Skip to content Skip to sidebar Skip to footer

ഫാക്റ്റ് ചെക്കിങ് അനിവാര്യമാകുന്ന കാലം.

ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോർസി കേന്ദ്രസർക്കാറിനെതിരെ നടത്തിയ വിമർശനങ്ങൾ ഗുരുതരമാണ്. കർഷക സമരം നടന്ന സമയത്ത്, സമരത്തെ പിന്തുണക്കുന്നവരുടെയും, ചില മാധ്യമപ്രവർത്തകരുടെയും, കേന്ദ്രസർക്കാറിനെ നിരന്തരം വിമർശിക്കുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ സർക്കാർ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായി എന്നാണ് ഡോർസിയുടെ വെളിപ്പെടുത്തൽ. അല്ലാത്തപക്ഷം ഓഫീസ് അടച്ചുപൂട്ടുമെന്നും ജീവനക്കാരുടെ വസതികളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഈ വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളും ഇതര സാമൂഹിക രാഷ്ട്രീയ നിരീക്ഷകരും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

ജനാധിപത്യം ഇന്ന് കേവലമൊരു വാക്ക് മാത്രമായി മാറിയെന്നും മുഖ്യധാര- സാമൂഹിക മാധ്യമങ്ങൾക്ക് മേൽ ഭരണകൂടം ഉണ്ടാക്കുന്ന സമ്മർദങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും നിരാകരിക്കുന്നതാണ് എന്നായിരുന്നു വിമർശനങ്ങളുടെ അകത്തുക. രാജ്യത്തെ മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ, സാമൂഹിക മാധ്യമങ്ങളുടെ രംഗപ്രവേശനത്തോടെ ഉണ്ടായ മാറ്റങ്ങൾ, ഭരണകൂടങ്ങളുടെ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ പരിശോധിക്കുകയാണ് ഇവിടെ.

ഇതാദ്യമായല്ല ബി.ജെ.പി ഗവർമെന്റിന്റെ മാധ്യമങ്ങളോടുള്ള സമീപനങ്ങൾ വിമർശിക്കപ്പെടുന്നത്. 2014 ൽ അധികാരത്തിൽ വന്നതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെ സ്വാധീനിച്ചും വിലകെടുത്തും തങ്ങളുടെ പ്രചാരണ യന്ത്രങ്ങളായി മാറ്റിയെടുക്കുന്നതിൽ ബി.ജെ.പി വിജയിച്ചിരുന്നു. ഇന്നും വലിയോരളവിൽ ഭരണകൂട വിരുദ്ധ വികാരത്തെ പൊതുജന മധ്യത്തിൽ തുറന്ന് വെക്കപ്പെടുന്നതിൽ നിന്ന് മാധ്യമങ്ങൾ കാണിക്കുന്ന വിമുഖത ശ്രദ്ധിക്കപ്പെടേണ്ടതാണ്.

ഒരു ഭാഗത്ത് മാധ്യമങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റിയും മറുഭാഗത്ത് തങ്ങളെ എതിർക്കുന്നവരെ അടച്ചുപൂട്ടാനും വേട്ടയാടനുമുള്ള ശ്രമങ്ങളും അധികാരത്തിലേറി ഇന്നുവരെയുള്ള കാലയളവിൽ ബി.ജെ.പി തുടർന്ന് പോന്നിട്ടുണ്ട്.

ഇതേ കാലയളവിൽ തന്നെയാണ് മുഖ്യധാര മാധ്യമങ്ങളോടപ്പം തന്നെ വാർത്തകളുടെ, വിശകലനങ്ങളുടെ ഇടമായി സാമൂഹിക മാധ്യമങ്ങളും മാറുന്നത്. ഇതിനോടകം മുതലാളിത്തത്തിന്റെ ഉടമസ്ഥതയിലാക്കപ്പെട്ട മുഖ്യധാര മാധ്യമങ്ങളുടെ ഇടയിൽ സാമൂഹിക മാധ്യമങ്ങൾ വാർത്തകളെയും നിരീക്ഷണങ്ങളെയും മൂടിവെക്കാൻ പറ്റാത്ത വിധത്തിൽ തുറന്നുകാട്ടുന്ന ഒരു സാധ്യതയായി മാറി. സെൻസറിങ് കാര്യമായി നടക്കാത്ത, എഡിറ്റർമാർ ഇല്ലാത്ത ഇടം വാർത്തകളുടെ തന്നെ സ്വഭാവത്തിൽ കാര്യമായി മാറ്റങ്ങൾ കൊണ്ടുവന്നു. ഏതൊരു വ്യക്തിക്കും തങ്ങളുടേതായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സാഹചര്യം മുതൽ വിവിധ സംഘടനകൾക്ക്, രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും മറ്റുമുള്ള സാധ്യത കൂടി സാമൂഹിക മാധ്യമങ്ങൾ തുറന്നുവെച്ചു.

വലിയൊരു വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ സംഭവിച്ചതെങ്കിലും ഗുണത്തെക്കാൾ ഏറെ ദോഷം ഉണ്ടാക്കുന്ന ഇടങ്ങളായി സാമൂഹിക മാധ്യമങ്ങൾ പിന്നീട് മാറുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്. ആർക്കും എന്തും പറയാം എന്നിടത്ത്, പറയുന്നതിലെ വസ്തുത നിരാകരിക്കപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ ശരിയേത് തെറ്റേത് എന്ന് വേർപെടുത്തി മനസിലാക്കാനുള്ള രീതിശാസ്ത്രത്തിന്റെ അഭാവവും, ഗണ്യമായ ഉപയോക്താക്കളുടെ സാന്നിധ്യവും പോസ്റ്റ് ട്രൂത്ത് യുഗത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു. ലോകമാകെ വലതുപക്ഷ മേൽക്കോയ്മ സൃഷ്ടിക്കുന്നതിന് ഇത് സഹായിച്ചു. ഇന്ത്യയിൽ ഇതാകട്ടെ വർഗീയ പ്രചാരണങ്ങൾക്കും, വലിയ തോതിലുള്ള മത സാമുദായിക ധ്രൂവീകരണങ്ങൾക്കും കാരണവുമായി.

ഉത്തരവാദിത്വപ്പെട്ട സർക്കാർ ഈ ഘട്ടത്തിൽ ചെയ്യേണ്ടിയിരുന്നത് സാമൂഹിക മാധ്യമങ്ങൾക്ക് മേൽ കൃത്യമായ രൂപരേഖ നിർമിക്കാനും വസ്തുത വിരുദ്ധത പ്രചരിക്കുന്ന സാഹചര്യത്തെ ക്രിയാത്മകമായി പ്രതിരോധിക്കാനുമുള്ള നീക്കങ്ങൾ നടത്തുക എന്നതായിരുന്നു. ദൗർഭാഗ്യവശാൽ സർക്കാർ ഇവിടെയും തങ്ങളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.

കുറച്ച് മുന്നേ ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാൽവിയക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുള്ള ഇടപെടലുകളെ സംബന്ധിച്ച് വിവിധ ആരോപണങ്ങൾ ഉണ്ടായ പശ്ചാത്തലം ഓർക്കേണ്ടതുണ്ട്. സൗത്ത് ഏഷ്യയിലെ തന്നെ ഫേസ്ബുക്കിന്റെ ഉന്നത ചുമതലയിൽ ആർ.എസ്.എസ് സ്വാധീനമുള്ള ആൾ നിയമിതനാകുക, അമിത് മാൽവിയയുടെ പേജിന് സവിശേഷ ശ്രദ്ധ നൽകുക, അദ്ദേഹം പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകൾ വസ്തുത വിരുദ്ധമാകുമ്പോഴും അത് നീക്കം ചെയ്യാതിരിക്കുക, ഇതര സർക്കാർ – ബി.ജെ.പി വിമർശനങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ഭരണകൂട ദാസ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളെ കാണാൻ കഴിഞ്ഞത്. മുഖ്യധാര മാധ്യമങ്ങളെക്കാൾ വസ്തുത വിരുദ്ധ പ്രചാരണങ്ങൾക്ക് സാധ്യത സാമൂഹിക മാധ്യമങ്ങളിൽ ആണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് പകരം അത് ഉപയോഗിക്കാനാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. ഇതിൽ ഏറ്റവും മുൻപന്തിയിൽ ഉണ്ടായിരുന്നത് ബി.ജെ.പിയും.

കേവലം ബി.ജെ.പിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ ആരോപണം എന്നത് വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നുണ്ട്.

കേരളത്തിൽ ഈ അടുത്ത് ഉണ്ടായ സംഭവവികാസങ്ങൾ പൊതുവിൽ മാധ്യമ പ്രവർത്തനത്തോടുള്ള ഭരണകൂട സമീപനങ്ങളെ കുറിച്ചുള്ള പുതിയ ചില വീക്ഷണങ്ങൾ കൂടി തുറന്ന് കാണിക്കുന്നതാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗൂഢാലോചന കൂറ്റം ചുമത്തി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായി മനസിലാക്കേണ്ടതുണ്ട്. രണ്ട് കാര്യങ്ങളാണ് ഇതിലൂടെ സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ പറയാൻ ശ്രമിക്കുന്നത്.

ഒന്ന്, പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതല്ലെന്നതടക്കം പല നിയമവിദഗ്ധരും അഭിപ്രായപ്പെട്ടപ്പോഴും ഇങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്യുന്നതിലൂടെ ഭരണകൂടത്തിനെതിരെ ശബ്ദിക്കുമ്പോൾ, വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മറ്റ് മാധ്യമങ്ങൾക്കും ഇതാണ് സംഭവിക്കാൻ പോകുന്നത് എന്ന തകീത് നൽകാൻ ശ്രമിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത് ഇതുപോലെ പ്രചാരണം നടത്തിയാൽ ഇനിയും കേസ് എടുക്കുമെന്നാണ്. പൊതുമണ്ഡലത്തിലുള്ള ഒരു വാർത്ത റിപ്പോർട്ട് ചെയ്തത് എങ്ങനെയാണ് കുറ്റകരമാകുന്നത് എന്ന് വ്യക്തമാക്കുന്നതിന് പകരം ഇനിയും അത് തുടരുമെന്ന് പറയുന്ന പാർട്ടിയുടെ ധാർഷ്ട്യത്തെ തിരിച്ചറിയേണ്ടതുണ്ട്. തങ്ങൾക്കെതിരെയുള്ള മാധ്യമ വാർത്തകളെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്യേണ്ടത് എന്നത് സംബന്ധിച്ച സി.പി.എം നിലപാടിലെ ജനാധിപത്യ വിരുദ്ധത വിമർശിക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.

രണ്ട്, കൂടുതൽ അപകടകരമായ സംഗതി, ഇങ്ങനെ ഒരു റിപ്പോർട്ടർക്കെതിരെ തെറ്റായ കാരണത്തെ മുൻനിർത്തി കേസ് എടുക്കുന്നതിലൂടെ, വിശേഷിച്ചും സ്ത്രീയായ അവരെ സൈബർ ഇടത്തിൽ വേട്ടയാടാനുള്ള അവസരം ഒരുക്കി കൊടുക്കുന്ന പണി കൂടി പാർട്ടിയുടെ തന്നെ സൈബർ പോരാളികൾ എന്ന് അറിയപെടുന്നവർ ചെയ്യുന്നുണ്ട്. ഓരോ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാവുന്ന സന്ദർഭങ്ങളിലും സൈബർ ഇടങ്ങളിൽ അത്തരം വാർത്തകൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് പരിശോധിച്ചാൽ സാമൂഹിക മാധ്യമങ്ങളിലെ വാർത്ത വിശകലന രീതിശാസ്ത്രത്തെ കുറിച്ച് വ്യക്തത വരും.

ഉദാഹരണത്തിന്, മീഡിയവൺ നിരോധന വിഷയത്തിൽ പൊതുവിൽ സംഘ്പരിവാർ ഭാഗത്ത് നിന്ന് മാത്രമാണ് അനുകൂല സമീപനം ഉണ്ടായിരുന്നത് എന്ന് മീഡിയവൺ എഡിറ്റർ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, അതിനെ തുടർന്നിങ്ങോട്ട് മീഡിയവൺ റിപ്പോർട്ട് ചെയുന്ന വാർത്തകളിൽ സി.പി.എമ്മിനെതിരെയുള്ള വാർത്തകൾ ഉണ്ടാകുന്ന ഘട്ടത്തിൽ പ്രസ്തുത നിരോധനം ശരിയായിരുന്നുവെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർ തന്നെയാണ് നിങ്ങൾ എന്നും പറയുന്ന വലിയൊരു കൂട്ടം സൈബർ സഖാക്കളെ സാമൂഹിക മാധ്യമങ്ങളിൽ കാണാൻ കഴിയും.

സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായ മറ്റൊരു പ്രധാന പ്രശ്നം ഇതാണ്. തങ്ങൾക്ക് അനുകൂലമായ വാർത്തകൾ ശരിയും അല്ലാത്തത് തെറ്റും, ഗൂഢാലോചനയുമാകുന്ന തരത്തിൽ വാർത്തകളെ സമീപിക്കുന്ന തെറ്റായ വിശകലന രീതിശാസ്ത്രം സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തെ തുടർന്ന് ഉണ്ടായിട്ടുണ്ട്.

ഈയൊരു പശ്ചാത്തലത്തിലാണ് വസ്തുത പരിശോധനയുടെ (Fact checking) സാധ്യത കൂടുതൽ പ്രസക്തമാകുന്നത്. വാട്‌സ്ആപ്പിലൂടെയും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപിക്കുന്ന വ്യാജ വാർത്തകൾ ഇന്ന് നിയന്ത്രണാതീതമായി മാറിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ മുന്നിലേക്ക് വരുന്ന വാർത്തയുടെ ശരി തെറ്റുകൾ മനസിലാക്കൽ ഇന്ന് ഏറെ പ്രയാസകരമാണ്. ചെറുതും വലുതുമായ വസ്തുത പരിശോധന ഉദ്യമങ്ങൾ ഇന്ന് നിലവിൽ ഉണ്ടെങ്കിലും അതിന്റെ സാധ്യതയും പരിമിതമാണ്. വിവിധ മാധ്യമങ്ങളിലൂടെ തങ്ങളുടെ മുന്നിൽ എത്തുന്ന വാർത്തകൾ സത്യസന്തമാണോ എന്ന് പരിശോധിക്കാനുള്ള ബാധ്യത നമ്മൾ ഓരോരുത്തർക്കും ഉണ്ടെന്ന് മനസിലാക്കുകയാണ് പ്രാഥമികമായി നമ്മൾ ചെയ്യേണ്ട കാര്യം. ഓരോ വാർത്തയും മറ്റൊരാളിലേക്ക് പങ്ക് വെക്കുന്നതിന് മുന്നേ അത് ശരിയാണോ എന്ന് ഉറപ്പ് വരുത്താൻ നമ്മൾക്ക് സാധിക്കണം. പങ്കുവെക്കപ്പെടുന്ന വാർത്തകൾ ഉണ്ടാക്കുന്ന പ്രതികരണങ്ങളെയും പ്രതിഫലനങ്ങളെയും കുറിച്ച് ബോധ്യം ഉണ്ടായിരിക്കുക തുടങ്ങിയ ക്രിയാത്മകമായ പ്രതിരോധത്തിലൂടെ മാത്രമേ ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളൂ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.