Skip to content Skip to sidebar Skip to footer

ഇന്ത്യ-ഇസ്രായേൽ ബന്ധത്തിൻ്റെ പരിണാമങ്ങൾ.

അംജദ് കരുനാഗപ്പള്ളി

ഇന്ത്യ -ഇസ്രായേൽ ഡിപ്ലോമാറ്റിക്ക് ബന്ധത്തിന്റെ 30 വർഷം പൂർത്തിയായത് ഈ വർഷം ജനുവരിയിലായിരുന്നു. 1992ൽ ഇസ്രായേൽ എംബസി ഡൽഹിയിലും ഇന്ത്യൻ എംബസി തെൽഅവീവിലും സ്ഥാപിതമായതോടെയാണ് ഇന്ത്യ ഇസ്രായേൽ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

1950-ൽ തന്നെ ഇന്ത്യ ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നുവെങ്കിലും അതിന് ഔദ്യോഗിക ഭാവം കൈവന്നത് 1992 ലായിരുന്നു. ആ സന്ദർഭത്തിൽ സൈനിക പ്രതിരോധ ഉടമ്പടിയിലും, ശാസ്ത്ര സാങ്കേതികവിദ്യയിലും കാർഷിക ബന്ധത്തിലും ഇസ്രായേലുമായി സഹകരണം ഇന്ത്യക്ക് ഉണ്ടായിരുന്നപ്പോൾ തന്നെ, ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരെ നിൽക്കുക എന്ന ഇന്ത്യയുടെ ചരിത്രപരമായ നിലപാട് മുൻനിർത്തി ഇസ്രായേലുമായുള്ള ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിൽ പ്രകടമായ ചലനങ്ങൾ കുറവായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകൾക്ക് ഫലസ്തീൻ പ്രശ്നത്തോടുള്ള വൈകാരിക ബന്ധവും, ഫലസ്തീനൊപ്പം നിൽക്കുന്ന അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ വിപുലമായ വ്യാപാര ബന്ധങ്ങളും ഇതിനെ സ്വാധീനിച്ചിരുന്നു.

ഇന്ത്യ -ഫലസ്തീൻ ബന്ധതിന്റെ നാൾവഴികൾ

ഇസ്രായേൽ -ഇന്ത്യ ബന്ധത്തെ ചരിത്രപരമായും രാഷ്ട്രീയമായും സമകാലികമായും വായിക്കുമ്പോൾ ഇന്ത്യ ഫലസ്തീൻ ബന്ധത്തിന്റെ നാൾവഴികളെ പിന്തുടരേണ്ടത് അനിവാര്യമാണ്. ഇസ്രായേലുമായുള്ള ഇന്ത്യയുടെ ഡിപ്ലോമാറ്റിക്ക്‌ ബന്ധത്തിന്റെ ഭാഗമായ എല്ലാ ഇടപാടുകളെയും നിർണയിക്കുന്ന ഒന്നായിരുന്നു ഇന്ത്യക്ക് ഫലസ്തീൻ പ്രശ്നത്തിൽ ചരിത്രപരമായി തന്നെ ഉണ്ടായിരുന്ന രാഷ്ട്രീയ നിലപാട്.

ഫലസ്തീനുമായുള്ള ഇന്ത്യയുടെ ബന്ധം അധിനിവേശ വിരുദ്ധ രാഷ്ട്രീയത്തിന്റ സുപ്രധാനമായ അടയാളപ്പെടുത്തലായി എല്ലാ കാലത്തും അന്താരാഷ്ട്ര തലത്തിൽ തന്നെ വാഴ്ത്തപ്പെട്ടിരുന്നു. ഗാന്ധിജിയുടെ ഫലസ്തീൻ അനുകൂല നിലപാടും മുതൽ, ആദ്യത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ഫലസ്തീൻ അനുകൂല നിലപാടും അതിൽ ഏറെ നിർണായകമായിരുന്നു. തുടർന്ന് ഓരോ പതിറ്റാണ്ടിലും ഇന്ത്യ ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ എല്ലായിപ്പോഴും പിന്താങ്ങുകയും ചെയ്തു.1974 ൽ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും (പി.എൽ.ഒ) അതിന്റെ നേതാവ് യാസർ അറാഫത്തിന്റയും നിലപാടുകൾക്കൊപ്പമായിരുന്നു. അഥവാ ഫലസ്തീൻ സ്വയം നിർണയാവകാശത്തെ അംഗീകരിക്കുന്ന ആദ്യതെ അറബിതര രാഷ്ട്രമായിരുന്നു ഇന്ത്യ.

1975-ൽ, ഡൽഹിയിൽ ഓഫീസ് തുറക്കാൻ ഇന്ത്യ പി.എൽ.ഒയെ ക്ഷണിക്കുകയും അഞ്ച് വർഷത്തിന് ശേഷം അതിന് നയതന്ത്ര പദവി നൽകുകയും ചെയ്തു. 1988-ൽ, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമായി പി.എൽ.ഒ പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യ ഉടനടി അതിന് അംഗീകാരം നൽകി. അക്കാലഘട്ടത്തിൽ യാസർ അറഫാത് ഇന്ത്യ സന്ദർശിച്ചപ്പോഴെല്ലാം അദ്ദേഹത്തെ രാഷ്ട്രത്തലവനെന്ന നിലയിലായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

മോഡി സർക്കാരിന് മുൻപുള്ള യു.പി.എ സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്തിനിടയിൽ, വെസ്റ്റ് ബാങ്കിന്റെ ഭരണം നടത്തുന്ന ഫലസ്തീൻ അതോറിറ്റിയുടെ തലവനായ മഹമൂദ് അബ്ബാസ് 2005, 2008, 2010, 2012 വർഷങ്ങളിൽ നാല് തവണ ഇന്ത്യ സന്ദർശിച്ചിരുന്നു. 2011-ൽ യുനെസ്‌കോയുടെ പൂർണ അംഗമാകാൻ ഇന്ത്യ ഫലസ്‌തീനെ പിന്തുണച്ച് വോട്ടും ചെയ്‌തിരുന്നു. ഈ രീതിയിൽ രാഷ്ട്രീയവും -നയതന്ത്രപരവുമായ പ്രത്യേകതകളുള്ള ധാരാളം ഇടപെടലുകൾ ഫലസ്തീന്റെ സ്വയം നിർണയ അവകാശത്തിനൊപ്പം നിൾക്കുന്നതിന്റെ ഭാഗമായി ഇന്ത്യ നിർവഹിച്ചിട്ടുണ്ട്.

ഫലസ്തീനൊപ്പം നിൽക്കുക എന്നാൽ ഇസ്രായേൽ അധിനിവേശത്തെയും അതിന്റെ ഭാഗമായ ആക്രമണങ്ങളെയും ശക്തമായി തള്ളിപറയുക എന്നത് കൂടിയാണ്. അതും ഔദ്യോഗികമായി ഇന്ത്യയിലെ രാഷ്ട്ര നേതാക്കൾ ധാരാളമായി നിർവഹിച്ചിട്ടുമുണ്ട്. എന്നാൽ 1992 ന് ശേഷം, അതായത് ഇസ്രായേൽ ഇന്ത്യ ഡിപ്ലോമാറ്റിക്ക്‌ ബന്ധം ഔദ്യോഗികമായി ആരംഭിച്ചതിന് ശേഷം,ഫലസ്തീനൊപ്പം നിൽക്കുക എന്നത് ഇസ്രായേലുമായുള്ള ബന്ധങ്ങളിൽ വലിയ ഇളക്കങ്ങൾ സൃഷ്ടിക്കാതെയാകണമെന്ന നിർബന്ധിത്താവസ്ഥയിലേക്ക് ഇന്ത്യ എത്തിച്ചേർന്നു.അഥവാ ഫലസ്തീനൊപ്പം നിൽക്കുക എന്ന ഇന്ത്യയുടെ രാഷ്ട്രീയ നൈതിക നിലപാട് കൂടുതലായി ദൃശ്യമാകുമ്പോൾ തന്നെ ഇസ്രായേലുമായി നയതന്ത്ര-വ്യാപാര-പ്രതിരോധ പ്രാധാന്യമുള്ള ബന്ധം കൂടുതൽ പ്രകടമാക്കാതെയും വിള്ളൽ വീഴ്ത്താതെയും നിലനിർത്താൻ
(sweep under rug) ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു.

ബി.ജെ.പി സർക്കാറിന്റെ ഇസ്രായേൽ ബന്ധങ്ങൾ

ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിലുള്ള ഇന്ത്യ ഗവൺമെന്റ് 2014ൽ അധികാരത്തിൽ വന്നതുമുതൽ ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ മൗലികമായ അനവധി മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. 2017 ലെ നരേന്ദ്ര മോഡിയുടെ ടെൽഅവീവ് സന്ദർശനം ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന രീതിയിൽ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടു.

അഡൽ ബിഹാരി വാജ്പേയുടെ ഒന്നാം എൻ.ഡി.എ സർക്കാറിന്റെ കാലത്ത് (2000) എൽ.കെ അദ്വാനിയും ജസ്വന്ത് സിങ്ങും ഇസ്രായേൽ സന്ദർശിച്ചതായിരുന്നു മോദിക്ക് മുൻപുള്ള ഇന്ത്യയുടെ ഭാഗത്ത്‌ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക ഉന്നതതല സന്ദർശനം.

ആ വർഷം ഇന്ത്യയും ഇസ്രായേലും സംയുക്തമായി ഭീകരവിരുദ്ധ കമ്മീഷൻ രൂപീകരിച്ചു. 2003 ൽ ഏരിയൽ ഷാരോൺ ഇന്ത്യൻ സന്ദർശിച്ചു. ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഇസ്രായേൽ പ്രധാന മന്ത്രിയും ഏരിയൽ ഷാരോൺ ആയിരുന്നു.

നരേന്ദ്ര മോദിയുടെ ഹിന്ദു ദേശീയ സർക്കാരിന് കീഴിൽ, ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള തന്ത്രപരവും സൈനികവും പ്രത്യയശാസ്ത്രപരവുമായ ബന്ധം എല്ലായിപ്പോഴും കൂടുതൽ ശക്തമായിരുന്നു. ഇസ്രായേൽ സൈബർ ആയുധ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ചെടുത്ത പെഗാസസ് സ്പൈവെയർ ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, പൊതു ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ നിരീക്ഷിക്കാൻ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തൽ ഉണ്ടായത് ബി.ജെ.പി ഇസ്രായേൽ ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഒരു ഇന്ത്യൻ പൗരന്റെ സ്വകാര്യത, അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം, എന്നിവയ്ക്കെതിരെയുള്ള ശക്തമായ കടന്നാക്രമണമായിരുന്നു അത്.

നരേന്ദ്ര മോദിയുടെ സർക്കാറിന് കീഴിൽ പ്രതിപക്ഷ രാഷ്ട്രീയവും, മാധ്യമ സ്വാതന്ത്ര്യവും പൗരന്റെ സ്വകാര്യതയും കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവായിട്ടാണ് അതിനെ രാഷ്ട്രീയ അക്കാദമിക രംഗത്തെ പ്രമുഖർ വിലയിരുത്തിയത്. എന്നാൽ, ഒരു ഇസ്രായേലി കമ്പനി വികസിപ്പിച്ച സാങ്കേതികവിദ്യ ഇവർ ഉപയോഗിച്ചത് കേവലം യാദൃശ്ചികമാണ് എന്ന് കരുതാനും സാധിക്കില്ല. വർഷങ്ങളായി, ഇരു രാജ്യങ്ങളും ശക്തമായ തന്ത്രപരവും സൈനികവും സാങ്കേതികവുമായ പങ്കാളിത്തം വികസിപ്പിച്ചെടുത്തതിന്റെ ഫലമായിരുന്നു അത്.

ബി.ജെ.പിയും ഇസ്രയേലും തമ്മിൽ ദീർഘകാലമായി നിലനിർത്തുന്ന വലതുപക്ഷ രാഷ്ട്രീയം എന്ന പ്രത്യയശാസ്ത്രപരമായ ഐക്യം ഇതിന്റെ പ്രചോദനമായി വർത്തിച്ചിട്ടുമുണ്ട്.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ബഹുമുഖ സ്വഭാവമുള്ളതാണ്. 2020 ഏപ്രിലിനും 2021 ഫെബ്രുവരിക്കും ഇടയിൽ, ഉഭയകക്ഷി വ്യാപാരം (പ്രതിരോധം ഒഴികെ) 4.14 ബില്യൺ ഡോളറാണ്. കൂടാതെ ഇന്ത്യൻ സോഫ്‌റ്റ്‌വെയർ കമ്പനികളുടെ സാന്നിധ്യം ഇസ്രായേലിൽ വർധിച്ചു വരികയും ചെയ്യുന്നു. ഇരു രാജ്യങ്ങളും 2006-ൽ കാർഷിക മേഖലയ്ക്കായി സമഗ്രമായ സഹകരണ കരാറിൽ ഒപ്പുവച്ചിട്ടുമുണ്ട്. ഈ കരാറിന്റെ അഞ്ചാം ഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്.

ഇന്ത്യയും ഇസ്രായേലും 1993-ൽ ഒരു ശാസ്ത്ര സാങ്കേതിക സഹകരണ കരാറിലും ഒപ്പുവച്ചു. കൂടാതെ, 2017-ൽ 40 മില്യൺ ഡോളറിന്റെ ഇന്ത്യ-ഇസ്രായേൽ ഇൻഡസ്ട്രിയൽ ആർ ആൻഡ് ഡി ആൻഡ് ഇന്നൊവേഷൻ ഫണ്ട് (i4F) സ്ഥാപിക്കപ്പെട്ടു. 2020 ഡിസംബറിൽ, ആരോഗ്യ സംരക്ഷണം, വൈദ്യം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. COVID-19 പാൻഡെമിക്കിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ, ഒരു റാപ്പിഡ് COVID-19 ടെസ്റ്റിംഗ് കിറ്റ് വികസിപ്പിക്കുന്നതിന് ഇന്ത്യൻ, ഇസ്രായേലി അധികാരികൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

2021 മാർച്ചിൽ, ഇന്ത്യയിലെ പ്രേമാസ് ബയോടെക്കും ഇസ്രായേലിന്റെ ഒറാമെഡും സംയുക്തമായി COVID-19 വാക്‌സിൻ വികസിപ്പിച്ചതായി പ്രഖ്യാപിച്ചു. സമീപ വർഷങ്ങളിൽ, സാംസ്കാരിക കൈമാറ്റം, വിനോദസഞ്ചാരം, ആളുകൾ തമ്മിലുള്ള സമ്പർക്കം എന്നിവയിലും ഉയർച്ചയുണ്ടായിട്ടുണ്ട്.

സുരക്ഷാ, പ്രതിരോധ സഹകരണമാണ് എല്ലായ്പ്പോഴും ഇന്ത്യ ഇസ്രായേൽ ഉഭയകക്ഷി ബന്ധത്തിന്റെ ആണിക്കല്ല്. ഇത് ഇന്ത്യയിലെ എൻ.ഡി.എ സർക്കാരിന്റെ കാലത്തോ, ബി.ജെ.പി ഭരണകൂടത്തിന്റെ സമകാലിക സന്ദർഭത്തിലോ മാത്രം നടക്കുന്ന കാര്യവുമായിരുന്നില്ല. അഥവാ ഇന്ത്യയും ഇസ്രായേലും ഔപചാരിക നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ,1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകിയിരുന്നു. 1965ലെയും 1971ലെയും ഇന്ത്യ-പാകിസ്ഥാൻ യുദ്ധങ്ങളിലും ഇന്ത്യ ഇസ്രായേലി ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. കൂടാതെ, ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (RAW), ഇസ്രയേലിന്റെ മൊസാദുമായി ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അതിന്റെ ആദ്യത്തെ ചാര മേധാവി ആർ.എൻ കാവോയെ ചുമതലപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ പ്രതിബന്ധങ്ങൾ ഇല്ലാതെ വിതരണ ചാനലുകൾ നിലനിർത്താൻ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ആയുധ വിതരണക്കാരായി ഇസ്രായേൽ മാറിയിരുന്നു.1999-ലെ കാർഗിൽ യുദ്ധസമയത്ത് ഇത് കൂടുതൽ പ്രകടമായിരുന്നു. അതായത് 1998-ലെഇന്ത്യയുടെ പൊഖ്‌റാൻ-II ആണവപരീക്ഷണങ്ങൾക്കുള്ള വിയോജിപ്പിന്റെ ഭാഗമായി ക്ലിന്റൺ ഭരണകൂടം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ആയുധങ്ങളുടെയും സൈനിക സാങ്കേതിക വിദ്യകളുടെയും കയറ്റുമതി നിരോധനവും ഇന്ത്യ അഭിമുഖീകരിച്ചപ്പോൾ അതിനെ മറികടന്നുകൊണ്ട് ഇന്ത്യയെ ഇസ്രായേൽ സഹായിച്ചു.

ഇന്ത്യയുടെ ആണവ പദ്ധതിയെ പിന്തുണക്കുകയും ആയുധങ്ങളും, നിരീക്ഷണ സംവിധാനങ്ങളും വിതരണം ചെയ്യുകയും യുദ്ധസമയത്ത് സൈനിക ശേഷി നവീകരിക്കുന്നതിന് ഇസ്രായേൽ സഹായിക്കുകയും ചെയ്തു. അന്നും ഇസ്രായേൽ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ് ഇസ്രായേൽ.

എന്നാൽ, ഇതിനെല്ലാം വലിയ വർധനവ് ഉണ്ടാകുന്നത് മോദി സർക്കാരിന് ശേഷമാണ് എന്ന് മാത്രം. 2015 നും 2019 നും ഇടയിൽ ആയുധങ്ങളുടെ ഇറക്കുമതി 175 ശതമാനം വർധിച്ചു, നിലവിലെ വാർഷിക വിൽപ്പന ഒരു ബില്യണിലധികം ഡോളർ ആണ്. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) ഇസ്രായേലി എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും (ഐ.എ.ഐ) നിലവിൽ ഇന്ത്യൻ സായുധ സേനയ്‌ക്കായി ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് മിസൈൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ സഹകരിച്ച് വരികയാണ്. ഇന്ത്യൻ സായുധ സേന ഇസ്രായേലി യു‌എ‌വികൾ, റഡാർ സംവിധാനങ്ങൾ, നിരീക്ഷണ സാങ്കേതികവിദ്യ, വിമാന മിസൈലുകൾ, എയർ ടു എയർ മിസൈലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

2018-ൽ ഇന്ത്യൻ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെ പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽ ഇസ്രായേൽ നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രണ്ട് സ്മാർട്ട് ഫെൻസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. പ്രാദേശികവും ആഗോളവുമായ തീവ്രവാദ ഭീഷണിയെക്കുറിച്ചുള്ള സംവാദത്തിനും വിജ്ഞാന വിനിമയത്തിനും, അക്രമാസക്തമായ ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ കൈമാറുന്നത് തടയുന്നതിനും, കലാപ വിരുദ്ധ തന്ത്രങ്ങൾക്കുമുള്ള ഒരു വേദിയായി വർത്തിക്കുന്നതിനും ഇന്ത്യയും ഇസ്രായേലും കൈകോർത്തു മുന്നോട്ട് പോകും എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തരത്തിൽ വലിയ സഹകരണങ്ങൾ മുന്നോട്ട് പോകുന്നത്.

മോദിയും മുൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും 2021-ൽ അധികാരത്തിൽ നിന്ന് നേതന്യാഹു പുറത്താകുന്നത് വരെ വളരെ വലിയ സൗഹൃദം പങ്കിട്ടിരുന്നു. 2008-ൽ മുംബൈ ആക്രമണത്തിന് ശേഷം, ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ഇസ്രായേലിന്റെ സമീപനം സ്വീകരിക്കണമെന്ന വിദഗ്ധ നിർദേശങ്ങളുടെ പിൻബലത്തിൽ വീണ്ടും ഉദമ്പടികൾ വർധിച്ചു.

ഹിന്ദുത്വം, സയണിസം പ്രത്യയശാസ്ത്ര ഉടമ്പടി

ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ഡിപ്ലോമാറ്റിക് ബന്ധം എന്നതിൽ നിന്ന് മാറി പ്രത്യയശാസ്ത്ര സഖ്യത്തിലേക്ക് വികസിക്കുന്ന കാഴ്ചകൂടി കാണാൻ സാധിക്കും. “ഇസ്‌ലാമിക മതമൗലികവാദത്തിനും തീവ്രവാദത്തിനും” എതിരായ രാഷ്ട്രീയ സൈനിക പോരാട്ടം എന്ന പേരിലായിരുന്നു ഈ പ്രത്യയശാസ്ത്ര ഉടമ്പടിയുടെ വളർച്ച. 2015-ൽ, ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ് സമയത്ത് ഇസ്രായേലി യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അംഗീകരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിലെ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അഥവാ ഫലസ്തീനിൽ ക്രൂരമായ അതിക്രമങ്ങൾ സൃഷ്‌ടിച്ച ഓപ്പറേഷൻ പ്രോട്ടക്റ്റീവ് എഡ്ജെന്ന പദ്ധതിയുടെ ഭാഗമായ അതിക്രമങ്ങളെ ഇന്ത്യ പിന്തുണച്ചതിന് തുല്യമായിരുന്നു അത്.

2017 ൽ മോഡി ഇസ്രായേൽ സന്ദർശിച്ചപ്പോൾ ആ സമയത്ത് അദ്ദേഹം പലസ്തീൻ അതോറിറ്റി സന്ദർശിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

തീർച്ചയായും, ഇന്ത്യയിലെ ഹിന്ദു ദേശീയവാദികൾക്കിടയിൽ ചരിത്രപരമായി തന്നെ ഇസ്രായേൽ അനുകൂല മനോഭാവം ഉണ്ട്‌. അതിന്റെ പ്രതിഫലനമായിരുന്നു മോദിയുടെ ഇസ്രായേൽ അഭിനിവേഷവും. “സയണിസ്റ്റുകളുടെ സ്വപ്നങ്ങൾ എന്നെങ്കിലും സാക്ഷാത്കരിക്കപ്പെട്ടാൽ – ഫലസ്തീൻ ഒരു ജൂത രാഷ്ട്രമായാൽ – അത് നമ്മുടെ ജൂതന്മാരെപ്പോലെ തന്നെ നമ്മെയും സന്തോഷിപ്പിക്കും എന്ന് വിനായക് ദാമോദർ സവർക്കർ (1883-1966) – എഴുതിയിരുന്നത് ഇതിനോട് നാം ചേർത്ത് വായിക്കേണ്ടതുണ്ട്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.