ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ സഹായിക്കുന്ന തരത്തിൽ വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളും, തീവ്ര ദേശീയതയും പ്രചരിപ്പിക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാധ്യമമാണ് സിനിമ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി തീർക്കാൻ സംഘപരിവാറിന് കഴിഞ്ഞിട്ടുമുണ്ട്.
2021 -2023 കാലയളവിൽ മാത്രം ആദിപുരുഷ്, കാശ്മീർ ഫയൽസ്, കേരള സ്റ്റോറി, സാമ്രാട്ട് പൃഥ്വിരാജ്, രാം സേതു, കോഡ് നെയിം: തിരംഗ, ബ്രഹ്മാസ്ത്ര ഭാഗം ഒന്ന്: ശിവ തുടങ്ങി പ്രത്യക്ഷമായി സംഘപരിവാർ രാഷ്ട്രീയം പറയുന്ന 20 ഓളം ചിത്രങ്ങൾ ബോളിവുഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. സ്വതന്ത്ര വീർ സവർക്കർ, യോദ്ധ, ഡോ.ഹെഡ്‌ഗേവാർ തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മുസ്‌ലിം അപരവത്കരണം, ഹിന്ദു ഇരവാദം, തീവ്ര ദേശീയത തുടങ്ങിയവ ഇന്ത്യൻ ചിത്രങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രതിഭാസമാണെന്നിരിക്കെ പുതിയ കാലത്തെ ഹിന്ദുത്വ ചിത്രങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ പരിശോധിക്കുന്നു.
സിനിമയും രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. അതാത് കാലഘട്ടത്തിലെ രാഷ്ട്രീയ ചലനങ്ങളെ അടയാളപ്പെടുത്താനും പ്രതിഫലിപ്പിക്കാനും സിനിമകൾക്ക് എല്ലാ കാലത്തും സാധിച്ചിട്ടുണ്ട്. പ്രത്യക്ഷമായി തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എല്ലാ ഹീനമായ ഘടങ്ങളെയും ഉൾക്കൊള്ളിച്ച, അതിനെ ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ ‘കാശ്മീർ ഫയൽസ്’. ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളെയെല്ലാം ഹിന്ദുക്കൾക്കെതിരെയും രാജ്യത്തിനെതിരെയും ഉയരുന്ന വിമർശനങ്ങൾ എന്ന രീതിയിലാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചത്. ചിത്രത്തിലെ വസ്തുത വിരുദ്ധമായ ഘടങ്ങൾ ചൂണ്ടി കാണിച്ചപ്പോൾ, “തിരക്കഥക്ക് വേണ്ടുന്ന നിർണായക വിവരങ്ങൾ നൽകിയ ഗവേഷകനായ”, സൗരബ് പാണ്ഡെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “ഹിന്ദുക്കളുടെ കഷ്ടപ്പാടുകൾ കാണിക്കുക. മറ്റൊന്നും പ്രധാനമായി കണക്കാക്കേണ്ടതില്ല എന്നതായിരുന്നു എന്റെ ആശയം.”
സാങ്കേതിക ഘടകങ്ങൾ പരിശോധിച്ചാൽ, വളരെ മോശം രീതിയിൽ ചിത്രീകരിച്ച സിനിമ ആയിരുന്നിട്ടും വലിയ രീതിയിൽ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹം കാശ്മീർ ഫയൽസ് ഏറ്റെടുത്തു. തീയേറ്ററുകളിൽ കലാപഹ്വനങ്ങളുണ്ടായി. കാശ്മീരി മുസ്ലിംകൾക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അക്രമണങ്ങൾ നടന്നു. അങ്ങനെ സിനിമയും, രാഷ്ട്രീയവും, സങ്കല്പികവും യാഥാർഥ്യവുമെല്ലാം ഒരുമിച്ചുചേർക്കപെട്ടു. സിനിമ കാണണമെന്ന് രാഷ്ട്രീയ നേതാക്കൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.

കാശ്മീർ ഫയൽസിന് ശേഷം വന്ന കേരള സ്റ്റോറി, ആദിപുരുഷ് തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തിലാണ് ഏറ്റെടുക്കപ്പെട്ടത്.
സിനിമയും പ്രേക്ഷകരും തമ്മിലുള്ള ബന്ധത്തിലും, ആസ്വാദന രീതിയിലുമെല്ലാം ഇത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സിനിമയെന്ന മാധ്യമം പുനർനിർമ്മിക്കപെട്ടുവെന്നതാണ് ഇതിലൂടെ സംഭവിച്ചത്.
2023 മാർച്ച് 10 നാണ്, അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ഭീഡി’ന്റെ ട്രെയിലർ പുറത്തിറങ്ങിയത്. പൂർണ്ണമായും മോണോക്രോമിൽ തയ്യാറാക്കിയിട്ടുള്ള, 2020-ലെ കോവിഡ് ലോക്ക്ഡൗൺ സമയത്തുണ്ടായ അഥിതി തൊഴിലാളികളുടെ കൂട്ടപാലായനവും അതുണ്ടാക്കിയ പ്രതിസന്ധികളും ചർച്ച ചെയ്യുന്ന ചിത്രമാണിത്. ഈ പ്രതിസന്ധിയിലെ ജാതി, വർഗ സമവാക്യങ്ങളും, സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നിസ്സംഗതയും കൃത്യമായി തന്നെ ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. എന്നാൽ, ട്രെയിലർ പുറത്തിറങ്ങി മൂന്ന് ദിവസത്തിനകം അത് പിൻവലിക്കേണ്ടി വന്നു. “വിവാദപരമായ പരാമർശങ്ങൾ” എന്ന പേരിൽ സർക്കാരിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്‌ത്, മറ്റ് 13 ലധികം പരിഷ്‌ക്കരണങ്ങൾക്കും വെട്ടിച്ചുരുക്കലുകൾക്കും ഒടുവിലാണ് സിനിമക്ക് പ്രദർശനാനുമതി ലഭിച്ചത്. എന്നാൽ, അപ്പോഴേക്കും സിനിമയുടെ സത്ത നഷ്ടപ്പെട്ടിരുന്നു.
ഇത്തരത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ, ഏതെങ്കിലും രീതിയിൽ വിമർശിക്കുന്ന, സിനിമകൾക്ക് അനുമതി നിഷേധിക്കപെടുന്നതിലൂടെ അത്തരം സിനിമകൾ ഇല്ലാതാവുകയാണ്. പകരം സംഘപരിവാറിനെ പ്രീതിപെടുത്തുന്ന രീതിയിൽ സിനിമയെടുക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന വർഗീയാന്തരീക്ഷം അത്തരം സിനിമകൾക്ക് വിപണി മൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തന്റെ മുസ്‌ലിം സ്വത്വം കാരണം സംഘപരിവാറിന്റെ അക്രമണങ്ങൾക്ക് നിരന്തരം ഇരയായികൊണ്ടിരിക്കുന്ന ഷാരുഖ് ഖാന്റെ പഠാൻ എന്ന സിനിമക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ, കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയത് മുതൽ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന തീവ്ര ദേശീയതയും, മുസ്‌ലിം അപരവത്കരണവുമൊക്കെ തന്നെയാണ് പഠാൻ പറഞ്ഞു വെച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെ പ്രതിരോധിക്കുന്ന രീതിയിലുള്ള ഒരു ദേശീയതയെ കുറിച്ചുള്ള സങ്കൽപം പോലും അസാധ്യമായിരിക്കുന്നുവെന്ന് പഠാൻ വ്യക്തമാക്കുന്നുണ്ട്.
ജൂൺ 16ന് പുറത്തിറങ്ങിയ, രാമായണം പ്രമേയമായിട്ടുള്ള ആദിപുരുഷ് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും സംഭവ വികാസങ്ങളും, ഇന്ത്യൻ സിനിമ ഇന്നെത്തി നിൽക്കുന്ന പ്രശ്നകരമായ അവസ്ഥയെ വെളിപ്പെടുത്തുന്നുണ്ട്. സംഘപരിവാർ തങ്ങളുടെ യുഗപുരുഷന്മാരായി അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് രാമനും ഹനുമാനും. ‘ഹനുമാൻ ദേവൻ’ സിനിമ കാണാൻ വരുമെന്നും അതിനാൽ തിയറുകളിൽ ഒരു സീറ്റ് അദ്ദേഹത്തിന് ഒഴിച്ചിടണമെന്നും സിനിമയുടെ പ്രൊമോഷനിടെ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു. ഹനുമാന്റെ വിഗ്രഹവുമായി സിനിമ കാണാൻ വരുന്ന, ഒഴിച്ചിട്ട സീറ്റുകളിൽ വിഗ്രഹം വെച്ച് പ്രാർത്ഥിക്കുന്ന പ്രേക്ഷകരെയാണ് പിന്നീട് കണ്ടത്. തിയറ്ററുകൾ സംഘപരിവാറിന്റെ കലാപാഹ്വനമായ ജയ് ശ്രീ റാം വിളികളാൽ നിറഞ്ഞു.

സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം രാമന്റെ കഥാപാത്രത്തിലെ പൗരുഷത്തിന്റെ കുറവും ഹനുമാന്റെ ഡയലോഗുകളിലെ പ്രശ്നങ്ങളും മാത്രം അടയാളപ്പെടുത്തുമ്പോൾ ഇത്തരം നോക്കിക്കാണലിന് പിന്നിലെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടാതെ പോകുകയാണ്. മറ്റ് വിമർശനങ്ങളൊന്നും സാധ്യമല്ലാത്ത രീതിയിൽ സിനിമ സംഘപരിവാർ രാഷ്ട്രീയത്തിന് അടിമപ്പെട്ടിരിക്കുന്നു.
ഈ അവസ്ഥയെ മറിക്കടക്കണമെങ്കിൽ, നിലനിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥയോട് സന്ധി ചെയ്യാത്ത, കലാമൂല്യമുള്ള പുതിയ സിനിമകൾ ഉയർന്ന് വരണം. സിനിമ പുനർനിർമ്മിക്കപ്പെടണം. അതോടൊപ്പം പ്രേക്ഷകരും, സിനിമ ആസ്വാദനത്തിന്റെ രീതിയും ഉടച്ചുവാർക്കപ്പെടണം.