കർണാടകയുടെ അഴിമതി വിരുദ്ധ ബ്യൂറോ തലവൻ സീമന്ത് കുമാർ സിംഗ് ഉൾപ്പെട്ട അഴിമതിക്കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജ് എച്ച്.പി സന്ദേശ്, തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് ജൂലൈ 11ന്റെ ഉത്തരവിനിടെ പറയുകയുണ്ടായി.
കേൾക്കുന്നവരിലെല്ലാം തന്നെ ഇത് ഞെട്ടലുണ്ടാക്കി. ഒരു ജഡ്ജി സ്ഥലംമാറ്റ ഭീഷണിയെക്കുറിച്ച് പരസ്യമായി സംസാരിക്കുക മാത്രമല്ല, യഥാർത്ഥത്തിൽ അത് ഒരു ഉത്തരവിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന അപൂർവ സംഭവമാണിത്.
ജഡ്ജിമാരുടെ നിയമനവും സ്ഥലമാറ്റവും ശുപാർശ ചെയ്യുന്ന മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരുടെ സംഘമായ കൊളീജിയത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച ചോദ്യങ്ങൾ ഇത് ഉയർത്തുന്നു.
സ്ഥലംമാറ്റപ്പെടുന്ന ജഡ്ജിമാരുടെ എണ്ണത്തിൽ വർധനവുണ്ടായതായി പ്രമുഖർ ചൂണ്ടിക്കാണിച്ചതോടെ ചർച്ചക്ക് പ്രാധാന്യം ലഭിച്ചു. ഇതോടൊപ്പം തന്നെ, ജുഡീഷ്യൽ നിയമനങ്ങൾക്കായുള്ള കൊളീജിയത്തിന്റെ ശുപാർശകൾ എക്സിക്യൂട്ടീവ് അവഗണിക്കുകയും നിയമം പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയും തുടരുന്നു.
തുടക്കം
അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാറുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കർണാടക ജഡ്ജി സന്ദേശ്. അന്വേഷണവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ രേഖപ്പെടുത്താൻ അദ്ദേഹം കർണാടക അഴിമതി വിരുദ്ധ ബ്യൂറോയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അവരത് ചെയ്തില്ല.
രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബ്യൂറോയും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് സീമന്ത് കുമാർ സിങ്ങും ഡെപ്യൂട്ടി തഹസിൽദാരെ സംരക്ഷിക്കുകയാണെന്ന് ജൂൺ 29ന് സന്ദേശ് അഭിപ്രായപ്പെട്ടു.

തുടർന്ന്, ജൂലായ് 5ന്, മറ്റൊരു ഹൈക്കോടതി ജഡ്ജ്, ഒരു ജഡ്ജിയുടെ ശിക്ഷാപരമായ സ്ഥലംമാറ്റത്തെക്കുറിച്ച് തന്നോട് പറഞ്ഞതായി സന്ദേശ് കോടതിയിൽ വെളിപ്പെടുത്തി. ബ്യൂറോയേയും സിംഗിനേയും കുറിച്ച് അന്വേഷണം തുടർന്നാൽ സന്ദേശിനും സമാനമായ വിധി നേരിടേണ്ടിവരുമെന്ന് സൂചന നൽകി.
ഞെട്ടൽ!
സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകരും മുൻ ജഡ്ജിമാരും ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്.
“എന്റെ വീക്ഷണത്തിൽ, ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇത് പൂർണമായും വളരെ വേഗത്തിൽ അന്വേഷിക്കണം” മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകൂർ പറഞ്ഞു.
മറ്റൊരു സിറ്റിംഗ് ജഡ്ജ് മുഖേന ഇത്തരമൊരു ഭീഷണി അറിയിച്ചതാണ് തനിക്ക് കൂടുതൽ ഗുരുതരമായ പ്രശ്‌നമായി തോന്നുന്നതെന്ന് അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ പറഞ്ഞു.
“സിറ്റിംഗ് ജഡ്ജിയും ഭീഷണി ഉയർത്തിയ വ്യക്തിയും തമ്മിൽ എന്തോ ബന്ധം നിലവിലുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.” മാത്തൂർ കൂട്ടിച്ചേർത്തു.
ഇത്തരമൊരു പൊതു പ്രഖ്യാപനവും അപൂർവമാണ്. സംഭവം കേട്ട് ഞാൻ ഞെട്ടിപ്പോയി. ഡൽഹി ആസ്ഥാനമായുള്ള മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു; “ഇത്തരം സംഭാഷണങ്ങൾ, അവ സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, മുമ്പൊരിക്കലും ജുഡീഷ്യൽ റെക്കോഡിൽ വന്നിട്ടില്ല”.
സ്ഥലംമാറ്റം സംബന്ധിച്ച നടപടിക്രമം
എങ്ങനെയാണ് ഇത്തരം സ്ഥലംമാറ്റം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് മനസിലാക്കാൻ, സ്ഥലംമാറ്റം നടത്തുന്നതിനാവശ്യമായ നടപടിക്രമം എന്തൊക്കെയാണ് എന്ന് മനസ്സിലാക്കൽ പ്രധാനമാണ്.
ജുഡീഷ്യറിയിലെ ഉയർന്ന നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നിയന്ത്രിക്കുന്ന മെമ്മോറാണ്ടം അനുസരിച്ച്, ഒരു ഹൈക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയിരിക്കണം നിയന്ത്രിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ തന്നെ, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് മറ്റ് നിരവധി സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ അഭിപ്രായം തേടേണ്ടതുണ്ട്.
ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും നാല് മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരും ഉൾപ്പെടുന്ന കൊളീജിയം അംഗീകരിക്കുകയും വേണം. ഇതിനുശേഷം, നിർദ്ദേശം അംഗീകാരത്തിനായി എക്സിക്യൂട്ടീവിന് അയക്കും.
ഈ പ്രക്രിയയിൽ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനങ്ങൾക്ക് പ്രാമുഖ്യമുണ്ട്. ശുപാർശകൾ നടപ്പിലാക്കുക എന്ന ചുമതലയേ എക്സിക്യൂട്ടീവിന് ഉള്ളൂ. വിധിന്യായങ്ങളുടെ ഒരു പരമ്പരയിലൂടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. നേരത്തെ, ജഡ്ജിയെ നിയമിക്കുന്നതിൽ എക്സിക്യൂട്ടീവിന് പ്രാമുഖ്യമുണ്ടായിരുന്നു. എന്നാൽ, ജുഡീഷ്യറി അതിന്റെ സ്വാതന്ത്ര്യം നിലനിർത്താൻ പ്രക്രിയയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
കൊളീജിയത്തിനു മേൽ സ്വാധീനം വർധിക്കുന്നു
എക്‌സിക്യൂട്ടീവിനെതിരെ നടപടിയെടുക്കുന്ന ജഡ്ജിമാരെ മാറ്റുമെന്ന ഭീഷണി, കൊളീജിയത്തിന്റെ മേലുള്ള എക്സിക്യൂട്ടീവിന്റെ സ്വാധീനത്തെ കുറിച്ച ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.
കർണാടക സംഭവം മാത്രമല്ല, സ്ഥലംമാറ്റ നടപടികളെ കുറിച്ച് ചോദ്യം ഉയർത്താൻ അഭിഭാഷകരേയും ജഡ്ജിമാരേയും പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം, കേന്ദ്രസർക്കാരിനെ പലതവണ വിമർശിച്ച ജസ്റ്റിസ് സഞ്ജിബ് ബാനർജിയെ മദ്രാസ് ഹൈക്കോടതി പോലുള്ള വലിയ കോടതിയിൽ നിന്ന് താരതമ്യേന ചെറുതായ മേഘാലയ ഹൈക്കോടതിയിലേക്ക് 10 മാസത്തെ ചെറിയ കാലയളവിനു ശേഷം സ്ഥലം മാറ്റിയപ്പോഴും പലരും അതിനെ ശിക്ഷാപരമായ സ്ഥലംമാറ്റം എന്നായിരുന്നു വീക്ഷിച്ചത്.
സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ, ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷായെ സി.ബി.ഐ കസ്റ്റഡിയിൽ അയച്ച ജസ്റ്റിസ് അകിൽ ഖുറേഷിയെ 2018-ൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ബോംബെ ഹൈക്കോടതിയിലേക്കും, 2019-ൽ ത്രിപുര ഹൈക്കോടതിയിലേക്കും പിന്നീട് 2021-ൽ രാജസ്ഥാൻ ഹൈക്കോടതിയിലേക്കും മാറ്റി. ഗുജറാത്തിൽ തുടർന്നിരുന്നേൽ അദ്ദേഹം ഇപ്പോൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുമായിരുന്നു.
രാജ്യത്തെ രണ്ടാമത്തെ മുതിർന്ന ഹൈക്കോടതി ജഡ്ജിയായിരുന്നിട്ടും, ഖുറേഷിയുടെ പേര് സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്യാൻ കൊളീജിയം തയ്യാറാവാത്തത് എക്സിക്യൂട്ടീവിന് കൊളീജിയത്തിന് മേൽ സ്വാധീനമുണ്ട് എന്ന വിമർശനത്തെ ശക്തിപ്പെടുത്തുന്നു.
കൊളീജിയത്തിന്റെ പങ്ക് കുറയുന്നു എന്ന് കാണിക്കാൻ സ്ഥലംമാറ്റങ്ങളുടെ എണ്ണത്തിലുണ്ടായ വർധന മാത്രമല്ല വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കൊളീജിയം ചില പേരുകൾ പല തവണ ആവർത്തിച്ചെങ്കിലും പല ജുഡീഷ്യൽ ശുപാർശകളും കേന്ദ്രം കണ്ടില്ലെന്ന് നടിച്ചു. നിയമനങ്ങളിൽ പാലിക്കേണ്ട മെമ്മോറാണ്ടം ഓഫ് പ്രൊസീജിയർ ലംഘിച്ചുകൊണ്ട്.
കേന്ദ്രം ജുഡീഷ്യൽ ശിപാർശകളെ വിഭജിക്കാൻ തുടങ്ങിയിരിക്കുന്നു. കൊളീജിയത്തിന്റെ ചില ശുപാർശകൾ അംഗീകരിക്കുകയും മറ്റുചിലത് അവഗണിക്കുകയും ചെയ്യുന്നു. “ഇത് ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. 1986-’87 ലാണ് തുടക്കം. എന്നാൽ, അതിന്റെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്,” മുൻ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു. ജഡ്ജുമാരുടെ നിയമനത്തേയും സ്ഥലംമാറ്റത്തേയും നിയന്ത്രിക്കാൻ എക്സിക്യൂട്ടീവിന് പ്രത്യേക താൽപ്പര്യമുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

വിലപേശൽ
കൊളീജിയം അതിന്റെ പങ്ക് വഹിക്കുന്നതിൽ പരാജയപ്പെടുന്നുണ്ടോ എന്ന് ചോദിക്കാൻ ഇത്തരം സംഭവങ്ങൾ നിയമവിദഗ്ധരെ പ്രേരിപ്പിച്ചു.
“മെമ്മോറാണ്ടം ഓഫ് പ്രൊസീജിയർ അപ്രസക്തമാവുകയും കൊളീജിയം സുതാര്യമല്ലാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിയമനങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ജുഡീഷ്യറിയിൽ നിന്നാണോ എക്സിക്യൂട്ടീവിൽ നിന്നാണോ വരുന്നത് എന്ന് പറയാൻ കഴിയില്ല” എന്ന് വിധി സെന്റർ സീനിയർ റസിഡന്റ് ഫെലോ അലോക് പ്രസന്ന പറഞ്ഞു.
ജുഡീഷ്യറിയും കേന്ദ്രസർക്കാരും തമ്മിലുള്ള സുതാര്യമല്ലാത്ത വിലപേശലിന്റെ ഫലമായി ജുഡീഷ്യൽ നിയമനങ്ങൾ പ്രീ-കൊളീജിയം സംവിധാനത്തിലേക്ക് മാറിയതായി തോന്നുന്നുവെന്ന് പ്രസന്ന പറഞ്ഞു.
സുപ്രീം കോടതി മുൻ ജഡ്ജി ഗുപ്ത പറയുന്നതനുസരിച്ച്, കൊളീജിയം അവർ അയക്കുന്ന ശുപാർശകൾ അംഗീകരിക്കണമെന്ന് വാശി പിടിക്കണം. “അവർ ഉറച്ച നിലപാട് സ്വീകരിച്ചില്ലെങ്കിൽ, സർക്കാരിന്റെ ഇടപെടലിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനാവില്ല”.