Skip to content Skip to sidebar Skip to footer

തീ പിടിപ്പിക്കുന്ന ഓർമ്മകൾ

ഭരണകൂടത്തിൻ്റെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ പ്രതികരിച്ച ജനസേവകനായ ഒരു ഡോക്ടറെ, ഉത്തര്‍പ്രദേശ് സര്‍ക്കാറും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ചേർന്ന് എങ്ങനെ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കുറ്റവാളിയാക്കി അവതരിപ്പിച്ചു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ‘ദ ഗൊരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി, എ ഡോക്‌റ്റേഴ്‌സ് മെമൊയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്’ എന്ന പുസ്തകം. ജയില്‍ മോചിതനായ ശേഷം ഡോ. കഫീല്‍ ഖാന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത സൂക്ഷ്മ വിശദാംശങ്ങളാണ് പാന്‍ മാക്മില്ലന്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ഈ ഓര്‍മക്കുറിപ്പിൻ്റെ ഉള്ളടക്കം.

2017 ഓഗസ്റ്റില്‍ നടന്ന സസ്‌പെന്‍ഷന് ശേഷം മൂന്ന് തവണ വ്യത്യസ്ത കേസുകളിലായി തടവ്. അന്വേഷണ കമ്മീഷനുകളും ഹൈകോടതിയും സുപ്രിം കോടതിയും നല്‍കിയ ക്ലീന്‍ ചിറ്റ്, അനുകൂല കോടതിവിധികള്‍…. ഇതെല്ലാമുണ്ടായിട്ടും ഏറ്റവുമൊടുവില്‍ 2021 നവംബറില്‍ സര്‍വീസില്‍ നിന്നു തന്നെ നിക്കം ചെയ്തിരിക്കുന്നു. ഇതാണ് ഡോ.കഫീല്‍ ഖാൻ. ഇദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പിനെക്കുറിച്ചാണ് പറയുന്നത്.

2017 ഓഗസ്റ്റ് 10ന് ബി.ആര്‍.ഡി മെഡിക്കല്‍ കൊളേജ് ഹോസ്പിറ്റലില്‍ സംഭവിച്ചതെന്താണെന്ന് ഈ പുസ്തകത്തിൽ വിശദമായി എഴുതിയിരിക്കുന്നു ഡോ. ഖാൻ. ഉന്നത അധികാരികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരാതിരുന്ന ഒരു പ്രതിസന്ധിയിലേക്ക് കടന്നുചെന്ന, ആ ഹോസ്പിറ്റലില്‍ വെറും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ അനുഭവിച്ച ഭീതിയും ആശങ്കയും അമര്‍ഷവും സങ്കടവും അതേപടി അനുഭവിപ്പിക്കാന്‍ കഴിഞ്ഞേക്കാം ഈ പുസ്തകം വായിക്കുമ്പോൾ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കടുത്ത നിസ്സംഗതയുടെ അധ്യായങ്ങൾ ഈ ഓര്‍മ്മക്കുറിപ്പിൽ വാക്കുകൾക്കതീതമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓക്‌സിജന്‍ ദുരന്തത്തിന് മുമ്പും ആശുപത്രിയിലെ അടിസ്ഥാന സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിരവധി പ്രൊപ്പോസലുകള്‍ക്ക് ചിലപ്പോള്‍ മറുപടി ലഭിച്ചത് ബഡ്ജറ്റ് പരിമിതികളാണ്. ചിലപ്പോള്‍ മറുപടി തന്നെ ലഭിച്ചിട്ടില്ലെന്നും ഡോക്ടര്‍ ആമുഖത്തില്‍ പറയുന്നു. മെഡിക്കല്‍ സ്റ്റാഫിന് ആവശ്യമായ മാസ്‌ക്, ഗ്ലവ്‌സ്, ഷൂ കവര്‍, വാര്‍ഡുകളില്‍ ആവശ്യമായ ഫോഗിങ് മെഷീന്‍, ഫാന്‍, ഫിനൈല്‍, ഹിറ്റ് സ്‌പ്രേ, ചൂല്‍, വേസ്റ്റ് ബാസ്‌കറ്റ്, രെജിസ്റ്ററുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വരെ സ്വന്തം ചിലവില്‍ വാങ്ങേണ്ടിവന്നതായും ഡോ. കഫീല്‍ ഓര്‍ക്കുന്നു.

“ഒരു ഡോക്ടര്‍ എന്ന നിലയിലും ഗൊരഖ്പൂരില്‍ ദീര്‍ഘകാലം താമസിച്ചയാള്‍ എന്ന നിലയിലും വര്‍ഷം തോറും ഉണ്ടാവാറുള്ള എന്‍സിഫലൈറ്റിസ് രോഗപ്പകര്‍ച്ചയെ കുറിച്ച് എനിക്ക് അറിയാമായിരുന്നു. 1978 മുതല്‍ ഉത്തര്‍പ്രദേശില്‍ 25,000ല്‍ അധികം കുഞ്ഞുങ്ങളുടെ ജീവനെടുത്ത അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം ഒരു ലക്ഷത്തിലധികം കുഞ്ഞുങ്ങളെ ഡിസേബിള്‍ഡ് ആക്കിയിട്ടുണ്ട്. 20-30% ആണ് ഇതിന്റെ മരണസാധ്യത. 50-70%വരെ ന്യൂറോസൈക്യാട്രിക് തകരാറുകളും എന്‍സിഫലൈറ്റിസ് ഉണ്ടാക്കുന്നു.”

‘എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് പതിവാണ്’ എന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് ലാഘവത്തോടെ നടത്തിയ പ്രസ്താവനയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടത് ഓക്‌സിജന്‍ കിട്ടാതെയാണ് എന്ന് വ്യക്തമാക്കുന്ന, പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച ഡോക്യുമെന്റേഷന്‍ നടത്തിയിട്ടില്ല എന്ന വസ്തുതയും ഈ മരണങ്ങളെ ഒരു ഭീകര വ്യവസ്ഥകളുടെ അടയാളമാക്കുന്നത് എങ്ങനെയെന്നും ഡോ.കഫീല്‍ ഖാന്റെ ഓര്‍മ്മക്കുറിപ്പ് തെളിയിക്കുന്നു.
 
ഇന്ത്യ പ്രഖ്യാപിത ജനാധിപത്യ മതേതര സംവിധാനമാണ് എന്നത് ആശയങ്ങളില്‍ മാത്രം നിലകൊളളുന്ന സങ്കല്‍പമാണ്. ഭരണകൂടത്തിന്റെ, മുഖ്യമന്ത്രിയുടെ ഇമേജ് സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍, വംശവെറിപിടിച്ച ഒരു സമൂഹത്തിന്റെ മുന്നിലേക്ക് അവരൊരു ബലിയാടിനെ ഇട്ടു കൊടുക്കുന്നത് എങ്ങനെയെന്നും പുസ്തകത്തിലെ ‘ഡ്യൂട്ടി’ എന്ന ഒന്നാം ഭാഗം സമർത്ഥിക്കുന്നു.

“പോഷകാഹാരം ലഭിക്കാത്ത, മാരക രോഗബാധിതരായ കുഞ്ഞുങ്ങളെ കണ്ട് എന്റെ ചിന്തകള്‍ കൂടുതല്‍ കൂടുതല്‍ മങ്ങിക്കൊണ്ടിരുന്നപ്പോഴും ഒരു ഡോക്റ്റര്‍ എന്ന നിലയിലുള്ള എന്റെ ട്രെയ്‌നിങ്ങും വിദ്യാഭ്യാസവും അന്വേഷണങ്ങള്‍ നടത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും സഹായിച്ചു. ജൂനിയര്‍ ഡോക്ടറോടൊപ്പം ഒരു ബെഡില്‍ നിന്ന് മറ്റൊരു ബെഡിലേക്ക് ഞാന്‍ നടന്നു, രക്ഷിതാക്കളുടെ ആശങ്ക നിറഞ്ഞ കണ്ണുകള്‍ എനിക്കൊപ്പം നടന്നു. പറ്റുന്നത്ര വേഗത്തില്‍ റൗണ്ട്‌സ് പൂര്‍ത്തിയാക്കണമെന്ന് എനിക്ക് തോന്നി, പക്ഷേ ഓരോ രോഗിയെയും കാണേണ്ടതുണ്ട്. അവര്‍ക്ക് എന്ത് മരുന്നാണ് കൊടുത്തിട്ടുള്ളത് എന്നറിയണം. ആരൊക്കെയാണ് എത്രത്തോളം ഗുരുതരാവസ്ഥയില്‍ ഉള്ളതെന്ന് അറിയണം. ആര്‍ക്കാണ് ഫ്‌ളൂയിഡ് ചേഞ്ച് വേണ്ടതെന്ന് അറിയണം. ഓക്‌സിജന്‍ ഷോര്‍ട്ടേജ് ഉണ്ടായതിനാല്‍ ഇനി എങ്ങനെ അവരെ ചികിത്സിക്കണം എന്ന് അറിയണം.’അവധിയിലായിരുന്ന ഡോക്ടര്‍, ഭരണകൂട അനാസ്ഥ കാരണം ഒരു ബി.ജെ.പി സര്‍ക്കാര്‍ വരുത്തിവെച്ച കൂട്ടക്കൊല കൈകാര്യം ചെയ്യാന്‍ വളരെ പെട്ടെന്ന് എല്ലാ സാധ്യതകളും തേടിയത് എങ്ങനെയെന്ന് ഈ ഭാഗം വിശദീകരിക്കുന്നു. മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പല്‍, ഡിപ്പാര്‍ട്‌മെന്റ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ തണുത്ത പ്രതികരണങ്ങള്‍ അതേപടി ഇതിൽ രേഖപ്പെടുത്തുന്നു.  

ലിക്വിഡ് ഓക്‌സിജന്‍ നിലച്ചതോടെ സ്വീകരിച്ച മൊബൈല്‍ ഓക്‌സിജന്‍ യൂനിറ്റ് ആയ ‘ആംബു ബാഗി’ല്‍ നിന്നുള്ള മാനുവല്‍ ഓക്‌സിജന്‍ പംപിങ്ങിലൂടെ ഉണ്ടായ ബ്ലീഡിങ് തുടച്ചു കളഞ്ഞ് വൃത്തിയാക്കി മാത്രമേ രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളുടെ ജീവനറ്റ ശരീരം കൈമാറാവൂ എന്ന് ഡോക്റ്റര്‍ നഴ്‌സിനോടു പറയുന്നു. അല്ലെങ്കില്‍ അവര്‍ക്ക് മോശമായി തോന്നുമെന്ന്. ‘പൂര്‍വ്വാഞ്ചലിന്റെ ശവപ്പറമ്പ്’ എന്നാണ് ആളുകള്‍ ബി.ആര്‍.ഡി മെഡിക്കല്‍ കൊളേജിനെ വിളിക്കുന്നത്. ബിഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല നേപാളില്‍ നിന്നും രോഗികള്‍ എത്തുന്ന ഇവിടം എപ്പോഴും തിരക്ക് നിറഞ്ഞതായിരിക്കും. ഓക്‌സിജന്‍ പ്രതിസന്ധി കാരണം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടേക്കാവുന്ന സാഹചര്യത്തില്‍ മറ്റ് ആശുപത്രികളിലേക്ക് പോകാനുള്ള സാധ്യതയും ഡോക്ടര്‍ അറിയിച്ചു, പലര്‍ക്കും അത് അത്ര പ്രായോഗികമാകില്ല എന്ന് അറിയുമ്പോഴും.

“ഓക്‌സിജന്‍ കാരണമാണ് മരണങ്ങള്‍ ഉണ്ടായതെന്ന് എവിടെയും പറയേണ്ടതില്ല” എന്നായിരുന്നു ഔദ്യോഗിക തീരുമാനം. ഗൊരഖ്പൂര്‍ പൊലീസ് കമ്മീഷണറും സമാനമായ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്.  മരിച്ച കുട്ടികളുടെ രക്ഷിതാക്കളെ കൊണ്ട്, മരണകാരണം രോഗം തന്നെയാണ് എന്ന് സത്യവാങ്മൂലം എഴുതിച്ചു, ഓക്‌സിജന്‍ നിലച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ സിലിണ്ടറുകള്‍ സംഘടിപ്പിച്ചു” എന്നും. ഓഗസ്റ്റ് 12ന് നടന്ന ഉന്നതതല യോഗത്തില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച് ആരും ആശങ്കപ്പെട്ടിട്ടില്ല എന്നതും കഫീല്‍ ഖാന്‍ വിശദീകരിക്കുന്നു. ആ മീറ്റിങ്ങില്‍ പ്രിന്‍സിപ്പള്‍ രാജീവ് മിശ്രയും ഓക്‌സിജന്‍ വിതരണ ചുമതലയുള്ള അനസ്‌തേഷ്യ ഡിപാര്‍ട്‌മെന്റ് മേധാവി ഡോ.സതീഷ് കുമാറും മൂന്ന് അക്കൗണ്ടന്റുമാരും കുറ്റാരോപിതരായി. ബഡ്ജറ്റ് തുക ഏപ്രിലില്‍ തന്നെ ലഭ്യമായിട്ടും ഓക്‌സിജന്‍ വിതരണക്കാരായ പുഷ്പ സെയില്‍സിന് പേയ്‌മെന്റ് നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്ന ചോദ്യം ഉത്തരം ലഭിക്കാതെ ബാക്കിയായി.

ഇതിനു മുമ്പും ബി ആർഡി മെഡിക്കൽ കോളേജിൽ ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടായതായി ഡോ.ഖാൻ അറിയുന്നത് ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ടി പാതിരാത്രിയിൽ നടത്തിയ തിരച്ചിലിനിടയിൽ, സിലിണ്ടറുകൾ നൽകാൻ വിസമ്മതിച്ച ഒരു ലോക്കൽ സപ്ലെയറിൽ നിന്നാണ്.
‘ഹീറോ റ്റു വില്ലെന്‍’ എന്ന ഏഴാം അധ്യായത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹോസ്പിറ്റൽ സന്ദര്‍ശിച്ച ദിവസത്തെ കുറിച്ചാണ് പറയുന്നത്. മുഖ്യമന്ത്രിയില്‍ നിന്ന് നേരിട്ട് കേട്ട ഭീഷണിക്ക് ശേഷം, ”ആരോ എന്റെ ചുമലില്‍ കൈവെച്ച് എന്നെ പുറത്താക്കി, വാര്‍ഡില്‍ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് ഒന്നും മനസ്സിലായില്ല, ഭീകരതയും ആശങ്കയും നിറഞ്ഞ സമയം. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് എന്നോട് ഈ രീതിയില്‍ പെരുമാറുന്നത്? എല്ലാവരും എന്നെ സഹതാപത്തോടെ നോക്കി. പക്ഷേ, ആരും എന്നോട് സംസാരിക്കാന്‍ വന്നില്ല. ഒരു സീനിയര്‍ നേഴ്‌സ് എനിക്ക് ഒരു ഗ്ലാസ് വെള്ളം കൈമാറി. ഞാന്‍ അത് കുടിച്ചു. എനിക്ക് വിയര്‍ക്കാന്‍ തുടങ്ങി. കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ വിചിത്രമായ ചോദ്യം ചെയ്യലിന്റെ കാരണം അന്വേഷിക്കുകയായിരുന്നു എന്റെ മനസ്സ്. എനിക്കൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല”.

“കൊളേജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. ഓക്‌സിജന്‍ ഷോര്‍ട്ടേജ് കാരണം ഒരൊറ്റ മരണം പോലും സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. ‘ജാപ്പനീസ് എന്‍സിഫലൈറ്റിസും വൃത്തിഹീനമായ സാഹചര്യങ്ങളുമാണ് മരണകാരണം’. തന്നെയും തന്റെ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഈ പ്രതിസന്ധി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളും, അച്ചടക്കത്തോടെ ജോലി ചെയ്യണം എന്നതിനൊരു സൂചനയായിരിക്കും ഈ നടപടികള്‍. എല്ലാ ഓഗസ്റ്റിലും കുഞ്ഞുങ്ങള്‍ മരിക്കാറുണ്ട് എന്നതിലേക്ക് മുഴുവന്‍ സംഭവങ്ങളെയും ചുരുക്കി. എന്നാല്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വലിയ തോതില്‍ കുഞ്ഞുങ്ങള്‍ മരിച്ചു എന്ന വസ്തുത വ്യക്തമായപ്പോള്‍ അവര്‍ എനിക്കെതിരെ വിദ്വേഷ പ്രചരണങ്ങളിലേക്ക് തിരിഞ്ഞു.”

മുഖ്യമന്ത്രിയുടെ സന്ദര്‍ശന ദിവസം രക്ഷിതാക്കള്‍ പറയേണ്ടത് എന്തെന്ന് അവരെ കൊണ്ട് പരിശീലിപ്പിച്ചതായും ഓക്‌സിജന്‍ ഇല്ലാത്തതിനെ കുറിച്ച് സംസാരിച്ച രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കാണാതിരിക്കാന്‍ അവരെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയതായും വിവരിക്കുന്നു.
 
‘ഡിറ്റന്‍ഷന്‍’ എന്ന രണ്ടാം ഭാഗത്തിലെ ‘ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആന്‍ഡ് ഈദ്’ എന്ന അധ്യായം പ്രശ്‌നങ്ങള്‍ സത്യസന്ധമായി വിവരിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നു.

മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ദുസ്സഹമായ ജയിലിനകത്തെ ലോകം എങ്ങനെയെന്ന് ‘ഡിറ്റന്‍ഷന്‍’ വിശദീകരിക്കുന്നു. വംശീയ അധീശത്വവും ജാതി ആധിപത്യവും നിറഞ്ഞ ജയില്‍ ഘടന പുറംലോകത്തില്‍നിന്നും ഒട്ടും വ്യത്യസ്തമല്ലെന്ന ചിത്രം ഈ ഭാഗത്തിലൂടെ ഡോ.കഫീല്‍ നമുക്ക് നൽകുന്നു. ”ജാതിയും വര്‍ഗവും വലിയ പങ്കു വഹിക്കാറുണ്ട്- ധനികര്‍ക്കും ഠാക്കൂറുകള്‍ക്കും പണ്ഡിറ്റുകള്‍ക്കും ജയിലില്‍ ഭക്ഷണത്തിന് വേണ്ടി വരിനില്‍ക്കേണ്ടി വരാറില്ല. ജയിലില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ നല്‍കുന്നവരുണ്ട്. പുറത്തുനിന്നുള്ള ആരും ഈ ഏര്‍പ്പാടുകളില്‍ ഇടപെട്ടിരുന്നില്ല. ആര് അധികാരത്തിലിരുന്നിരുന്നു എന്നോ കേന്ദ്രത്തിലും സംസ്ഥാന തലത്തിലും ആര് ഭരിക്കുന്നു എന്നോ, ഇപ്പോള്‍ ആരാണ് മുഖ്യമന്ത്രി എന്നോ ഒന്നും ഇതിന് ബാധകമല്ല. ജയില്‍ സംവിധാനം മുന്നോട്ടുപോകുന്നത് അതിന്റേതായ വിചിത്ര നിയമങ്ങളിലൂടെയാണ്.”

”വേഗം ജാമ്യം കിട്ടുമെന്ന് ജയിലില്‍ എല്ലാവരും പറയുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ അടുത്ത ഹിയറിങ്ങില്‍ തീര്‍ച്ചയായും ജാമ്യം കിട്ടുമെന്ന് ചിലര്‍ പറയും. പക്ഷേ 99% കേസുകളിലും അത് സംഭവിക്കാറില്ല. ഒരു ഹിയറിങ്ങില്‍ നിന്ന് മറ്റൊന്നിലേക്ക് യാതൊരു പുരോഗതിയുമില്ലാതെ അവര്‍ നീങ്ങുന്നു, ഇതിനിടയില്‍ ചിലപ്പോള്‍ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകുന്നു.”

‘ഇന്‍മേറ്റ്‌സ് ആന്‍ഡ് ഇന്‍സൈറ്റ്‌സ്’ എന്ന അധ്യായത്തില്‍ ചില ചോദ്യങ്ങള്‍ ഡോ. കഫീല്‍ ചോദിക്കുന്നുണ്ട്. “എന്തുകൊണ്ടാണ് ഓക്‌സിജന്‍ ദുരന്തത്തില്‍ എന്‍സിഫലൈറ്റിസ് വിഭാഗം മേധാവി മുതല്‍ ആരോഗ്യമന്ത്രി വരെയുള്ള വിവിധ ഉന്നത തല പദവികളിലുള്ളവര്‍ അന്വേഷണം നേരിടാത്തത്? ആരുടെ നിര്‍ദേശത്തിലാണ് അന്വേഷണം പെട്ടെന്ന് നിലച്ചുപോയത്? സത്യസന്ധമായ ഒരൊറ്റ അന്വേഷണം മതിയാകുമായിരുന്നു സത്യം വെളിപ്പെടാനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും. പക്ഷേ, ആരും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. ഇതുമായി ബന്ധമുള്ള ഓഫീസര്‍മാരും ഒട്ടും ബന്ധമില്ലാത്തവരും വസ്തുതകള്‍ മൂടിവെക്കാനാണ് ശ്രമിച്ചത്. ആരും മരിച്ചുപോയ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല, വിലപ്പെട്ട കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട രക്ഷിതാക്കളെയും ശ്രദ്ധിച്ചില്ല. മരിച്ച കുഞ്ഞുങ്ങള്‍ക്കെല്ലാം പൊതുവായി ഉണ്ടായിരുന്ന ദാരിദ്ര്യാവസ്ഥ ആണോ അതിന് കാരണം’? ഡോക്ടര്‍ ചോദിക്കുന്നു.

 “ഞാന്‍ ജയിലിലായത് ഒരു പ്രതിസന്ധിഘട്ടത്തില്‍ ചെയ്ത മാനവിക പ്രവൃത്തിയുടെ പേരില്‍ അത്യധികം ശ്രദ്ധയും പ്രശംസയും ഏറ്റുവാങ്ങി എന്നതിനാലാണ്. ഒരു ഭരണസംവിധാനം ആകെത്തന്നെ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. ഒന്ന്, സര്‍ക്കാരിന്റെ അംഗീകാരത്തോട് ആര്‍ത്തിയുള്ള ഭൂരിപക്ഷ മാധ്യമങ്ങള്‍ ഞാനൊരു മുസ്ലിം ആണെന്നത് ഉയര്‍ത്തിക്കാട്ടി, ഞാനൊരു തീവ്രവാദിയും കള്ളനുമാണ് എന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. രണ്ടാമത്, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വാദം ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം ഞാന്‍ എങ്ങനെ ഇരയാക്കപ്പെട്ടു എന്നതിനെ പറ്റിയായിരുന്നു. ഈ രണ്ട് നിലപാടുകളും 2017 ഓഗസ്റ്റ് 10,11 തീയ്യതികളില്‍ ഉണ്ടായ ദുരന്തത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് മാത്രം കാരണമായി. വെളിച്ചം കാണുമായിരുന്ന അഴിമതിയില്‍നിന്നും അനാസ്ഥയില്‍നിന്നും അങ്ങനെ ജനശ്രദ്ധ തിരിക്കപ്പെട്ടു. ചാര്‍ജ്ഷീറ്റില്‍ രക്ഷിതാക്കളുടെയെല്ലാം പ്രസ്താവനകള്‍ ഒരുപോലെയായിരുന്നു. ഓക്‌സിജന്‍ ലഭ്യത നിലച്ചതല്ല മരണകാരണം, അവരുടെ ആരോഗ്യപ്രശ്‌നങ്ങളാണ്’ എന്ന്.

ബി.ആര്‍.ഡി ഓക്‌സിജന്‍ ട്രാജഡി കേസില്‍ ഗൂഢാലോചനയും അഴിമതിയും ഉള്‍പ്പെടെ വിവിധ ചാര്‍ജുകള്‍ ചുമത്തി യുപി സര്‍ക്കാര്‍ ജയിലിലടച്ചവരില്‍ ആദ്യം ജാമ്യം ലഭിച്ചത് പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരിക്ക് ആണ്. സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഇത് കഫീല്‍ ഖാനും ധൈര്യം നല്‍കി. മെയ് 2018ല്‍ ഡോ.കഫീല്‍ ജയില്‍മോചിതനായി. 2018 ജൂണില്‍ സഹോദരന്‍ കാഷിഫ് ജമീലിന് ഗൊരഖ്പൂര്‍ ക്ഷേത്രത്തിനടുത്തുവെച്ച് വെടിയേറ്റു, മുഖ്യമന്ത്രി ക്ഷേത്രസന്ദര്‍ശനത്തിലായിരുന്ന സമയമായിരുന്നു അത്. അന്ന് മാധ്യമങ്ങളോട് തന്റെ കുടുംബത്തെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ഉമ്മ നുസ്സത് പര്‍വീണ്‍ പറഞ്ഞതും കഫീല്‍ ഓര്‍ക്കുന്നു.

‘നിഗൂഢരോഗം’

ജയില്‍ മോചിതനായ ഡോ.കഫീലിനെ യു.പി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു, നിഗൂഢ രോഗം എന്ന പേരില്‍ യു.പി ബഹ്‌റൈച് ജില്ലാ ആശുപത്രി മറച്ചുവെക്കാന്‍ ശ്രമിച്ച എഴുപതോളം ശിശുമരണങ്ങള്‍ എന്‍സിഫലൈറ്റിസ് കാരണമാണെന്ന് ഡോക്റ്ററുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കണ്ടെത്തി. അനുമതിയോടുകൂടി നടത്തിയ സന്ദര്‍ശനത്തെ, ‘അതിക്രമിച്ചു കടന്നതാണ്’ എന്നാരോപിച്ചാണ് ഡോ.കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. അദീല്‍ ഖാന്‍, കാഷിഫ് എന്നീ സഹോദരങ്ങളും കഫീല്‍ ഖാനോടൊപ്പം നിരന്തരം വേട്ടയാടപ്പെട്ടു.

ജയിലിനകത്തും ആദ്യതടവിന് ശേഷം രണ്ടാമത്തെ അറസ്റ്റ് വരെയുള്ള ഇടവേളയിലും, പൗരത്വ ഭേദഗതി നിമത്തിനെതിരെയുള്ള സമര കാലത്ത് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് അറസ്റ്റിലായി ജയില്‍മോചിതനായ ശേഷവും ഡോ.കഫീല്‍ തുടര്‍ന്നത് ഒരു ഡോക്ടറുടെ ജീവിതം തന്നെയാണ്. 2018ല്‍ ജയില്‍ മോചിതനായ ശേഷം നടത്തിയ മെഡിക്കല്‍ ക്യാംപുകള്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ പ്രദേശങ്ങളില്‍ ആയിരുന്നു.  

2018 നവംബറില്‍ ജയില്‍മോചിതനായ ശേഷം 2019 ഫെബ്രുവരിയില്‍ ‘ഹെല്‍ത് ഫോര്‍ ഓള്‍’ എന്ന പ്രൊജക്റ്റിന് ഡോ.കഫീല്‍ ഖാൻ തുടക്കമിട്ടു. 2019ല്‍ ബിഹാര്‍ മുസാഫര്‍പൂരിലെ എന്‍സിഫലൈറ്റിസ് ഔട്ട്‌ബ്രേക്കിനിടെ മെഡിക്കല്‍ ക്യാംപ് നടത്താന്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കൊളേജില്‍ പോയപ്പോള്‍ കണ്ടത് ബി.ആര്‍.ഡി മെഡിക്കല്‍ കൊളേജിന് സമാനമായ സാഹചര്യങ്ങളാണെന്ന് ഡോക്റ്റര്‍ രേഖപ്പെടുത്തുന്നു.

”നൂറിലേറെ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഉണ്ടായിരുന്നത് രണ്ട് ജൂനിയര്‍ ഡോക്റ്റര്‍മാരും നാല് നഴ്‌സുമാരുമാണ്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തിയ നിരവധി കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു. സ്വകാര്യ ആശുപത്രികള്‍ വളരെ കുറവും ചെലവേറിയതും ആയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ താറുമാറായിരുന്നു. ഔദ്യോഗിക പരിശീലനം പോലും ലഭിച്ചിട്ടില്ലാത്ത ഡോക്റ്റര്‍മാര്‍ 78% വരുന്ന ജനസംഖ്യയുടെ ആരോഗ്യമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പകുതിയിലേറെ കുഞ്ഞുങ്ങള്‍ പോഷകാഹാരം ലഭിക്കാത്തവരായിരും വളര്‍ച്ച മുരടിച്ചവരും പെണ്‍കുഞ്ഞുങ്ങളും വിളര്‍ച്ച ബാധിച്ചവരും ആയിരുന്നു. ശുദ്ധ ജലലഭ്യത ഇല്ലായ്മ, ചൂടേറിയ അന്തരീക്ഷം, ടോയ്‌ലറ്റുകള്‍ ഇല്ലാത്ത അവസ്ഥ, വാക്‌സിനേഷന്‍ ലഭ്യതക്കുറവ്, തുടങ്ങിയവയെല്ലാം അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം വൈറസ് പടരുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ്, ഡോ.കഫീല്‍ രേഖപ്പെടുത്തുന്നു.

കേസിലെ മറ്റ് എട്ട് കുറ്റാരോപിതരും പദവികളിലേക്ക് തിരിച്ചെത്തിയെങ്കിലും ആറ് വസ്തുതാന്വേഷണ സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും 2021 നവംബറില്‍ ഡോ.കഫീല്‍ ടെര്‍മിനേറ്റ് ചെയ്യപ്പെട്ടു.

തുടര്‍ജീവിതത്തിലേക്ക് ലിക്വിഡ് ഓക്‌സിജന്‍ ഏറ്റവും വിലയേറിയ മത്സര ടിക്കറ്റ് ആണെന്ന് കോവിഡ് ഡെല്‍റ്റാ വാരിയന്റിന്റെ അതിവേഗ വ്യാപന സമയത്ത് ഇന്ത്യയ്ക്ക് അനുഭവിക്കേണ്ടിവന്നത് പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ‘അതി തീവ്രമായ വേദന ഞാന്‍ ആ സമയങ്ങളില്‍ അനുഭവിച്ചു’ ഡോക്റ്റര്‍ എഴുതി.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ക്ഷാമം നേരിട്ടത്, ഉള്‍നാടുകളിലെയും പിന്നോക്കാവസ്ഥയിലുള്ള ജില്ലകളിലെയും രാഷ്ട്രീയ നേതാക്കളും ജന പ്രതിനിധികളും സാമൂഹ്യമാധ്യമങ്ങളിലൂടെ വെന്റിലേറ്റര്‍ സൗകര്യത്തിനും ഓക്‌സിജന്‍ സിലിണ്ടറിനുമായി കോളുകള്‍ ചെയ്ത് തുടങ്ങിയത് ഈ അടുത്താണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെ മധ്യവര്‍ഗം ഒരുപരിധി വരെ പിടിച്ചുനിന്നപ്പോഴും വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിനെല്ലാം പുറത്തുനിര്‍ത്തപ്പെട്ട സമയം. ഇന്ത്യയിലെ ഒരു വലിയ വിഭാഗം പൗരൻമാർ, സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളുണ്ടാക്കിയ ഇത്തരം പ്രതിസന്ധികള്‍ക്ക് മുന്നില്‍ വലിയ വില കൊടുക്കേണ്ടിവന്നത് കോവിഡ് കടുത്തതോടുകൂടിയാണ്.
ഈ സാഹചര്യത്തില്‍ ഡോ.കഫീല്‍ ഖാനും ഡോ.ഹര്‍ജിത് സിങ് ഭാട്ടിയും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും പ്രവര്‍ത്തിച്ചത് ഗ്രാമീണ ഇന്ത്യയിലാണ്. പുസ്തകത്തിലുടനീളം ചര്‍ച്ച ചെയ്യുന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആരോഗ്യ പ്രതിസന്ധി തന്നെയാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.