ബോധരഹിതയായി കാണപ്പെടുന്ന ഒരു സ്ത്രീയെ, തൊപ്പിയും കുർത്ത-പൈജാമയും ധരിച്ച ഒരാൾ നിലത്തു കൂടെ വലിച്ചിഴക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. മുസ്ലിം ആരാധനാലയത്തിൽ പ്രാർത്ഥനക്ക് പോകുന്ന സ്ത്രീകൾക്ക് സംഭവിക്കുന്നത് ഇതാണ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്.
വീഡിയോയിൽ ഉള്ളത് ഒരു ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ടുകൊണ്ട്, മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന തലക്കെട്ടുകൾ ഉപയോഗിച്ചാണ് വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. 11:52 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രാങ്ക് വീഡിയോ, ‘സാങ്കല്പികമാണ്’ എന്ന് വീഡിയോയുടെ അവസാനം പറയുന്നുണ്ട്. പക്ഷേ, ഈ കുറിപ്പ് ഒഴിവാക്കി, വീഡിയോയിലെ ചെറിയൊരു ഭാഗം മാത്രമാണ്, പള്ളിക്കകത്ത് മൗലവി ഹിന്ദു സ്ത്രീയെ വലിച്ചിഴക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിച്ചത്.
ട്വിറ്റർ വെരിഫൈ ചെയ്ത, മാധ്യമ പ്രവർത്തകരുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും ഉൾപ്പെടെ
നിരവധി ഹാൻഡിലുകൾ, ഈ വീഡിയോ ക്ലിപ് ഷെയർ ചെയ്തിട്ടുണ്ട്.
‘രോഗശാന്തിക്കായി ആരാധനാലയങ്ങൾ സന്ദർശിക്കുന്നവരുടെ ശ്രദ്ധക്ക്, അവിടെ നടക്കുന്നത് എന്താണെന്ന് കാണുക’ എന്ന തലക്കെട്ടോടെയാണ് ബി.ജെ.പി അംഗവും അഭിഭാഷകനുമായ പ്രശാന്ത് ഉംറാവോ ട്വീറ്റ് ചെയ്തത്. ഇത്തരം വീഡിയോകൾ പ്രശാന്ത് തുടർച്ചയായി ഷെയർ ചെയ്യാറുണ്ട്.
സുദർശൻ ടി.വിയുടെ എഡിറ്റർ സന്തോഷ് ചൗഹാൻ, ‘സന്തോഷ് ചൗഹാൻ സുദർശൻ ന്യൂസ്’ എന്ന ഹാൻഡിലിൽ നിന്നും വീഡിയോ ട്വീറ്റ് ചെയ്തു. ‘ഹിന്ദി ഖബർ’ എന്ന ന്യൂസ് ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക അഞ്ചൽ യാദവ് ഈ വീഡിയോ ക്ലിപ് ട്വിറ്ററിൽ ഷെയർ ചെയ്തു.
‘ഹിന്ദു ആക്റ്റിവിസ്റ്റുകൾ നടത്തിയ തുറന്നുകാട്ടലാണ് ഇത്’ എന്നാണ് 85,000 ഫോളോവർമാരുള്ള അരുൺ പുദുർ ഈ ക്ലിപ് ഷെയർ ചെയ്യുമ്പോൾ തലക്കെട്ട് നൽകിയത്.
‘മുസ്ലിം പുരോഹിതരിൽ നിന്നും സഹായം തേടുന്ന ഹിന്ദു സ്‌ത്രീകളുടെ അവസ്ഥ കാണൂ. ഹിന്ദുക്കൾ അവർക്കുള്ള 33 കോടി ദേവന്മാരെയും ദേവതകളെയും വിട്ട് എന്തിനാണ് ജിഹാദികളുടെ അടുത്തേക്ക് പോകുന്നത്? ഹിന്ദുക്കൾ ഉണരൂ’ എന്നാണ് യതി ബാബ എന്ന ഹാൻഡിൽ ട്വീറ്റ് ചെയ്തത്.
ന്യൂസ് ടൈംസ് 24, ഹിന്ദുസ്ഥാൻ ലൈവ് ന്യൂസ് എന്നീ മാധ്യമങ്ങളും വീഡിയോ ക്ലിപ് ഷെയർ ചെയ്തു. വാർത്ത റിപ്പോർട്ട് എന്ന രീതിയിലാണ് ഇവർ വീഡിയോ അവതരിപ്പിച്ചു.
പശ്ചിമ ബംഗാൾ അസംബ്ലിയിലെ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പേരിലുള്ള പബ്ലിക് ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.

ഈ വീഡിയോയിൽ, പ്രാർത്ഥനക്കെത്തിയ സ്ത്രീയുടെയോ, ആചാരത്തിനു നേതൃത്വം നൽകുന്ന പുരുഷന്റെയോ മതം എന്താണെന്ന് വ്യക്തമാക്കുന്ന അടയാളങ്ങൾ ഇല്ല, ഇത് നടന്നതായി കാണിക്കുന്ന മുറി പള്ളിയുടെ അകത്തുള്ളതാണ് എന്ന് സൂചിപ്പിക്കുന്ന ഒന്നും വീഡിയോയിൽ കാണാനുമില്ല.
മൗലവിയായി വേഷമിട്ട ആൾ അഭിനയിച്ച നിരവധി സ്ക്രിപ്റ്റഡ് വീഡിയോകൾ ഓൺലൈനിൽ വേറെയുമുണ്ട്. അത്തരം യൂട്യൂബ് വീഡിയോകളിൽ ഒന്ന് കൗമാര പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്തതിന് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവാക്കളുടെ ചോദ്യം ചെയ്യൽ നേരിടുന്ന വയോധികൻ ആയിട്ടാണ്.
മറ്റൊരു വീഡിയോയിൽ, ‘വിനോദത്തിന് വേണ്ടി മാത്രമായി നിർമ്മിച്ചത്’ എന്നും എഴുതിയിട്ടുണ്ട്. എ.ബി.സി പ്രാങ്ക് എന്ന ഫെയ്സ്ബുക് പേജിലും സമാനമായ വീഡിയോകൾ ഇതേ നടൻ തന്നെ ചെയ്തിട്ടുണ്ട്.