സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ ‘ഫോർബിഡൻ സ്റ്റോറീസ്’ പുറത്തുകൊണ്ടുവന്നിരുന്നു. “ഹോർഹെ” എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് “ടീം ഹോർഹെ” എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്.

എതിരാളികളുടെ പ്രചാരണങ്ങളെ തടസ്സപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യുന്നതാണ് തിരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിക്കാൻ ടീം ഹോർഹെ ഉപയോഗിക്കുന്ന തന്ത്രം. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഡെമോമാൻ ഇന്റർനാഷണൽ എന്ന ഇസ്രായേലി കമ്പനിയിലൂടെയാണ് താൽ ഹനാൻ തന്റെ പ്രവർത്തനങ്ങളിൽ ചിലത് നടത്തിയിട്ടുള്ളത്.
മാധ്യമപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര കൺസോർഷ്യം നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് “ടീം ഹോർഹെ” യെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. ‘ലെ മോണ്ടെ’, ‘ഡെർ സ്പീഗൽ’, ‘എൽ പൈസ്’ എന്നിവയുൾപ്പെടെ 30 മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാർ ഇതിൽ ഉൾപ്പെടുന്നു. ഫ്രെഞ്ച് സ്ഥാപനമായ ‘ഫോർബിഡൻ സ്റ്റോറീസി’ന്റെ കീഴിൽ നടക്കുന്ന, സോഷ്യൽ മീഡിയയിലൂടെയും മറ്റുമുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം സംബന്ധിച്ച വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
‘റേഡിയോ ഫ്രാൻസ്’, ‘ഹാരെറ്റ്സ്’, ‘ദി മാർക്കർ’ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മാധ്യമപ്രവർത്തകരാണ്; രാഷ്ട്രീയമായി അസ്ഥിരമായ ഒരു ആഫ്രിക്കൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന കൺസൾട്ടന്റുകളായി നടിച്ച് “ടീം ഹോർഹെ”യുടെ പ്രവർത്തന രീതി സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങുന്ന വീഡിയോകൾ പകർത്തിയത്.
ആറ് മണിക്കൂറിലധികം രഹസ്യമായി റെക്കോർഡ് ചെയ്‌ത മീറ്റിംഗുകളിൽ, ഹാക്കിംഗ് ടെക്‌നിക്കുകൾ ഉപയോഗിച്ച് ജിമെയിൽ, ടെലിഗ്രാം അക്കൗണ്ടുകൾ ആക്‌സസ് ചെയ്യുന്നതിലൂടെ എതിരാളികളിൽ നിന്ന് രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതെങ്ങനെയെന്ന് ഹനാനും സംഘവും വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറ് ഓഫീസുകളിലായി പ്രവർത്തിക്കുന്ന; സാമ്പത്തികം, സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾ, “സൈക്കോളജിക്കൽ വാർഫെയർ” തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ള; തന്റെ ടീമിനെ “സർക്കാർ ഏജൻസികളിൽ ബിരുദമുള്ളവർ” എന്നാണ് ഹനാൻ വിശേഷിപ്പിച്ചത്.
മുഖ്യധാര മാധ്യമങ്ങളിൽ നുഴഞ്ഞുകയറി ടീം ഹോർഹെ, തങ്ങൾക്കാവശ്യമുള്ള വ്യാജ വിവരങ്ങൾ ‘പ്ലാന്റ്’ ചെയ്യുകയും , പിന്നീട് തങ്ങളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ പ്രൊഫൈലുകളിലൂടെ അത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തു. ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ജി മെയിൽ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലായി 30,000-ത്തിലധികം വ്യാജ പ്രൊഫൈലുകളിലൂടെ വിപുലമായും, വേഗതയിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് ‘അഡ്വാൻസ്ഡ് ഇംപാക്റ്റ് മീഡിയ സൊല്യൂഷൻസ്’ അല്ലെങ്കിൽ എയിംസ്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടീം ഹോർഹെ സൃഷ്ടിച്ച ചില വ്യാജ പ്രൊഫൈലുകൾക്ക്: ക്രെഡിറ്റ് കാർഡ്, ബിറ്റ്കോയിൻ വാലറ്റ്, Airbnb അക്കൗണ്ടുകൾ മുതലായവയും ഉണ്ട്.

എയിംസ് ഇന്റർഫേസിൽ, വിവിധ ടാബുകൾ ഉപയോഗിച്ച് ദേശീയതയും ലിംഗഭേദവും തിരഞ്ഞെടുത്ത്, പ്രൊഫൈൽ ചിത്രങ്ങൾ പേരുകളുമായി പൊരുത്തപ്പെടുത്തി, നിമിഷനേരം കൊണ്ട് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കാൻ കഴിയും. യഥാർത്ഥ ആളുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നാണ് വ്യാജ പ്രൊഫൈലുകൾക്കായി ചിത്രങ്ങൾ ശേഖരിക്കുന്നത്.

യുകെയിലെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് (ഐസിഒ) അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരു “ക്ലയന്റ്” നുൾപ്പടെ, നിരവധി രഹസ്യാന്വേഷണ ഏജൻസികൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും, കോർപ്പറേറ്റ് ഇടപാടുകാർക്കും എയിംസ് സോഫ്‌റ്റ്‌വെയറിലേക്കുള്ള ആക്‌സസ് ടീം ഹോർഹെ വിറ്റിട്ടുണ്ട്. ഐസിഒയുമായി ബന്ധപ്പെട്ട ക്യാമ്പെയിന് ഉപയോഗിച്ച പ്രൊഫൈലുകൾ ; ഗാർഡിയൻ, ബിബിസി, ഡെയ്‌ലി മെയിൽ, ടെലിഗ്രാഫ് എന്നിവയിൽ നിന്നുള്ള വാർത്താ ലേഖനങ്ങൾ നിരന്തരം റീട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ ബ്രിട്ടീഷ് രാജകുടുംബത്തിലും, ഗ്ലാസ്റ്റൺബറിയുടെയും ലിസ് ട്രസിന്റെയും പ്രകടനത്തിലും താൽപ്പര്യം പ്രകടിപ്പിക്കുകയും; ബ്രിട്ടീഷ് കാലാവസ്ഥയെയും ഭക്ഷണത്തെയും കുറിച്ചുള്ള ലഘുവായ തമാശകളും മറ്റും പങ്കുവെക്കുകയും ചെയ്‌തിരുന്നു. അതിനാൽ പിന്നീട്, യുകെയിലെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് സംബന്ധിച്ച് ഈ പ്രൊഫൈലുകൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയപ്പോൾ അത് ജനങ്ങൾക്ക് വിശ്വാസയോഗ്യമായി തോന്നപ്പെട്ടു.
എയിംസ് നിയന്ത്രിത സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഇന്റർനെറ്റിലുടനീളം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുന്നത് ഓട്ടോമേറ്റഡ് സിസ്റ്റമായ “ബ്ലോഗർ മെഷീനാണ്”. “വിശ്വാസ്യത സൃഷ്ടിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് എളുപ്പത്തിൽ കൃത്രിമം നടത്താം, ” ഹനാൻ വിശദീകരിച്ചു.
‘ദി ഗാർഡിയനും’ മറ്റ് റിപ്പോർട്ടിംഗ് പങ്കാളികളും ചേർന്ന് ഇന്റർനെറ്റിൽ എയിംസ്-ലിങ്ക്ഡ് ബോട്ട് പ്രവർത്തനം ട്രാക്ക് ചെയ്‌തപ്പോൾ- യുകെ, യുഎസ്, ഇന്ത്യ, കാനഡ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, സെനഗൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി 20 ഓളം രാജ്യങ്ങളിൽ, വാണിജ്യ തർക്കങ്ങൾ ഉൾപ്പെടുന്ന വ്യാജ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾക്ക് പുറകിൽ ടീം ഹോർഹെ ആയിരുന്നുവെന്ന് കണ്ടെത്തി. കൂടാതെ കാലിഫോർണിയയിൽ ആണവോർജ്ജത്തെച്ചൊല്ലിയുള്ള തർക്കത്തിലും, കാനഡയിൽ ഒരു #MeToo വിവാദവുമായി ബന്ധപ്പെട്ട ചർച്ചയിലും; ഫ്രാൻസിൽ ഒരു ഖത്തറി യുഎൻ ഉദ്യോഗസ്ഥനെ സംബന്ധിച്ച പ്രചാരണത്തിലും; സെനഗലിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിലും, എയിംസ് നിയന്ത്രിത സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ സാനിദ്ധ്യം കണ്ടെത്തി. ഇത് കൂടാതെ, കെനിയയിലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട, “ഒരു പ്രധാന വ്യക്തിയുടെ സഹായി” എന്ന് തൽ ഹനാൻ വിശേഷിപ്പിച്ചയാളുടെ ജിമെയിൽ ടെലിഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് ഒളിക്യാമറ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം.
ടീം ഹോർഹെ വിവരിച്ച രീതികളും, സാങ്കേതിക വിദ്യകളും, തെരഞ്ഞെടുപ്പുകളെ ലക്ഷ്യംവെച്ചുള്ള തെറ്റായ വിവരങ്ങളുടെയും, വ്യാജ വാർത്തകളുടെയും ആഗോള സ്വകാര്യ വിപണിയും, ലോകമെമ്പാടുമുള്ള ജനാധിപത്യങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ വലിയ ടെക് പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷ സംബന്ധിച്ച പുതിയ വെല്ലുവിളികളും ഇവ ഉയർത്തുന്നു.