സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കായ നിയമനങ്ങൾ പി.എസ്.സി വഴി നടത്താതെ, മുസ്ലിം വഖഫ് സ്ഥാപനങ്ങളുടെ വിഹിതം വഴി സ്വരൂപിച്ച ഫണ്ടിൽ നിന്ന് മാത്രം ശമ്പളം നൽകുന്ന വഖഫ് ബോർഡിലെ നിയമനം പി.എസ്.സി മുഖേന നടത്തണമെന്ന് പറയുന്നതിന്റ പിന്നിലും ചില ഒളിയജണ്ടകൾ നടക്കുന്നുണ്ടോ ?
വഖഫ് ബോർഡ് : സംസ്ഥാന സർക്കാറിനോട് കേരളം ചോദിക്കുന്നു
- സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കായ നിയമനങ്ങൾ പി.എസ്.സി വഴി നടത്താതെ, മുസ്ലിം വഖഫ് സ്ഥാപനങ്ങളുടെ വിഹിതം വഴി സ്വരൂപിച്ച ഫണ്ടിൽ നിന്ന് മാത്രം ശമ്പളം നൽകുന്ന വഖഫ് ബോർഡിലെ നിയമനം പി.എസ്.സി മുഖേന നടത്തണമെന്ന് പറയുന്നതിൽ ദുരൂഹതയില്ലേ? എന്താണ് ഇതിന് പിന്നിലുള്ള ഒളിയജണ്ട?
2. 130ഓളം ഉദ്യോഗസ്ഥ തസ്തികകൾ മാത്രമുള്ള വഖഫ് ബോർഡിലെ നിയമനം പി.എസ്.എസിക്ക് വിടാൻ തീരുമാനിക്കുന്ന സംസ്ഥാന ഗവൺമെൻ്റ്, ആയിരക്കണക്കിന് തസ്തികകളുള്ള ദേവസ്വം ബോർഡിലെ നിയമനം പി. എസ്. സിക്ക് വിടാനുള്ള തീരുമാനം മുമ്പ് ഉപേക്ഷിച്ചത് എന്തുകൊണ്ടായിരുന്നു?
3. ഹൈന്ദവ സംഘടനകളുടെ ആവശ്യം അംഗീകരിച്ച്, ദേവസ്വം ബോർഡ് നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച പോലെ, മുസ്ലിം സമുദായത്തിൻ്റെ വഖഫ് ബോർഡിലെ നിയമനത്തിന് അത്തരമൊരു സംവിധാനം സാധ്യമാകാത്തത് എന്തുകൊണ്ട്? ഈ ഇരട്ടത്താപ്പ് അനീതിയല്ലേ?
4. അഞ്ച് ലക്ഷത്തിലധികം വരുന്ന സർക്കാർ നിയമനങ്ങളിൽ, രണ്ട് ലക്ഷം മാത്രമാണ് പി. എസ്. സി വഴി നടക്കുന്നത്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, അക്കാദമികൾ എന്നിവയിലെ നിയമനം പി.എസ്.സി വഴി നടത്താതെ, വഖഫ് ബോർഡ് ശമ്പളം നൽകുന്ന ഉദ്യോഗസ്ഥ നിയമനം ധൃതിപ്പെട്ട് പി.എസ്.സിക്ക് വിടുന്നത് എന്തുകൊണ്ട്?
5. ഇസ്ലാമിക നിയമപ്രകാരം പ്രവർത്തിക്കുകയും അതിന് വേണ്ടിയുള്ള മതപരമായ ഫണ്ടിൽ നിന്ന് ശമ്പളം നൽകുകയും ചെയ്യുന്ന വഖഫ് ബോർഡിൽ, അത് പാലിക്കുന്ന മുസ്ലിം സമുദായാംഗങ്ങളെയാണ് ഉദ്യോഗസ്ഥരായി നിയമിക്കേണ്ടത് എന്ന് വഖഫ് ആക്റ്റിൽ പറയുന്നില്ലേ? പി.എസ്.സി നിയമനത്തിൽ ഇത് പാലിക്കുമോ?
6. പി. എസ്. സിനിയമനത്തിൽ മതം ഒരു മാനദണ്ഡം അല്ലെന്നിരിക്കെ മുസ്ലിംകളെ മാത്രമേ നിയമിക്കൂ എന്ന് സർക്കാർ നൽകുന്ന ഉറപ്പ് നിയമപരമായി നിലനിൽക്കുമോ? കോടതിയിൽ ഇത് തള്ളപ്പെടില്ലേ അങ്ങനെയെങ്കിൽ പി.എസ്.സി മാനുവൽ ഉൾപ്പെടെയുള്ള നിയമ പ്രശ്നങ്ങളുടെ പരിഹാരം എന്താണ്?
7. ഗവൺമെൻ്റിൻ്റെ വാക്ക് വിശ്വസിച്ച്, വഖഫ് ബോർഡിൽ മുസ്ലിംകളെത്തന്നെ പി. എസ്. സി വഴി നിയമിച്ചാൽ, 10-12% വരുന്ന പി. എസ്. സിയുടെ മുസ്ലിം സംവരണത്തെ അത് പ്രതികൂലമായി ബാധിക്കില്ലേ? അത് വിവേചനവും അനീതിയുമല്ലേ?
8. കേരളത്തിലെ വഖഫ് ബോർഡിനെ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ചതായി കണ്ടെത്തിയ ജോയിൻ്റ് പാർലമെൻ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ തള്ളിക്കളയുകയാണോ?
9. പി.എസ്.സീ നിയമനങ്ങളിലെ സുതാര്യത സംശയകരമാകുന്ന അഴിമതി ആരോപണങ്ങൾ നിലനിൽക്കുമ്പോൾ, അഴിമതി ആരോപണങ്ങളുടെ പേരിൽ വഖഫ് ബോർഡ് നിയമനങ്ങൾ പി. എസ്. സിക്ക് വിടുന്ന നടപടി പ്രഹസനമല്ലേ?
10. കേരളത്തിലെ വഖഫ് സ്വത്ത് അന്യാധീനപ്പെടുന്നതിൽ, ഭൂപരിഷ്കരണം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന വിമർശനം പ്രധാനമാണ്. ഇത് പരിഹരിക്കാതെ അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ചുപിടിക്കാനാണ് ഉദ്യോഗസ്ഥ നിയമനം പി.എസ്.എസിക്ക് വിടുന്നത് എന്ന് പറയുന്നത് ശരിയാണോ?
11. വഖഫ് ബോർഡിന് അനുവദിച്ചിട്ടുള്ള സർക്കാർ ഗ്രാൻഡുകൾ നൽകാത്തത് എന്തുകൊണ്ട്? വഖഫ് ട്രിബ്യൂണൽ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം ഗവൺമെൻ്റിനാണ് എന്നിരിക്കെ അതിനുള്ള തുക വഖഫ് ബോർഡിൽ നിന്ന് കടം എടുത്തത് എന്തിന്? കടം വാങ്ങിയ അമ്പത്തിയാറ് ലക്ഷത്തോളം രൂപ സർക്കാർ വഖഫ് ബോർഡിന് തിരിച്ചു നൽകിയോ?
12. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സി മുഖേനയാക്കാനുള്ള തീരുമാനത്തിനെതിരെ ഭൂരിപക്ഷം മുസ്ലിം സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിരിക്കെ, എല്ലാ സംഘടനകളെയും പങ്കെടുപ്പിച്ച ഒരു ചർച്ചക്ക് സർക്കാർ എന്തുകൊണ്ട് തയ്യാറാവുന്നില്ല? ഈ വിഷയം ഉപയോഗിച്ച് മുസ്ലിം സംഘടനകൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണോ?