ലവ് ജിഹാദ്, മതപരിവർത്തനം, തീവ്രവാദം എന്നിവയെക്കുറിച്ച് “പെൺകുട്ടികളെ ബോധവത്കരിക്കൽ”, എന്ന പ്രഖ്യാപിത ഉദ്ദേശത്തോടെ ‘ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് നൽകിയ മധ്യപ്രദേശാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായ രണ്ടാമത്തെ സംസ്ഥാനം. എൻ.സി.ആർ.ബി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 99,119 സ്ത്രീകളെയാണ് 2019 -2021 കാലയളവിൽ സംസ്ഥാനത്ത് നിന്ന് കാണാതായിട്ടുള്ളത്.
2,830 പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ 36,104 സ്ത്രീകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏറ്റവും കൂടുതൽ സ്ത്രീകളെ കാണാതായ പശ്ചിമ ബംഗാളിൽ നിന്ന് 40,719 സ്ത്രീകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മധ്യപ്രദേശ് ഉൾപ്പടെ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള എല്ലാ സംസ്ഥാനങ്ങളും ‘ദി കേരള സ്റ്റോറി’ നികുതിരഹിതമാക്കിയിരുന്നു. ചിത്രത്തെ പ്രൊമോട്ട് ചെയ്തുകൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത് “ലൗ ജിഹാദിന്റെ കെണിയിൽ അകപ്പെടുന്ന (പെൺമക്കളുടെ) ജീവിതം എങ്ങനെയൊക്കെയാണ് നശിപ്പിക്കപ്പെടുന്നതെന്ന് സിനിമ കാണിക്കുന്നു. തീവ്രവാദവും സംഭാഷണങ്ങളും എങ്ങനെ രൂപകൽപ്പന ചെയ്യപെടുന്നുവെന്നും സിനിമ തുറന്നുകാട്ടുന്നു. ഈ സിനിമ മാതാപിതാക്കളും, കുട്ടികളും, പെൺകുട്ടികളും കാണേണ്ടതാണ്. അതുകൊണ്ടാണ് മധ്യപ്രദേശ് സർക്കാർ ഇത് നികുതി രഹിതമായി പ്രഖ്യാപിക്കുന്നത്” എന്നായിരുന്നു.
എൻ.സി.ആർ.ബി റിപ്പോർട്ട് പ്രകാരം, ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തിന് കീഴിൽ, 2019 -21 കാലയളവിൽ 25,209 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മധ്യപ്രദേശിൽ നിന്ന് കാണാതായിട്ടുണ്ട്. ഇവരിൽ 2,830 പേരെ കുറിച്ച് ഒരു വിവരവും പോലീസിന് ലഭ്യമായിട്ടില്ല. വിവരാവകാശ നിയമപ്രകാരം ‘ചൈൽഡ് റൈറ്സ് ആൻഡ് യു’ (ക്രൈ) എന്ന സംഘടനക്ക് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, 2017 -21 കാലയളവിൽ 36,890 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് മധ്യപ്രദേശിൽ നിന്ന് കാണാതായിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതാവുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.
അതേസമയം ‘ദി കേരള സ്റ്റോറി’യിൽ പ്രശ്നവത്കരിച്ചിരിക്കുന്ന, കേരളത്തിൽ 2019 -21 കാലയളവിൽ, 2,837 പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾ ഉൾപ്പടെ 24,258 സ്ത്രീകളുടെ മിസ്സിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 90 ശതമാനവും കണ്ടെത്താൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. 2021 ലെ കണക്കനുസരിച്ച്, കേരളത്തിൽ കാണാതായ സ്ത്രീകളിൽ, 366 സ്ത്രീകളെയും 32 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയുമാണ് പോലീസിന് കണ്ടെത്താൻ കഴിയാതെ വന്നത്. എന്നാൽ, മധ്യപ്രദേശിൽ കാണാതായ സ്ത്രീകളിൽ 36,000-ത്തിലധികം പേരെ കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
‘ക്രൈ’ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, 2021 ൽ ശരാശരി 25 തട്ടിക്കൊണ്ടുപോകലും, 17 പോക്‌സോ പ്രകാരമുള്ള ലൈംഗികാതിക്രമ കേസുകളും, 52 കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച കേസുകളും, ഓരോ ദിവസവും മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 2011-2021 വരെയുള്ള കണക്കുകൾ വിശകലനം ചെയ്യുമ്പോൾ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 337% ന്റെ വർധനവുണ്ടായതായി കാണാം.
ഇത്തരം കണക്കുകൾ നിലനിൽക്കെ, സംസ്ഥാനത്തു വർധിച്ചു വരുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാൻ നടപടികളൊന്നും കൈകൊള്ളാതെയാണ് തികച്ചും വസ്തുത വിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന, വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ഒരു സിനിമയെ സ്ത്രീകളുടെ സുരക്ഷക്കായുള്ള ബോധവത്കരണം എന്ന രീതിയിൽ മധ്യപ്രദേശ് സർക്കാർ അവതരിപ്പിക്കുന്നത്