Skip to content Skip to sidebar Skip to footer

സുബൈറിനെ ഭയക്കുന്നതെന്തിന്?

‘ആൾട് ന്യൂസ്’ സ്ഥാപകരിലൊരാളായ പ്രമുഖ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ജൂൺ 27നു ഡൽഹി പോലീസിൻ്റെ സൈബർ വിഭാഗം അറസ്റ്റ് ചെയ്യുകയുണ്ടായി. 2018ൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം ‘മതവികാരം വ്രണപ്പെടുത്തി’ എന്നതാണ് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും, സ്റ്റേഷനിൽ എത്തിയതിനു ശേഷം ഈ കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ‘ആൾട് ന്യൂസ്’ സഹസ്ഥാപകൻ പ്രതീക് സിൻഹ പറയുന്നു.

ട്വിറ്ററിൽ മൂന്ന് ഫോളോവേർസ് മാത്രമുള്ള ‘ഹനുമാൻ ഭക്ത്’ എന്ന ‘അജ്ഞാതന്റെ’ പരാതിയെ തുടർന്നാണ് ജൂൺ 20 നു ഡൽഹി പോലീസ് കേസെടുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ ഋഷികേശ് മുഖർജീ ചിത്രം ‘കിസി സെ നാ കേഹന’ യിലെ ഒരു രംഗമാണ് സുബൈർ പങ്കുവെച്ചത്. 2018ൽ ഇതേ രംഗം ‘ഇന്ത്യൻ എക്സ്പ്രസ്സ്’ പത്രം ഒരു ലേഖനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ പത്രത്തിനെതിരെയോ, സിനിമക്കെതിരെയോ, ഇതേ ചിത്രം ട്വീറ്റ് ചെയ്ത മറ്റുള്ളവർക്കെതിരെയോ മതവികാരം വ്രണപ്പെടുത്തിയതിനു കേസില്ല. എന്തുകൊണ്ട് സുബൈറിനെതിരെ മാത്രം കേസെടുക്കുന്നു?

ബാംഗ്ലൂർ സ്വദേശിയായ സുബൈർ പത്തു വർഷത്തോളം പ്രമുഖ ടെലികോം കമ്പനിയായ ‘നോകിയ’ യിൽ സോഫ്റ്റ്‌വെയർ എൻജിനിയർ ആയിരുന്നു. 2017ലാണ് സുബൈർ പ്രതീക് സിന്ഹയുമായി ചേർന്ന് ആൾട് ന്യൂസ് എന്ന സ്ഥാപനം തുടങ്ങുന്നത്. 2018 ൽ ജോലി രാജിവെച്ചു സുബൈർ മുഴുവൻ സമയവും ‘ആൾട് ന്യൂസിൽ’ കേന്ദ്രീകരിച്ചു. സംഘർഷഭരിതമായ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഫ്‌ളഡ്‌ലൈറ്റുകളുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലെ തെറ്റായ അവകാശവാദം ചൂണ്ടികാണിച്ചതോടെയാണ് ആൾട് ന്യൂസ് ശ്രദ്ധിക്കപ്പെടുന്നത്.

2006ൽ ഒരു സ്പാനിഷ് ഫോട്ടോഗ്രാഫർ എടുത്ത സ്പെയിൻ-മൊറോക്കോ അതിർത്തിയിൽ നിന്നുള്ള ചിത്രമാണ് റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ആൾട് ന്യൂസ് കണ്ടെത്തി. അതോടെ വിശദീകരണം നൽകാൻ മന്ത്രാലയം നിർബന്ധിതരായി. പിന്നീടങ്ങോട്ട് ബി.ജെ.പിയുടെ നിരവധി തെറ്റായ അവകാശവാദങ്ങളും, വ്യാജ വാർത്തകളും ‘ആൾട് ന്യൂസ്’ തുറന്നുകാട്ടി. അതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തുടർച്ചയായ ഓൺലൈൻ ആക്രമണങ്ങളും പോലീസ് കേസുകളും നേരിടേണ്ടി വന്നു.

ട്വിറ്ററിൽ 5 ലക്ഷത്തിലധികം ഫോള്ളോവെർസ് ഉണ്ട് സുബൈറിന്. ബി.ജെ.പി സർക്കാരിനെ വലിയ നയതന്ത്ര പ്രതിസന്ധിയിലാക്കിയ, ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ ആദ്യമായി വെളിച്ചത്തുകൊണ്ടുവന്നത് സുബൈറാണ്. പ്രകോപനപരമായ പരാമർശങ്ങൾ നടത്താൻ അനുവദിച്ച വാർത്താ ചാനലിനെയും അതിന്റെ അവതാരകനെയും അദ്ദേഹം ചോദ്യം ചെയ്തു. സംഭവം വിവാദമാവുകയും അന്താരാഷ്ട്ര തലത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തപ്പോൾ നിരവധി ബി.ജെ.പി അനുഭാവികൾ സമൂഹ മാധ്യമങ്ങളിലൂടെ #ArrestZubair എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ടിരുന്നു.

മെയ് 27നു ട്വിറ്ററിലൂടെ മൂന്ന് തീവ്രവാദികളെ ‘വിദ്വേഷ പ്രചാരകർ’ എന്ന് വിളിച്ചതിനു യു.പി പോലീസ് സുബൈറിനെതിരെ കേസെടുത്തിരുന്നു. ടൈംസ് നൗ ചാനലിൽ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് നടന്ന, നവിക കുമാർ അവതാരകയായ ചർച്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിലെ ചാനൽ ചർച്ചകൾ വിദ്വേഷപ്രചാരകർക്ക് മതഭ്രാന്ത് പറയാനുള്ള വേദിയായി മാറിയിരിക്കുന്നു എന്ന് സുബൈർ ചൂണ്ടികാണിച്ചു. “ന്യൂസ് സ്റ്റുഡിയോയിലിരുന്ന് വളരെ മികച്ച രീതിയിൽ ഒരു സമൂഹത്തിനും മതത്തിനുമെതിരെ സംസാരിക്കാൻ കഴിയുന്ന അവതാരകർ നിലവിലുള്ളപ്പോൾ ധരം സൻസദ് നടത്താൻ യതി നരസിംഹാനന്ദ സരസ്വതിയോ മഹന്ത് ബജ്‌രംഗ് മുനിയോ ആനന്ദ് സ്വരൂപോ പോലെയുള്ള വിദ്വേഷ പ്രചാരകരെ ആവിശ്യമില്ലലോ”- സുബൈർ ട്വിറ്ററിൽ കുറിച്ചു. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ഹിന്ദു ഷേർ സേന നേതാവ് ഭഗവാൻ ശരണിന്റെ പരാതിപ്രകാരമാണ് ഐ.പി.സി 295 എ അടക്കമുള്ള വകുപ്പുകൾ ചുമത്തി യു.പി പോലീസ് സുബൈറിനെതിരെ കേസെടുത്തത്.

മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയവരാണ് സുബൈർ തന്റെ ട്വീറ്റിൽ പരാമർശിച്ചിട്ടുള്ള മൂന്ന് പേരും.

2021 ഡിസംബറിൽ ഹരിദ്വാറിൽ വെച്ച് മുസ്ലിം വംശഹത്യക്ക് ആഹ്വനം ചെയ്തതിനു യതി നരസിംഹാനന്ദ്, ആനന്ദ് സ്വരൂപടക്കം പത്തു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തു. യതി നരസിംഹാനന്ദിന്റേതടക്കം ഹരിദ്വാർ ധരം സൻസദിൽ നടന്ന നിരവധി വിദ്വേഷ പ്രചാരണങ്ങൾ പുറത്തുകൊണ്ടുവന്നത് സുബൈറാണ്. യു.പിയിൽ വെച്ച് നടന്ന ഒരു റാലിക്കിടെ മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആഹ്വനം ചെയ്തതിന് 2022 ഏപ്രിലിൽ ബജ്‌റംഗ് മുനിയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുനിയുടെ അറസ്റ്റിലേക്ക് നയിച്ച ഈ പ്രസംഗത്തിന്റെ വീഡിയോ പുറത്തുകൊണ്ടുവന്നതും സുബൈറായിരുന്നു.

മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളിൽ, തെളിവുകൾ ശേഖരിക്കാൻ ആൾട് ന്യൂസ് പോലീസിനൊപ്പം സഹകരിച്ചു പ്രവർത്തിച്ചതിട്ടുണ്ട്. 2021 ജൂലൈയിൽ നൂറു കണക്കിന് മുസ്ലിം സ്ത്രീകളെ ഓൺലൈനായി വിൽപ്പനക്ക് വെച്ച ‘ബുള്ളി ബായ്’- ‘സുല്ലി ഡീൽസ്’ ആപ്പുകൾക്ക് പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതിൽ ആൾട് ന്യൂസ് പോലീസിനെ സഹായിച്ചു. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഓൺലൈനിൽ ലഭ്യമായ വിലാസങ്ങൾ, ഇന്റർനെറ്റ് ചരിത്രം എന്നിവ ഉപയോഗിച്ച് സുബൈറും അദ്ദേഹത്തിന്റെ സ്ഥാപനവും നടത്തിയ അന്നേഷണത്തിലൂടെയാണ് പ്രതികളെ വെളിച്ചത്തുകൊണ്ടുവരാനായത്.

അറസ്റ്റ് ചെയ്യുന്നതിനു അഞ്ചു ദിവസം മുമ്പ്, സുബൈറിന്റെ ട്വിറ്റെർ അക്കൗണ്ട് ഇന്ത്യൻ നിയമം ലങ്കിച്ചുവെന്ന് ആരോപിച്ചു മോദി സർക്കാർ ട്വിറ്ററിനെ സമീപിച്ചിരുന്നു. ഇപ്പോൾ റജിസ്റ്റർ ചെയ്‌തിട്ടുള്ള കേസ് കൂടാതെ അഞ്ചു കേസുകൾ സുബൈറിനെതിരെ നിലവിലുണ്ട്. 2020 ൽ ഡൽഹിയിലും റായ്‌പൂരിലുമായി രണ്ട് കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്‌തിരുന്നു.

2020 ആഗസ്റ്റിൽ സുബൈർ പങ്കുവെച്ച ട്വീറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചിത്രം ഉൾപെട്ടുവെന്ന ‘നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്സ്’ ന്റെ പരാതിയിൽ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, ഈ കേസിൽ സുബൈറിനെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ഹൈകോടതി പോലീസിനെ വിലക്കിയിരുന്നു. 2022 മേയിൽ സുബൈറിന്റെ ട്വീറ്റ് നിയമം ലങ്കിച്ചിട്ടില്ലെന്ന് ഡൽഹി പോലീസ് കോടതീയെ അറിയിക്കുകയും ചെയ്തു.

സുബൈർ ഒരു മുസ്ലിം ആയത് കൊണ്ടാണ് ഇത്തരത്തിൽ ആക്രമിക്കപെടുന്നതെന്ന് സഹപ്രവർത്തകൻ പ്രതീക് സിൻഹ പറഞ്ഞു. യു.എൻ അടക്കം നിരവധി അന്താരാഷ്ട്രസംഘടനകൾ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “തങ്ങളുടെ വാക്കുകൾ, എഴുത്തുകൾ, ട്വീറ്റുകൾ കാരണം ലോകത്തെവിടെയും ഒരു മാധ്യമ പ്രവർത്തകനും തടവിലാക്കപ്പെടരുതെന്ന്” യു.എൻ സെക്രെട്ടറി ജനറൽ വ്യക്തമാക്കി. ഡിജിറ്റൽ മാധ്യമങ്ങളുടെ കൂട്ടായ്മയായ ‘ഡിജിപബ്’ “ഏറ്റവും കടുത്ത ഭാഷയിൽ” സുബൈറിന്റെ അറസ്റ്റിനെ വിമർശിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. “ഏതൊരു വ്യക്തിക്കും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിനിയോഗിക്കാനുള്ള അവകാശം നിലനിൽക്കുന്ന ഒരു ജനാധിപത്യത്തിൽ, സ്റ്റേറ്റിനെ ചോദ്യം ചെയ്യാൻ ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകർക്കെതിരെ ഇത്തരം കർക്കശമായ നിയമങ്ങൾ ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ല” സുബൈറിന്റെ അറസ്റ്റ് പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് ‘ഡിജിപബ്’ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. “സുബൈറിന്റെ അറസ്റ്റ് ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ എത്തിനിൽക്കുന്ന അപകടകരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന്” ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.