അബ്ദുല്ല കോട്ടപ്പള്ളി
ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ മനയിൽ പൃഥ്വിരാജ് എടുത്തണിയുന്നു. ഇന്ത്യയിലെ ദളിത്, മുസ്ലിം, മറ്റു പാർശ്വ വൽകൃത സമൂഹങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ അനേകം ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പറയാൻ ശ്രമിക്കുന്നു എന്നതാണ് ജന ഗണ മന യെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന ഘടകം.
കേന്ദ്ര സർവകലാശാലയിൽ ജാതി പീഡനം കാരണം ദിവ്യ എന്ന ദളിത് ഗവേഷക ആത്മഹത്യയിലേക്ക് എത്തിപ്പെടുന്നത്, ദിവ്യയുടെ സ്ഥാപനവൽകൃത കൊലപാതകം പുറത്തറിയിക്കാനും നീതി തേടാനും ശ്രമിച്ചതിനെ തുടർന്ന് പ്രൊഫെസ്സർ ശബ മറിയം എന്ന മുസ്‌ലിം സ്ത്രീ കൊല്ലപ്പെടുന്നത്, ശബ മറിയതിന്റെ കൊലപാതകത്തിൽ ആരോപിതരായ അരികവൽകരിക്കപ്പെട്ട സമുദായ പശ്ചാത്തലമുള്ള നാല് ചെറുപ്പക്കാരെ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുന്നത് എന്നീ മൂന്ന് പ്രധാന സംഭവങ്ങളുടെ പശ്ചാത്തലത്തികൂടെയാണ് സിനിമ കടന്നുപോകുന്നത്. 2019 ൽ തെലുങ്കാനയിൽ കോളിളക്കം സൃഷ്‌ടിച്ച ഹൈദരാബാദിലെ ഷംഷാബാദിൽ വെച്ചു നടന്ന, ദിശ എന്ന വെറ്റിനറി ഡോക്ടറുടെ ബലാത്സംഗവും കൊലയും അതിനെ തുടർന്ന് പൊതുബോധം തൃപ്‌തിപെടുത്താൻ ആരോപണ വിധേയരായ നാല് യുവാക്കളെ കെ. സി. ആർ സർക്കാരിന് കീഴിലുള്ള പോലീസ് വെടിവെച്ചു കൊന്നതുമായ സംഭവമാണ് സിനിമയുടെ പ്രധാന റഫറൻസ്. ഏറ്റു മുട്ടൽ കൊലക്ക് നേതൃത്വം കൊടുത്ത ACP സജജൻ കുമാറിന്റെ വേഷം സുരാജ് വെഞ്ഞാറമൂട് അതെ പേരിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ കൊല്ലപ്പെട്ട പെൺകുട്ടി സിനിമയിൽ റെഡ്‌ഡി സമുദായ അംഗമായ ഡോക്ടർക്ക് പകരം കേന്ദ്ര സർവകലാശാലയിലെ പ്രൊഫെസ്സർ ആയ മുസ്ലിം സ്ത്രീയായാണ് കാണിക്കുന്നത്. ഈയൊരു കഥപശ്ചാത്തലം ഉപയോഗപ്പെടുത്തി കൊണ്ട് ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ ദളിത് മുസ്‌ലിം സമുദായങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജാതീയതയും ഇസ്ലാമോഫോബിയയും സ്‌ക്രീനിൽ കൊണ്ട് വരൻ സിനിമക്ക് കഴിയുന്നുണ്ട്. രോഹിത് വെമുലയും ഫാത്തിമ ലത്തീഫും മറ്റനേകം വിദ്യാർത്ഥികളും അനുഭവിച്ച വേദനകളും ആകുലതകളും പ്രേക്ഷകന്റെ മനസ്സിലേക്ക് സ്‌ക്രീനിലൂടെ വീണ്ടും വന്നെത്തുന്നു . ഇന്ത്യയിലെ ഉന്നത കലാലയങ്ങൾ അഗ്രഹാരങ്ങളാണെന്നും അവിടെ സംഭവിക്കുന്ന തുടർച്ചയായ ആത്മഹത്യകൾ ജാതി വെറി കാരണം ഉണ്ടാകുന്ന കുരുതികളാണെന്നും സിനിമ ഒരു മറയും കൂടാതെ പറയാൻ ധൈര്യം കാണിക്കുന്നു. പൊതു ബോധത്തിന്റെ രക്തദാഹം തീർക്കാൻ സ്റ്റേറ്റ് നടത്തുന്ന കൊലകളെയും സിനിമ കണക്കിന് കൊട്ടുന്നു. എന്ത് കൊണ്ട് അരികുവത്കരിക്കപ്പെട്ട സമുദായങ്ങളിൽ പെടുന്നവർ മാത്രം എൻകൗണ്ടർ ചെയ്യപ്പെടുന്നു എന്ന സുപ്രധാന ചോദ്യം സിനിമ പ്രേക്ഷകന് മുന്നിൽ വെക്കുന്നു.

എന്നാൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെ ഇടയിൽ നിന്ന് ഇതിനെതിരായി ഉയർന്നു വരുന്ന അവരുടെ തന്നെ കർതൃത്വത്തിലുള്ള പോരാട്ടങ്ങളും മുന്നേറ്റങ്ങളും സിനിമ കാര്യമായി കാണിക്കാൻ ശ്രമിക്കുന്നില്ല . രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നുണ്ടായ മുന്നേറ്റത്തിന്റെയും പൗരത്വ നിയമ വിരുദ്ധ സമരത്തിന്റെയും ആനുകാലിക അനുഭവങ്ങൾ മുന്നിൽ ഉണ്ടായിരിക്കെ തന്നെയാണിത് .
പകരം , എങ്ങോ നിന്ന് പെട്ടെന്ന് കെട്ടിയിറക്കുന്ന ഗാന്ധിയൻ വകീലിന്റെ കോടതി പ്രഭാഷണങ്ങളിലാണ് അടിച്ചമർത്തപ്പെട്ടവന്റെ രാഷ്ട്രീയത്തെയും പ്രതിരോധത്തെയും സിനിമ കണ്ടെത്തുന്നത് . രാഷ്ട്രീയമായ ഈ ഏച്ചുകെട്ടൽ സിനിമയുടെ തന്നെ ഏച്ചു കെട്ടലായി പരിണമിക്കുന്നത് കാണാം . സജ്ജൻ കുമാറിന്റെ പശ്ചാത്താപവും അഡ്വക്കേറ്റ് അരവിന്ദിന്റെ രക്ഷകസ്ഥാനവും സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് സിനിമയിൽ ഏറ്റവും മുഴച്ചു നിൽക്കുന്ന ഭാഗങ്ങൾ. ജൈവികമായ പ്രതിരോധരാഷ്ട്രീയങ്ങളെ ഉൾകൊള്ളാൻ കഴിയാത്തതിനാൽ തന്നെ സിനിമയ്ക്കും അതിന്റെ ജൈവികത ചോർന്നു പോകുന്നതായി പ്രേക്ഷകന് പലപ്പോഴും അനുഭവപ്പെടുന്നു . മഹാരാജാസിലെ മാഷിന്റെ ആട്ടുകൊണ്ട് സംഭവിക്കുന്ന എന്തോ ആയി മാത്രം സമരങ്ങളെ കാണിക്കേണ്ടി വരുന്ന പരിതസ്ഥിതിയിൽ സിനിമ ഇതിനാൽ തന്നെ എത്തിപ്പെടുന്നു. അടിച്ചമർത്തപ്പെട്ടവന് അവന്റെ അതിജീവന പാഠങ്ങൾ അകലെ നിന്ന് ആരോ പറഞ്ഞു കൊടുക്കുന്ന പോലെ പ്രിത്വിരാജിന്റെ കോടതിയിലെ ഡയലോകുകൾ ബോറടിപ്പിക്കുന്നു . മറ്റൊരു തരത്തിൽ പറഞ്ഞാൽ ,സിനിമ അടിച്ചമർത്തപ്പെടുന്നവന്റെ പ്രതിസന്ധികൾ ഉൾകൊള്ളുന്നിടത്ത് മികച്ചു നിൽക്കുകയും അവർക്ക് രക്ഷകർ അവതരിപ്പിക്കുന്നിടങ്ങളിൽ പാളി പോകുകയും ചെയ്യുന്നു . എന്തിരുന്നാലും വർത്തമാന ഇന്ത്യയിൽ ഇത്തരം ഒരു സിനിമ തന്നെ വലിയ രാഷ്ട്രീയ പ്രതിരോധവും പ്രഖ്യാപനവും ആയി മാറുന്നു .തീർച്ചയായും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ അഭിനന്ദനം അർഹിക്കുന്നു.

നീണ്ട കോടതിമുറി സംഭാഷണങ്ങൾ ബോറടിപ്പിക്കാതിരിക്കാൻ ഇടക്കിടെ സീനുകൾ വന്നെങ്കിലും, ഒരു പരിധിവരെ ആ ബോറടി മാറ്റിയത് ജെയിക്‌സ് ബിജോയ് നൽകിയ സംഗീതമാണ്. സിനിമക്ക് താളം നൽകുന്നതിൽ സംഗീതം വലിയ പങ്കുവഹിക്കുന്നുണ്ട്. സമര രംഗങ്ങൾ കാണിക്കുമ്പോൾ പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കാനും, വൈകാരിക നിമിഷങ്ങൾ കാണിക്കുമ്പോൾ സങ്കടം കൊണ്ടുവരാനും ഒരു പരിധിവരെ സംഗീതത്തിന് സാധിക്കുന്നു. സുദീപിന്റെ ഛായാഗ്രഹണവും ശ്രീജിത്തിന്റെ ചിത്രസംയോജനവും മികച്ച നിലവാരം പുലർത്തുകയും ചെയ്തു.
( ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി ഇന്ത്യ അറബ് കൾച്ചറൽ സെന്ററിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)
Join us | http://bit.ly/JoinFactSheets3