Skip to content Skip to sidebar Skip to footer

സുപ്രീംകോടതി പോലും പറയുന്നു, ജാമ്യ നടപടികൾക്ക് പുതിയ നിയമം വേണം.

രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ അറസ്റ്റുകളും കോടതി ചൂണ്ടികാണിച്ചു. സതേന്ദർ കുമാർ ആന്റിൽ വേയ്സസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസിൽ വിധി പറയവെയാണ് കോടതി സുപ്രധാനമായ പരാമർശം നടത്തിയത്.

സുപ്രീം കോടതിയിൽ 70,239 കേസുകളും, ഹൈക്കോടതികളിൽ 56.7 ലക്ഷം കേസുകളും ഉൾപ്പെടെ രാജ്യത്തെ വിവിധ കോടതികളിൽ 4.1 കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് 2022 ഫെബ്രുവരിയിൽ കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു ലോക്‌സഭയെ അറിയിച്ചിരുന്നു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ, 2020ലെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മുഴുവൻ ജയിൽ തടവുകാരുടെ കണക്കെടുത്താൽ 76% വിചാരണത്തടവുകാരാണ്. ഇതിൽ 68% നിരക്ഷരരോ സ്‌കൂളിൽ വെച്ച് പഠനം നിർത്തിയവരോ ആണ്. ബാക്കിയുള്ള 23% ശിക്ഷിക്കപെട്ടവരും, 0.7% കസ്റ്റഡിയിലുള്ളവരുമാണ് . രാജ്യത്തെ ജയിലുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന തടവുകാരുടെ എണ്ണം, മനുഷ്യത്വരഹിതമായ അവസ്ഥകളിലേക്ക് നയിക്കുന്നുവെന്നതിനാൽ ഇത് ‘യുണൈറ്റഡ് നേഷൻസ് സ്റ്റാൻഡേർഡ് മിനിമം റൂൾസ്’ന്റെ ലംഘനമാണ്.

1976-ൽ നിലവിൽ വന്ന യു.കെ ജാമ്യ നിയമത്തിനു സമാനമായ ഒരു നിയമം നടപ്പിലാക്കണമെന്നാണ് സുപ്രീം കോടതിയുടെ ശുപാർശ. ഈ നിയമം അനുസരിച്ചു ജാമ്യം ഒരു “പൊതു അവകാശമായി” അംഗീകരിക്കണം. കൂടാതെ പ്രതി, ജാമ്യത്തിലിറങ്ങിയാൽ കസ്റ്റഡിയിൽ കീഴടങ്ങുന്നതിൽ പരാജയപ്പെടുകയോ, അല്ലെങ്കിൽ ജാമ്യത്തിലായിരിക്കുമ്പോൾ കുറ്റകൃത്യം ചെയ്യുകയോ, സാക്ഷികളെ തടസ്സപ്പെടുത്തുകയോ, അന്വേഷണം തടസ്സപ്പെടുത്തുകയോ ചെയ്യുമെന്ന് കോടതിയെ പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തിയാൽ മാത്രമേ ജാമ്യം നിരസിക്കാൻ കഴിയൂ. യു.കെയിലെ ജയിലുകളിൽ വിചാരണത്തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിലാണ് ഈ നിയമം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും സുപ്രീം കോടതി ചൂണ്ടികാണിച്ചു.

ഇന്ത്യയിൽ നിലവിലുള്ള ജാമ്യ വ്യവസ്‌ഥകൾ

1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ്: സെക്ഷൻ 2(എ) പ്രകാരം ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) പ്രകാരമുള്ള കുറ്റകൃത്യങ്ങളെ ‘ജാമ്യമുള്ളത്’, ‘ജാമ്യമില്ലാത്തത്’ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

സെക്ഷൻ 438-450 ജാമ്യവും ജാമ്യ ബോണ്ടുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 436 മുതൽ 450 വരെയുള്ള വകുപ്പുകൾ ക്രിമിനൽ നടപടികളിൽ ജാമ്യവും ബോണ്ടുകളും അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും വിവരിക്കുന്നു.

ഇതനുസരിച്ചു ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾക്ക്, പ്രതി ഒരു ജാമ്യ ബോണ്ട് ( കോടതിയിൽ നടക്കുന്ന വിചാരണ നടപടികളിൽ ഹാജരാകുമെന്നും ഒളിവിൽ പോവില്ലെന്നും ഉറപ്പാക്കാൻ ജാമ്യമായി പണവും സ്വത്ത് രേഖകളും ഹാജരാക്കാൻ ആവശ്യപ്പെടുന്ന രേഖ) ഹാജരാക്കിയാൽ ജാമ്യം അനുവദിക്കാൻ മജിസ്‌ട്രേറ്റിന് സി.ആർ.പി.സി അധികാരം നൽകുന്നു. ജാമ്യത്തിൽ വിട്ടയച്ച വ്യക്തി നിശ്ചിത സമയത്ത് ഹാജരായില്ലെങ്കിൽ, ജാമ്യത്തിനായി നൽകിയിട്ടുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് കാരണമാകും.

അപകീർത്തിപ്പെടുത്തൽ പോലുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് ഏകദേശം 20,000 രൂപ വരെയാണ് ബോണ്ട് നൽകേണ്ടി വരിക. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇത് 3-4 ലക്ഷം രൂപ വരെയാകാം. കുറ്റകൃത്യം ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ തോത്, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം, പ്രതിയുടെ സമൂഹവുമായുള്ള ബന്ധം എന്നിവയെ ആശ്രയിച്ചാണ് കുറ്റത്തിന്റെ ഗൗരവം കണക്കാക്കുന്നതും ജാമ്യ ബോണ്ട് തുക നിശ്ചയിക്കുന്നതും.

അശ്രദ്ധമായി വാഹനമോടിക്കുക, ഒരു പൊതുപ്രവർത്തകൻ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, അശ്ലീല പുസ്തകങ്ങൾ വിൽക്കുക, മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക, എന്നിങ്ങനെ ഗൗരവം കുറഞ്ഞ സ്വഭാവമുള്ള വിഷയങ്ങളാണ് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായി കണക്കാക്കപ്പെടുന്നത്.

അതേസമയം, കൊലപാതകം, സ്ത്രീധന മരണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങളിൽ ജാമ്യം അവകാശമായല്ല മറിച്ച് ഒരു സാധ്യത മാത്രമായാണ് കണക്കാക്കപ്പെടുന്നത്. കോടതികൾക്ക് മാത്രമേ ഈ കേസുകളിൽ ജാമ്യം അനുവദിക്കാൻ കഴിയൂ. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം, തെളിവുകളുടെ സ്വഭാവം, വിചാരണയിൽ കുറ്റാരോപിതന്റെ സാനിധ്യം സുരക്ഷിതമല്ലാതിരിക്കാൻ ന്യായമായ സാധ്യത, പൊതുജനങ്ങളുടെയോ സംസ്ഥാനത്തിന്റെയോ താൽപ്പര്യങ്ങൾ മുതലായ അപൂർവ്വ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ മജിസ്‌ട്രേറ്റിന് ഈ കേസുകളിൽ ജാമ്യം അനുവദിക്കാൻ കഴിയൂ. .

മൂന്ന് തരം ജാമ്യങ്ങൾ

റെഗുലർ ജാമ്യം: സി.ആർ.പി.സി സെക്ഷൻ 437, 439 പ്രകാരം, ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ, ഭാവിയിൽ വിചാരണ നടപടികളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യക്തിക്ക് റെഗുലർ ജാമ്യം അനുവദിക്കാവുന്നതാണ്.

ഇടക്കാല ജാമ്യം: മുൻകൂർ ജാമ്യത്തിനോ റെഗുലർ ജാമ്യത്തിനോ വേണ്ടിയുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ കോടതിക്ക് താൽക്കാലിക ജാമ്യം അനുവദിക്കാവുന്നതാണ് .

മുൻകൂർ ജാമ്യം: സി.ആർ.പി.സിയുടെ 438-ാം വകുപ്പ് പ്രകാരം അറസ്റ്റ് നടക്കുന്നതിന് മുമ്പ് മുൻകൂറായി ലഭിക്കാവുന്ന ജാമ്യമാണിത്. ‘മുൻകൂർ ജാമ്യം’ എന്ന പദത്തിനു സി.ആർ.പി.സി യിൽ നിർവചനമില്ലെന്നിരിക്കെ, ബൽചന്ദ് ജെയിൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് എം.പി കേസിൽ “അറസ്റ്റിനു മുൻകൂറായി ലഭിക്കുന്ന ജാമ്യം” എന്ന് സുപ്രീം കോടതി ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി.

ജാമ്യ വ്യവസ്ഥയിലെ അപര്യാപ്തതകൾ

ജൂലൈ 11ലെ സുപ്രീം വിധിയിൽ, ക്രിമിനൽ നടപടികളുടെ പ്രധാന തത്ത്വങ്ങളും ക്രമസമാധാന പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് നിയമപരിഷ്കാരങ്ങളുടെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. ഗുരുതരമായ കേസല്ലെങ്കിൽ റെഗുലർ ജാമ്യം നിഷേധിക്കരുതെന്ന് വിധി നിർദ്ദേശിക്കുന്നു.

ജാമ്യം സാധാരണവും ജയിൽ അപൂർവ്വവുമാകുന്ന രീതിയിലുള്ള നിയമശാസ്ത്രം കെട്ടിപ്പടുക്കുന്നതിലാണ് കോടതിയുടെ ഈ നിർദ്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകനായ സരിം നവേദ് പറഞ്ഞു.

ജാമ്യം സംബന്ധിച്ച നിയമമില്ലാത്തതിനാൽ മജിസ്‌ട്രേറ്റുമാരുടെ തീരുമാനങ്ങളിൽ ഏകീകൃത ഉറപ്പാക്കാൻ കഴിയില്ല. നിലവിൽ ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നതിൽ ജഡ്ജിമാർക്ക് പൂർണ വിവേചനാധികാരമുണ്ട്. ജാമ്യത്തുക പോലും ജഡ്ജിയുടെ വിവേചനാധികാരത്തിന് കീഴിലാണെന്നതിനാൽ, തുക താങ്ങാൻ കഴിയാതെ വന്നാൽ ഒളിവിൽ പോകുമെന്ന ഭയത്താൽ ചിലർക്ക് ജഡ്ജി ജാമ്യം അനുവദിക്കാൻ മടിക്കുന്ന സാഹചര്യമുണ്ട്.

“ജാമ്യത്തിനുള്ള സാധ്യത കേസ് പരിഗണിക്കുന്ന ബെഞ്ചിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ജഡ്ജി ജാമ്യത്തിലേക്ക് കൂടുതൽ ചായ്‌വ് കാണിച്ചെന്നിരിക്കാം, അതേസമയം മറ്റേയാൾക്ക് ജാമ്യം നല്കുന്നതിനോട് എതിർപ്പുണ്ടാവാം. ചിലർ ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട് കടുത്ത സമീപനം സ്വീകരിച്ചേക്കാം. ആത്യന്തികമായി, ഇത് വിവേചനാധികാരത്തിന്റെ കാര്യമാണ്” സാരീം നവേദ് പറയുന്നു. ഒരേ കുറ്റം ചുമത്തപ്പെട്ട വ്യക്തികളോട് വ്യത്യസ്തമായി പെരുമാറുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിചാരണ വൈകുകയും ഉടൻ അവസാനിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമ്പോൾ, ഭരണഘടനാ കോടതികൾക്ക് ജാമ്യം നൽകാനുള്ള അധികാരമുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച നടപടിക്രമങ്ങളൊന്നും
നിയമത്തിൽ വിശദീകരിച്ചിട്ടില്ല.

യുക്തിരഹിതമായ ജാമ്യ ബോണ്ടുകളും വ്യവസ്ഥകളും ജാമ്യം നിഷേധിക്കപെടുന്നതിന്റെ സുപ്രധാന കരണങ്ങളിലൊന്നാണ്. 1979-ലെ ഹുസൈറാന ഖാട്ടൂൺ കേസിൽ ജസ്റ്റിസ് പി.എൻ ഭഗവതി പാവപ്പെട്ടവർക്ക്
ജാമ്യ ബോണ്ടുകൾ നൽകാൻ കഴിയുന്നില്ലെന്നത് എടുത്തുപറഞ്ഞിരുന്നു. പിന്നീട്, 2005-ൽ സി.ആർ.പി.സി ഭേദഗതി വരുത്തി, ദരിദ്രനോ നിർദ്ധനനോ ആയ ഒരു വ്യക്തിക്ക് വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിക്കാമെന്ന വ്യവസ്‌ഥ കൊണ്ട് വന്നു. കൂടാതെ 436എ വകുപ്പിലൂടെ ജാമ്യാപേക്ഷ എന്ന അവകാശത്തിന്റെ വ്യാപ്തി കൂടുതൽ വിപുലീകരിച്ചു.

എന്നിരുന്നാലും ഈ ഭേദഗതി ജാമ്യമെന്ന അവകാശത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ജാമ്യം നിഷേധിക്കപ്പെട്ട്, അന്യായമായി തടവിൽ കഴിയുന്ന നിരവധി വിചാരണ തടവുകാരുണ്ട് ഇന്ത്യൻ ജയിലുകളിൽ. സുപ്രീം കോടതിയുടെ ഈ പുതിയ ശുപാർശകൾ അർത്ഥമാക്കുന്നത് ഇവരുടെ സ്വാതന്ത്ര്യം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെയോ ജഡ്ജിയുടെയോ വിവേചനാധികാരത്തിലല്ല, നീതി ന്യായ വ്യവസ്‌ഥയിൽ അധിഷ്ഠിതമായിരിക്കണം എന്നതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.