Skip to content Skip to sidebar Skip to footer

1947-2022 അഭിമാനത്തോടെ, തലയുയർത്തി 75 വർഷങ്ങൾ!

നസീൽ വോയ്സി

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളെ എങ്ങനെ വിലയിരുത്തണം? സ്വതന്ത്ര, ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഏഴരപ്പതിറ്റാണ്ട് കൊണ്ട് നാം താണ്ടിയ ദൂരം അഭിമാനിക്കാൻ വക നൽക്കുന്നതാണോ, അതോ നിരാശയുടേതാണോ?

ഓരോരുത്തരും ജീവിക്കുന്ന സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം, വിരുദ്ധ ദിശകളിലേക്ക് സഞ്ചരിച്ചേക്കാം. പൊതുവായി വിലയിരുത്തുമ്പോൾ, ലോകരാജ്യങ്ങളിലെ സമപ്രായക്കാരോട് തട്ടിച്ചുനോക്കുമ്പോൾ, കടന്നുവന്ന വഴികളും പ്രതിസന്ധികളും അതിജീവനങ്ങളും പരിഗണിക്കുമ്പോൾ, അഭിമാനത്തോടെ തലയുയർത്തി നിൽക്കുക തന്നെയാണ് നമ്മുടെ ദേശം. പൗരബോധത്തിൽ ഇങ്ങനെയൊരു ചിന്തയുണ്ടാക്കുന്ന വിധമുള്ള നേട്ടങ്ങൾ രാജ്യം കൈവരിച്ചതിന് പിന്നിൽ ഒരാളുടെയോ, ഒരു ചെറു സംഘത്തിന്റെയോ മാത്രം പരിശ്രമമല്ല ഉള്ളത്. മറിച്ച്, ഭരണഘടനയും മുൻകാല ഭരണാധികാരികളും രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുമെല്ലാം ജനങ്ങളുമെല്ലാം ഒരുപോലെ ഉൾപ്പെടുന്ന, മതേതരമൂല്യങ്ങളിൽ ഊന്നിയുള്ള ജനാധിപത്യപ്രകിയയാണ് ഇത് സാധ്യമാക്കിയത്.

നിലവിൽ രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെയും അസ്വസ്ഥതകളുടെയും വിഭാഗീയതയുടെയും പുകപടലങ്ങൾക്കപ്പുറമുള്ള കാഴ്ചകളിലേക്ക് കണ്ണോടിച്ചാൽ ഇത് കൂടുതൽ വ്യക്തമാവും.

1947 ൽ നിന്ന് 2022 ലേക്കുള്ള ദൂരം.

ഏതൊരു സമൂഹത്തിന്റെയും വ്യക്തിയുടെ തന്നെയും നിലവിലെ അവസ്ഥ വിലയിരുത്തുന്നത്, അവരുടെ ഭൂതകാലവും കടന്നുപോയ വഴികളും നേരിടേണ്ടി വന്ന സാഹചര്യങ്ങളും പരിഗണിച്ചാവണമെന്നത് സാമൂഹ്യശാസ്ത്രത്തിന്റെ അടിസ്ഥാനമാണ്.

ദീർഘകാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന്, ചൂഷണാത്മക കൊളോണിയൽ പിടിച്ചടക്കലിന്റെ നൂറ്റാണ്ടിൽ നിന്ന്, സ്വാതന്ത്ര്യം നേടി സ്വന്തമായി നടന്നുതുടങ്ങുന്ന നേരം ഇന്ത്യക്ക്, പട്ടിണിക്കും പരിവട്ടത്തിനും ഭിന്നിപ്പുകൾക്കുമപ്പുറം പറയത്തക്ക സമ്പാദ്യമൊന്നുമില്ലായിരുന്നു. ശരാശരി ആയുർദൈർഘ്യം 32 വയസ്സായിരുന്നു എന്നതിലുണ്ട് 1947ലെ ഇന്ത്യയുടെ നേർചിത്രം! തൊട്ടുതുടർന്നുള്ള വർഷങ്ങളിലും സാഹചര്യം അങ്ങനെയൊക്കെ തന്നെയായിരുന്നു. ചരിത്ര പാഠപുസ്തകങ്ങൾക്കപ്പുറത്ത്, നമ്മുടെയൊക്കെ പൂർവീകരോട് ചോദിച്ചാൽ തന്നെ കേൾക്കാനാവും തൊട്ടാവാടി ഇലകൾ കഞ്ഞിയായി വിശപ്പകറ്റിയ കഥ. അവിടെ നിന്ന് 2020ലെത്തുമ്പോൾ 70 വയസ്സ് ശരാശരി ആയുർദൈർഘ്യമുള്ള ഒരു ജനതയായി നമ്മൾ മാറിയിട്ടുണ്ട്.

തീരെ പരിമിതമായ വിദ്യാഭ്യാസ അവസരങ്ങളുണ്ടായിരുന്ന, നേട്ടങ്ങളുടെ കാര്യത്തിൽ ശൂന്യരായിരുന്ന അക്കാലത്ത് നിന്ന് ഉയർന്ന സാക്ഷരതയിലേക്കും ശാസ്ത്രസാങ്കേതിക നേട്ടങ്ങളിലേക്കും മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങളിലേക്കും നമ്മൾ വളർന്നിട്ടുണ്ട്. കാർഷികോൽപ്പാദനം മുതൽ ആണവ, ബഹിരാകാശ സാങ്കേതികവിദ്യ വരെ, താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷയും ഭക്ഷ്യസുരക്ഷയും മുതൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ, ആയുർവേദം മുതൽ ബയോടെക്‌നോളജി വരെ, തൊഴിലുറപ്പ് മുതൽ വിവരാവകാശ നിയമം വരെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായുമെല്ലാം അഭിവൃദ്ധി കൈവരിച്ചിട്ടുണ്ട്.

ഈ അഭിവൃദ്ധിയുടെ ഫലം അനുഭവിക്കുമ്പോൾ ഒരു കാരണവശാലും വിട്ടു കളയാൻ പാടില്ലാത്ത, അധികാരം കൊണ്ട് എത്രയൊക്കെ മായ്ച്ചുകളയാൻ ശ്രമിച്ചാലും മാഞ്ഞുപോവാത്ത ഒരു പേരുണ്ട്; ജവഹർലാൽ നെഹ്റു. ആധുനിക ഇന്ത്യയുടെ രാഷ്ട്രശിൽപ്പിയെ കൂടി ചേർത്തുവയ്ക്കുമ്പോൾ മാത്രമേ നേട്ടങ്ങൾക്ക് പൂർണത കൈവരുന്നുള്ളൂ. ഗൂഗ്ൾ അടക്കമുള്ള വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തിരിക്കുന്ന ഇന്ത്യക്കാരെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന, ലോകത്തെ എണ്ണം പറഞ്ഞ ശാസ്ത്രസാങ്കേതിക പദ്ധതികൾക്ക് നേതൃത്വം കൊടുക്കുന്ന ഇന്ത്യക്കാരെ കുറിച്ചോർത്ത് ഊറ്റം കൊള്ളുന്ന ഇക്കാലത്ത് ആ ഓർമകളുടെ പ്രസക്തിയേറുന്നു.

ഇന്ത്യയെന്ന ജനാധിപത്യരാജ്യം കെട്ടിപ്പടുക്കുന്നതിലും തകരാതെ മുന്നോട്ടു നയിക്കുന്നതിലും ജവഹർലാൽ നെഹ്റു എന്ന ദീർഘവീക്ഷണമുള്ള, ലോക കാഴ്ച്ചപ്പാടവും ശാസ്ത്രബോധവുമുള്ള രാഷ്ട്രീയ നേതാവ് ഒരു വൻമതിലിനെപ്പോലെയാണ് വർത്തിച്ചത്. സാമ്പത്തിക സാമൂഹിക അസമത്വങ്ങളെ മറികടക്കാൻ എണ്ണയിട്ട യന്ത്രം പോലെ പുതിയ രാജ്യത്തിന്റെ സംവിധാനങ്ങൾ പ്രവർത്തിക്കണമെന്നത് മുൻകൂട്ടി കണ്ടൊരുക്കിയ പഞ്ചവത്സരപദ്ധതി സമ്പ്രദായവും വരുംതലമുറയെ രൂപപ്പെടുത്തേണ്ട ലോകോത്തര നിലവാരത്തിലുള്ള ഐ.ഐ.ടി പോലുള്ള വിദ്യാഭ്യാസരീതികളും തൊട്ട് വൻജലസംഭരണികളും ഫാക്ടറികളും കൈതൊഴിൽ കേന്ദ്രങ്ങളും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കി, വരാനുള്ള കാലത്തേക്ക് രാജ്യത്തെ പാകപ്പെടുത്താൻ അങ്ങനെയൊരു ധിഷണാശാലിയായ, ശാസ്ത്രാവബോധമുള്ള നേതാവ് നമുക്കുണ്ടായിരുന്നു എന്നത് മുക്കാൽ നൂറ്റാണ്ട് കാലത്തെ വലിയ അടയാളപ്പെടുത്തലാണ്. അത്തരമൊരു നേതാവില്ലാതെ പോയതിന്റെ പരിണിതഫലമറിയാൻ നമ്മുടെ അയൽരാജ്യത്തിന്റെ സാമ്പത്തിക-സമൂഹിക കാഴ്ച്ചകൾ മാത്രം മതിയല്ലോ.

ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന, അതിജീവനത്തിനായി പൊരുതുന്ന മനുഷ്യരില്ലാത്തെ, എല്ലാവർക്കും സമപരിഗണനയുള്ള ‘മധുരമനോജ്ഞ വികസിത ഇന്ത്യ’യാണെന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, നാം തീരെ തോറ്റു പോയ ജനതയല്ല. നെഹ്റുവും അംബേദ്കറും ആസാദുമടക്കമുള്ള സ്വതന്ത്ര ഇന്ത്യയുടെ വഴി നിശ്ചയിച്ച നേതാക്കളുടെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൈമുതലാക്കി, ഭരണഘടനയിൽ കാലുറപ്പിച്ച് എഴുപത്തഞ്ചു വർഷം കൊണ്ട് നമ്മളൊരുപാട് ദൂരം മുന്നോട്ട് നടന്നിട്ടുണ്ടെന്നാണ്. (ആ ദൂരം ഇപ്പോൾ പിന്നോട്ട് നടക്കുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യം.

ജനാധിപത്യമാണ് കരുത്ത്

സ്ഥാപകനേതാക്കളുടെ കാഴ്ചപ്പാടുകൾ‍ക്കപ്പുറം, ഇന്ത്യയെ ഇന്ത്യയാക്കുന്നത്, എന്നും അങ്ങനെ നിലനിർത്തിയത് ജനാധിപത്യസംവിധാനത്തിന്റെ കരുത്താണ് (ആയിരുന്നു!?) എന്ന് നിസ്സംശയം പറയാനാവും. ഒരു പാർട്ടിക്കോ, നേതാവിനോ ആശയത്തിനോ കീഴൊതുങ്ങുന്നതിന് പകരം വൈവിധ്യമാർന്ന ആദർശങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ആദാനപ്രദാനങ്ങളിലൂടെയും ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനം, ഒരു ഭരണഘടന, നമുക്കുണ്ടായി എന്നത് തന്നെയാണ് ഈ യാത്രയിൽ ഏറ്റവും വലിയ കൈമുതൽ.

സ്വതന്ത്ര്യലബ്ധിയുടെ കാര്യത്തിൽ സമകാലീനരായ പല രാജ്യങ്ങളും പട്ടാള അട്ടിമറിയിലൂടെയും ഏകാധിപത്യത്തിലൂടെയും വർഗീയ രാഷ്ട്രീയത്തിലൂടെയും സാമ്പത്തിക അസ്ഥിരതയിലൂടെയും തകർന്നപ്പോഴും, നമ്മുടെ രാജ്യം ശക്തമായി നിലനിന്നതും ആ ഒരൊറ്റ കാരണം കൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ വിധി പറയാൻ തക്ക കരുത്തുണ്ടായിരുന്ന ഹൈക്കോടതികൾ ജനാധിപത്യമൂല്യങ്ങൾക്ക് കാവൽ നിന്ന കാലത്തിലൂടെ സഞ്ചരിച്ചാണ് ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായത്. ഏതൊരു പൗരൻ ചോദിച്ചാലും സർക്കാർ വിവരങ്ങളടക്കമുള്ളവ നിശ്ചിത സമയത്തിനകം സമർപ്പിച്ചേ മതിയാവൂ എന്ന നിയമം കൊണ്ടുവരാൻ തക്ക ആർജ്ജവമുള്ള രാഷ്ട്രീയനേതൃത്വവും ഈ യാത്രയിൽ നമുക്കുണ്ടായിരുന്നു.

ജനാധിപത്യസംവിധാനത്തിൽ പിന്നാക്കം നിൽക്കുന്ന മനുഷ്യർക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതിലും കുറച്ചുകൂടി മെച്ചപ്പെട്ട സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഈ പശ്ചാത്തലങ്ങൾ ഏറെ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. ദാരിദ്ര്യനിർമാർജ്ജനത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം പകർന്നത് ഇത്തരം മൂല്യങ്ങൾ തന്നെയാണ്.

അതുകൊണ്ട് തന്നെയാണ്, ജനാധിപത്യമൂല്യങ്ങൾക്കും രീതികൾക്കുമെതിരെ ഇപ്പോൾ ഉയരുന്ന വാളുകൾ, അത് പാർലിമെന്റിലായാലും തെരുവിലായാലും, ജനാധിപത്യവിശ്വാസികളെ ഏറെ ഭീതിപ്പെടുത്തുന്നതും.

“മറ്റു രാജ്യങ്ങളെ നോക്കുമ്പോൾ വേണ്ടവിധം വളർച്ച കൈവരിച്ചിട്ടില്ല!”

പലരും വളരെ എളുപ്പത്തിൽ പറഞ്ഞുപോകുന്ന ഒരു പ്രസ്താവനയാണ്, “നമ്മുടെ രാജ്യം വികസനത്തിന്റെ കാര്യത്തിൽ ബഹുദൂരം പുറകിലാണ് എന്നത്”. യൂറോപ്പിനോടും, വികസനസൂചികയിൽ മുന്നിലുള്ള രാജ്യങ്ങളോടുമാണ് പലപ്പോഴും ഈ താരതമ്യം ഉണ്ടാവാറുള്ളത്. ഗതാഗത സംവിധാനങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് എന്നത് യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെയും, നേരത്തേ പറഞ്ഞ ഇന്ത്യയുടെ കഴിഞ്ഞകാല സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് ഈ വിമർശനങ്ങളിലേറെയുമെന്ന് തോന്നാറുണ്ട്.

ദീർഘകാലം കൊളോണിയിൽ കൊള്ളക്കും അടിച്ചമർത്തലിനും ഇരയായ നാടാണ് നമ്മുടേത്. മറ്റൊരു രാജ്യത്തെ കോളനിവത്കരിച്ചതിന്റെ ചരിത്രവും നമുക്കില്ല. എണ്ണിയാലൊടുങ്ങാത്ത സാംസ്കാരിക-സാമൂഹിക വൈവിധ്യങ്ങളും രീതികളുമൊക്കെ പരിഗണിച്ചുള്ള സംവിധാനമാണ് നമുക്കുള്ളത് എന്നതുകൂടെ ഈ വികസനതാരതമ്യത്തിൽ പരിഗണിക്കേണ്ടതാണല്ലോ.

ഒരു പാർട്ടിയുടെ തീരുമാനത്തിനനുസരിച്ച് ഗ്രാമങ്ങളും തെരുവുകളും ഒരു രാത്രി കൊണ്ട് ശുദ്ധീകരിക്കപ്പെടുന്ന രാജ്യത്തെ തെരുവുകൾ മിനുങ്ങുന്നത്രയും, തെരുവുകളിലെ ജീവിതവും പ്രതിഷേധവും കൂടി പരിഗണിക്കപ്പെടുന്ന സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിൽ മിനുങ്ങുന്നില്ല എന്നത് നേരാണ്. പക്ഷേ, അത് നേട്ടമായിട്ടാണോ, കോട്ടമായിട്ടാണോ കണക്കാക്കപ്പെടേണ്ടത്?

പല മേഖലകളിലും നമുക്കാവുന്ന അത്രയും മുന്നോട്ട് കുതിച്ചിട്ടില്ലെന്നും അഴിമതിയുടെ നീരാളിപ്പിടുത്തത്തിലാണ് പ്രാദേശികതലം തൊട്ട് ദേശീയതലം വരെയുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെന്ന് അംഗീകരിക്കുമ്പോൾ തന്നെ, ഭൂമിശാസ്ത്രം, ഭാഷ, മതം, സംസ്കാരം, വംശീയത എന്നിങ്ങനെ ഇത്രമേൽ വൈവിധ്യമാർന്ന ഒരു ദേശം, ഏഴര പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസനം, സമൃദ്ധി, സ്ഥിരത എന്നിവ അത്ര മോശമല്ലാത്തതാണ് എന്നുവേണം കരുതാൻ.

ഹരിതവിപ്ലവവും ചാന്ദ്രപര്യവേഷണവും പഞ്ചായത്തിരാജും വിദ്യാഭ്യാസാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയുമടക്കമുള്ള നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള പല വിഭാവനകളും ഒരു ജനാധിപത്യരാജ്യം എങ്ങനെയായിരിക്കണമെന്നതിന്റെ ദിശാസൂചിക നിശ്ചയിക്കുന്നതിൽ ഏറെ നിർണായകമായിട്ടുണ്ട്. നെഹ്റു തൊട്ട് മൻമോഹൻ സിങ്ങ് വരെയുള്ള നമ്മുടെ നേതാക്കൾ ലോകത്തിനാകമാനം പ്രചോദനമായി തലയുയർത്തി നിൽക്കുകയും ചെയ്യുന്നുണ്ട്. ലോകമാകെ സാമ്പത്തികമാന്ദ്യത്തിൽ തകർന്നടിഞ്ഞ, വികസിതരാജ്യങ്ങൾ വരെ പതറിപ്പോയ 2008ലെ ആഗോളമാന്ദ്യത്തിൽ, തകരാതെ വികസനസൂചിക മുന്നോട്ട് ചലിപ്പിച്ച രാജ്യമായിരുന്നല്ലോ നമ്മുടേത്.

വികസനത്തിന്റെയും പുരോഗതിയുടെയും ഓർമിച്ചെടുക്കൽ ഒരിക്കലും രാജ്യം കടന്നുപോയിട്ടുള്ള, കടന്നുപോയിക്കൊണ്ടിരിക്കുന്ന, കയ്പേറിയ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കലല്ല. മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് വരുമ്പോൾ റോഡരികിലെ ചേരികൾ കർട്ടനിട്ട് മറക്കുന്നത് പോലെ മറച്ചുപിടിക്കാൻ കഴിയാത്ത ദുരിതങ്ങളും മാറ്റിനിർത്തലുകളും വർഗീയ സംഘർഷങ്ങളും ഈ 75 വർഷത്തിന്റെ ഭാഗം തന്നെയാണ്. പ്രത്യേകിച്ച്, അസഹിഷ്ണുതയുടെയും ജാതി-മത വ്യത്യാസങ്ങളുടെ പേരിലുള്ള വേർതിരിവുകളുടെയും അടിച്ചമർത്തലിന്റെയും വാർത്തകൾ മുൻപില്ലാത്ത വിധം ഏറിവന്ന, ജനാധിപത്യരീതികൾക്കും മൂല്യങ്ങൾക്കും പോലും വിലയിട്ട് വർഗീയതാത്പര്യങ്ങൾക്കനുസരിച്ച് അവയുടെ ദിശ നിശ്ചയിക്കുകയും ചെയ്യുന്ന, അവസാനത്തെ എട്ടു വർഷം കൺമുന്നിലുള്ളപ്പോൾ, “ഏയ് അങ്ങനെയൊന്നുമില്ലെന്ന്” പറയുന്നത് നാട്യമാവും. പല നേരങ്ങളിലും, ഇതെഴുതുന്ന ഈ നിമിഷത്തിലും അവകാശലംഘനങ്ങളുടെയും അടിച്ചമർത്തലിന്റെയും വാർത്തകൾ നമുക്കിടയിൽ തന്നെയുണ്ട്.

അപ്പോഴും തുടക്കത്തിൽ സൂചിപ്പിച്ച പോലെ, നിലവിലെ രാഷ്ട്രീയ-സാമൂഹിക അസ്വസ്ഥകൾക്കപ്പുറം നമുക്ക് കരുത്ത് പകരാൻ ഇപ്പോഴും ജനാധിപത്യമെന്ന, ഭരണഘടനയെന്ന ആയുധം ജനാധിപത്യവിശ്വാസികൾക്ക് ബാക്കിയാവുന്നുണ്ട്. (എത്ര കാലത്തേക്കെന്നത് പറയാനാവില്ലെങ്കിലും!). ‍അതൊരു പ്രതീക്ഷ തന്നെയാണ്, പോരാടാനും മുന്നോട്ട് നോക്കാനും കരുത്ത് പകരുന്ന വെളിച്ചം.

അതിന്റെ തെളിച്ചത്തിലൂന്നി, രാജ്യം, അഥവാ, രാജ്യത്തെ ജനങ്ങൾ, അതിന്റെ സ്ഥാപനപരവും നയപരവുമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും അസമത്വങ്ങൾ കുറയ്ക്കുകയും ചെയ്താൽ, മതേതരമൂല്യങ്ങളടിസ്ഥാനമാക്കി സ്ഥാപകനേതാക്കൾക്കുണ്ടായിരുന്ന ഇശ്ചാശക്തിയോടെ രാജ്യത്തെ നയിക്കുന്ന നേതാക്കളുണ്ടായാൽ, അടുത്തൊരു 25-30 വർഷം കൊണ്ട് ഈ നൂറ്റാണ്ടിനെ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറും. അതിനുള്ള സാധ്യതയും അടിത്തറയും 75 വർഷത്തിനിപ്പുറവും ബാക്കിയാക്കുന്നു എന്നത് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.