Skip to content Skip to sidebar Skip to footer

‘ബുൾഡോസർ അക്കാദമിക്കു’കൾ ഉദയം കൊള്ളുമ്പോൾ

ക്രൂരമായ മനുഷ്യവാസനകൾ, അധികാരത്തിൻ്റെ അഹങ്കാരം, പാവപ്പെട്ടവന്റെ ദുരവസ്ഥയോടുള്ള നിർവികാരത, ജനാധിപത്യ/മാനുഷിക ഭാവുകത്വങ്ങളുടെ നിഷേധം എന്നിവ സാധാരണവൽക്കരിക്കപ്പെടുന്ന ഈ ജീർണതയുടെ കാലഘട്ടത്തിൽ, നാം പരിചയിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു പ്രയോഗമാണ് ‘ബുൾഡോസർ പൊളിറ്റിക്സ്’.

ഈ ഹിംസാത്മകത ഒരു പകർച്ചവ്യാധിയാണ്. സ്വതന്ത്ര അന്വേഷണങ്ങളുടെ ആത്മാവിനെ ആഘോഷിക്കേണ്ടുന്ന മേഖലയായ അക്കാദമിക ലോകത്തിനു പോലും ‘ബുൾഡോസർ രാഷ്ട്രീയ’ത്തിന്റെ യുക്തിയിൽ നിന്നോ അതിന്റെ ആക്രമണാത്മകവും സംവാദരഹിതവുമായ സമഗ്രാധിപത്യ സമ്പ്രദായത്തിൽ നിന്നോ സ്വയം മോചിതരാകാൻ പ്രയാസമാണ്. പഠിതാക്കൾ ഒത്തുകൂടുകയും അവരുടെ വിമർശനാത്മക ഭാവനകൾ പങ്കുവെക്കപ്പെടുകയും ചെയ്യുന്ന സർഗ്ഗാത്മക ഇടങ്ങളെ നശിപ്പിക്കാൻ നമ്മുടെ ചില വൈസ് ചാൻസലർമാരും റെക്ടർമാരും രജിസ്ട്രാർമാരും തങ്ങളുടെ ‘ബുൾഡോസറുക’ളുമായി സധാ സജ്ജരാണെന്ന് പറയുന്നതിൽ തെറ്റില്ല.

അടുത്തിടെ യു.പിയിലെ ഒരു സ്വകാര്യ സർവകലാശാല, പൊളിറ്റിക്കൽ സയൻസിലെ ഒരു ഫാക്കൽറ്റിയെ സസ്പെൻഡ് ചെയ്തിരുന്നു. തന്റെ ഒന്നാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളോട്, ‘ഫാസിസവും നാസിസവും ഹിന്ദുത്വവും’ തമ്മിലെ സാദൃശ്യങ്ങളെക്കുറിച്ച അവരുടെ നിരീക്ഷണങ്ങൾ പങ്കിടാൻ ആവശ്യപ്പെട്ടതാണ് കാരണം. പുതിയ ഇന്ത്യയിൽ, അന്വേഷണങ്ങൾ നടത്താനോ, മൂർത്തമായ സാമൂഹിക-ചരിത്ര യാഥാർത്ഥ്യങ്ങളുമായി സിദ്ധാന്തങ്ങളെ ബന്ധപ്പെടുത്താനോ, എല്ലാ ദിവസവും കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തെ പ്രശ്നവൽക്കരിക്കാനോ, നിങ്ങളുടെ വിദ്യാർത്ഥികളോട് നിങ്ങൾക്കാവശ്യപ്പെടാനാവില്ല. ഇത്തരത്തിലുള്ള ഒരു ചോദ്യം, ‘ഉൾക്കൊള്ളലുകൾക്കും ഏകാത്മകതക്കും പേരുകേട്ട നമ്മുടെ രാജ്യത്തിന്റെ ആത്മാവിനും ധാർമ്മികതക്കും’ എതിരാണ് എന്നത്രെ യു.ജി.സി ഭരിക്കുന്ന പ്രതികരണശേഷിയില്ലാത്ത ബ്യൂറോക്രാറ്റുകൾ കരുതുന്നത്.

‘പ്രസ്തുത ചോദ്യം എത്രത്തോളം മുൻവിധിയോടെയാണ് തയ്യാറാക്കപ്പെട്ടതെന്നു പഠിക്കാൻ’ മൂന്നംഗ സമിതിയെ നിയോഗിക്കാനും ബന്ധപ്പെട്ട സർവകലാശാല മടിച്ചില്ല.


വൈവിധ്യങ്ങളോടും ബഹുസ്വരതയോടും മാനവികതയോടുമുള്ള ഉയർന്ന സംവേദനക്ഷമതയിലൂടെ നിലനിൽക്കുന്ന ജനാധിപത്യമെന്ന ജീവിതകലയെ, ഭൂരിപക്ഷവാദത്തിന്റെ ശക്തിയും, ഭയാനകമായ മത ദേശീയതയുടെ പ്രകടമായ ആക്രമണവും, സർവ്വവ്യാപിയായ വിഷലിപ്ത പ്രചാരണ യന്ത്രങ്ങളും ചേർന്ന് നശിപ്പിക്കുന്ന ഈ സമയത്ത്, എന്ത് തരത്തിലുള്ള ‘ഉൾക്കൊള്ളലിനെ’ക്കുറിച്ചാണ്
യു.ജി.സി സംസാരിക്കുന്നത്?

‘അരാഷ്ട്രീയ’വും ‘വസ്തുതാകേന്ദ്രീകൃത’വുമായ (fact-centric) MCQ-കളിലൂടെ സങ്കീർണ്ണമായ സാമൂഹിക യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതിനുള്ള വ്യാഖ്യാനപരവും ഭാഷാപവുമായ കഴിവുകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഒരു കാലത്ത്, വിവാദപരമോ ‘ഔട്ട് ഓഫ് ദി ബോക്സോ’ ആയ ഈ ചോദ്യത്തിലൂടെ, യു.ജി.സി അടിച്ചേൽപ്പിക്കുന്ന ‘ഔദ്യോഗിക സത്യങ്ങൾ’ എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്ന് ചിന്തിക്കാനും ചോദ്യം ചെയ്യാനും പ്രശ്നവൽക്കരിക്കാനും തന്റെ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന ഈ പ്രൊഫസറെ, പ്രതികരണശേഷിയുള്ള ഏതൊരു അക്കാദമീഷ്യനും അധ്യാപകനും അഭിനന്ദിക്കുകതന്നെ ചെയ്യും.

പ്രൊഫസറുടെ ലോകവീക്ഷണത്തോട് യു.ജി.സി ചെയർപേഴ്സണോ, അല്ലെങ്കിൽ സർവകലാശാലയിലെ അക്കാദമിക് ബ്യൂറോക്രാറ്റുകൾക്കോ വിയോജിപ്പുണ്ടാവുകയെന്നത് തികച്ചും സംഭവ്യമാണെങ്കിലും, അദ്ദേഹത്തിന്റെ അധ്യാപനരീതിയിൽ അവർ ഇടപെടാൻ പാടില്ല. കാരണം, ഏകാത്മകതക്കപ്പുറം, ചിന്തകളുടെയും ലോക വീക്ഷണങ്ങളുടെയും വൈവിധ്യമാണ് ഒരു സർവകലാശാലയിലെ ജ്ഞാനശാസ്ത്രപരമായ ബഹുസ്വരതയുടെ ധാർമ്മികത വർദ്ധിപ്പിക്കുന്നത്.

‘ബുൾഡോസർ അക്കാഡമിക്സിന്റെ’ യുഗത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നുവെന്നത് ഒരു കയ്‌പേറിയ യാഥാർത്ഥ്യമാണ്. നമ്മുടെ അക്കാദമിക് ബ്യൂറോക്രാറ്റുകൾ വിമർശനാത്മക ചിന്തകളുടെ നേരിയ അംശങ്ങളെപോലും സംശയിക്കാനാരംഭിച്ചിരിക്കുന്നു. അതെന്തുകൊണ്ടാണ്?

വിദ്യാഭ്യാസ മേഖലക്കുമേലുള്ള നവലിബറൽ ആശയങ്ങളുടെ കയ്യേറ്റം തുടരവെ, വിദ്യാഭ്യാസത്തെ വിപണികേന്ദ്രീകൃത നൈപുണികളാക്കി ചുരുക്കാനും, വിദ്യാർത്ഥികളെ ഉപഭോക്താക്കളോ, അധ്യാപകരെ സേവന ദാതാക്കളോ ആയി പരിവർത്തിപ്പിക്കാനും ശ്രമിക്കുന്ന ടെക്നോ മാനേജർമാരെപ്പോലെയാണ് ഈ അക്കാദമിക് ബ്യൂറോക്രാറ്റുകൾ പെരുമാറുന്നതെന്നതാണ് ഇതിന്റെ ഒന്നാമത്തെ കാരണം.

വിദ്യാഭ്യാസത്തോടുള്ള ഈ യാന്ത്രികവും കമ്പോള-പ്രേരിതവുമായ സമീപനം, മഹാന്മാരായ അദ്ധ്യാപകരുടെ പ്രയത്നത്താൽ നട്ടുവളർത്തപ്പെട്ട ‘വിദ്യാഭ്യാസം ഉണർവും വിമർശനാത്മക ബോധവുമാണെന്ന’ ജ്ഞാന സംസ്കാരത്തെ അപഹരിക്കുന്നുണ്ട്. പ്ലെയ്‌സ്‌മെന്റിന്റെയും ശമ്പള പാക്കേജിന്റെയും കെട്ടുകഥകൾക്കപ്പുറമൊന്നും ആലോചിക്കേണ്ടതില്ലെങ്കിൽ, വർഗീയതയെക്കുറിച്ചും വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യത്തെക്കുറിച്ചും ജാതിയുടെയും ലിംഗത്തിന്റെയും മതത്തിന്റെയും പേരിൽ അനുദിനം നടക്കുന്ന അക്രമങ്ങളെക്കുറിച്ചും ചിന്തിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും എന്തിന് മെനക്കെടണം?

രണ്ടാമതായി, രണോത്സുക ദേശീയതക്ക് രാജ്യത്ത് സ്ഥായിയായ ഉയർച്ചയുണ്ടായതോടെ, നമ്മുടെ പല പ്രമുഖ സർക്കാർ സർവ്വകലാശാലകളിലും പ്രകടമായ രാഷ്ട്രീയ നിയമനം വഴി വി.സിമാരെ വാഴിച്ചതും നാം കണ്ടതാണ്. അവർ ഇതിനോടകം തന്നെ അധികാരകേന്ദ്രങ്ങളുമായി ഒത്തുതീർപ്പിലെത്തിയവരാണ്. അധികാരത്തിന്റെ പ്രബലമായ വ്യവഹാരത്തെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ തീവ്ര ദേശീയതയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഹിംസയെ നോക്കിക്കാണാനോ വിദ്യാർത്ഥികളെയും ഗവേഷകരെയും പ്രേരിപ്പിക്കുന്ന ജ്ഞാന സംസ്കാരത്തെ അംഗീകരിക്കാൻ അവർക്കൊട്ടും തന്നെ സാധ്യമല്ല.

വിൽഹെം റീച്ചിന്റെ The Mass Psychology of Fascism അല്ലെങ്കിൽ Erich Fromm ന്റെ The Escape From Freedom എന്നീ പുസ്തകങ്ങൾ പഠിക്കാനും, ഈ ക്ലാസിക് ഗ്രന്ഥങ്ങൾക്ക് സമകാലിക ഇന്ത്യയിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നന്വേഷിക്കാനും ഒരു പൊളിറ്റിക്കൽ സോഷ്യോളജി പ്രൊഫസർ തന്റെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടാൽ ഈ വി.സിമാർ എങ്ങനെ പ്രതികരിക്കുമെന്നാലോചിക്കുമ്പോൾ എനിക്കത്ഭുതം തോന്നുന്നുണ്ട്. ദേശീയതയുടെ ഔദ്യോഗിക വ്യവഹാരത്തോട് സമ്പൂർണ്ണ വിശ്വസ്തത ആവശ്യപ്പെടുന്ന ഈ അക്കാദമിക് ബ്യൂറോക്രാറ്റുകൾ, വിമർശനാത്മക അധ്യാപനത്തിന്റെയും സ്വതന്ത്രമായ അന്വേഷണങ്ങളുടെയും (Critical Pedagogy and Free Enquiry) ആത്മാവിനെ നശിപ്പിക്കുകയാണ്. ഇക്കൂട്ടർ തന്നെ ഒരു സർക്കുലറിലൂടെ പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും നിർബന്ധിച്ചാലും എനിക്കത്ഭുതമില്ല!

ഈ നിരാശകൾക്കിടയിലും, പ്രത്യാശയിലധിഷ്ഠിതമായ അധ്യാപനരീതി പിന്തുടരണമെന്നേ ഞാൻ വാദിക്കൂ. ഒരു അധ്യാപകനെന്ന നിലയിൽ, പൗലോ ഫ്രെയറെയും ബെൽ ഹുക്കിനെയും പോലെയുള്ളവരെ എനിക്കെങ്ങനെ മറക്കാൻ കഴിയും? സംവാദാത്മകമായ ഒരു ക്ലാസ്മുറിയുടെ ശക്തിയെന്താണെന്ന് നാം തിരിച്ചറിയണമെന്നതാണ് അവരുടെ പക്ഷം. ജീവിതാനുഭവങ്ങളും സംഭാഷണങ്ങളും അപരനെ കേൾക്കുന്ന കലയുമെല്ലാം ഉൾച്ചേരുന്ന, ഘടനാപരവും അതീന്ദ്രിയവും സാംസ്‌കാരികവുമായ ഹിംസകളിൽനിന്ന് മുക്തമായ, പുതിയ ലോകത്തെക്കുറിച്ചുള്ള ഭാവനയെ പ്രോത്സാഹിപ്പിക്കുന്ന ജീവനുള്ള ഇടമാണത്. എന്നിരുന്നാലും, ഈ ഡിസ്റ്റോപ്പിയൻ യുഗത്തിലിരുന്നുകൊണ്ട് ഈ സാദ്ധ്യതയെ സങ്കൽപ്പിക്കുവാനെങ്കിലും, അധ്യാപകരെന്ന നിലയിൽ നാം ഒന്നിക്കേണ്ടതുണ്ട്.

Bell Hooks.

നമ്മൾ ചിന്തകരാണെന്നും, ആശയവിനിമയം നടത്താനും മുറിവുകളുണക്കാനും ശേഷിയുള്ളവരാണെന്നും നാം തിരിച്ചറിയണം. കൂടാതെ, ബയോമെട്രിക് ഉപകരണങ്ങളിലൂടെയും സിസിടിവി ക്യാമറകളിലൂടെയും നിരീക്ഷിക്കപ്പെട്ട്, കോഴ്‌സുകളുടെ യൂട്ടിലിറ്റി അളക്കാനാവശ്യപ്പെടുന്ന അസംഖ്യം സർക്കുലറുകളിലൂടെയും, സർവകലാശാലയുടെ റാങ്കിംഗ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങളുടെ കണക്കുകളിലൂടെയും ചുറ്റിവരിയപ്പെടുന്ന വിനീത സേവകരുമല്ല നാം.

എന്നിരുന്നാലും, പ്രധാന ചോദ്യം ഇതാണ്; അധ്യാപകരായ നമുക്ക്, നമ്മെ വിളിക്കുന്ന ഈ പേരുകൊണ്ടെന്താണ് അർത്ഥമാക്കുന്നതെന്ന ബോധ്യമുണ്ടോ? അതോ നിശബ്ദരും ഉദാസീനരുമായ കേവലം ശമ്പളക്കാർ മാത്രമാണോ നാം?

തുടക്കത്തിൽ സൂചിപ്പിച്ച സ്വകാര്യ സർവ്വകലാശാലയിലെ ഫാക്കൽറ്റിക്ക് സംഭവിച്ചത് നമുക്ക് മറക്കാവതല്ല. സർഗാത്മകവും വൈവിധ്യപൂർണവും വിമർശനാത്മകവുമായ ചിന്താശേഷി ഇനിയും കൈമോശം വന്നിട്ടില്ലാത്ത ആർക്കും അങ്ങനെ സംഭവിക്കാം. അതിനാൽതന്നെ, അധ്യാപനമെന്ന നിയോഗത്തെ സ്നേഹിക്കുന്നവർ ഒരുമിച്ചു ശബ്ദമുയർത്തുകയും ഇരകൾക്കൊപ്പം നിൽക്കുകയും, വർധിച്ചുവരുന്ന ‘ബുൾഡോസർ അക്കാദമിക്കു’മാരുടെ ഹിംസകളെ ചെറുക്കുകയും ചെയ്യുക എന്നത് സുപ്രധാനമാണ്.

അവിജിത് പഥക് ‘ട്രിബ്യൂൺ ഇന്ത്യ’ ക്ക് വേണ്ടി എഴുതിയ ലേഖനം.
മൊഴിമാറ്റം: ആർ.വി ശുഐബ് മുഹമ്മദ്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2023. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.