Skip to content Skip to sidebar Skip to footer

“നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു..”

വെർണൻ ഗോൻസൽവസ്

പ്രിയപ്പെട്ട സ്റ്റാൻ,

നിങ്ങൾ പോയി എന്ന് അവർ പറഞ്ഞ ദിവസം കഴിഞ്ഞിട്ട് ഒരു വർഷം കടന്നു പോയിരിക്കുന്നു. പക്ഷേ, നിങ്ങൾ പോയതായി തോന്നുന്നില്ല. നിങ്ങളെപ്പോലുള്ളവർക്ക് അങ്ങനെ പോകാൻ കഴിയില്ല, കുറഞ്ഞത് എന്നിൽ നിന്ന്. നിങ്ങളുടെ കൂടെ പ്രവർത്തിച്ചവരിൽ നിന്ന് നിങ്ങൾക്ക് എളുപ്പം പോകാൻ സാധിക്കില്ല. യഥാർത്ഥത്തിൽ നിങ്ങൾ പോവുകയല്ല ചെയ്‌തത്‌, നിങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിങ്ങളെ പരിചയപ്പെട്ട ലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നെത്തിയിരിക്കുന്നു. ഇനിയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങൾ വന്നുകൊണ്ടിരിക്കും. കാരണം നിങ്ങൾക്ക് പോകാൻ കഴിയില്ല.

45 വർഷത്തിലേറെയായി നിങ്ങൾ എന്റെ കൂടെയുണ്ട്.1976ൽ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളത് പോലെ, നിങ്ങൾ സോഷ്യൽ അനാലിസിസിനെ കുറിച്ച് സംസാരിച്ച ആ അഞ്ച് ദിവസങ്ങൾ ഒരുപാട് കാലം എന്റെ മനസ്സിൽ തങ്ങി നിന്നു. അന്ന് ഞാനുണ്ടാക്കിയ കുറിപ്പുകളും നിങ്ങളുടെ ബാംഗ്ലൂർ സെന്റർ പുറത്തുവിട്ട ലഘുലേഖകളും വർഷങ്ങളോളം ഞാൻ സൂക്ഷിച്ചു. പിന്നീട് എന്റെ പഠനവും വായനയും വികസിച്ചതോടെ ആ കുറിപ്പുകൾ കാലഹരണപെട്ടുപോയെങ്കിലും നിങ്ങൾ എന്റെ മനസ്സിൽ തുടർന്നു.

നിങ്ങൾക്ക് എങ്ങനെ പോകാനാകും? മനുഷ്യാത്മാവ് വളരെ വിചിത്രമാണ്. ഒരിക്കൽ അത് ഒരാൾക്ക് ഇടം നൽകിയാൽ, പിന്നെ ആ സാനിധ്യം ഇല്ലാതാക്കുക അസാധ്യമാണ്. നിങ്ങൾ ആവേശവും, രോഷവും കൊണ്ടല്ല എന്റെ മനസ്സിനെ സ്പർശിച്ചത്. നിങ്ങളൊരിക്കലും അങ്ങനെയല്ലല്ലോ! നിങ്ങളുടെ രീതി ശാന്തമാണ്, അല്ല ദിവ്യമാണ്. അന്ന് ഞാൻ നിങ്ങളെ കേൾക്കുമ്പോൾ നിശബ്ദമായി എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങൾ വഴുതി വീഴുന്നത് ഞാൻ അറിഞ്ഞില്ല. അന്ന് മുതൽ നിങ്ങളെന്റെ ഹൃദയത്തിൽ തുടർന്നു.

പിന്നീട് 44 വർഷങ്ങൾക്ക് ശേഷം ഞാൻ നിങ്ങളെ വീണ്ടും കണ്ടുമുട്ടി – തലോജ സെൻട്രൽ ജയിലിൽ വെച്ച്. എന്നാൽ നിങ്ങളുടെ രൂപം എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. ഗ്രീൻ ബോർഡിൽ ചോക്ക് കൊണ്ട് ബുള്ളറ്റ് പോയിന്റുകളും, ചാർട്ടുകളും, ഡയഗ്രമുകളുമൊക്കെ കോറിയിടുന്ന മെലിഞ്ഞു നിവർന്ന നിങ്ങളുടെ രൂപം. ഇന്ത്യൻ സമൂഹത്തിന്റെ ക്രൂര സത്യങ്ങളെ വസ്‌തുനിഷ്ഠമായി വിശദീകരിക്കുന്ന നിങ്ങളുടെ ശബ്ദം. ഇതെല്ലം ഞാൻ എങ്ങനെ മറക്കും? മനസ്സിന്റെ കണ്ണിന് ‘ഡിലീറ്റ് കീ’ ഇല്ലല്ലോ. പ്രത്യേകിച്ച് അതിൽ ആഴത്തിൽ പതിഞ്ഞു പോയ കാര്യങ്ങൾ ഒഴിവാക്കാൻ.

തലോജയിൽ വെച്ച് ഞാനൊരിക്കൽ നിങ്ങളോട് പറഞ്ഞത് ഓർക്കുന്നു. നിങ്ങൾ ബോർഡിൽ വളരെ ശ്രദ്ധയോടെ, വ്യക്തമായി എഴുതുന്നത് എങ്ങനെയെന്ന് ഞാൻ ആശ്ചര്യപ്പെടാറുണ്ടെന്ന്. (എന്റെ അധ്യാപന വർഷങ്ങളിൽ എനിക്കത് സാധിച്ചിരുന്നില്ല). ആന്ന് നിങ്ങൾ, പാർക്കിൻസൺസ് ബാധിച്ച, വിറക്കുന്ന കൈകൾ കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു; “ഇനിയൊരിക്കലും അതിനു കഴിയില്ലലോ വെർനോൺ, ഇനിയൊരിക്കലും.” അന്നെനിക്ക് അതിനു ഉത്തരമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ പറയുന്നു സ്റ്റാൻ, നിങ്ങൾക്ക് തെറ്റ് പറ്റി.

ചില മനുഷ്യർ, അവരുടെ ചില കാര്യങ്ങൾ അങ്ങനെ കെട്ടടങ്ങാൻ വിസ്സമ്മതിക്കുന്നു. നിങ്ങളുടെ എഴുത്തു അങ്ങനെയാണ്. നിങ്ങളുടെ എഴുത്തുകൾ വിറക്കുന്നില്ല, നിശ്ചലമായി നില്കുന്നുമില്ല.നിങ്ങളെ കുറിച്ച്, നിങ്ങൾ ചെയ്തുവെച്ചിട്ടുള്ളതിനെ കുറിച്ച് നൂറുകണക്കിന് എഴുത്തുകളുണ്ട്. അവയിലൂടെ നിങ്ങൾ ഓർമിക്കപെടുകയാണ്, പുനർനിർമ്മിക്കപ്പെടുകയാണ്. ആ എഴുത്തുകൾ വായിക്കുമ്പോൾ നിങ്ങൾക്ക് മരിക്കാൻ കഴിയില്ല എന്നെനിക്ക് വ്യക്തമാകുന്നു- നിങ്ങളുടെ വാക്കുകളിലൂടെ, നിങ്ങൾ നടത്തിയ പോരാട്ടങ്ങളിലൂടെ, നിങ്ങളുടെ ജീവിതത്തിലൂടെ നിങ്ങളിനിയും ജീവിച്ചുകൊണ്ടിരിക്കും.

തലോജ ജയിലിന്റെ ചുവന്ന കാവാടത്തിലൂടെ നിങ്ങൾ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ, നിങ്ങളുടെ രക്തസാക്ഷിത്വം എഴുതപ്പെട്ടിരുന്നു. അവർ എത്രമാത്രം നിങ്ങളെ കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്നോ അത്രയധികം നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടിരിന്നു.

ഒന്നിനും വഴങ്ങാതെ.

നിങ്ങളുടെ കഴുത്തിലെ കുരുക്ക് മുറുക്കാൻ അവർ സാവധാനം, വളരെ ശ്രദ്ധയോടെ കരുക്കൾ നീക്കി. 2018 ഓഗസ്റ്റിലെ ആദ്യ റെയ്ഡിന് ശേഷം നിങ്ങൾ അവർക്ക് വഴങ്ങാതെ വന്നപ്പോൾ, നിങ്ങളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയത് അതിൽ വിചിത്രമായ ചില “തെളിവുകൾ” നട്ടുപിടിപ്പിക്കുകയും ചെയ്‌തു. പിന്നീട് 2019 ജൂണിൽ അവർ വീണ്ടും വന്നു, അവർ തന്നെ നിങ്ങളുടെ കമ്പ്യൂട്ടറിൽ കയറ്റിയ “തെളിവുകൾ കണ്ടെത്തി” എന്ന് കാണിക്കാൻ.

എന്നാൽ 2020 ഒക്ടോബറിലും പിന്നീട് നവംബറിലും നിങ്ങളുടെ കുറ്റപത്രം വായിക്കുമ്പോൾ ഇതൊന്നും ഞാനോ നിങ്ങളോ അറിഞ്ഞില്ല. യുഎസിലെ ആഴ്സണൽ കൺസൾട്ടിങ്ങിൽ നിന്നും മറ്റുമുള്ള ഫോറൻസിക് റിപ്പോർട്ടുകൾ വന്നപ്പോഴാണ് അവരുടെ ക്രിമിനൽ രീതികൾ നമ്മൾ മനസ്സിലാക്കുന്നത്.

അതറിഞ്ഞപ്പോൾ നിങ്ങളുടെ മുഖത്തെ ഭാവം ഞാൻ ഇപ്പോഴും ഓർക്കുന്നു. നിങ്ങൾ അമ്പരന്നു പോയി – അത്തരം കാര്യങ്ങളൊന്നും നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരിക്കലും ഉണ്ടായിരുന്നില്ല; പിന്നെ ഒരു അഗാധമായ സങ്കടം- അവരുടെ ഗൂഢാലോചനയുടെ പൈശാചിക വക്രത മനസ്സിലാക്കിയപ്പോൾ. പക്ഷേ ഒരിക്കൽ പോലും നിങ്ങൾ ദേഷ്യപെട്ടില്ലലോ സ്റ്റാൻ. നിങ്ങൾ കോപത്തിന് തീർത്തും അപരിചിതനാണ്.

ജയിൽ അധികാരികളെ അസ്വസ്ഥപ്പെടുത്തിയതും അതാണ്. തടവുകാരിൽ നിന്നുള്ള രോഷവും നീരസവും കലാപവുമൊക്കെ അവർ നിരന്തരം കാണുന്നതാണ്. അതിനെ അക്രമവും തന്ത്രങ്ങളും കൊണ്ട് നേരിടുകയും ചെയ്യാറുണ്ട്. എന്നാൽ വിശുദ്ധിയെ എങ്ങനെ നേരിടും? എന്ത് ചെയ്യണമെന്നറിയാതെ അവർ പിൻവാങ്ങി. നിങ്ങളുടെ നാട്ട്യമാണെന്ന് അവർ ആദ്യമൊക്കെ കരുതിയിരിക്കാം, പക്ഷേ അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത അഗാധമായ നന്മയാണതെന്ന് പിന്നീട് അവർ മനസ്സിലാക്കി. എങ്കിലും അവർ വ്യവസ്‌ഥയോട് കൂറുള്ളവരായി തുടർന്നു. നിങ്ങളുടെ “സ്ഥാപനപരമായ കൊലപാതകം” (institutional murder) നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ വ്യവസ്ഥയോട് അവർ സഹകരിച്ചു.

എന്നാൽ അവർ വ്യാമോഹിക്കുകയായിരുന്നു, നിങ്ങളെന്ന തീ അണക്കുമെന്ന്. മരിക്കാൻ കഴിയാത്തതിനെ നശിപ്പിക്കാൻ കഴിയുമെന്ന്. അവർക്കതിന് കഴിഞ്ഞില്ല. നിങ്ങളുടെ ജ്വാല അവരുടെ ഇരുട്ടിലൂടെ കൂടുതൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. ഇനിയൊരു പ്രഭാതം വരെ ആ ജ്വാല നിലനിൽക്കുമെന്ന് തീർച്ച.

സ്റ്റാൻ, അവസാനമായി ഒരു ചെറിയ കാര്യം കൂടി. ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പോകുമ്പോൾ നിങ്ങൾ എനിക്ക് തന്ന ആ ബനിയനുകൾ ഓർക്കുന്നുണ്ടോ? ഒരുപക്ഷേ നിങ്ങൾ എല്ലാം മുൻകൂട്ടി കണ്ടിരിക്കാം, തന്റെ പക്കലുള്ള തുച്ഛമായത് പങ്കിടാനുള്ള നിങ്ങളുടെ പ്രവണതയായിരിക്കാം. അന്ന് മുതൽ നൂറിലധികം തവണ ഞാൻ അവ ധരിച്ചിട്ടുണ്ട്. ചൂടുള്ള ദിവസങ്ങളിൽ അവയെന്നെ തണുപ്പിക്കുന്നു, തണുത്ത ദിനങ്ങളിൽ ഓർമകളുടെ ഇളം ചൂട് നൽകുന്നു. ചില സമയങ്ങളിൽ അവ തടവുകാരുടെ കണ്ണീരൊപ്പുന്നു.

സ്റ്റാൻ, സന്യാസിമാരുടെ തിരുശേഷിപ്പുകൾക്ക് മുമ്പിൽ സമർപ്പിക്കാനോ, വിപ്ലവകാരികളുടെ ശവകുടീരങ്ങളെ ആരാധിക്കാനോ എനിക്കറിയില്ല. അതിനാൽ, നിങ്ങളെ, നിങ്ങളുടെ ഈ ഓർമകളെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള എന്റെ ആഗ്രഹത്തിൽ ഞാൻ അസ്വസ്ഥനാകണോ എന്നെനിക്ക് മനസ്സിലാകുന്നില്ല. പക്ഷെ നിങ്ങളെപ്പോലുള്ളവർ അങ്ങനെയാണ്. നിങ്ങളൊരിക്കലും പിരിഞ്ഞു പോകുന്നില്ല.

സ്നേഹത്തോടെ,
വെർണൻ.

ജയിലിൽ വെച്ച് മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ ചരമ വാർഷികത്തിൽ സഹതടവുകാരൻ എഴുതിയ കത്ത്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.