇതിൽ നിന്ന് മുക്തമല്ല. പാർലമെന്റ് ‘മണി ബിൽ’ പോലെയുള്ള കടുത്ത നിയമങ്ങൾ പാസാക്കുന്നു, നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി ജനങ്ങളെ തെരുവിലിറക്കുന്നു, പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിക്കുക വഴി വോട്ടവകാശം തന്നെ അപകടത്തിലാകാവുന്ന അവസ്‌ഥ വന്നിരിക്കുന്നു. ബലാത്സംഗങ്ങളും ആൾക്കൂട്ടക്കൊലകളുമൊക്കെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളെ പ്രശംസിച്ചുകൊണ്ട് രാഷ്ട്രീയ റാലികൾ നടക്കുന്നു.

“ക്ഷേമവാദം” പാവപ്പെട്ട ജനവിഭാഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. അതേസമയം ഇന്ത്യ ‘ക്ഷേമ’ത്തിൽ നിന്ന് ‘വിപണി’ യിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പൊതുമേഖലയെ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നു. ഈ നടപടികളെ എതിർക്കുന്നവരെ ‘അർബൻ-നക്‌സലുകൾ’, ‘ദേശവിരുദ്ധർ’ എന്നിങ്ങനെ മുദ്രകുത്തുകയും അവർക്കെതിരെ യു.എ.പി.എ പോലുള്ള കിരാത നിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നു.

ജനാധിപത്യത്തിന് എതിരെയുള്ള കടന്നാക്രമണം.

അടിയന്തരാവസ്ഥക്കെതിരെ ശബ്ദിക്കാൻ നരേന്ദ്ര മോദി സർക്കാരിന് എന്തെങ്കിലും അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മുസ്ലീം വംശഹത്യ, പ്രതികാര “ബുൾഡോസർ നീതി”, ദലിതർക്കെതിരായ കൊലപാതകങ്ങളും ആക്രമണങ്ങളും, വർഗീയ വിദ്വേഷം പ്രചരിപ്പിക്കൽ, ഹിന്ദുത്വ ഭൂരിപക്ഷവാദം, ലിബറൽ ബുദ്ധിജീവികളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ: ഇതോന്നും അടിയന്തരാവസ്‌ഥ കാലത്തു സംഭവിച്ചതല്ല. തെരുവിൽ അലഞ്ഞുനടക്കുന്ന ഗോസംരക്ഷകർ വ്യാപാരികളെയും മാംസം ഭക്ഷിക്കുന്നവരെയും ആക്രമിച്ചു കൊലപെടുത്തിയ സംഭവങ്ങളും അന്നുണ്ടായിട്ടില്ല.

ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ, പ്രധിരോധിക്കാൻ പോലും കഴിയാത്ത സാധാരണക്കാരായ പൗരന്മാരെ ശല്യപ്പെടുത്തുകയും കൊള്ളയടിക്കുകയും ആക്രമിക്കുകയും കൊലപെടുത്തുകയും ചെയ്യുന്ന മതാധിഷ്ഠിത ‘സേന’കളോ, ‘ദൾ’കളോ, ഗുണ്ടാ-‘വാഹിനി’കളോ അന്ന് ഉണ്ടായിരുന്നില്ല. പാർക്കുകളിലും സ്ഥാപനങ്ങളിലും നിഷ്കളങ്കരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആയുധ പരിശീലനം ഉണ്ടായിരുന്നില്ല. ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തെ ഭയക്കേണ്ട അവസ്‌ഥയും ഇല്ലായിരുന്നു. സഹജീവികൾക്കെതിരെ വെറുപ്പുളവാകുന്ന വിദ്വേഷ പ്രചാരങ്ങളുണ്ടായിട്ടില്ല.

ബീഫിനായി വീടുകൾ കയറി അടുക്കള പരിശോദിക്കൽ നടന്നിട്ടില്ല. പൗരന്മാരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും മേൽ നിയന്ത്രണങ്ങളില്ലായിരുന്നു.എൻ‌.ജി‌.ഒകൾ നിർബന്ധിതമായി അടച്ചുപൂട്ടേണ്ടി വന്നിട്ടില്ല, സമൂഹത്തെ “നാലാം തലമുറ യുദ്ധത്തിന്റെ അതിർത്തി” യായി പ്രഖ്യാപിക്കലും ഉണ്ടായില്ല. സംസ്ഥാനങ്ങളെ കീറിമുറിക്കുകയോ കേന്ദ്രഭരണ പ്രദേശങ്ങളായി ചുരുക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഉണ്ടായിരുന്നു എന്നതിൽ സംശയമില്ല, എന്നാൽ പൂർണമായ അടിമത്തം ഇല്ലായിരുന്നു.

മതാന്ധതയും വർഗീയ വിദ്വേഷവും സാധാരണവത്കരിക്കപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. വർഗീയത ഇപ്പോൾ വ്യവസ്ഥാപിതമായ മാനദണ്ഡവും, ‘സ്റ്റേറ്റ് പദ്ധതിയുമാണ്. ‘ജനാധിപത്യവും’ ‘ജനാധിപത്യ മൂല്യങ്ങളും’ വെറും പ്രഹസനമായി മാറിയിരിക്കുന്നു. ഭരണഘടനയിൽ വേരൂന്നിയ ‘ഫെഡറൽ, ബഹുസ്വര’ വ്യവസ്ഥകളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിലൂടെ സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുന്നു. വിദ്യാഭ്യാസ നയങ്ങളും ചരിത്രപാഠങ്ങളും തിരുത്തി എഴുതികൊണ്ട് ഹിന്ദുത്വ അജണ്ടയെ സേവിക്കുന്നു.

‘യു.എസ് റിപ്പബ്ലിക്കിനെ’ വിവരിച്ചുകൊണ്ട് യു.എസ് സുപ്രീം കോടതി ജഡ്ജി ജോസഫ് സ്റ്റോറി എഴുതുകയുണ്ടായി: “പൗരന്മാരുടെ ബുദ്ധിയിൽ നിന്നും, പൊതുബോധത്തിൽ നിന്നും, ധാർമികതയിൽ നിന്നുമാണ് റിപ്പബ്ലിക്കുകൾ സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളെ ഒറ്റിക്കൊടുക്കാൻ വേണ്ടി മുഖസ്തുതി പറയുന്ന തന്ത്രശാലികളൾ വിജയിക്കുകയും സത്യസന്ധരായിരിക്കാൻ ധൈര്യപ്പെടുന്ന ചില വിവേകശാലികൾ പൊതു കൗൺസിലുകളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുമ്പോഴാണ്, റിപ്പബ്ലിക്കുകൾ താഴെ വീഴുന്നത്.

ഇന്ത്യയും സമാനമായ രീതിയിൽ രൂപപ്പെടുത്തിയ റിപ്പബ്ലിക്ക് ആണ്. എന്നാൽ ഇന്ത്യൻ പൗരന്മാരുടെ ധാർമികതയും, പൊതുബോധവും ബുദ്ധിശക്തിയുമൊക്കെ കടുത്ത പ്രതിസന്ധിയിലായതിനാൽ, ഇന്ത്യൻ റിപ്പബ്ലിക്ക് നാശത്തിന്റെ വക്കിലാണ്. ജനാതിപത്യം അപ്രത്യക്ഷമായിരിക്കുന്നു. പകരം മുഖസ്തുതിയും, അഹന്തയും, അധികാരദാഹവും, അഴിമതിയുമൊക്കെ നിറഞ്ഞാടുന്ന ‘ക്ലെപ്‌റ്റോക്രസി’യാണ് നിലവിലുള്ളത്.

അഞ്ച് ദശാബ്ദങ്ങൾക്കിപ്പുറം ഇന്ത്യൻ ജനാധിപത്യം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ കടന്നാക്രമണം അതിജീവിക്കാൻ അതിനു കഴിയുമോ എന്നതാണ് സുപ്രധാനമായ ചോദ്യം.

എം ജി ദേവസഹായം എഴുതി ‘ദി പ്രിന്റ്’ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.