നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നിട്ട് എട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ സന്ദർഭത്തിൽ തങ്ങളുടെ ഭരണകാലത്ത് കൈവരിച്ചിട്ടുള്ള നഗരപ്രദേശങ്ങളിലെ ഗതാഗത വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരും, നരേന്ദ്ര മോദി അടക്കമുള്ള നിരവധി മന്ത്രിമാരും, ബി.ജെ.പി നേതാക്കളും ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
‘#8YearsOfInfraGati’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെയും പത്രപരസ്യങ്ങളിലൂടെയുമാണ്
തങ്ങൾ നേടിയ വികസന വളർച്ചയെ പറ്റി ബി.ജെ.പി സർക്കാർ വീമ്പിളക്കുന്നത്.

“അടിസ്ഥാന സൗകര്യങ്ങളുടെ പ്രയോജനം 100% ആളുകളിലേക്കും എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്” എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ഒരു പത്ര പരസ്യത്തിൽ, മെട്രോ റെയിൽ ശൃംഖല, വിമാനത്താവളങ്ങൾ,
ദേശീയ പാതകൾ എന്നിവയുടെ വളർച്ചയെക്കുറിച്ച് കേന്ദ്ര സർക്കാർ ചില അവകാശവാദങ്ങൾ ഉന്നയിച്ചു. എന്നാൽ, ഈ അവകാശവാദങ്ങളൊന്നും തന്നെ വ്യക്തമായ ഡാറ്റയുടെ പിൻബലത്തോടെയല്ല അവതരിപ്പിച്ചിട്ടുള്ളത്. ഈ വാദങ്ങളിൽ പലതും പരിശോധിക്കുവാൻ ഔദ്യോഗിക ഡാറ്റ ലഭ്യമല്ല. ഔദ്യോഗിക ഡാറ്റ ലഭ്യമായ നാല് അവകാശവാദങ്ങൾ പരിശോധിച്ചപ്പോൾ, അവയിലൊന്ന് മാത്രമാണ് ശരിയെന്നു കണ്ടെത്താൻ കഴിഞ്ഞു.
വസ്തുത പരിശോധിക്കുന്നു
- കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 140 ആയി വർധിച്ചുവെന്ന് പരസ്യം അവകാശപ്പെടുന്നു.
വസ്തുത: 2014-ൽ ഇന്ത്യയിലുണ്ടായിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ മോദി സർക്കാർ ഈ പരസ്യത്തിൽ പ്രതിപാദിച്ചിട്ടുള്ളതിനേക്കാൾ പ്രവർത്തനക്ഷമമായ 20 വിമാനത്താവളങ്ങൾ കൂടുതലുണ്ടെന്ന് കണ്ടെത്താൻ സാധിക്കും. അതിനാൽ, ഈ അവകാശവാദം തെറ്റാണ്.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, 2014-ൽ ‘എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ’ കീഴിൽ 94 പ്രവർത്തനക്ഷമവും, 31 പ്രവർത്തനരഹിതവുമായ വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു. പ്രവർത്തനക്ഷമമായ 94 എണ്ണത്തിൽ 68 വാണിജ്യ വിമാനത്താവളങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 26 സിവിൽ എയർ ടെർമിനലുകളുമാണ് ഉണ്ടായിരുന്നത്.
2014 മുതൽ 46 വിമാനത്താവളങ്ങളാണ് നിലവിൽ വന്നിട്ടുള്ളത്, പരസ്യത്തിൽ അവകാശപ്പെടുന്നത് പോലെ 66 അല്ല. ‘ഉഡേ ദേശ് കാ ആം നഗ്രിക്’ പദ്ധതിക്ക് കീഴിലാണ് ഈ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ അവകാശപെടുന്നടുപോലെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണത്തിൽ 90 % അല്ല മറിച്ച 49 % വർധനവാണ് ഉണ്ടായത്.
- മോദി സർക്കാരിന്റെ കാലത്ത് ‘ഉദേ ദേശ് കാ ആം നാഗ്രിക്’ അല്ലെങ്കിൽ ഉഡാൻ പദ്ധതിക്ക് കീഴിൽ 415 പുതിയ വിമാന റൂട്ടുകൾ പ്രവർത്തനക്ഷമമാക്കിയതായി സർക്കാർ അവകാശപ്പെട്ടു.
വസ്തുത: ‘ബിസിനസ് സ്റ്റാൻഡേർഡ്’ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് 2015-ൽ എൻ.ഡി.എ സർക്കാർ മെട്രോ ഇതര നഗരങ്ങളിൽ കുറഞ്ഞ ചെലവിൽ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ യു.പി.എ സർക്കാർ തുടങ്ങിവെച്ച പദ്ധതി നിർത്തിവക്കുകയുണ്ടായി. “വാണിജ്യ സാധ്യതയുടെ കുറവ്” എന്നതായിരുന്നു അന്ന് കാരണം പറഞ്ഞത്. ഒരു വർഷത്തിനുശേഷം, ‘വ്യോമയാന മന്ത്രാലയം’ , പ്രാദേശിക വ്യോമ വ്യാപ്‌തി വർധിപ്പിക്കുന്നതിനും, കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനും, വ്യോമഗതാഗതം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി ‘ഉഡാൻ‘ എന്ന പദ്ധതി ആവിഷ്കരിച്ചു.
തുടർന്ന്, വിവിധ എയർലൈനുകളുടെ സഹായത്തോടെ ‘ഉഡാൻ റൂട്ടുകളുടെ’ വികസനം ലക്ഷ്യമിട്ടുകൊണ്ട്, എയർലൈൻ ഓപ്പറേറ്റർമാർക്ക് മൂന്ന് വർഷത്തേക്ക് നിർദ്ദിഷ്ട റൂട്ടുകളിൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സബ്‌സിഡി അനുവദിച്ചു.
2022 മാർച്ചിൽ, സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വി.കെ സിംഗ് ലോക്‌സഭയിൽ നൽകിയ വിശദീകരണമനുസരിച്ച, ഏഴ് ഘട്ടങ്ങളിലായി സബ്സിഡി അനുവദിച്ച 948 റൂട്ടുകളിൽ 419 എണ്ണം പ്രവർത്തനക്ഷമമായിട്ടുണ്ട്. 419 പ്രവർത്തന റൂട്ടുകളിൽ 126 എണ്ണം (30%), മൂന്ന് വർഷത്തെ “എക്‌സ്‌ക്ലൂസീവ്” കാലാവധി നിലനിർത്തുന്നതിൽ വിജയിച്ചുവെന്നും സിംഗ് വ്യക്തമാക്കി.
2021 ഡിസംബറിൽ, പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 403 ആയിരുന്നപ്പോൾ, ‘സിവിൽ ഏവിയേഷൻ മന്ത്രാലയം’ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ വെച്ച കണക്ക് പ്രകാരം, 2021 ഡിസംബർ 14 വരെയുള്ള കണക്കെടുക്കുമ്പോൾ “പ്രവർത്തനക്ഷമമായ ‘ഉഡാൻ’ റൂട്ടുകളുടെ എണ്ണം 294 ആണ്.
പ്രവർത്തനം ആരംഭിച്ച 403 റൂട്ടുകളിൽ, 300 എണ്ണം കോവിഡ് -19 മൂലം പ്രതിസന്ധിയിലായെന്നും മന്ത്രാലയം കമ്മിറ്റിയെ അറിയിച്ചു.
‘ഇൻവെസ്റ്റ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് ‘ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 മെയ് മാസം വരെയുള്ള കണക്കെടുത്താൽ 39% വിമാനത്താവളങ്ങൾ മാത്രമാണ്
ഈ പദ്ധതി പ്രകാരം പ്രവർത്തനക്ഷമമാക്കിയത്. ‘ഉഡാൻ’ പദ്ധതിയുടെ മന്ദഗതിയിലുള്ള പുരോഗതിക്ക് കാരണം വിമാനത്താവളങ്ങൾ സജ്ജമാക്കുന്നതിലും, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലും സംഭവിച്ച കാലതാമസമാണ്. ചില ‘റീജിയണൽ കണക്റ്റിവിറ്റി സ്‌കീം’ വിമാനത്താവളങ്ങളിൽ റൺവേക്ക് മതിയായ നീളം ഇല്ലാത്തതും, ആവശ്യമായ നിയന്ത്രണ അനുമതികൾ ലഭിക്കുന്നതിനുള്ള കാലതാമസവും പദ്ധതിയെ ബാധിച്ചിട്ടുണ്ട്’. ‘കോർപ്പറേറ്റ് റേറ്റിംഗ്, ഇൻവെസ്റ്റ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ’യുടെ എസ്.വി.പി ആൻഡ് ഗ്രൂപ്പ് തലവൻ ശുഭം ജെയിൻ പറയുന്നു.
‘എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ’യുടെ കണക്കുകൾ പ്രകാരം ‘ഉഡാൻ’ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ ആരംഭിച്ച റൂട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

നിരവധി ജലവിമാന റൂട്ടുകൾ പ്രവർത്തനക്ഷമമാക്കാൻ ‘ഉഡാൻ’ പദ്ധതി ലക്ഷ്യമിട്ടിരുന്നു. അനുവദിച്ച
രണ്ട് റൂട്ടുകളിൽ ഒന്ന് സബർമതി നദിക്കും ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യ്ക്കും ഇടയിൽ ഹ്രസ്വകാലത്തേക്ക് പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇന്ത്യയിൽ ജലവിമാനങ്ങളുടെ പരിപാലനത്തിനു മതിയായ പിന്തുണ ലഭ്യമല്ല എന്നതുകൊണ്ട് ഈ റൂട്ടിലുള്ള പ്രവർത്തനം നിശ്ചിത എയർലൈൻ ഓപ്പറേറ്റർ നിർത്തിവെച്ചതായി മറ്റൊരു ‘സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട്‘ പറയുന്നു.
- ദേശീയ പാതകൾ നിർമ്മിക്കുന്നതിലെ വേഗത 200% വർധിച്ചതായി ഭാരതീയ ജനതാ പാർട്ടി നേതാക്കൾ അവകാശപ്പെട്ടു – 2013 ൽ പ്രതിദിനം 12 കിലോമീറ്ററായിരുന്നുവെങ്കിൽ 2021ൽ പ്രതിദിനം 37 കിലോമീറ്ററായി വർധിച്ചുവെന്നാണ് വാദം.
വസ്‌തുത: നിലവിലെ ഭരണത്തിന് കീഴിൽ ദേശീയ പാത വിപുലീകരണത്തിന്റെ വേഗത വർധിച്ചിട്ടുണ്ടെങ്കിലും, ഇത് സ്ഥാപിക്കാൻ ബി.ജെ.പി നേതാക്കൾ ഉപയോഗിച്ചിട്ടുള്ള ഡാറ്റ സമീപകാലത്തേതല്ല.
അവർ അവകാശപ്പെടുന്നത്ര വളർച്ചയുണ്ടായിട്ടുമില്ല.
ഹൈവേ വിപുലീകരണം ഏറ്റവും ഉയർന്നുനിന്ന 2020-’21 സാമ്പത്തിക വർഷത്തെ ഡാറ്റയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പ്രതിദിനം 37 കിലോമീറ്ററായിരുന്നു ഈ കാലയളവിൽ വിപുലീകരണ വേഗത, അതായത് മൊത്തം13,327 കിലോമീറ്റർ വിജയിപ്പിക്കാൻ കഴിഞ്ഞു. എൻ.ഡി.എ സർക്കാർ 8 വർഷം കൊണ്ട് നിർമ്മിച്ച ദേശീയ പാതകളുടെ ദൈർഘ്യത്തെ സംബന്ധിച്ചാണ് അവകാശവാദം എന്നതിനാൽ, ഏറ്റവും പുതിയ ഡാറ്റ കണക്കിലെടുക്കണമല്ലോ. അങ്ങനെ നോക്കുമ്പോൾ 2021-22ലെ കാലയളവിലെ ദേശീയ പാത വിപുലീകരണം 10,457 കിലോമീറ്ററായി (പ്രതിദിനം 29 കിലോമീറ്റർ) കുറഞ്ഞതായി കാണാം. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടതുപോലെ വിപുലീകരണ വേഗതയിൽ 200% അല്ല മറിച്ച 141% വർധനവാണുണ്ടായിട്ടുള്ളത്.

നിതിൻ ഗഡ്കരിയുടെ അവകാശവാദത്തിൽ പരാമർശിച്ചിരിക്കുന്ന പ്രതിദിനം 16 കിലോമീറ്റർ വിപുലീകരണ വേഗതയുണ്ടായിട്ടുള്ള വര്ഷം 2013 ആണ്. 2014 ൽ ഇത് 12 കിലോമീറ്ററായി കുറയുകയും ചെയ്തു.
എൻ.ഡി.എ സർക്കാറിന്റെ എട്ട് വർഷവും യു.പി.എ സർക്കാരിന്റെ 10 വർഷവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ദേശീയയപാത വിപുലീകരണ വേഗത 143% വ്യത്യാസം കാണിക്കുന്നുണ്ട്. 2022 മാർച്ചിൽ നിതിൻ ഗഡ്കരി ലോക്‌സഭയിൽ നൽകിയ വിശദീകരണമനുസരിച്ച് രാജ്യത്തെ ദേശീയ പാതകളുടെ ആകെ നീളം 1.41 ലക്ഷം കിലോമീറ്ററായിരുന്നു. 2014 മാർച്ച് അവസാനത്തിൽ, എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുന്നതിന് രണ്ട് മാസം മുമ്പ്, ദേശീയപാതകളുടെ നീളം 91,287 കിലോമീറ്ററായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ കണക്കുകൾ അനുസരിച്ച്, എൻ.ഡി.എ സർക്കാർ തങ്ങളുടെ എട്ട് വർഷത്തിനിടയിൽ ഹൈവേ ശൃംഖല 49,903 കിലോമീറ്ററാണ് വികസിപ്പിച്ചിട്ടുള്ളത്. അതായത് ഈ സർക്കാറിന്റെ കീഴിൽ പ്രതിദിനം 17.1 കിലോമീറ്റർ എന്ന തോതിലാണ് ദേശീയ പാത വിപുലീകരണം നടന്നിട്ടുള്ളത്.
യു.പി.എ സർക്കാരിന്റെ കീഴിൽ ദേശീയ പാത വിപുലീകരണം പ്രതിദിനം 7 കിലോമീറ്റർ എന്ന തോതിലായിരുന്നു. 2004-ൽ ഇന്ത്യൻ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പ്രസിദ്ധീകരിച്ച അടിസ്ഥാന റോഡ് സ്ഥിതിവിവരക്കണക്കുകളിലെ ഡാറ്റ അനുസരിച്ച്, ദേശീയ പാതയുടെ ദൈർഘം 65,569 കിലോമീറ്ററായിരുന്നു. 2013-14 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇത് 91,287 ആയി വർധിച്ചു.
- 2014-ൽ അഞ്ച് നഗരങ്ങളിലായിരുന്നു മെട്രോ റെയിൽ സൗകര്യം ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് 20 ആയി വർധിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി അവകാശപ്പെടുന്നു.
-എണ്ണം ശരിയാണെങ്കിലും, നിലവിലെ സർക്കാർ പ്രവർത്തനക്ഷമമാക്കിയ നിരവധി മെട്രോ റൂട്ടുകൾ യു.പി.എ സർക്കാരിന്റെ കാലത്ത് അംഗീകരിച്ചവയാണ്. ‘ഭവന, നഗരകാര്യ മന്ത്രാലയത്തി’ന്റെ 2021-’22 വാർഷിക റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നിലവിൽ 19 നഗരങ്ങളിൽ പ്രവർത്തനക്ഷമമായ മെട്രോ ലൈനുകളുണ്ട്. 20-ാമത്തെ മെട്രോ മാർച്ചിൽ പൂനെയിൽ തുറക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
2014 മുതൽ പ്രവർത്തനക്ഷമമായ 15 പുതിയ മെട്രോ റെയിൽ പദ്ധതികളിൽ രണ്ടെണ്ണം കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആരംഭിച്ചതാണ്. 2012 ജൂലൈയിൽ കൊച്ചി മെട്രോയും 2009 ജനുവരിയിൽ ചെന്നൈ മെട്രോയും യു.പി.എ സർക്കാർ അംഗീകരിച്ചു.
എൻ.ഡി.എ സർക്കാർ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ ജയ്പൂർ, ലഖ്‌നൗ, നാഗ്പൂർ, പൂനെ എന്നീ നാല് മെട്രോ പദ്ധതികൾക്ക് അന്നത്തെ സർക്കാരിൽ നിന്ന് “തത്ത്വത്തിൽ” അംഗീകാരം ലഭിച്ചിരുന്നു. 2013-’14ലെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം മുംബൈ, ഹൈദരാബാദ് മെട്രോ പദ്ധതികൾ ഇതിനകം തന്നെ നടപ്പിലാക്കി വരികയായിരുന്നു. അതിനാൽ, ബി.ജെ.പി യുടെ അവകാശവാദം ഭാഗികമായി ശെരിയാണെന്ന് പറയേണ്ടി വരും.
ദിവ്യാനി ദൂബേയ് എഴുതി ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ച ലേഖനം