പേരുകൾ പുറത്തു വിടാൻ പേടിക്കുന്നത് എന്തിന്?

ഗൗരവ് വിവേക് ഭട്നാകർ
August 18, 2021

34 പേരെയാണ് യു.എ.പി.എ പ്രകാരം 2020ൽ ദൽഹിയിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.മുസ്ലിം വിവേചനത്തിലധിഷ്ടിതമായ സി.എ.എക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 26 മുസ്ലിംകളും 21സിഖുകാരും ഒരു എസ്. ടി വിഭാഗത്തിൽപ്പെട്ടയാളും ഉൾപ്പെടുന്നവരാണ് ഇതുസംബന്ധിച്ച ലിസ്റ്റിലുള്ളത്. എന്നിട്ടും അവരുടെ പേരുകൾ പുറത്ത് വിടാൻ ആഭ്യന്തര മന്ത്രാലയം തയാറാകാത്തത് എന്തുകൊണ്ടാണ്?

കഴിഞ്ഞ ഒരു വർഷത്തിനിടെ ദൽഹി പോലീസ് യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണവും, അതേ കാലയളവിൽ  യു.എ.പി.എ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ പേരുവിവരങ്ങളും നൽകാൻ തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭാ എം.പി മലാ റോയ് കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയത്തോട്  ആവശ്യപ്പെട്ടിരുന്നു. ഭാഗികമായ ഉത്തരമാണ് ബന്ധപ്പെട്ട മന്ത്രി ഇതിനു നൽകിയത്. "2020ൽ യു.എ.പി.എ പ്രകാരം ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്യുകയും മുപ്പത്തിനാല് പേരെ ദൽഹിയിൽ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് വലിയതോതിൽ പൊതുതാൽപര്യമുള്ളതായി തോന്നുന്നില്ല.  മാത്രമല്ല, ഇത് കേസിനെ ബാധിക്കാൻ സാധ്യതയുമുണ്ട്" എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഇതിന് മറുപടി നൽകിയത്. 

വളരെ വിചിത്രമായ ന്യായീകരണമാണ് നിത്യനന്ദ റായ് നിരത്തിയത്. കാരണം, യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരുടേയും കുറ്റപത്രം സമർപ്പിക്കപ്പെട്ടവരുടേയും പേരുകൾ പൊതുജനങ്ങളുടെ മുമ്പിൽ നിലവിലുണ്ടായിരിക്കെ അവരുടെ പേരുകൾ പരാമർശിക്കുന്നത് എങ്ങനെയാണ് കേസുകളെ ബാധിക്കുക? ഭീകരവിരുദ്ധ നിയമമനുസരിച്ച് രാജ്യ തലസ്ഥാനത്ത് പിടികൂടപ്പെട്ട എല്ലാവരും മതന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരായത് സർക്കാറിന് അപകീർത്തികരമാകുമെന്ന് ഭയപ്പെടുന്നതല്ലാതെ മറ്റെന്താണിതിന് കാരണം? എന്നാൽ, ഇതു സംബന്ധിച്ച പത്രവാർത്തകളും കോടതി രേഖകളും ശേഖരിച്ച് പരിശോധിച്ച്, യു.എ.പി.എ കേസിൽ അകപ്പെട്ടിട്ടുള്ള 50 പേരുടെ ലിസ്റ്റ് 'ദ വയർ' തയാറാക്കിയിട്ടുണ്ട്. ഇവരിൽ 34 പേർ അറസ്റ്റിലാവുകയും, ഇതുവരെ അറസ്റ്റ് ചെയ്യാത്ത 16 പേർക്ക് ചാർജ് ഷീറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. മുസ്ലിം വിവേചനത്തിലധിഷ്ടിതമായ സി.എ.എക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 26 മുസ്ലിംകളും 21 സിഖുകാരും ഒരു എസ്. ടി വിഭാഗത്തിൽപ്പെട്ടയാളും ഉൾപ്പെടുന്നവരാണ് അറസ്റ്റിലായതെന്ന് ഈ ലിസ്റ്റിൽ നിന്ന് മനസ്സിലാകുന്നു.

പാർലമെൻ്റ് നിയമം പറയുന്നത്

യു.എ.പി.എ ഒരു ഭീകര നിയമമാണെന്നും ന്യൂനപക്ഷ സമുദായാംഗങ്ങൾ, ദലിത്, ആദിവാസി വിഭാഗങ്ങൾ എന്നിവർക്കെതിരെ സർക്കാർ ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും പൗരാവകാശ സംഘടനകൾ വിമർശനം ഉന്നയിക്കുന്ന സന്ദർഭത്തിലാണ് കേന്ദ്ര സർക്കാർ ഇവരുടെ  പേരുകൾ വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത്. പ്രതികളുടെ പേരുവിവരം നൽകാൻ മന്ത്രി വിസമ്മതിക്കുന്നത്, പൂർണ്ണമായൊരു മറുപടി ലഭിക്കാനുള്ള പാർലമെൻ്റ് അംഗത്തിൻ്റെ അവകാശം ലംഘിക്കലാണ്.

ലോക്സഭയിലെ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി ഇതു സംബന്ധിച്ച് പറയുന്നത് കാണുക; "ഒരു ചോദ്യത്തിന് പൂർണ്ണവും കൃത്യവുമായി ഉത്തരം നൽകേണ്ടതുണ്ട്. അംഗത്തിൻ്റെ പദവി പരിഗണിച്ച് മന്ത്രി അവർക്ക് ശരിയായ മറുപടി നൽകിയില്ലെങ്കിൽ ലോക്സഭാ ചട്ടങ്ങളനുസരിച്ച് സ്പീക്കർക്ക് നടപടികൾ കൈക്കൊള്ളാം. ചോദ്യത്തിന് നൽകിയ ഉത്തരം തെറ്റാണെന്നോ, വിവരങ്ങൾ നൽകിയിട്ടില്ലെന്നോ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ, ശരിയും പൂർണവുമായ നൽകണമെന്ന് മന്ത്രിയോട് സ്പീക്കർ ആവശ്യപ്പെടണം. മാത്രമല്ല, ശരിയാകട്ടെ, തെറ്റാകട്ടെ ചോദ്യത്തിന്  ഉത്തരം ലഭിച്ചിട്ടില്ലെന്ന് ചോദ്യകർത്താവിന് തോന്നുന്നുവെങ്കിൽ, മറുപടിക്കെതിരെ അരമണിക്കൂർ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്  നൽകാം. 

ചോദ്യകർത്താവിന് സംശയം ചോദിക്കാൻ അവകാശം നൽകുന്ന നിയമപ്രകാരമാണ് ഈ ചർച്ച. മറുപടി ലഭിക്കാത്ത വിഷയത്തിൽ  മന്ത്രിയെ ചോദ്യം ചെയ്യാനും അംഗത്തിന് അവകാശമുണ്ട്"-അദ്ദേഹം വിശദീകരിച്ചു. "കേസിനെ ബാധിക്കുമെന്നതിനാൽ പേര് വെളിപ്പെടുത്താനാകില്ല എന്ന് പറയുന്നത് ശരിയല്ല. പ്രതിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്നത് തടയുന്ന നിയമമൊന്നും ഇതുവരെ നിർമിച്ചിട്ടുമില്ല' എന്ന് അഡ്വ. സരിം നാവേദ് ദി വയറിനോട് പറയുകയുണ്ടായി.

കലാപക്കേസുകളിൽ യു.എ.പി.എ 

2020 ഫെബ്രുവരിയിൽ ദൽഹിയിൽ നടന്ന വർഗീയ അക്രമവുമായി ബന്ധപ്പെട്ട മിക്ക കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായ കോടതി രേഖകളിൽ കാണാവുന്നതുമാണ്.

"കുറ്റപത്രം ഒരു പൊതുരേഖയാണ്. എന്നാൽ, സാക്ഷികളുടെ സ്വത്വം സംരക്ഷിക്കാൻ വേണ്ടി, ചാർജ് ഷീറ്റിൻ്റെ ഭാഗങ്ങൾ സംശോധന ചെയ്യാൻ പ്രോസിക്യൂഷന് അവകാശമുണ്ട് എന്നതാണ് യു.എ.പി.എ കേസുകളുടെ പ്രത്യേകത. അതിനാൽ ഇത്തരം കുറ്റപത്രങ്ങളിൽ രഹസ്യങ്ങൾ ഒന്നും തന്നെയില്ല" അഡ്വ. നവേദ് പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കു നേരെ അക്രമം നടത്താൻ പ്രേരിപ്പിച്ചതിന് ബി. ജെ. പി. നേതാവ് കപിൽമിശ്രയ്‌ക്കെതിരെ, സെക്ഷൻ 153 ഐപിസി, സെക്ഷൻ 125 ഐ.പി.എ എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദൽഹി കോടതിയിൽ പരാതി സമർപ്പിച്ച അഡ്വ. നവേദ് സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദറിൻ്റെ അഭിഭാഷകനായിരുന്നു. എന്നാൽ, 2020ൽ ദൽഹിയിലുണ്ടായ യു.എ.പി.എ കേസുകളിൽ അധികവും ദൽഹി കലാപവുമായി ബന്ധപ്പെട്ടതാണെന്ന്, ദൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ റജിസ്റ്റർ ചെയ്ത അമ്പത്തിയൊമ്പതാം നമ്പർ എഫ്.ഐ.ആറിൽ നിന്ന് മനസ്സിലാകുന്നു.

"തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലാണ് യു.എ.പി.എ ചുമത്തപ്പെടുന്നത്. യു.എ.പി.എയിലെ വ്യവസ്ഥകളും തീവ്രവാദ ആരോപണങ്ങളും കേസിന്റെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്ന്, പൗരത്വ നിയമതിനെതിരെ സമരം നടത്തിയ ദേവാങ്കനാ കലിത, നതാശ നർവാൾ, ആസിഫ് തൻഹ എന്നിവർക്ക് ജാമ്യം നൽകുമ്പോൾ ദൽഹി ഹൈകോടതി  നിരീക്ഷിക്കുകയുണ്ടായി" നവേദ് പറയുന്നു.

ദൽഹി കലാപത്തിലെ ഹിന്ദുത്വ കലാപകാരികൾക്കെതിരെ യു.എ.പി.എ ചുമത്താത്തതിനെക്കുറച്ചും അദ്ദേഹം പറയുന്നുണ്ട്. “സെലക്റ്റീവായ രീതിയിലാണ് മിക്കപ്പോഴും യു‌.എ‌.പി‌.എ ഉപയോഗിക്കുന്നത്.എല്ലാ അക്രമ കേസുകളും യു.എ.പി.എയുടെ പരിധിയിൽ വരുന്നതല്ല. പൊതുജനങ്ങളെ ഭയപ്പെടുത്തുക, രാജ്യത്തിനെതിരെ എന്തങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളപ്പോൾ മാത്രമാണ് യു.എ.പി.എ ബാധകമാക്കുന്നത്"- അദ്ദേഹം കൂട്ടി ചേർക്കുന്നു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ജൂലൈയിൽ, അഭിഭാഷകരും പൗരാവകാശ പ്രവർത്തകരും യു.എ.പി.എക്കെതിരെ ഒരു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ഗൗതം ഭാട്ടിയ ഈ നിയമം "ഭരണഘടക്ക് അതീതമായത്" ആണെന്ന്  അന്ന് പറയുകയുണ്ടായി. പ്രതിഷേധത്തിൽ പങ്കെടുത്ത പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സിന്റെ ഗൗതം നവ്‌ലഖ പറഞ്ഞത് UAPA ക്കെതിരെ ഒരു പ്രസ്ഥാനം തന്നെ ആവശ്യമാണ് എന്നായിരുന്നു.

പൗരാവകാശ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ് ദലിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ യു.എ.പി.എ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ വിശദമായ വിവരണം അതേ പരിപാടിയിൽ നൽകിയിരുന്നു. എന്നാൽ ഭരദ്വാജും നവ്‌ലഖയും ഒടുവിൽ ഈ കാടൻ നിയമപ്രകാരം അറസ്റ്റിലാകുകയിരുന്നു 

2020ൽ ദൽഹിയിൽ യു.എ.പി.എ പ്രകാരം നടത്തിയ അറസ്റ്റുകളുടെ കണക്ക് പരിശോധിച്ചാൽ, ഭരദ്വാജ് പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെടും. ഈ കേസുകളിൽ പ്രതികളായ ഭൂരിഭാഗം പേരും ന്യൂനപക്ഷങ്ങളോ, ദലിതരോ, ആദിവാസികളോ ആണ്. അതിൻ്റെ വിശദാംശങ്ങളാണ് ഇനി വിശകലനം ചെയ്യാനുള്ളത്.

ഗൗരവ് വിവേക് ഭട്നാകർ

 

ഡെപ്യൂട്ടി എഡിറ്റർ - The Wire