Skip to content Skip to sidebar Skip to footer

‘കിംഗ് റാവു’ കേവല പ്രാതിനിധ്യമല്ല – വൗഹിനി വര

അമേരിക്കൻ പത്രപ്രവർത്തകയായ വൗഹിനി വരയുടെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ നോവലായ ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’വിൽ, ദലിതർ കേവലം അടിച്ചമർത്തപ്പെട്ട ഇരകളല്ല. മറിച്ച്, സ്വപ്നങ്ങളുള്ള സംരംഭകരും നവീനരുമാണ്.
നോവലിന്റെ ഗ്ലോബൽ റിലീസിന് മുന്നോടിയായി ‘ദി ഹിന്ദു’ വിനു വേണ്ടി അനിന്ദിതാ ഘോഷ് വൗഹിനി വരയുമായി നടത്തിയ അഭിമുഖം.

ചൊദ്യം 1

13 വർഷം മുമ്പാണ് നിങ്ങൾ ഈ നോവൽ എഴുതാൻ തുടങ്ങിയത്. എന്തായിരുന്നു ഈ കഥയുടെ ഉറവിടം? ഈ കാലയളവിൽ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങളെ നിങ്ങൾ എങ്ങനെയാണ് ഇതിൽ ഉൾച്ചേർത്തത്? വിവിധ ഘട്ടങ്ങളിൽ നോവലിലെ പ്രധാനപ്പെട്ട വിശദാംശങ്ങൾ മാറ്റേണ്ടുന്ന അവസ്ഥ ഉണ്ടായിരുന്നോ?


“2009 ജനുവരിയിൽ, ഞാൻ എന്റെ അച്ഛനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം പെറുവിലൂടെ ട്രെയിൻ യാത്ര ചെയ്യുകയായിരുന്നു. ഞാൻ ഒരു നോവൽ എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്ന അച്ഛൻ, ചെറുകഥകൾ മാത്രം എഴുതുന്നതിയ എന്നെ കളിയാക്കുകയായിരുന്നു. “എന്നാൽ പിന്നെ എനിക്കൊരു ഐഡിയ തരൂ” എന്ന് ഞാൻ അച്ഛനെയും കളിയാക്കി. അങ്ങനെ, ആന്ധ്രാപ്രദേശിൽ താൻ വളർന്ന തെങ്ങിൻ തോപ്പിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു കഥയെഴുതിക്കൂടേയെന്നൊരു നിർദ്ദേശം അച്ഛൻ മുന്നോട്ടുവച്ചു. ആ സമയത്ത്, ഞാൻ വാൾ സ്ട്രീറ്റ് ജേണലിലെ ടെക് റിപ്പോർട്ടർ എന്ന ജോലിയിൽ നിന്ന് അവധിയെടുത്ത് ഗ്രാജ്വേറ്റ് സ്‌കൂളിലായിരുന്നു. മാത്രമല്ല, ടെക് വരേണ്യവർഗ്ഗത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെയും സമ്പത്തിനെയും കുറിച്ച് ഞാൻ ചിന്തിക്കുന്ന സമയവുമായിരുന്നു അത്. ഞാൻ എഴുതിയതുപോലെ, 1950-കളിൽ ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ വളർന്നുവരുന്ന ഒരു കുട്ടിയെക്കുറിച്ചുള്ള എന്റെ അച്ഛന്റെ ആശയം – ഒരു സാങ്കൽപ്പിക ടെക് സിഇഒ യെക്കുറിച്ച് എഴുതാൻ ഉദ്ദേശിച്ച എന്റെ ആശയവുമായി ലയിച്ചു.അതുപോലെ, ഞാൻ വളരെക്കാലം മുമ്പ് ഈ നോവൽ ആരംഭിച്ചതിനാൽ, ഞാൻ എഴുതിയതുപോലെ, ലോകവും സാങ്കേതികതയും മാറിക്കൊണ്ടിരിക്കുകയായിന്നു. ഒരു വിദൂര സാങ്കൽപിക  ഭാവിയെക്കുറിച്ചാണ് ഞാനെഴുതുന്നതെന്ന് ഞാൻ കരുതി. എന്നാൽ പിന്നീട് ഞാൻ എഴുതിയ കാര്യങ്ങൾ (ട്രംപ് പോലെയുള്ള ഒരു വ്യക്തി യു.എസ്. പ്രസിഡന്റാകുന്നത്, ആളുകളുടെ മനസ്സിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ) യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാൻ തുടങ്ങിയപ്പോൾ, എന്റെ നോവലിന്റെ ലോകത്തെ അപരിചിതമാക്കി നിലനിർത്താൻ എനിക്ക് ഒരുപാട് തിരുത്തലുകൾ ആവശ്യമായി വന്നിരുന്നു.”

ചൊദ്യം 2

നിങ്ങളുടെ നായകൻ കിംഗ് റാവുവിനെപ്പോലെ, നിങ്ങളുടെ പിതാവും ദളിതനാണ്, ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഒരു തെങ്ങിൻ തോപ്പിൽ വളർന്നയാളാണ്. ആദ്യ നോവലിൽ തന്നെ താങ്കളുടെ ജീവചരിത്ര വിശദാംശങ്ങൾ ചോർന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആശങ്കപ്പെട്ടിരുന്നോ?


“ഒരിക്കലുമില്ല. എന്റെ പിതാവ് ആ പ്രാഥമിക ആശയം എനിക്ക് നൽകിയതിന് ശേഷം, അദ്ദേഹം വളർന്ന സ്ഥലത്തെയും അദ്ദേഹത്തിന്റെ കുടുംബവുമായി സാമ്യമുള്ള ഒരു കുടുംബത്തെയും അടിസ്ഥാനമാക്കി എഴുതിത്തുടങ്ങുന്നതിൽ അദ്ദേഹം തൃപ്തനാണെന്ന്  ഞാൻ ഉറപ്പാക്കിയിരുന്നു. അദ്ദേഹത്തിനത് ഇഷ്ടമായെന്ന് ഉറപ്പിച്ചപ്പോൾ, ഞാനാ മെറ്റീരിയലും എടുത്തുകൊണ്ട് ഓടി. ഞാൻ എഴുതിക്കൊണ്ടിരുന്നെങ്കിലും, എന്റെ അച്ഛന്റെ ജീവിതത്തിന്റെയും ജന്മനാടിന്റെയും യഥാർത്ഥ വസ്‌തുതകളിൽ നിന്ന് എന്റെ കഥ കൂടുതൽ കൂടുതൽ അകന്നുപോവുകയും മൊത്തത്തിൽ മറ്റൊന്നായി മാറുകയും ചെയ്‌തു. അതുകൊണ്ടുതന്നെ എന്റെ നോവൽ വായിക്കുന്ന ആർക്കും എന്റെ യഥാർത്ഥ കുടുംബത്തെക്കുറിച്ചോ നാടിനെക്കുറിച്ചോ കൂടുതലൊന്നും മനസ്സിലാകാനിടയില്ല.”

ചൊദ്യം 3


പ്രസാധകക്കുറിപ്പിൽ, നിങ്ങളുടെ സുഹൃത്തായ നോവലിസ്റ്റ് കരൺ മഹാജൻ, മൂന്ന് പുസ്തകങ്ങൾ ഒന്നാക്കിയതാണ് ‘ദ ഇമ്മോർട്ടൽ കിംഗ് റാവു’ എന്ന് പറയുന്നുണ്ട്. അത് ശെരിയാണെന്ന് എനിക്കും തോന്നുന്നു. അച്ഛൻ-മകൾ ബന്ധം, ദലിതരെക്കുറിച്ചുള്ള വാക്കാലുള്ള ചരിത്രം, ലോകാവസാനത്തെക്കുറിച്ചുള്ള ഊഹങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നോവലിൽ നടക്കുന്നുണ്ട്. സാഹിത്യ ഫിക്ഷനും ഊഹങ്ങൾ അടിസ്ഥാനമാക്കിയുള്ള ഫിക്ഷനും മുതൽ, ചിലർ സയൻസ് ഫിക്ഷൻ എന്ന് വിളിക്കുന്ന ജോണറുകൾക്കിടയിലൂടെ വരെ ഈ നോവൽ നീങ്ങുന്നുണ്ട്. ജോണറുകളെക്കുറിച്ചുള്ള ഈ വിലയിരുത്തലിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?

“ഒരു എഴുത്തുകാരിയെന്ന നിലയിൽ, ഞാൻ എഴുതുന്ന പുസ്‌തകത്തിന് എന്തുചെയ്യാൻ കഴിയുമെന്ന് കണ്ടെത്തുന്നതിനേക്കാൾ, ജോണറുകൾക്കിടയിലുള്ള ഔപചാരികമായ വ്യത്യാസങ്ങളെപ്പറ്റി ഞാൻ ആലോചിക്കാറില്ല. ഉദാഹരണത്തിന്, ഈ നോവലിൽ, കിംഗ് റാവുവിന്റെ തെങ്ങിൻ തോപ്പിലെ ബാല്യകാലത്തെക്കുറിച്ചാണ് എനിക്ക് എഴുതേണ്ടിയിരുന്നത്. അതുകൂടാതെ, കിംഗ് യുഎസിലേക്ക് മാറി ഒരു ടെക് കമ്പനി ആരംഭിച്ച് ഒടുവിൽ ഒരു ആഗോള കോർപ്പറേറ്റ് ഗവണ്മെന്റിനെ കെട്ടിപ്പടുക്കുന്ന തലത്തിലേക്ക് മാറുന്ന ഒരു ഭാവിയെക്കുറിച്ചും എനിക്ക് എഴുതേണ്ടതുണ്ടായിരുന്നു. ഇത്, ഭാവിയിലുണ്ടായേക്കാവുന്ന സാങ്കേതികവിദ്യകളെ സങ്കൽപ്പിക്കേണ്ടത് പോലുള്ള ചില അവശ്യതകളിലേക്ക് എന്റെ എഴുത്തിനെ കൊണ്ടെത്തിച്ചു. ഇപ്പോൾ പുസ്തകം പാക്കേജ് ചെയ്ത് വിൽക്കേണ്ടതുണ്ട്. ആളുകൾ അതിനെപ്പറ്റി വിവരിക്കുന്നതിന് ഫിക്ഷൻ, സയൻസ് ഫിക്ഷൻ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം, ഇത് ഏതെങ്കിലും ജോണറിലുള്ള പുസ്തകമായിരുന്നില്ല, ഒരു പുസ്തകത്തെ കൂട്ടിച്ചേർക്കേണ്ട രീതിയിൽ കൂട്ടിച്ചേർക്കുക എന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ.”

ചൊദ്യം 4

മറ്റു പലതിനുമൊപ്പം  ‘ദി ഇമ്മോർട്ടൽ കിംഗ് റാവു’  സാമൂഹിക മൂലധന റേറ്റിംഗിന്റെയും അരാജകവാദികളുടെയും ആശയങ്ങളുമായി ബന്ധമുള്ള ബദൽ ഭരണരീതികളും അവതരിപ്പിക്കുന്നുണ്ടല്ലോ. ഈ സാങ്കൽപിക ലോക നിർമ്മാണ പ്രക്രിയയിൽ നിങ്ങളെ സ്വാധീനിച്ച രാഷ്ട്രീയ ഘടകങ്ങൾ എന്തായിരുന്നു?


“കിംഗ് കെട്ടിപ്പടുത്ത, സമൂഹത്തെ നിരാകരിക്കുന്ന അരാജകത്വ ഗ്രൂപ്പായ ‘എക്സെസി’നെ വികസിപ്പിക്കുന്നതിന് – മുതലാളിത്ത വിരുദ്ധ ചിന്തകരുടെ ചില അടിസ്ഥാന ഗ്രന്ഥങ്ങൾ ഞാൻ വായിച്ചിരുന്നു. ഇതിൽ അനാർക്കിസ്റ്റ് തത്ത്വചിന്തകനായ പിയറി-ജോസഫ് പ്രൂധോണിന്റെ രചനകൾ എനിക്ക് കൗതുകകരവും പ്രചോദനാത്മകവുമായിത്തോന്നി. എന്റെ അനാർക്കിസ്റ്റ് കഥാപാത്രങ്ങളുടെ ദൈനംദിന ജീവിതം എങ്ങനെയായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ, എമ്മ ഗോൾഡ്മാന്റെ റാഡിക്കലായ ചിന്താരീതിയുടെയും ജീവിത രീതിയുടെയും വികാസവും  അവരുടെ ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങളുമടങ്ങുന്ന ‘ലിവിംഗ് മൈ ലൈഫ്’ എന്ന ആത്മകഥ ഞാൻ വായിച്ചിരുന്നു. അതുപോലെ ചെറുപ്പത്തിൽ ഹൈസ്‌കൂളിലോ കോളേജിലോ വായിച്ച ‘സുവാങ്‌സി’ എന്ന സുപ്രധാന ദാവോയിസ്റ്റ് ഗ്രന്ഥത്തിലേക്കും ഞാൻ മടങ്ങിയെത്തി, അതിന്റെ തത്വശാസ്ത്രം അരാജകത്വത്തിന്റെ മുന്നോടിയായതായി എനിക്ക് തോന്നുന്നു (ചില പണ്ഡിതന്മാർക്കും). പ്രായപൂർത്തിയായ കിംഗ് ലോകത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് എളുപ്പമായിരുന്നു. കാരണം, പ്രത്യേകിച്ച് ഒരു ടെക് റിപ്പോർട്ടർ ആയതിനാൽ എന്റെ സ്വന്തം ട്വിറ്റർ ഫീഡിലടക്കമുള്ള ടെക് സൊല്യൂഷനിസത്തിന്റെ വാചാടോപം (റെട്ടറിക്) എല്ലായ്‌പ്പോഴും നിലനിൽക്കുന്നത് ഞാൻ മനസ്സിലാക്കിയിരുന്നു. സ്റ്റീവ് ജോബ്‌സ്, ലാറി എലിസൺ, ബിൽ ഗേറ്റ്‌സ് എന്നിവരുടെ ജീവചരിത്രങ്ങളും ഞാൻ വായിച്ചിട്ടുണ്ട്, അവർ എല്ലാവരും 70-കളിലാണ് അവരുടെ കമ്പനികൾ ആരംഭിച്ചത്, ഏകദേശം ഈ സമയത്തുതന്നെയാണ് എന്റെ സാങ്കൽപ്പിക ലോകത്തെ ‘കിംഗ്’ കമ്പനി ആരംഭിക്കുന്നത്. കൂടാതെ, തോമസ് പിക്കെറ്റിയുടെ  ‘മൂലധനവും പ്രത്യയശാസ്ത്രവും’ ഞാൻ വായിക്കുകയും അതിൽ നിന്ന് ഒരുപാട് പഠിക്കുകയും ചെയ്തു.”

ചൊദ്യം 5


നിങ്ങളുടെ പുസ്തകത്തിൽ, ദളിതർ അടിച്ചമർത്തപ്പെട്ട ഇരകളല്ല, മറിച്ച് അതിമോഹങ്ങളുള്ള സംരംഭകരും നവീനരുമാണ്. നിങ്ങൾ ഈ പുസ്‌തകത്തിന്റെ പ്രവർത്തനം ആരംഭിച്ച സമയത്ത്, ആഗോള സാങ്കേതിക വ്യവസായത്തിന്റെ നായകത്വത്തിൽ ദക്ഷിണേഷ്യക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ നിങ്ങളുടെ ദളിത് നായകൻ ആഗോള സാങ്കേതിക മുതലാളിയായി മാറുകയാണ്. നിങ്ങളെ സംബന്ധിച്ചേടത്തോളം ഈ പ്രാതിനിധ്യം എത്രത്തോളം പ്രധാനമായിരുന്നു?

“ദലിതനായ കിംഗ് റാവു ആഗോള സാങ്കേതിക മുതലാളിയായി മാറുന്നത് എന്നെ സംബന്ധിച്ചിടത്തോളം കേവല പ്രാതിനിധ്യം എന്നതിലുമേറെയായിരുന്നു. ബിസിനസ്സ് ലോകത്ത് അതികായനാവാൻ കഴിവുള്ള ഒരു ദളിത് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതായിരുന്നില്ല ലക്ഷ്യം; അതിനേക്കാൾ സങ്കീർണ്ണമായിരുന്നു. ഒരു അടിച്ചമർത്തപ്പെട്ട ഗ്രൂപ്പിൽ നിന്നുള്ള ഈ പ്രത്യേക കഥാപാത്രത്തിനു (തന്റെ കുടുംബത്തിലെ മറ്റ് ചില അംഗങ്ങളെപ്പോലെ സ്വന്തം അടിച്ചമർത്തലിന്റെ സൂക്ഷ്മഭേദങ്ങളോട് പൊരുത്തപ്പെടാത്ത ഒരാൾ) സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവുമായ ശക്തി/നേട്ടം കൈവരുമ്പോൾ എന്ത് സംഭവിക്കുമെന്നും, ആ ശക്തികൊണ്ട് അവൻ എന്താണ് ചെയ്യുന്നതെന്നും ഏതുതരം ലോകമാണ് അവൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും കാണാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു,”

ചൊദ്യം 6


റൈറ്റ് സഹോദരന്മാർ മുതൽ മനുഷ്യ ഉപകരണങ്ങളുടെ പരിണാമം വരെയുള്ള എല്ലാ കാര്യങ്ങളും സൂക്ഷ്മ ചരിത്രങ്ങളടങ്ങുന്ന (മൈക്രോ ഹിസ്റ്ററി) ചെറിയ ഖണ്ഡികകളിലൂടെ നിങ്ങളുടെ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. വൗഹിനി വരയിലെ ‘മാധ്യമപ്രവർത്തക’യുടെ സ്വാധീനമായാണോ ഇതിനെ കാണേണ്ടത്?

“ഹാ, അതെ!  ഈ ഗവേഷണ കാലത്ത് ഞാൻ കണ്ടെത്തുന്ന വിവരങ്ങളെ (എന്റെയുള്ളിലെ പത്രപ്രവർത്തകക്ക്) ഒരിടത്ത് ഒരുമിച്ചുകൂട്ടാനുള്ള ഒരു കാരണം മാത്രമായിരുന്നു ആ “മൈക്രോ ഹിസ്റ്ററികൾ” എന്ന് പറഞ്ഞാലും തെറ്റില്ല.”

ചൊദ്യം 7


നിങ്ങളുടെ പുസ്തകത്തിൽ വ്യത്യസ്ത സാങ്കൽപ്പിക വെൻ ഡയഗ്രമുകളുള്ളതിനാൽ, നിങ്ങളെ സ്വാധീനിച്ച സാഹിത്യകാരന്മാരെ തിരിച്ചറിയൽ പ്രയാസകരമാണ്. അവർ ആരൊക്കെയാണെന്ന് പറയാമോ?


ഞാൻ ഈ പുസ്‌തകം ആരംഭിക്കുമ്പോൾ, ഞാൻ  ‘മോബി ഡിക്ക്’ ആദ്യമായി വായിച്ചിരുന്നു, ആ പുസ്‌തകത്തിന്റെ തനിമയെ ഞാൻ അഭിനന്ദിച്ചിരുന്നു, കാരണം, അത്തരത്തിലുള്ളതൊന്നും ഞാൻ ഒരിക്കലും വായിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ എന്നെ ഹെർമൻ മെൽവില്ലുമായി താരതമ്യപ്പെടുത്തുകയൊന്നുമല്ല. പക്ഷേ ആ നോവലിൽ അദ്ദേഹം ചെയ്യുന്നത് പോലെ, നൂറു പേജുകൾക്കുള്ളിൽ ആധുനിക ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ച ചില വിശാലമായ ചിന്തകൾ ലോകത്തിനു മുന്നിൽലെത്തിക്കാൻ ശ്രമിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം.
ഈ നോവലിലൂടെ, ഗാർഹിക, സാമൂഹിക രാഷ്ട്രീയ മേഖലകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംസാരിക്കാനും എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. എലീന ഫെറാന്റേയുടെ  നിയോപൊളിറ്റൻ നോവലുകളാണ് ആ രീതിയിൽ എഴുതാൻ എനിക്ക് പ്രചോദനമായ സാഹിത്യം രൂപം.
അഭിമുഖം നടത്തിയ വ്യക്തി, മുംബൈ ആസ്ഥാനമായുള്ള ആർട്സ് ജേണലിസ്റ്റും എഡിറ്ററുമാണ്. 2021 ൽ പ്രസിദ്ധീകരിച്ച ‘ദി ഇല്ലുമിനേറ്റഡ്’ ആണ് അവരുടെ ആദ്യ നോവൽ.

വിവർത്തനം: ശുഐബ് മുഹമ്മദ് ആർ.വി 


Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.