2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് ‘ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ’ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്.
“നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന് ഈ കുന്നുകൾ സാക്ഷ്യം വഹിക്കുന്നു; ഔറംഗസേബ് ആലംഗീർ”, മഹാരാഷ്ട്രയിലെ ഔറംഗാബാദ് എന്ന നഗരത്തിന്റെ പേര് മാറ്റണമെന്നാവശ്യപെട്ട് നടത്തുന്ന സമരങ്ങൾക്കെതിരെ മുഹമ്മദ് മൊമീൻ വാട്സ്ആപ്പിൽ കുറിച്ച സന്ദേശം ഇങ്ങനെയായിരുന്നു. ഈ സന്ദേശത്തിന്റെ പേരിലാണ് മൊമീന്റെ കുടുംബം നാടുകടത്തപ്പെട്ടത്. എന്നാൽ അഞ്ചു പതിറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച, നിരവധി സാമൂഹിക- സാംസ്‌കാരിക സംഭാവനകൾ നൽകിയ ഔറംഗസേബിനെ പ്രശംസിക്കൽ എങ്ങനെയാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നത്? പലരും സമർത്ഥിക്കാൻ ശ്രമിക്കുന്നത് പോലെ ഔറംഗസേബ് ഒരു ഹിന്ദു വിരുദ്ധനായിരുന്നോ?
“വാളുകൊണ്ട് നാഗരികതയെ മാറ്റിമറിക്കാൻ ശ്രമിച്ചു, മതഭ്രാന്തുകൊണ്ട് സംസ്കാരത്തെ തകർക്കാൻ ശ്രമിച്ചു”, “നിരവധി തലകൾ വെട്ടിമാറ്റിയിട്ടും ഔറംഗസേബിന് നമ്മുടെ വിശ്വാസത്തെ തൊടാനായില്ല”, പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സന്ദർഭങ്ങളിലായി ഔറംഗസേബിനെതിരെ നടത്തിയ പരാമർശങ്ങളാണിവ. “കശാപ്പുകാരൻ” എന്നാണ് ഔറംഗസേബിനെ ആഗ്ര നഗരത്തിലെ മേയർ വിശേഷിപ്പിച്ചത്. ഔറംഗസേബിന്റെ ചരിത്രം പറയുന്ന എല്ലാ സ്‌മാരകങ്ങളും രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ മുറവിളി കൂട്ടി. ഔറംഗസേബ് നിരവധി അമ്പലങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നും, ഹിന്ദുക്കൾക്ക് മേൽ ഇസ്‌ലാമിക നിയമങ്ങൾ അടിച്ചേല്പിച്ചുവെന്നും മതമൗലികവാദിയായിരുന്നുവെന്നും മറ്റുമാണ് ഇവരുന്നയിക്കുന്ന വാദങ്ങൾ.
എന്നാൽ, സമീപ വർഷങ്ങളിൽ അക്രമങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്ലീംകളെ പൈശാചികവൽക്കരിക്കാനാണ് ഔറംഗസേബ് എന്ന പേരിപ്പോൾ ചർച്ചയാകുന്നതെന്ന് അലിഗഡ് സർവകലാശാലയിലെ പ്രൊഫസറും ചിത്രകാരനുമായ നദീം റെസാവി പറയുന്നു. ഔറംഗസേബ് ഹിന്ദു വിരുദ്ധനായിരുന്നുവെന്ന വാദം പൊള്ളയാണെന്ന് നദീം റെസാവി ചൂണ്ടികാണിക്കുന്നു: “ഹൈന്ദവ ക്ഷേത്രങ്ങൾ പരിപാലിക്കുന്നതിന് ഏറ്റവും കൂടുതൽ ഗ്രാന്റുകൾ നൽകിയിട്ടുള്ള ഭരണാധികാരിയാണ് ഔറംഗസേബ്, കൂടാതെ മുഗൾ ഭരണത്തിന്റെ ഉയർന്ന സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ രാജ്‌പുത് വംശജർ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ കാലത്താണ്. ഔറംഗസേബ് ഒരു മതമൗലികവാദിയായിരുന്നില്ല; അദ്ദേഹം വീണ വായിക്കുമായിരുന്നു (ഹിന്ദു ദേവതകൾക്ക് ഇഷ്ടപ്പെട്ട സംഗീത ഉപകരണമാണ് വീണ ), അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതൽ സംഗീത പുസ്തകങ്ങൾ എഴുതപ്പെട്ടതും.”
‘ഔറംഗസേബ്, ദി മാൻ ആൻഡ് ദി മിത്ത്’ എന്ന തന്റെ പുസ്‌തകത്തിൽ ചരിത്രകാരിയായ ഓഡ്രി ട്രഷ്കെ ഇത് വിശദീകരിക്കുന്നുണ്ട്:
“ഹിന്ദു, ജൈന ക്ഷേത്രങ്ങൾ ഔറംഗസേബിന്റെ രാജ്യത്തിന്റെ ഭൂപ്രകൃതിയിൽ നിറഞ്ഞുനിന്നു. ഈ മതസ്ഥാപനങ്ങൾക്ക് മുഗൾ ഭരണകൂടത്തിന്റെ പൂർണ്ണസംരക്ഷണമുണ്ടായിരുന്നു, ഔറംഗസേബ് അവയുടെ ക്ഷേമം ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. മുഗൾ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ നിലനിന്നിരുന്ന ഔറംഗസേബിന്റെ രാജ്യത്ത് ഏതാനും ചില ക്ഷേത്രങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഹിന്ദു ആരാധനാലയങ്ങൾ തുടച്ചുനീക്കുകയായിരുന്നു ഔറംഗസേബിന്റെ ലക്ഷ്യമെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു. ഔറംഗസേബിനെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം തകർത്തതിനേക്കാൾ കൂടുതൽ ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിച്ചത് എന്തുകൊണ്ടാണെന്നത് വിശദീകരിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക നിയമങ്ങൾ ഉപയോഗിച്ചാണ് ഇതര മതനേതാക്കന്മാർക്കും സ്ഥാപനങ്ങൾക്കും ഔറംഗസേബ് സംരക്ഷണം ഉറപ്പാക്കിയത്. എട്ടാം നൂറ്റാണ്ട് മുതൽ ഇന്തോ-മുസ്ലീം ഭരണാധികാരികൾ ഹിന്ദുക്കളെ ദിമ്മികളായി കണക്കാക്കിയിരുന്നു- ഇസ്ലാമിക നിയമത്തിന് കീഴിലുള്ള ഒരു സംരക്ഷിത വിഭാഗമാണ് ദിമ്മികൾ- അതിനാൽ തന്നെ ഹിന്ദുക്കൾക്ക് ചില അവകാശങ്ങൾക്കും, ഭരണകൂട സംരക്ഷണത്തിനും അർഹതയുണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക നിയമത്തിന്റെ ആവശ്യകതകൾക്കപ്പുറത്തേക്ക്, മുഗൾ സാമ്രാജ്യത്തിലുടനീളം എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതായിരുന്നു ഹിന്ദു, ജൈന മതവിഭാഗങ്ങളോടുള്ള സമീപനത്തിലെയും, ക്ഷേത്രങ്ങൾ സംരക്ഷിക്കുകയും ഇടയ്ക്ക് തകർക്കുകയും ചെയ്തതിലെയും ഔറംഗസേബിന്റെ യുക്തി.

1654-ൽ, മേവാറിലെ ഹിന്ദു രാജ്‌പുത് ഭരണാധികാരിയായിരുന്ന റാണാ രാജ് സിങ്ങിന് അയച്ച രാജഭരണക്രമത്തിൽ (പേർഷ്യൻ ഭാഷയിൽ നിഷാൻ) നല്ല രാജാക്കന്മാർ ക്ഷേത്രങ്ങളെയും മറ്റ് അമുസ്‌ലിം മതസ്ഥലങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ഔറംഗസേബ് വിശദീകരിക്കുന്നതിങ്ങനെ: ‘രാജാക്കന്മാർ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളാണ്, അതിനാൽ മതസമൂഹങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്.’ ഇസ്ലാമിക വീക്ഷണവും മുഗൾ പാരമ്പര്യവും തന്നോട് കൽപ്പിക്കുന്നത് ഹിന്ദു ക്ഷേത്രങ്ങളെയും, തീർത്ഥാടന കേന്ദ്രങ്ങളെയും, മതപണ്ഡിതന്മാരെയും സംരക്ഷിക്കുവാനാണ്.
ഭരണത്തിലേറിയതിന് ശേഷമുള്ള തന്റെ ആദ്യകാല പ്രവർത്തനങ്ങളിലൊന്നിൽ, ക്ഷേത്രങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്താൻ നിർദ്ദേശിച്ചുകൊണ്ട്, ബനാറസിലെ പ്രാദേശിക മുഗൾ ഉദ്യോഗസ്ഥർക്ക് ഔറംഗസേബ് ഒരു ഉത്തരവ് (ഫാർമാൻ) പുറപ്പെടുവിച്ചു. 1659 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നതിങ്ങനെ: ‘നിങ്ങളുടെ പ്രദേശത്തെ ബ്രാഹ്മണരെയോ മറ്റ് ഹിന്ദുക്കളെയോ ആരും നിയമവിരുദ്ധമായി ശല്യപ്പെടുത്തുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം, അങ്ങനെ അവർക്ക് അവരുടെ പരമ്പരാഗത സ്ഥലത്ത് തുടരാനും രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും കഴിയും.’
കൂടാതെ ഹിന്ദു സമുദായങ്ങൾക്ക് ഭൂമി അനുവദിച്ചുകൊണ്ടും, ഹിന്ദു ആത്മീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ടുമുള്ള ഔറംഗസേബിന്റെ അനവധി ഉത്തരവുകളും ഉണ്ടായിട്ടുണ്ട്.
തന്റെ ഭരണത്തിന്റെ ഒമ്പതാം വർഷത്തിൽ, നേരത്തെ ലഭിച്ച ഭൂമിയും, വരുമാനം ശേഖരിക്കാനുള്ള അവകാശവും സ്ഥിരീകരിച്ചുകൊണ്ട് ഗുവാഹത്തിയിലെ ഉമാനന്ദ ക്ഷേത്രത്തിലേക്ക് ഔറംഗസേബ് ഫർമാൻ അയക്കുന്നുണ്ട്. 1680-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ ബനാറസിലെ ഗംഗാതീരത്ത് താമസിച്ചിരുന്ന ഭഗവന്ത് ഗോസൈൻ എന്ന ഹിന്ദു സന്യാസിയെ സംരക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
1687-ൽ, “ഭക്തരായ ബ്രാഹ്മണർക്കും വിശുദ്ധ ഫഖീറുകൾക്കും” വീടുകൾ പണിയുന്നതിനായി ബനാറസിലെ ഒരു പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ ഭൂമി രാംജീവൻ ഗോസൈന് നൽകികൊണ്ട് ഔറംഗസേബ് ഉത്തരവിറക്കി. 1691-ൽ, ബാലാജി ക്ഷേത്രത്തെ പിന്തുണയ്ക്കുന്നതിനായി, ചിത്രകൂടത്തിലെ മഹന്ത് ബാലക് ദാസ് നിർവാണിക്ക് എട്ട് ഗ്രാമങ്ങളും ഗണ്യമായ ഒരു ഭാഗം നികുതി രഹിത ഭൂമിയും ഔറംഗസേബ് നൽകി. ഇങ്ങനെ അലഹബാദ്, വൃന്ദാവൻ, ബിഹാർ, തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾക്കും വ്യക്തികൾക്കുമായി ഔറംഗസേബ് അനുവദിച്ച് നൽകിയ ഭൂമിയും, മറ്റ് സഹായങ്ങളും സാക്ഷ്യപ്പെടുത്തുന്ന നിരവധി ചരിത്രരേഖകൾ ലഭ്യമാണ്.”
ഇത്തരത്തിൽ തന്റെ ഭരണപ്രദേശത്തെ ഇതര മതസ്ഥരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഔറംഗസേബ് നടത്തിയിട്ടുള്ള ഇടപെടലുകളെ ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ടാണ്, ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്‌ത കിരാതനായ ഭരണാധികാരിയായി പലരും ഔറംഗസേബിനെ അവതരിപ്പിക്കുന്നത്. ‘നൂറ്റാണ്ടുകളോളം ഹിന്ദുക്കളെ അടിച്ചമർത്തിയതിനുള്ള, പ്രതികാരമാണ് മുസ്ലീംകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ’ എന്ന ആഖ്യാനം സൃഷ്ടിക്കുവാനും, ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും മുസ്ലീം സംസ്‌കാരത്തെ തുടച്ചുനീക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ചരിത്രത്തെ വക്രീകരിച്ചുകൊണ്ടുള്ള ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ.