യു.എ.പി.എ കശ്മീരിലെ പെൺജീവിതങ്ങൾ തകർക്കുന്ന വിധം

ആമിർ അലി ഭട്ട്
August 20, 2021

കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്.  2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്.

കശ്മീറിലെ യു.എ.പി.യെ കേസുകളുടെ വർധനവിനെക്കുറിച്ച് ആമിർ അലി ഭട്ട് എഴുതിയ ലേഖനം.

കശ്മീരിൽ ഒരു പത്രപ്രവർത്തകയാവുക ഒട്ടും എളുപ്പമല്ലെന്ന് സാജിദാ യൂസുഫിന് അറിയാമായിരുന്നു. എന്നിട്ടും ഇരുപത്തിമൂന്നുകാരിയായ സാജിദ 2019-ൽ കശ്മീർ സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. തുടർന്ന് പ്രാദേശിക വാർത്താ ഏജൻസിയായ കശ്മീർ ന്യൂസ് ഒബ്സർവറിൽ റിപ്പോർട്ടറായി ജോലിയാരംഭിച്ചു. 'അങ്ങനെ എൻ്റെ അഭിനിവേശത്തെത്തന്നെ ഞാൻ  തൊഴിലാക്കി മാറ്റി' ശ്രീനഗറിലെ റസ്റ്റോറൻ്റിലിരുന്ന് കോഫി കുടിച്ചുകൊണ്ട് അവൾ പറഞ്ഞു. 

അതിനുമുമ്പ് റൈസിങ്ങ് കാശ്മീർ എന്ന  ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരുടെ, സ്ത്രീകൾ, കുട്ടികൾ, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ തുടങ്ങിയവരുടെ ശബ്ദം പുറത്തെത്തിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരുന്നത്. 

അതിനിടെ 2020 ഏപ്രിലിലാണ് അവളുടെ രണ്ട് മാധ്യമ സുഹൃത്തുക്കൾ മസ്രത് സഹ്‌റയും ഗൗഹർ ഗീലാനിയും  യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഒരു വനിതാ ഫോട്ടോജേണലിസ്റ്റായ മസ്രത് സഹ്റ താൻ മുമ്പ് ചെയ്ത ചില വർക്കുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും മുതിർന്ന പത്രപ്രവർത്തകനായ ഗൗഹർ ഗീലാനി തന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തതായിരുന്നു ചെയ്ത തെറ്റ്!  "ഭീകരതയെ മഹത്വവൽക്കരിക്കുന്നു" എന്നും "ദേശവിരുദ്ധ പ്രവർത്തനങ്ങൾ" നടത്തുന്നു എന്നുമാണ്  പോലീസ് ഇരുവർക്കുമെതിരെ ചുമത്തിയ കുറ്റം. 

"മാധ്യമ പ്രവർത്തനം പഠിക്കുന്നത്  കശ്മീരിൽ ഇത്ര ബുദ്ധിമുട്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഏതെങ്കിലും സെൻസിറ്റീവായ ഒരു വിഷയം ചെയ്യാൻ ആലോചിക്കുമ്പോഴെല്ലാം യു.എ.പി.എ. എന്റെ മനസ്സിനെ മഥിക്കും. ഈ കാടൻ നിയമത്തിന്റെ പട്ടികയിൽ അടുത്തത് ആരാണെന്ന് നിങ്ങൾക്കറിയില്ല, യു.എ.പി.എ ഞങ്ങളുടെ വായിൽ ചുറ്റപ്പെട്ട ഒരു അദൃശ്യ ടേപ്പാണ്" ഒരു അഭിമുഖത്തിൽ സാജിദാ യൂസഫ് പറയുന്നുണ്ട്.

ഒരു കുറ്റവും ചുമത്താതെ ഒരാളെ 180 ദിവസം വരെ തടവിലാക്കാൻ യു.എ.പി.എ സംസ്ഥാനത്തിന് അധികാരം നൽകുന്നുണ്ട്. അതും ആ വ്യക്തിയെ കോടതിയിൽ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യാതെ.1967ൽ പ്രാബല്യത്തിൽ വന്ന ഈ നിയമം പ്രാഥമികമായി ഭീകരതയെ ചെറുക്കുന്നതിനും അറിയപ്പെടുന്ന ഭീകര സംഘടനകളെ നിരോധിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ നേത്യത്വത്തിലുള്ള ഹിന്ദുത്വ ഗവൺമെൻ്റ് 2019 ഓഗസ്റ്റിൽ കശ്മീരിന്റെ പരിമിതമായ സ്വയംഭരണം ഏകപക്ഷീയമായി റദ്ദാക്കുന്നതിന് ഏതാനും ദിവസം മുമ്പ്, ഈ നിയമം പരിഷ്കരിക്കുകയും, ഒരു വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കാൻ സംസ്ഥാനത്തിന് അധികാരം നൽകുകയും ചെയ്തു. പുതുക്കിയ നിയമം വളരെ കടുത്തതും അവ്യക്തവുമാണ്, നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും മുൻ പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും അതിലെ കടുത്ത വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിക്കുകയും നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് തറപ്പിച്ച് പറയുകയുണ്ടായി.

2019 മുതൽ കേസുകളിലെ വർധനവ്

കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ യു.എ.പി.എ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ബി.ജെ.പി ജമ്മുകാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്.  ആളുകളിൽ കൂടുതൽ പ്രഛന്നമായ പ്രത്യാഘാതങ്ങൾ ഇത് ഉണ്ടാക്കുന്നുവെന്നും അതിന്റെ ഭയം അവരെ കൂടുതൽ അനുരൂപരാക്കുന്നുവെന്നും വിമർശനങ്ങൾ ഉയരുകയുണ്ടായി.

ഈ നിയമത്തിന്റെ വ്യാപകമായ ഉപയോഗം വിയോജിക്കുന്നവരെ നിഷ്ക്രിയരാകാനും, സോഷ്യൽ മീഡിയാ ഉപയോക്താക്കളെ നിശബ്ദകാഴ്ചക്കാരാക്കി മാറ്റാനും സമ്മർദ്ദം ചെലുത്തുന്നു. കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ കമന്റേറ്ററും റിട്ടയേർഡ് പ്രൊഫസറുമായ നൂർ മുഹമ്മദ് ബാബ പറയുന്നത്, "ഇത്തരം നിയമങ്ങൾ ഉപയോഗിച്ച് കാശ്മീരിലെ ഭരണകൂടം, നീതിക്ക് വേണ്ടി സംസാരിക്കുന്ന എല്ലാവരെയും  കീഴടക്കിയിരിക്കുന്നു. കൂടാതെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞശേഷം ഭരണകക്ഷികൾ സൃഷ്ടിച്ച അന്തരീക്ഷം അങ്ങേയറ്റം അടിച്ചമർത്തലും പ്രതികാര മനോഭാവവും സൃഷ്ടിക്കുന്നതാണ്. സാധാരണ ജുഡീഷ്യറി നിയമങ്ങളിൽ ഇത്  കാണാൻ സാധിക്കാത്തതുകൊണ്ട്, സാധാരണക്കാർക്ക് യു.എ.പി.എയ്‌ക്കെതിരെ കോടതിയെ സമീപിക്കാൻ പോലും കഴിയില്ല" ബാബ പറയുന്നു.

വാസ്തവത്തിൽ, 2019 മുതൽ യു‌.എ‌.പി‌.എ കേസുകളിലുണ്ടായിട്ടുള്ള വൻവർധനവ് അതിന്റെ വ്യാപകമായ ഉപയോഗത്തെക്കുറിച്ചും കടുത്ത പ്രത്യാഘാതത്തെക്കുറിച്ചും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടനുസരിച്ച്, 2019 മുതൽ യു.എ.പി.എ പ്രകാരം കശ്മീരിൽ 2364 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇതിൽ പകുതിയോളം പേർ ഇപ്പോഴും ജയിലിലാണ്. കൂടാതെ 2010 മുതൽ 2018 വരെയുള്ള നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) സമാഹരിച്ച ഡാറ്റ വെളിപ്പെടുത്തുന്നത് മണിപ്പൂരിനും അസമിനുമൊപ്പം, കശ്മീരിലും ഏറ്റവും കൂടുതൽ UAPA കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നുവെന്നാണ്. 2014ലെ 45 കേസുകൾ, 2018 ആയപ്പോൾ  245 ആയി ഉയർന്നു. 

യു.എ.പി.എ പ്രകാരം കേസെടുത്തതിന് ശേഷം മിക്ക പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷിച്ചത് കുറച്ച് പേരെ മാത്രമാണെന്നത് ആശ്വാസകരമാണ്. യു.എ.പി.എ കേസുകൾ കൈകാര്യം ചെയ്യുന്ന ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഭിഭാഷകൻ ഹബീൽ ഇഖ്ബാൽ പറയുന്നത് ശ്രദ്ധിക്കുക; "കാശ്മീരിലെ ജനങ്ങളെ പൂർണമായും നിയന്ത്രിക്കാനും കീഴ്പ്പെടുത്താനും ന്യൂഡൽഹി പ്രയോഗിച്ച തന്ത്രങ്ങളിലൊന്നാണ് യു.എ.പി.എ. കശ്മീരിലെ ജനങ്ങളെ നിശബ്ദരാക്കാൻ മാത്രമല്ല ഈ നിയമം ഉപയോഗിച്ചത്. അതിന്റെ വ്യാപകമായ ഉപയോഗം ജനങ്ങൾക്കുള്ള ശിക്ഷയായി മാറിയിരിക്കുകയാണ്". 

യു.എ.പി.എ ലക്ഷ്യമിടുന്ന സ്ത്രീകൾ

മൂന്ന് വർഷത്തിലേറെ പ്രവർത്തി പരിചയമുള്ള യുവ പത്രപ്രവർത്തക ഖുറത്തുൽഐൻ റഹ്ബർ പറയുന്നത് "യു.എ.പി.എയോടുള്ള ഭയം ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനെ പേടിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി കശ്മീരിൽ സൂക്ഷ്മപരിശോധന വർധിച്ചുവെന്നും ഭരണകൂടം യു.എ.പി.എ പോലുള്ള നിയമങ്ങൾ അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങൾ മറയ്ക്കാനും ജനാഭിലാഷങ്ങൾ തകർക്കാനുമുള്ള ഉപകരണമായി ഉപയോഗിച്ചു എന്നാണ്. അത്തരം കടുത്ത നിയമങ്ങൾ ഞങ്ങളെ മാനസികമായി തകർക്കുന്നു, അത് നിങ്ങളുടെ ജോലിയെവരെ ബാധിക്കുന്നു. പക്ഷേ, ഞാൻ ഒരിക്കലും കീഴടങ്ങുകയില്ല." അവർ പറയുന്നു 

പതിനൊന്ന് മാസത്തിലധികം ജയിലിൽ കഴിഞ്ഞതിന് ശേഷം മെയ് പതിനൊന്നിനാണ്  നസീമ ബാനുവിനെ മെഡിക്കൽ ജാമ്യത്തിൽ വിട്ടയച്ചത്.ഏറെ ദുർബലയായ അമ്പത്തേഴുകാരി നസീമയെ 2020 ജൂൺ 20 ന് ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ വീട്ടിൽ നിന്ന്  യു.എ.പി.എ പ്രകാരമാണ്  അറസ്റ്റ് ചെയ്യുന്നത്. രണ്ട് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും കാശ്മീരിലെ ഒരു തീവവാദ സംഘടനക്ക്  പിന്തുണ നൽകുകയും ചെയ്തുവെന്ന കേസിലാണ്  പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അവളുടെ കുടുംബം ഇത്  നിഷേധിക്കുകയാണ് ചെയ്യുന്നത്.

banoo Kashmir

ബാനുവിൻ്റെ 24കാരനായ മകൻ തൗസീഫ് അഹ്മദ് ഷെയ്ഖ്, 2014-ൽ തീവ്രവാദ സംഘത്തിൽ ചേരുകയും 2018ൽ അർധസൈനികരുമായുള്ള  ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒരു റൈഫിൾ കൈവശം വച്ച് മകന്റെ കൂടെ ബാനു ഇരിക്കുന്ന ഒരു ഫോട്ടോ 2017ൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. UAPA പ്രകാരം അറസ്റ്റ്  ചെയ്യാൻ കാരണം ആ  ഫോട്ടോയാണെന്നാണ് കുടുംബം പറയുന്നത്. "എന്തുകൊണ്ടാണ് ഇത്രയും കാലം ഞാൻ തടവിലാക്കപ്പെട്ടതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല". ഗവൺമെൻ്റിനെ പ്രകോപിപ്പിക്കാൻ കാരണം ആ ഫോട്ടോ ആണെങ്കിൽ, ആയിരക്കണക്കിന് അമ്മമാർ ജയിലിലാകും,  പുത്രന്മാർക്കൊപ്പം ഫോട്ടോ എടുക്കുന്നത് കാശ്മീരിൽ സാധാരണമായിരുന്നു". ബാനു പറയുന്നു. "ജയിൽ എനിക്ക് ഒരു പരിചരണവും ലഭിച്ചില്ല. പ്രമേഹ-ബി.പി രോഗിയായ ബാനോ പറയുന്നു. ജയിലിൽ എന്റെ അവസ്ഥ വളരെ മോശമാമായിരുന്നു. എന്റെ കാഴ്ചശക്തി കുറയുകയും ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം പല്ലുകൾ കൊഴിഞ്ഞു വീഴാനും തുടങ്ങിയിരുന്നു. എന്നെ ജയിലിൽ അടച്ചതിൽ ഞാൻ മാത്രമല്ല, എന്റെ കുടുംബം മുഴുവൻ വിഷമത്തിലായിരുന്നു," ബാനു കൂട്ടിച്ചേർത്തു.

യു.എ.പി.എ സാമൂഹിക ശിക്ഷയാണ്

അഭിഭാഷകനായ ഇക്ബാൽ യു.എ.പി.എയെക്കുറിച്ച് പറയുന്നത്;  "UAPA ഒരു സാമൂഹിക ശിക്ഷയാണ്. ഇരയല്ല ഇവിടെ കഷ്ടപ്പെടുന്നത്, അവന്റെ/അവളുടെ മുഴുവൻ കുടുംബവും ഇതിന്റ ദുരിതങ്ങൾ അനുഭവിക്കുന്നു" എന്നാണ്. അതേ ജില്ലയിൽ, സൈമ ജാൻ എന്ന ഇരുപതുകാരിയായ ഒരു പോലീസുദ്യോഗസ്ഥയെ 2021 ഏപ്രിൽ 14-ന്കോർഡൺ ആന്റ് സെർച്ച് ഓപ്പറേഷൻ (CASO) സമയത്ത് നടത്തിയ പ്രക്ഷോഭത്തിന്റെ പേരിൽ യു.എ.പി.എ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതരായ മാതാപിതാക്കളുടെ ഏക മകളും ഏക ആശ്രയവുമായ ജാൻ "തീവ്രവാദത്തെ മഹത്വവൽക്കരിച്ചെന്നും സർക്കാർ ഉദ്യോഗസ്ഥരെ  തടഞ്ഞുവെച്ചെന്നുമുള്ള കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ശേഷം, ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ അവരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, ജൂലൈ 16ന് ജാനിനെ ജാമ്യത്തിൽ വിടുകയായിരുന്നു.

കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാറിന് വർധിച്ചുവരുന്ന യു.എ.പി.എ കേസുകളെക്കുറിച്ചുള്ള ഒരു ചോദ്യാവലി ചില മാധ്യമപ്രവർത്തകർ ഇമെയിൽ വഴി അയച്ചിരുന്നങ്കിലും ഒരു പ്രതികരണവും അദ്ദേഹത്തിൽ നിന്ന് ലഭിച്ചിട്ടില്ല.

കശ്മീരിലെ ഈ നിയമങ്ങൾ കാരണം നിരന്തരമായ മാനസിക സംഘർഷത്തിലാണ് ഓരോ ആളും ജീവിക്കുന്നത്. കശ്മീർ സംഘർഷത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച രാഷ്ട്രീയ വിശകലന വിദഗ്ധനും കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ നിയമ പഠന സ്കൂളിന്റെ ഡീനും മുൻ ഡിപ്പാർട്ട്മെൻറ് മേധാവിയുമായ ശൈഖ് ഷൗകത്ത് ഹുസൈൻ പറയുന്നത്,, "UAPA പോലുള്ള നിയമങ്ങൾ എല്ലായിപ്പോഴും അധികാരത്തിലിരുന്നവർ ഉപയോഗിക്കാറുണ്ട്. എന്നാൽ വിയോജിക്കുന്നവരെ നിശബ്ദരാക്കാൻ, ഞങ്ങൾ സമ്മതിക്കില്ല.അത്തരം നിയമങ്ങൾ കാരണം എല്ലാവരും ബുദ്ധിമുട്ടിലാണ്”.

ആമിർ അലി ഭട്ട് ദ വയറിൽ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര വിവർത്തനം

ആമിർ അലി ഭട്ട്