2000ത്തിന് ശേഷം രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങൾ നടത്തിയത് രാഷ്ട്രീയ സ്വയം സേവക് സംഘും അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്തും ആണെന്ന് ആർ.എസ്.എസിന്റെ ഒരു മുൻ അംഗം സത്യവാങ്ങ്മൂലം സമർപ്പിക്കുകയുണ്ടായി. 1990 മുതൽ ആർ.എസ്.എസുമായി തനിക്ക് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യശ്വന്ത് ഷിൻഡെ ഓഗസ്റ്റ് 29-ന് നാന്ദേഡ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. നന്ദേഡ് ബോംബ് സ്‌ഫോടനക്കേസിൽ തന്നെ സാക്ഷിയാക്കണമെന്ന് ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2006-ൽ മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ ബോംബ് പൊട്ടിത്തെറിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ ഒരു പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
യശ്വന്ത് ഷിൻഡെയുടെ സത്യവാങ്ങ്മൂലത്തിലെ പ്രധാന ഭാഗങ്ങൾ; “ഔറംഗാബാദ് ജില്ലയിലെ ഒരു പള്ളി അക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മരിച്ച രണ്ടുപേരിൽ ഒരാൾ ഹിമാൻഷു പാൺഡെ സംഘടനയുടെ ദീർഘകാല സഹയാത്രികനായതിനാൽ തനിക്ക് ഇത് അറിയാം. പാൻസെ വിശ്വഹിന്ദു പരിഷത്തിൻ്റെ പ്രവർത്തകനായിരുന്നു.
രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ മുതിർന്ന പ്രവർത്തകനായ ഇന്ദ്രേഷ് കുമാറിന്റെ നിർദേശപ്രകാരം 1999-ൽ ഹിമാൻഷുവിനെയും അവന്റെ ഏഴ് സുഹൃത്തുക്കളെയും ജമ്മുവിലേക്ക് കൊണ്ടുപോവുകയും അവർ ഇന്ത്യൻ ആർമിയിലെ ജവാൻമാരിൽ നിന്ന് ആയുധപരിശീലനം നൽകുകയും ചെയ്തിരുന്നു.
നാല് വർഷത്തിന് ശേഷം, 2003 ൽ, ഞാനും പാൻഡെയും പൂനെയിലെ സിംഗ്ഗഡിന് സമീപം നടന്ന ഒരു ബോംബ് പരിശീലന ക്യാമ്പിൽ പങ്കെടുത്തിരുന്നു.
നിലവിൽ വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സംഘാടകനായ മിലിന്ദ് പരാണ്ഡെയായിരുന്നു ക്യാമ്പിന്റെ സൂത്രധാരനും മുഖ്യ സംഘാടകനും. ക്യാമ്പിലെ പ്രധാന പരിശീലകൻ ‘മിഥുൻ ചക്രവർത്തി’ എന്ന് പേരുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് രവി ദേവ്(ആനന്ദ്) ആണെന്ന് പിന്നീട് കണ്ടെത്തി. ഇപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ ഉത്തരാഖണ്ഡ് യൂണിറ്റിന്റെ തലവനാണ് രവി.
മിഥുൻ ചക്രവർത്തി രാവിലെ 10 മണിക്ക് ക്യാമ്പിലെത്തും, വിവിധ ഗ്രൂപ്പുകളായി രണ്ട് മണിക്കൂർ പരിശീലനം നടത്തും. ട്രെയിനികൾക്ക് ബോംബുകൾ തയ്യാറാക്കാൻ 3-4 തരം സ്ഫോടക പൊടികൾ, പൈപ്പുകൾ, വയറുകൾ, ബൾബുകൾ, വാച്ചുകൾ തുടങ്ങിയ സാമഗ്രികൾ നൽകി……പരിശീലനത്തിന് ശേഷം സംഘാടകർ ട്രെയിനികളെ വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ വനമേഖലയിലേക്ക് കൊണ്ടുപോയി സ്ഫോടനങ്ങളുടെ റിഹേഴ്സൽ നടത്തി ബോംബുകൾ പരീക്ഷിച്ചു. ട്രെയിനികൾ ഒരു ചെറിയ കുഴി കുഴിച്ച് അതിൽ ടൈമർ ഘടിപ്പിച്ച ബോംബ് ഇട്ട് മണ്ണിട്ട് മൂടും….സ്‌ഫോടനം നടത്തുന്നതിൽ നിന്ന് ഞാൻ പാൻഡെയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പരിശീലനത്തിന് ശേഷം ഹിമാൻഷു മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ മൂന്ന് സ്‌ഫോടനങ്ങൾ നടത്തുകയുണ്ടായി. ഔറംഗാബാദിലെ പ്രധാന പള്ളിയിൽ വൻ സ്ഫോടനം നടത്താൻ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു, ആ സ്ഫോടനത്തിന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് 2006ൽ നന്ദേഡിൽ പാൻഡെക്ക് ജീവൻ നഷ്ടപ്പെടുന്നത്” ഷിൻഡെ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
എന്നാൽ, ഈ ആരോപണങ്ങളെക്കുറിച്ച് പരാണ്ഡെയോ ആനന്ദോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, എ.ടി.എസ് സമർപ്പിച്ച കുറ്റപത്രത്തെ ശരിവെക്കുന്നതാണ് ഈ ആരോപണങ്ങൾ.
ഷിൻഡെ തന്റെ സത്യവാങ്മൂലത്തിൽ ആരോപിച്ച കാര്യങ്ങളിൽ മിക്കതും മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡിന്റെ ആദ്യ കുറ്റപത്രത്തിന്റെ ഭാഗമാണ്. 2003ൽ മിഥുൻ ചക്രവർത്തി എന്നയാളിൽ നിന്ന് പൈപ്പ് ബോംബ് നിർമാണ പരിശീലനത്തിനായി പൂനെക്കടുത്തുള്ള സിംഹഗഡിലുള്ള റിസോർട്ടിൽ പാൻസെ പോയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. നഗരത്തിലെ ഒരു ക്യാമ്പിൽ ജെലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് തന്റെ പ്രവർത്തകരെ പരിശീലിപ്പിക്കാൻ പരേഡേ തന്നോട് ആവശ്യപ്പെട്ടതായി പൂനെയിൽ നിന്നുള്ള റിട്ടയേർഡ് നേവി ഓഫീസർ സനത്കുമാർ രാഗ്വിത്തൽ ഭാട്ടെയും തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഔറംഗാബാദിലെ ഒരു മുസ്ലീം പള്ളി ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന സാമഗ്രികൾ പാൻഡെയുടെ ജീവനെടുത്ത സ്ഫോടനം നടന്ന വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.
എന്നാൽ, 2013ൽ കേസ് ഏറ്റെടുത്ത സി.ബി.ഐ, സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമാണെന്ന നിഗമനമാണ് പ്രകടിപ്പിച്ചത്. എന്നാൽ, ഷിൻഡെയുടെ സത്യവാങ്മൂലം സി.ബി.ഐയുടെ ഈ നിഗമനത്തിന് എതിരാണ്. മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ രാകേഷ് ധവാഡെയും ബോംബ് നിർമാണ ക്യാമ്പിലുണ്ടായിരുന്ന മറ്റ് ആളുകളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2007-ലെ സംഝോത എക്‌സ്പ്രസും 2008-ലെ മാലേഗാവ് സ്‌ഫോടനവും ഉൾപ്പെടെ 2000 കാലത്ത്, രാജ്യത്ത് നടന്ന നിരവധി ആക്രമണങ്ങൾ നന്ദേഡ് സ്‌ഫോടനത്തിന്റെ അതേ ഗൂഢാലോചനയിൽ നിന്നാണ് ഉണ്ടായത്.
എന്തുകൊണ്ട് ഇപ്പോൾ?
സമീപകാലത്ത് ആർ എസ് എസ് തെറ്റായ ആളുകളാലാണ് നിയന്ത്രിക്കപ്പെടുന്നത് എന്നും, ഈ സംഘത്തെ ‘ശുദ്ധികരിക്കാനാണ്’ ഇപ്പോൾ ഇങ്ങനെ ഒരു സത്യവാങ്മൂലവുമായി രംഗത്തെത്തിയതെന്നും ഷിൻഡെ പറയുന്നു.
“ഞാൻ ഒരു ആർ.എസ് എസ്സുകാരനാണ്, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. അതിനാൽ സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിരവധി മുതിർന്ന ആളുകളുമായി സംസാരിച്ചു, അവരെ കൊണ്ട് നടപടിയെടുപ്പിക്കാൻ വളരെയധികം ശ്രമിച്ചു, പക്ഷേ അവർ അത് ചെയ്തില്ല. സത്യവാങ്മൂലം കൊടുക്കുന്നതിന് മുന്നേ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു, എന്നാൽ മറുപടി ഒന്നും ലഭിച്ചില്ല. നിലവിൽ കുടുംബത്തിനൊപ്പം ഒരു ജോലിപോലും ഇല്ലാതെ മുംബൈയിലെ ലോവർ പരേലിൽ താമസിക്കുകയാണ് ഞാൻ, അതിനാലാണ് ഈ കാലമത്രയും മിണ്ടാതിരുന്നത്.”
ഇന്ദ്രേഷ് കുമാറിന്റെ ശിക്ഷണത്തിൽ ജമ്മു കശ്മീരിലെ ആർ.എസ് എസിലാണ് ഷിൻഡെ ആദ്യ ഒമ്പത് വർഷം ചെലവഴിച്ചത്. ആ കാലത്താണ് പാൻസെയും മറ്റ് ഒമ്പത് പേരെയും ജമ്മുവിലെ തലാബ് ടില്ലോ എന്ന സ്ഥലത്തു വെച്ച് ഇന്ത്യൻ സൈന്യത്തിലെ ജവാൻമാർ നൽകിയ ആധുനിക ആയുധ പരിശീലനത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയത്.
ഷിൻഡെ പറയുന്നതനുസരിച്ചു, 1999ൽ മുംബൈയിൽ തിരിച്ചെത്തിയതിനു ശേഷം അവിടെ അദ്ദേഹത്തെ ബജ്‌റംഗ്ദളിന്റെ തലവനാക്കിയിരുന്നു. 13-14 വർഷം മുമ്പ് ഷിൻഡെ ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത് അവസാനിപ്പിച്ചെങ്കിലും അംഗമായി തുടർന്നു. “…എന്നാൽ സമീപ വർഷങ്ങളിൽ കാര്യങ്ങൾ വളരെ മോശമായിരിക്കുന്നു. അവർ അധികാരത്തിൽ തുടരാൻ രാജ്യത്തെ ധ്രുവീകരിക്കുകയാണ്, അതിനാൽ ഇത് ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സംഘപരിവാറിനുള്ളിൽ നിരവധി അംഗങ്ങൾ ഇപ്പോഴത്തെ നേതൃത്വത്താൽ അസ്വസ്ഥരാണ്. താൻ സംസാരിച്ചുകഴിഞ്ഞാൽ, ഉടൻ തന്നെ ഒരു പൊട്ടിത്തെറി ഉണ്ടകും. അപ്പോൾ ജനം തന്നെ വിശ്വസിക്കും.”