പ്രിയങ്ക് ഖാർഗെ, ഗോ സംരക്ഷകരെ ജയിലിലടയ്ക്കാൻ പൊലീസിന് നിർദേശം നൽകുന്നുവെന്ന രീതിയിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗോവധം പ്രോത്സാഹിപ്പിക്കുന്ന പ്രിയങ്ക് ഖാർഗെയുടെ ഈ ഉത്തരവ് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും, ഹിന്ദു വിരുദ്ധമാണെന്നും കാണിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്.
വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി യുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് എഴുതിയതിങ്ങനെ:
“ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 48 പ്രകാരം, മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്, പ്രത്യേകിച്ചും പൊതുസ്ഥലത്തു വെച്ച് കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പ്രിയങ്ക് ഖാർഗെ തന്റെ അധികാരം ദുർവിനിയോഗം ചെയ്തുകൊണ്ട് ഗോഹത്യ പ്രോത്സാഹിപ്പിക്കുകയും അതിനെ എതിർക്കുന്നവരെ അറസ്റ്റ് ചെയ്യാനും പോലീസിൽ സമ്മർദ്ദം ചെലുത്തുകയുമാണ് ചെയ്യുന്നത്.”

ബി.ജെ.പി ആന്ധ്രാപ്രദേശ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വർധൻ റെഡ്ഡിയും (@SVishnuReddy) വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വസ്തുത:
വൈറലായ വീഡിയോയിൽ കന്നഡ ന്യൂസ് ചാനലായ ‘ന്യൂസ് ഫസ്റ്റി’ന്റെ വാട്ടർമാർക്ക് ഉള്ളതായി കാണാം. ‘ന്യൂസ് ഫസ്റ്റി’ന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ വീഡിയോയുടെ പൂർണ്ണരൂപം കണ്ടെത്താനായി.
വീഡിയോയിൽ മന്ത്രി തന്റെ ഉത്തരവിനെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. എന്നാൽ, ഈ വിശദീകരണങ്ങൾ ഒഴിവാക്കി തെറ്റിദ്ധാരണജനകമായ രീതിയിൽ വീഡിയോയുടെ ഒരു ഭാഗം മാത്രമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
കൂടാതെ, പ്രചരിക്കുന്ന വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ കീവേഡ് സെർച്ചിൽ, ജൂൺ 21ന് ‘വാർത്ത ഭാരതി’ എന്ന കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർട്ട് കണ്ടെത്താനായി. റിപ്പോർട്ട് പ്രകാരം, മൃഗങ്ങളെ കശാപ്പു ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ പ്രധാനമായും മൂന്ന് നീക്കങ്ങളാണ് ഖാർഗെ നടത്തിയിട്ടുള്ളത്:
- സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
- വർഗീയ സംഘർഷം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിച്ചു.
- ‘ഗോ രക്ഷകർ’ (പശു സംരക്ഷകർ) എന്ന് അവകാശപ്പെട്ട് അക്രമങ്ങൾ നടത്താൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആഹ്വാനം ചെയ്തു.
‘വാർത്താ ഭാരതി’യുടെ യൂട്യൂബ് ചാനലിൽ, “വർഗീയ വിഷം വിതയ്ക്കുന്നവരെ നിയന്ത്രിക്കണം: പ്രിയങ്ക് ഖാർഗെ” എന്ന തലക്കെട്ടോടെ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ പൂർണ്ണ രൂപം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ പ്രിയങ്ക് ഖാർഗെ ബക്രീദിനെ പറ്റി സംസാരിക്കുകയും പോലീസിന് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്:
“ബക്രീദ് വരുകയാണ്.. എല്ലാ PSI മാരും DSP മാരും ദയവായി ശ്രദ്ധിക്കൂ; പശുസംരക്ഷണം നടത്തുന്നവർ, ഞങ്ങൾ ‘ഈ ദള്ളിൽ നിന്നാണ്, ആ ദള്ളിൽ നിന്നാണ്’ എന്നൊക്കെ അവകാശപ്പെടുന്നവർ… കർഷകരുടെ കഷ്ടപ്പാടുകളൊന്നും അവർക്കറിയില്ല.. അത്തരക്കാർ നിയമം കൈയിലെടുക്കുകയാണെങ്കിൽ, അവരെ പിടിച്ചു കൊണ്ട് വന്ന് ജയിലിൽ അടയ്ക്കുക. നിയമം വളരെ വ്യക്തമാണ്. നഗര പരിധിക്കുള്ളിലോ, ഗ്രാമപ്രദേശങ്ങളിലോ ആകട്ടെ, അനുമതിയും രേഖകളും ഉണ്ടെങ്കിൽ, കന്നുകാലികളെ കൊണ്ടു പോകൽ അനുവദനീയമാണ്. നിങ്ങളുടെ ജോലി അവരെ ഏൽപിച്ചിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ ഇരിക്കുമോ? കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇത്തരം പീഡനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ തവണ ഗുൽബർഗയിൽ, കർഷകരുടെ വീടുകളിൽ നിന്ന് ഇവർ മൃഗങ്ങളെ കടത്തിക്കൊണ്ടുപോയി.
നിയമം അനുസരിച്ച് പ്രവർത്തിക്കുക. ആരെങ്കിലും നിയമം കൈയിലെടുക്കുകയാണെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുക. ആരെങ്കിലും മൃഗങ്ങളെ അനധികൃതമായി കടത്തുന്നുണ്ടെങ്കിൽ അവരെയും ജയിലിൽ അടയ്ക്കുക. എന്നാൽ, എല്ലാ അനുമതികളും ലഭിച്ചിട്ടും ആരെങ്കിലും ശല്യം ചെയ്താൽ, അവരെ ചോദ്യം ചെയ്യാൻ കഴിയണം.”
തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക് ഖാർഗെ രംഗത്ത് വന്നിരുന്നു:
“പ്രിയ @BJP4Karnataka, പാർട്ടിയുടെ ട്വിറ്റർ ഹാൻഡിൽ കൈകാര്യം ചെയ്യുന്ന നിങ്ങളുടെ ഏജൻസിയെ പുറത്താക്കേണ്ട സമയമായിട്ടുണ്ട്. അവർക്ക് ഭരണഘടന മനസ്സിലാവില്ലെന്നത് പോകട്ടെ, ഇപ്പോൾ കന്നഡയും മനസ്സിലാകുന്നില്ല. പശു സംരക്ഷണം നിയമപരമാണെന്നും നിയമം ലംഘിക്കുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നുമാണോ ബി.ജെ.പി നിർദ്ദേശിക്കുന്നത്?”, ഖാർഗെ ട്വിറ്ററിൽ എഴുതി.
പ്രിയങ്ക് ഖാർഗെ ഗോവധം പ്രോത്സാഹിപ്പിച്ചുവെന്ന ബി.ജെ.പി കർണാടകയുടെയും, നേതാക്കളുടെയും വാദം തെറ്റാണെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഗോസംരക്ഷണം എന്ന പേരിൽ ആരും നിയമം കൈയിലെടുക്കുകയും വർഗീയ സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസിനോട് നിർദേശിക്കുക മാത്രമാണ് ഖാർഗെ ചെയ്തത്