ടോക്കിയോയിലെ സന്തോഷവും ദൽഹിയിലെ നിലവിളിയും

ബദ്രി റെയ്ന
August 09, 2021
dalit lives matter

 

ഞാൻ ഇതെഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ആ ദുരന്തത്തിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ നിലവിളിയും കരച്ചിലും എന്റെ കാതുകളിൽ മുഴങ്ങികേൾക്കുന്നുണ്ട്.

സുവർണ്ണ നേട്ടങ്ങളോടെ ടോക്കിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയതിൻ്റെ സന്തോഷത്തിലും, ദൽഹിയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയും കുടുംബവും നമ്മുടെ വേദനയായി നിലകൊള്ളുന്നു. 100 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒളിമ്പിക്സിൽ സ്വർണമെഡൽ ലഭിച്ചതാണ് ഈ ഒളിമ്പിക്സിൻ്റെ പ്രത്യേകത. ടോക്കിയോയിലെ നമ്മുടെ കായികതാരങ്ങൾ  മികച്ച പ്രകടങ്ങൾ കാഴ്ച്ചവെക്കുമ്പോൾ തന്നെയാണ് മറ്റൊരു ഭാഗത്ത് ഡൽഹിയിലെ ശ്മശാനത്തിൽ ഒൻപത് വയസുള്ള ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശരീരം കത്തിച്ച വാർത്ത പുറത്ത് വന്നത്. 

ഒളിമ്പിക്സ് താരങ്ങളുടെ പ്രകടനങ്ങളെ  പ്രധാനമന്ത്രി പ്രശംസിക്കുമ്പോൾ തന്നെ ഡൽഹിയിലെ ദളിത് പെൺകുട്ടിയുടെ കൊലപാതത്തെ കുറിച്ച് ഇതുവരെ പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ഇതിൻ്റെ പ്രധാന കാരണം ജാതി വിവേചനമാണെന്ന് വിമർശനമുയരുന്നു. 

പുരോഗമന വാദികളാണന്ന് നാം വീമ്പിളക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ തന്നെയാണ് ഇത്തരം ജാതി വിവേചനങ്ങൾ ഇവിടെ നടമാടുന്നത്. എത്ര ഭീകരമാണ് ഈ അവസ്ഥ. ഡൽഹിയിൽ പെൺകുട്ടിക്ക് നേരെ നടന്ന അക്രമണത്തിൽ നടപടി എടുക്കുന്നതിനുപകരം അതിനെ ന്യായീകരിക്കാനാണ് നമ്മുടെ സർക്കാർ ശ്രമിക്കുന്നത്. "മോദി സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം  വെച്ച് നടത്തിയ ഒരു നാടകമാണിതെന്നാണ്" പ്രതിപക്ഷത്തെ, പ്രത്യേകിച്ച്  കോൺഗ്രസിനെ കുറ്റപ്പെടുത്തി കൊണ്ട് ബി.ജെ.പി വക്താക്കൾ പറയുന്നത്. ബിജെപിയുടെ തന്നെ  ദേശീയ വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷ, മരിച്ച പെൺകുട്ടിയുടെ ജാതി സ്വത്വം പരാമർശിച്ചാണ് വിമർശനങ്ങളെ പ്രതിരോധിച്ചത്. എന്തൊരു അധ:പതനമാണ് നമ്മുടെ രാജ്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം ജാതി അധിക്ഷേപങ്ങൾ ഇവിടെ ഒറ്റപെട്ട സംഭവമേയല്ല.

ഇന്ത്യൻ വനിതാ ഹോക്കി താരങ്ങൾക്കും സംഭവിച്ചത് ഇത് തന്നെയാണ്. വന്ദന കത്താരിയയുടെ കുടുംബത്തിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപം ഇതിന്റ മറ്റൊരു ഉദാഹരമാണ്. വന്ദന കട്ടാരിയയുടെ കുടുംബം ഒളിമ്പിക്‌സിൽ അവളുടെ പ്രകടനം ആഘോഷിക്കുമ്പോൾ പടക്കം പൊട്ടിച്ചു കൊണ്ട് ജാതീയ മുദ്രാവാക്യം വിളിച്ച് ആളുകൾ ഇവരെ അധിക്ഷേപ്പിക്കുകയാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ മുഖം വികൃതമാക്കിയ കുറ്റകൃത്യമാണ് ജാതിവാദികൾ എന്നും ചെയ്തിട്ടുള്ളത്. ദളിത് കളിക്കാര്‍ കൂടുതലുള്ളതു കൊണ്ടാണ് ഇന്ത്യന്‍ ടീം തോറ്റതെന്ന് വന്ദനയുടെ വീട്ടിലെത്തി ചിലർ അധിക്ഷേപിച്ചിരിക്കുന്നു. ഒളിമ്പിക്സ് ഹോക്കി സെമിയില്‍ അര്‍ജന്റീനയോട് തോറ്റതിനു പിന്നാലെയായിരുന്നു ഈ ജാതി അധിക്ഷേപം. ടൂര്‍ണമെന്റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളാണ് വന്ദന കത്താരി. ഒളിംപിക്‌സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതകൂടിയാണ് അവർ. എന്നിട്ടും ഒരു തോൽവിയുടെ പേരിൽ ജാതി അധിക്ഷേപം നേരിടേണ്ടി വരുന്നു എന്നത് ഇന്ത്യയുടെ സാമൂഹികാവസ്ഥയിലും രാഷ്ട്രീയ മേഖലകളിലും എത്രത്തോളം ജാതീയത നിഴലിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. 

ദൽഹിയിലെ കുറ്റകൃത്യത്തിൽ പ്രതിയായ വ്യക്തി ഈ ശ്മശാനത്തിലെ തന്നെ താമസക്കാരനായ പുരോഹിതനാണ്. അദ്ദേഹത്തിനെതിരെയും കുറ്റാരോപിതരായ പങ്കാളികൾക്കെതിരെയും പോക്‌സോ നിയമപ്രകാരവും സെക്ഷൻ 302 (കൊലപാതകം), 376 (ബലാത്സംഗം) തുടങ്ങിയ വകുപ്പുകൾ പ്രകാരവും കേസുകൾ ചുമത്തിയിട്ടുണ്ടങ്കിലും ഇത് വരെ നടപടിയൊന്നും എടുത്തിട്ടില്ല. മരിച്ച പെൺകുട്ടിയുടെ അമ്മ കണ്ണീരോടെ പ്രതിഷേധിച്ചതിന് ശേഷമാണ്, എസ്.സി/എസ്.ടി കമ്മീഷനു മുമ്പിൽ വിഷയം എത്തിയത്. എന്നിരുന്നാലും, രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും കുടുംബത്തിന്റ  നഷ്ടത്തിൽ പങ്കുചേർന്ന്, അവരെ സന്ദർശിക്കുന്നത് ആശാവഹമാണ്. 

ഒരു 'ഉയർന്ന' ജാതിക്കാരൻ ഒരു ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യില്ലെന്ന് ആർക്കാണ് പറയാൻ കഴിയുക. ഒരു ഉയർന്ന ജാതിക്കാരൻ ഒരു ദളിത്  പെൺകുട്ടിയെ എന്തെങ്കിലും ചെയ്താൽ അത് ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല. കാരണം അവൾ താഴന്ന ജാതിയാണ്. 

ഇന്ത്യയിൽ മാത്രമല്ല ലോകത്തും ജാതിയുടെ പേരിൽ നിരവധി സംഭവ വികാസങ്ങളാണ് നടക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോർജ് ഫ്ലോയിഡ്. അമേരിക്കയിലെ തടവുകാരിൽ ഭൂരിഭാഗവും കറുത്തവരും ലാറ്റിൻ പൗരന്മാരുമാണന്നാണ് കണക്കുകൾ പറയുന്നത്.  അമേരിക്കയിൽ ഇത് കറുത്ത വർഗക്കാരാണെങ്കിൽ ഇന്ത്യയിൽ അവർ ദളിതരോ, ആദിവാസികളോ, മുസ്ലീങ്ങളോ ആണെന്നതിൽ അതിശയിക്കാനില്ല. ഞാൻ ഇത് എഴുതുമ്പോൾ, ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെ കണ്ണുകൾ ഞാൻ കാണുന്നു. അവളുടെ ഭയങ്കരമായ ഒരു അവസ്ഥയിൽ ഞാൻ അസ്വസ്ഥനാണ്. അവളുടെ ഭയാനകമായ വിധിയിൽ നിന്ന് രക്ഷപ്പെടാൻ അവൾ നടത്തിയ ആക്രോശവും അഭ്യർത്ഥനയും എന്റെ കാതുകളിൽ ഞാൻ മുഴങ്ങികേൾക്കുന്നുണ്ട്.

ബദ്രി റെയ്ന