Skip to content Skip to sidebar Skip to footer

പെഗസ് പടർന്നത് അമ്പത് രാജ്യങ്ങളിൽ

50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.  ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്.

ലോകത്തെ ഒന്നാകെ കീഴ്പ്പെടുത്തിയ കൊറോണ വൈറസ് ബാധയുടെ ദുരിതം സഹിക്കാനാകാതെ പ്രയാസപ്പെടുമ്പോഴാണ്, മറ്റൊരു വൈറസ് വളരെ മുമ്പ് തന്നെ ലോകരാജ്യങ്ങൾക്കുമേൽ പിടിമുറിക്കിയ വാർത്ത പുറത്ത് വരുന്നത്. ഇത് ഒരു ഇലക്ട്രോണിക് വൈറസ്. പേര് പെഗസസ്. കൊറോണ വൈറസിന്റെ ഉത്ഭവം അവ്യക്തമാണെങ്കിൽ ഈ ചാര വൈറസ് വരുന്നത് ഇസ്രായേലിൽ നിന്നാണ്. ഫോണിലൂടെ നുഴഞ്ഞു കയറി ആരുടെയും സമ്മതമില്ലാതെ വിവരങ്ങൾ ചോർത്തി എടുക്കുന്ന ചാരനാണ് പെഗസസ്. ഇന്ത്യയിലെ അനേകം രാഷ്ട്രീയ, മാധ്യമ പ്രവർത്തകരുടെ ഫോണുകളിൽ പെഗസസ് കയറി. 

ഇന്ത്യയിൽ മാത്രമല്ല പെഗസിൻ്റെ വിളയാട്ടം. കൊറോണ വൈറസ് പോലെ തന്നെ പെഗസസും പെട്ടെന്നു തന്നെ ആഗോളതലത്തിൽ വാർത്തയായി. ദ ഗാർഡിയൻ, ലണ്ടൻ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ഇസ്രായേലി പത്രമായ ഹാരറ്റ്സ്, തുടങ്ങിയ പ്രമുഖ പത്രങ്ങൾ പെഗസസ് 50 രാജ്യങ്ങളിലായി അമ്പതിനായിരത്തോളം ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട് ചെയ്തു. News report on Pegasus

ഒരു മിസ്ഡ് കോൾ വഴിയോ മെസേജിലൂടെയോ ഫോണിൽ കടന്നു കയറി നിയന്ത്രണം ഏറ്റെടുക്കാൻ പെഗസസിന് കഴിയും. ഫോണിലേക്ക് വന്ന മിസ്ഡ് കോൾ പെഗസസ് ഡിലീറ്റ് ചെയ്യുന്നതോടെ ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോൺ മറ്റാരുടെയോ നിയന്ത്രണത്തിലാകും. ഫോൺ ഉപയോഗിച്ച് ചെയ്യുന്നതെന്തും സ്പൈവെയർ നിയന്ത്രിക്കുന്നവർക്ക് അറിയാനും ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. ഫോണിന്റെ ഉടമ ഒന്നും അറിയുന്നില്ല. മിസ്ഡ് കോൾ വഴി ഫോണിൽ പ്രോഗ്രാം നിക്ഷേപിക്കും. ഫോൺ എടുക്കണമെന്നില്ല. ഫോണിലെ മുഴുവൻ സംവിധാനങ്ങളും പെഗസസ് വരുതിയിലാക്കും. ഉടമ അറിയാതെ കാമറ ഓൺ ആക്കി ഫോട്ടോ എടുക്കാനും പോകുന്ന സ്ഥലങ്ങൾ ട്രാക്ക് ചെയ്യാനും കോൾ റെക്കോർഡ് ചെയ്യാനും സാധിക്കും. ചോർത്തലിന് ശേഷം പെഗസസ് നശിക്കുന്നതോടെ എല്ലാ തെളിവുകളും മാഞ്ഞുപോവുകയും ചെയ്യും. 

പെഗസസും പെഗസസ് പ്രോജക്റ്റും വേർതിരിച്ച് മനസിലാക്കണം. വില്ലൻ സോഫ്റ്റ്‌വെയറിന്റെ പേരാണ് പെഗസസ്. അതിനെ കണ്ടുപിടിക്കാനും ഒതുക്കാനും ആഗോള മാധ്യമ കൂട്ടായ്മ ചെയ്യുന്ന പ്രവർത്തിയാണ് പെഗസസ് പ്രോജക്റ്റ്. വാഷിംഗ്ടൻ പോസ്റ്റ്, ദ ഗാർഡിയൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ അടങ്ങിയ കൂട്ടായ്‌മയിൽ ഇന്ത്യയിൽ നിന്ന് ദ വയർ ഭാഗമായി. 2019 ൽ തന്നെ പെഗസസ് വാർത്തയായിരുന്നു. വാട്സാപ്പും കാനഡയിലെ സിറ്റിസൻസ് ലാബും മാധ്യമ പ്രവർത്തകർക്ക് ഇതിനെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. പത്ര പ്രവർത്തകരാണ് ഇതിന്റെ പ്രധാന ഇരകൾ. 2019 ഡിസംബറിൽ തന്നെ അൽ ജസീറ ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. അന്നു മുതൽ തന്നെ രാഷ്ട്രീയ നേതാക്കൾക്കും ആക്ടിവിസ്റ്റുകൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ ഇന്ത്യയിലടക്കം പെഗസസ് ചാരപ്രവർത്തി നടത്തുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ചാരപ്പണി നടന്നിട്ടില്ല എന്ന് പാർലമെന്റിൽ പറഞ്ഞ ഐ.ടി മന്ത്രിയുടെ ഫോണും ചോർന്നിട്ടുണ്ട് എന്ന് പിന്നീട് പുറത്തു വന്നു. 

ആർക്കാണ് ഇതിന്റെ ആവശ്യം? എന്ത് ഭീകര പ്രവർത്തനം തടയാനാണ് ഇവരുടെയൊക്കെ ഫോൺ ചോർത്തിയത്? 

ഇന്ത്യയിൽ ഇതിന്റെയൊക്കെ ഗുണഭോക്താക്കൾ ആരോക്കെയാണെന്ന് നോക്കിയാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും. ഇന്ത്യൻ എക്സ്പ്രസ് മുഖ പ്രസംഗത്തിൽ പറഞ്ഞതുപോലെ, ഈ ചാരപ്പണി മാധ്യമങ്ങൾ വാർത്ത ആകുന്നതല്ല നാണക്കേട്, മറിച്ച് ഭരണകൂടം ജനങ്ങളെ ഒളി നിരീക്ഷണം നടത്തുന്നു എന്നതാണ്. പത്രപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ ചോർത്തുന്നത് ഏതായാലും രാജ്യ രക്ഷക്ക് വേണ്ടിയല്ല. സർക്കാറിന്റെ പക്ഷം പിടിച്ച ഒരു ചീഫ് ജസ്റ്റിസിന് എതിരെ പീഢനാരോപണം നടത്തിയ സ്ത്രീക്ക് എതിരെയും ചാരപ്രവർത്തനം നടന്നു. 

Washington Post on Pegasus

സ്വയം ന്യായീകരിക്കാൻ സർക്കാർ പാർലമെന്റിൽ ഉന്നയിച്ച ഓരോ പോയിൻ്റും പരിശോധിച്ച് കള്ളങ്ങൾ കണ്ടെടുത്ത ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനും ചാരപ്രവർത്തിക്ക് പിന്നിൽ സർക്കാരിന്റെ കരങ്ങളാണ് എന്ന് നിരീക്ഷിക്കുന്നു.Internet Freedom Foundation

മറ്റൊരു സൂചന, സർക്കാർ പക്ഷ മധ്യമങ്ങൾ വാർത്തയെ കൈകാര്യം ചെയ്ത രീതിയാണ്. ധൈനിക് ജാഗരണം, ജന്മഭൂമി തുടങ്ങിയവ സർക്കാരിന്റെ ഭാഷ മുഖ്യ വിഷയമാക്കി മറ്റുള്ളവ ഒഴിവാക്കി.  റിപ്പബ്ലിക് ടി.വി ചാരപ്പണി വാർത്തയെ  പൊട്ടക്കളി എന്ന് വിളിച്ച് പരിഹസിച്ചു. 

എന്നാൽ സർക്കാരിന്റെ നയനിലപാടുകളെ വിമർശിക്കുന്നവരാണ് ചാരപ്പണിക്ക് ഇരയായത്. ഭരണകൂടത്തിന് വിധേയപ്പെട്ട മാധ്യമങ്ങൾക്ക് മാത്രം അസ്വസ്ഥതകൾ ഇല്ല. സീ ന്യൂസിന്റെ സുധീർ ചൗധരി എല്ലാം വെറും അത്യുക്തി എന്ന് പറഞ്ഞു തള്ളുന്നു. ആംനസ്റ്റി മലക്കം മറഞ്ഞു എന്ന് ജന്മഭൂമി ഒരു അടിസ്ഥാനവും ഇല്ലാതെ പറയുന്നു. 

നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ട് ഗുജറാത്ത് ഭരിച്ചിരുന്നപ്പോൾ അവിടെയും ചാരപ്പണി നടന്നിരുന്നു. ഇന്നത്തെ ദേശീയ പ്രതിപക്ഷം ചാരപ്പണിക്ക് ഇരയാകുന്നു എന്ന് മാത്രമല്ല, കർണാടകയിലെയും മധ്യപ്രദേശിലെയും ബി.ജെ.പി ഇതര സർക്കാരുകളെ വീഴ്ത്താനും പെഗസസ് ഉപയോഗിച്ചിരുന്നു. ഇത്തരം ലക്ഷണങ്ങൾ നോക്കിയാൽ ഇതിൽ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. സർക്കാർ വിരുദ്ധ പ്രക്ഷോഭരെയും പെഗസസ് നോട്ടമിട്ടു. അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ കാര്യങ്ങൾ തുറന്നു പറയണമെന്ന് ദ ഹിന്ദു പത്രം പ്രസ്താവിച്ചു. ഇസ്രായേലി കമ്പനി സർക്കാരുകൾക്ക് മാത്രം വിൽക്കുന്നതാണ് പെഗസസ്. മോദി സർക്കാർ ദുരൂഹത നീക്കണം.

the Hindu news on pegasus

ജേർണലിസ്റ്റുകളെ കുരുക്കുന്നത് ജോലി തടസ്സപ്പെടുത്തുന്നതിനും കെണിയിൽ കുടുക്കുന്നതിനുമാകാം. കസ്റ്റഡിയിൽ മരിച്ച സ്റ്റാൻ സ്വാമിയും ഹാകിംഗിന് ഇരയായിട്ടുള്ളതാണല്ലോ. ജേർണലിസ്റ്റ് സംഘടനകൾ ഇത്തരം ചാരപ്പണിയെ അപലപിക്കുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, മുംബൈ പ്രസ് ക്ലബ്, വനിതാ പ്രസ് കോർ തുടങ്ങിയവ അക്കൂട്ടത്തിൽ ഉണ്ട്. Twitter posts on Pegasus

ജനാധിപത്യ വിരുദ്ധമാണ് ഈ ചാരപ്പണി. 50 ഫോണുകളിലേക്ക് പെഗസസ് ചാര സോഫ്റ്റ് വെയർ അയക്കാൻ 56 കോടി രൂപ ചെലവാകും എന്നിരിക്കെ ആരാണ് നൂറുകണക്കിന് ചാര സൂത്രങ്ങൾ വാങ്ങാനുള്ള പണം ഇറക്കിയത്? വിവിധ രാജ്യങ്ങളിൽ പെഗസസ് കച്ചവടം ഉറപ്പിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലായി അതത് പ്രധാനമന്ത്രിമാർ ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.  ഹംഗറി, ഇന്ത്യ, റുവാണ്ട, അസർബൈജാൻ തുടങ്ങിയവയിൽ പെഗസസ് നയതന്ത്രത്തിന്റെ അടയാളങ്ങളുണ്ട്. NSO's Diplomacy

ഈ ഫാഷിസ്റ്റ് – നാസി നിരീക്ഷണവും ജനാധിപത്യ രാജ്യം എന്ന പേരിൽ നാഥനില്ലാത്ത നിഷേധ കുറിപ്പും പാർലമെന്റിൽ അവ്യക്തത നിറഞ്ഞ പ്രസ്താവനയുമാണ് മോദി സർക്കാറിന്റെ പ്രതികരണം. ഈ മൗനവും സ്വതന്ത്ര അന്വേഷണം ആവശ്യമില്ല എന്ന നിലപാടും കുറ്റസമ്മതമല്ലേ?

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.