Skip to content Skip to sidebar Skip to footer

‘നുണപ്രചാരണം നടത്തുന്ന മാധ്യമങ്ങൾ ശുദ്ധ വിഷമാണ്’ – ജയിലിൽ നിന്ന് ഉമർ ഖാലിദ് എഴുതുന്നു.

പ്രമുഖ എഴുത്തുകാരൻ രോഹിത് കുമാറിന്റെ തുറന്ന കത്തിന് മറുപടിയായി യു.എ.പി.എ ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് എഴുതിയ കത്ത്.

പ്രിയപെട്ട രോഹിത്,

ജന്മദിന, സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി, എനിക്ക് കത്തെഴുതിയതിനും. നിങ്ങൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ അടഞ്ഞ ചുറ്റുപാടിനുള്ളിലാണെങ്കിലും നിങ്ങളുടെ തുറന്ന കത്ത് വായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.

ഞാൻ നിങ്ങൾക്ക് മറുപടി എഴുതാൻ ഇരിക്കവേ, ഇന്ന് രാത്രി ജയിൽമോചിതരാകാൻ പോകുന്നവരുടെ പേരുകൾ ഉച്ചഭാഷിണിയിൽ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ, “രെഹായ് പർച്ചകൾ” – വിടുതൽ ഉത്തരവുകൾ – കോടതികളിൽ നിന്ന് ജയിൽ അധികാരികളിലേക്ക് എത്തുന്ന സമയമാണിത്. ഇരുട്ട് ഇറങ്ങിവന്ന്, ജയിൽ വളപ്പിനെ വിഴുങ്ങാനൊരുങ്ങുമ്പോൾ, ചില തടവുകാർ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കാണാൻ പോകുകയാണ്. അവരുടെ മുഖത്ത് ഞാൻ പരമാനന്ദം കാണുന്നു.

രണ്ട് വർഷമായി, എല്ലാ രാത്രിയിലും ഞാൻ ഈ അറിയിപ്പ് കേൾക്കുന്നു- “നാം നോട്ട് കരേൻ, ഇൻ ബന്ദി ഭായിയോൻ കി റെഹായ് ഹൈ” (പേരുകൾ ശ്രദ്ധിക്കുക, ഈ തടവുകാരെ വിട്ടയക്കുകയാണ്). എന്റെ പേര് കേൾക്കുന്ന ദിവസത്തിനായി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പലപ്പോഴും ഞാൻ ആശ്ചര്യപ്പെടാറുണ്ട്, ഈ ഇരുണ്ട തുരങ്കത്തിന്റെ നീളം എത്രയാണെന്ന്? വെളിച്ചമെത്താനായതിന്റെ എന്തെങ്കിലും അടയാളമുണ്ടോ എന്ന്‌? ഞാൻ അവസാനത്തോട് അടുക്കുകയാണോ, അതോ പാതിവഴിയിലാണോ? അതോ എനിക്കുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുള്ളോ?

ആസാദിയുടെ അമൃത കാലഘട്ടത്തിലാണ് നമ്മൾ എന്നവർ പറയുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്നവർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് നാം ബ്രിട്ടീഷ് രാജിലേക്ക് മടങ്ങുകയാണെന്ന് തോന്നിപ്പിക്കുന്നു. ഈയിടെയായി അടിമത്തത്തിന്റെ കൊളോണിയൽ ചിഹ്നങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ കൊളോണിയൽ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന നിരവധി ക്രൂര നിയമങ്ങൾ ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ, വിമതർ, രാഷ്ട്രീയ പ്രതിപക്ഷം എന്നിവർക്കെതിരെ ആയുധമാക്കുന്നത് തുടരുകയാണ്. ഞങ്ങളെ തടവിലാക്കാൻ ഉപയോഗിച്ച യു.എ.പി.എ നിയമവും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരെ ബ്രിട്ടീഷുകാർ ഉപയോഗിച്ച റൗലറ്റ് നിയമവും തമ്മിൽ ജനങ്ങൾ സാമ്യമൊന്നും കാണുന്നില്ലേ? മനുഷ്യാവകാശ ലംഘനങ്ങൾ സാധ്യമാകുന്ന, ആളുകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന, കൊളോണിയൽ ഭരണത്തിന്റെ തുടർച്ചയായി നിലനിൽക്കുന്ന ഈ ശിക്ഷാ ഉപകരണങ്ങളെ നാം ഇല്ലാതാക്കേണ്ടതല്ലേ? ഞങ്ങളിൽ പലരും, ഞങ്ങളെപ്പോലെയുള്ള മറ്റനേകം ആളുകളും വിചാരണ എപ്പോൾ ആരംഭിക്കും എന്നറിയാതെ, ദീർഘനാളത്തേക്ക് വിചാരണ കൂടാതെ തടവിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് എന്നെ അസ്വസ്ഥനാക്കുന്നു.

സ്വാതന്ത്ര്യദിനത്തിൽ വൈകുന്നേരം, ഞാൻ മറ്റു ചിലർക്കൊപ്പം ജയിൽ സെല്ലിന് പുറത്ത് ഇരിക്കുകയായിരുന്നു. ഞങ്ങളുടെ ജയിൽ വളപ്പിന് മുകളിൽ പട്ടം പറക്കുന്നത് കണ്ടപ്പോൾ ബാല്യകാലത്തെ ഓഗസ്റ്റ് 15 ലെ ഓർമകൾ ഞങ്ങളുടെ മനസ്സുകളിൽ നിറഞ്ഞു. എങ്ങനെയാണ് ഞങ്ങൾ ഇവിടെ എത്തിയത്? ഈ രാജ്യം എത്രമാത്രം മാറിയിരിക്കുന്നു?

യു.എ.പി.എ ചുമത്തിയാൽ കുറ്റം തെളിയിക്കാതെ തന്നെ, വർഷങ്ങളോളം ആളുകളെ തടവിലാക്കാം. ഞങ്ങൾക്കെതിരെയുള്ള അപഹാസ്യമായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ ഞങ്ങളെ തടവിലാക്കിയവർക്ക് കഴിഞ്ഞില്ലെങ്കിലും ഈ കാലയളവിൽ ഞങ്ങൾക്കെതിരെ മോശം ആഖ്യാനങ്ങൾ കെട്ടിപ്പടുക്കാൻ അവർക്ക് കഴിഞ്ഞു.

ഒരു വൈകുന്നേരം, ഇവിടുത്തെ ഒരു ജയിൽ വാർഡൻ എന്റെ കേസിനെക്കുറിച്ച് എന്നോട് സംസാരിക്കുകയായിരുന്നു. 2020ൽ എന്നെ ആദ്യം ജയിലിൽ കണ്ടപ്പോൾ എനിക്കെതിരെയുള്ള ആരോപണങ്ങൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം കരുതി, ഞാൻ ദിവസങ്ങൾക്കുള്ളിൽ മോചിതനാകുമെന്ന് വിചാരിച്ചു. എന്നാൽ ഇപ്പോൾ, 2022 ൽ, ഉച്ചഭാഷിണിയിൽ എന്റെ പേര് കേൾക്കുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുമ്പോൾ, ഞാൻ മോചിതനാകുമോ എന്നതിൽ അദ്ദേഹത്തിന് സംശയമുണ്ട്. “ബെയിൽ ക്യൂ നഹി മിൽ റാഹി തുംഹേ? കിസാൻ ആന്ദോളൻ വാലോൻ കോ തോ മിൽ ഗയി തി കുച്ച് ദിനോൻ മേ ഹായ്”. (‘എന്തുകൊണ്ട് നിങ്ങൾക്ക് ജാമ്യം ലഭിക്കുന്നില്ല? കർഷക സമരത്തിൽ പങ്കെടുത്തവർക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ ജാമ്യം ലഭിച്ചല്ലോ’) യു.എ.പി.എയെക്കുറിച്ചും ഐ.പി.സിയെ അപേക്ഷച്ച് അതിനു കീഴിലുള്ള ജാമ്യവ്യവസ്ഥകളെകുറിച്ചുമെല്ലാം ഞാൻ അദ്ദേഹത്തോട് പറയാൻ ശ്രമിച്ചു- പക്ഷേ ഞാൻ അത് വിശദീകരിക്കുമ്പോൾ അദ്ദേഹത്തിന് താല്പര്യം നഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസ്സിലായി. നിയമത്തിന്റെ ഈ സൂക്ഷ്മമായ സാങ്കേതിക വിശദാംശങ്ങളിൽ ആർക്കാണ് താൽപ്പര്യമുണ്ടാവുക. നിയമ വിദഗ്‌ദ്ധർക്കും ഈ ‘കാഫ്കെസ്ക്’ നിയമത്തിന്റെ ഇരകളായ നിർഭാഗ്യവാന്മാർക്കും അല്ലാതെ എത്ര പേർക്ക് ഇതൊക്കെ മനസ്സിലാക്കാൻ കഴിയും?

അപവാദത്തിന്റെ ഭാരം

സത്യാനന്തര ലോകത്ത്, യാഥാർത്ഥ്യത്തേക്കാൾ ധാരണക്കാണ് പ്രാധാന്യം. നിങ്ങളുടെ കത്തിൽ, ഞാൻ നിങ്ങളിലുണ്ടാക്കിയ മതിപ്പിനെക്കുറിച്ച് നിങ്ങൾ മനോഹരമായി വിശദീകരിച്ചു – നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ജയിലിൽ ഞാൻ ദിവസവും കണ്ടുമുട്ടുന്നവരോടും ഇടപഴകുന്നവരോടും ഞാൻ സമാനമായ സ്വാധീനം ചെലുത്തുന്നുണ്ടാകാം. അവർ എന്നെക്കുറിച്ച് മാധ്യമങ്ങളിലൂടെ കേട്ടിരിക്കാനിടയുള്ള നുണകളിൽ വിശ്വസിക്കുന്നത് അവസാനിപ്പിച്ചിരിക്കാമെന്നും നിങ്ങൾ കത്തിൽ പറയുന്നു. നിങ്ങളെ വിശ്വസിപ്പിക്കുക എനിക്ക് എളുപ്പമാണ്. കാരണം, മാധ്യമങ്ങളിൽ പ്രചരിക്കുന്ന നുണകൾ എന്തോക്കെയെന്ന് നിങ്ങൾക്ക്റിയാം. എന്നാൽ കുപ്രചരണങ്ങളാൽ വഴിതെറ്റിക്കപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകുക വളരെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും തുടർച്ചയായി ഇത്തരം പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.

ഞാൻ ജയിലിലായ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ, പത്രങ്ങൾ (ജയിലിൽ വാർത്തകളുടെ ഏക ഉറവിടം) എന്റെ കേസിനെക്കുറിച്ച് ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇംഗ്ലീഷ് പത്രങ്ങൾ വസ്തുനിഷ്ഠതയുടെ നാട്ട്യം നിലനിർത്താൻ ശ്രമിച്ചു, എന്നാൽ 90 ശതമാനത്തിലധികം തടവുകാരും ദൈനംദിന വാർത്തകൾക്ക് ആശ്രയിക്കുന്ന ഹിന്ദി പത്രങ്ങൾ, എല്ലാ പത്രപ്രവർത്തന നൈതികതയെയും കാറ്റിൽ പറത്തി. ഈ പത്രങ്ങൾ ശുദ്ധ വിഷമാണ്.

അവർ എന്റെ ജാമ്യ നടപടികൾ വളരെ സെലക്ടീവായി റിപ്പോർട്ട് ചെയ്തു. എന്റെ വക്കീൽമാർ വാദിച്ചപ്പോൾ, അവർ ഞങ്ങളുടെ വാദങ്ങൾ റിപ്പോർട്ട് ചെയ്തില്ല. എന്നോട് അല്പം ദയ കാണിക്കാൻ തീരുമാനിച്ച ചുരുക്കം ചില ദിവസങ്ങളിലാകട്ടെ അത് അഞ്ചാം പേജിലെ, ഏറ്റവും നിന്ദ്യമായ തലക്കെട്ടുള്ള ഒരു ചെറിയ അവ്യക്തമായ കോളത്തിലേക്ക് ഒതുക്കി. എന്നാൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതിവാദങ്ങൾ ഒന്നാം പേജ് വാർത്തയായിരുന്നു, അത് കോടതിയുടെ നിരീക്ഷണങ്ങളാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പത്രങ്ങൾ അവതരിപ്പിച്ചത്. അത്തരം സന്ദർഭങ്ങളിൽ, അവരുടെ സെൻസേഷണലിസ്റ്റ് തലക്കെട്ടുകൾക്കൊപ്പം അവർ എന്റെ മോശം ഫോട്ടോകൾ ഉപയോഗിച്ചു.

ഒരു ദിവസം രാവിലെ, ഒരു ഹിന്ദി ദിനപത്രത്തിലെ തലക്കെട്ട്. “ഖാലിദ് നെ കഹാ ഥാ ഭാഷൺ സേ കാം നഹി ചലേഗാ, ഖൂൻ ബഹാന പടേഗാ” (‘ഖാലിദ് പറഞ്ഞു, പ്രസംഗം മതിയാവില്ല, രക്തമൊഴുകണം എന്ന്’) എന്നലറി. പത്രത്തിലെ റിപ്പോർട്ട് ആകട്ടെ തലക്കെട്ടിൽ ഉന്നയിച്ച ഈ അവകാശവാദത്തെ സാധൂകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇത് കോടതി പരിശോധിച്ചിട്ടില്ലാത്ത, തെളിയിക്കപ്പെടാത്ത ആരോപണമാണെന്ന ഒരു നിസ്സാരമായ നിരാകരണം നൽകാൻ പോലും ശ്രദ്ധിച്ചില്ല. ഉദ്ധരണി ചിഹ്നമോ ഒരു ചോദ്യചിഹ്നമോ പോലുമില്ല! രണ്ട് ദിവസത്തിന് ശേഷം, അതേ പത്രം മുമ്പത്തേതിനേക്കാൾ സെൻസേഷണലായ മറ്റൊരു തലക്കെട്ടുമായി വന്നു, “ഖാലിദ് ചാഹ്താ താ മുസൽമാനോൻ കേ ലിയേ അലഗ് ദേശ്”. (‘ഖാലിദ് മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക രാജ്യം വേണമെന്ന് ആഗ്രഹിച്ചു’). ന്യൂ ഡൽഹിയിലെ ട്രാൻസ്-യമുന മേഖലയിൽ നടന്ന കലാപത്തെ കുറിച്ചാണ് റിപ്പോർട്ട് സംസാരിക്കുന്നത്, അതിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ തന്നെയായിരുന്നു, പിന്നെങ്ങനെയാണ് അത് മുസ്ലീങ്ങൾക്കായി ഒരു പുതിയ രാജ്യം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നത് – ശരിക്കുമൊരു ട്രാജിക്-കോമിക് പോലെ എനിക്ക് തോന്നി. ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു. ദിവസവും ഈ വിഷം കഴിക്കുന്നവരെ ഞാൻ എങ്ങനെ സത്യം ബോധ്യപ്പെടുത്തും?

മറ്റൊരു ഹിന്ദി ദിനപത്രമാകട്ടെ ഡൽഹി കലാപത്തിലെ എന്റെ പങ്കാളിത്തം ഞാൻ ഡൽഹി പോലീസിനോട് സമ്മതിച്ചതായി നേരത്തെ അവകാശപ്പെട്ടിരുന്നു. പോലീസ് കസ്റ്റഡിയിലായിരിക്കെ ഞാൻ മൊഴി രേഖപെടുത്തുകയോ, ഏതെങ്കിലും പേപ്പറിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് ഞാൻ രണ്ട് തവണ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഇത്തരമൊരു ‘വാർത്ത’യുടെ ഉറവിടം എന്താണ്?

ഈ പത്രങ്ങൾ ചെയ്യുന്നതിനെ ഒരു ഭാവന ഉപയോഗിച്ചും ‘റിപ്പോർട്ടിംഗ്’ എന്ന് വിശേഷിപ്പിക്കാനാവില്ല. അവർക്കാവശ്യമുള്ള വാദങ്ങൾ മാത്രം അവതരിപ്പിക്കുകയും, മുൻകൂട്ടി നിശ്ചയിച്ച ആഖ്യാനത്തിന് അനുയോജ്യമായ നുണകൾ നിർമ്മിക്കുകയുമാണ് ഈ പത്രങ്ങൾ ചെയ്യുന്നത്. ഏതെങ്കിലും കോടതി എന്റെ കേസ് കേൾക്കുന്നതിന്/വിചാരണയ്ക്കായി എടുക്കുന്നതിന് മുമ്പുതന്നെ പൊതുജനത്തിന്റെ കോടതിയിൽ എന്നെ കുറ്റവാളിയായി മുദ്രകുത്താനാണ് അവർ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, അവർ ഒരു ഭൂരിപക്ഷ മനസ്സാക്ഷിയെ രൂപപ്പെടുത്തിയെടുക്കുകയാണ്.

ചിലപ്പോൾ പോലീസിന്റെ നുണകളെപ്പോലും മറികടക്കുന്ന രീതിയിലായിരുന്നു മാധ്യമങ്ങൾ പടച്ചുവിട്ട നുണകൾ. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ഒരാഴ്‌ച മുമ്പ് – 2020 ഫെബ്രുവരി 16-ന്, കലാപം ആസൂത്രണം ചെയ്യുന്നതിനായി, സാക്കിർ നഗറിൽ (ന്യൂ ഡൽഹി) വെച്ച് ഞാൻ ഷർജീൽ ഇമാമിനെ രഹസ്യമായി കണ്ടുവെന്നായിരുന്നു ഒരു പ്രമുഖ ഹിന്ദി ദിനപത്രത്തിൽ വന്ന വാർത്താ റിപ്പോർട്ട്. വാസ്തവത്തിൽ, 2020 ഫെബ്രുവരി 16-ന് രാത്രി – പോലീസ് പോലും ഇത് സാക്ഷ്യപ്പെടുത്തും – ഞാൻ ഡൽഹിയിൽ നിന്ന് 1136 കിലോമീറ്റർ അകലെ, മഹാരാഷ്ട്രയിലെ അമരാവതിയിലായിരുന്നു. അന്നു രാത്രി ഷർജീൽ ഇമാം – ഇതും ആർക്കും തർക്കിക്കാൻ കഴിയില്ല – തിഹാർ ജയിലിൽ ആയിരുന്നു, 20 ദിവസം മുമ്പ് മറ്റൊരു കേസിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഈ നുണകൾ സൃഷ്ടിച്ചെടുത്ത ബഹുമാനപ്പെട്ട പത്രപ്രവർത്തകൻ പക്ഷെ ഏറ്റവും അടിസ്ഥാനപരമായ വസ്തുതകൾ പോലും പരിശോധിക്കാൻ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.

ഇതൊക്കെയാണെങ്കിലും വസ്തുതകളിലും, വിശദാംശങ്ങളിലുമെല്ലാം ആർക്കാണ് താൽപ്പര്യമുള്ളത്? ഇന്നത്തെ ഇന്ത്യയിൽ, യഥാർത്ഥത്തിൽ സംഭവിക്കുന്നതല്ല സത്യം, മറിച്ച് ജനങ്ങളിലേക്ക് എന്താണോ എത്തുന്നത് അതാണ് സത്യം. ഞാൻ അവരോട് പറയുന്ന എന്തിനേക്കാളും, ആളുകളുടെ മനസ്സിൽ ആഴത്തിൽ പതിക്കുന്നത് ഈ തലക്കെട്ടുകളാണ്. കഴിഞ്ഞ രണ്ട് വർഷമായി അച്ചടിച്ച നുണകളിൽ ആളുകൾക്കുള്ള യുക്തിരഹിതമായ വിശ്വാസം ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്, നിങ്ങൾ പറഞ്ഞത് പോലെ “അവരുടെ കണ്ണുകൾ കണ്ടെത്തിയ തെളിവ്”. പത്രങ്ങളിൽ വന്നതിനാൽ സത്യമായിരിക്കണം. “കുച്ച് തോ കിയാ ഹോഗാ. പൂര ജൂത്ത് തോഡേ ലിഖ് ദേംഗേ”(‘അവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. തീർച്ചയായും അവർ കള്ളം മാത്രം പ്രസിദ്ധീകരിക്കില്ലല്ലോ?’)

സഞ്ജയ് ദത്തിന്റെ ബയോപിക് ‘സഞ്ജു’വെന്ന സിനിമക്ക് നിരവധി പോരായ്മകൾ ഉണ്ടെങ്കിലും മാധ്യമങ്ങളെ വളരെ കൃത്യമായി അത് വരച്ചുകാട്ടുന്നുണ്ട്. മാധ്യമങ്ങൾ മയക്കുമരുന്നാണ്. എല്ലാ ദിവസവും രാവിലെ, ഈ കടലാസ് ഷീറ്റുകൾ ആളുകളുടെ തലച്ചോറിനെ മരവിപ്പിച്ചുകൊണ്ട് അവരെ ഒരു ബദൽ യാഥാർത്ഥ്യത്തിന്റെ ലോകത്തേക്ക് കൊണ്ടുപോകുന്നതെങ്ങനെയെന്ന് ഞാൻ കാണുന്നു. ദൈനംദിന അടിസ്ഥാനത്തിൽ നുണകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ, അസത്യവും സത്യവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് പോലും ആളുകൾക്ക് നഷ്‌ടപ്പെടും, ആ നില കൈവരിച്ചുകഴിഞ്ഞാൽ പിന്നെ നുണകൾ വിശ്വാസയോഗ്യമായി പോലും അവതരിപ്പിക്കേണ്ടതില്ല. എത്ര അസംബന്ധമാണെങ്കിലും ആളുകൾ അത് കണ്ണടച്ചു വിശ്വസിക്കും.

നുണകളുടെയും, അസത്യത്തിന്റെയും ഈ ഭീമാകാരമായ യന്ത്രത്തിനെതിരെ നമ്മൾ എങ്ങനെ പോരാടും? വിദ്വേഷവും അസത്യവും പ്രചരിപ്പിക്കുന്നവർക്ക് ധാരാളം വിഭവങ്ങളുണ്ട് – പണം, 24×7 വാർത്താ ചാനലുകൾ, ട്രോൾ സൈന്യങ്ങൾ, പിന്നെ പോലീസും. സത്യം പറഞ്ഞാൽ, രോഹിത്, ചില സമയങ്ങളിൽ ഇതെല്ലം എന്നിൽ അശുഭാപ്തിവിശ്വാസം ഉണ്ടാക്കുന്നു. ചില സമയങ്ങളിൽ എനിക്ക് ഏകാന്തത അനുഭവപ്പെടുന്നു. ഈ നുണകൾ എന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ, ഫാസിസത്തിനെതിരായ പോരാട്ടത്തിൽ, സിഎഎ-എൻആർസി/എൻപിആർ സമരത്തിൽ, എന്നോടൊപ്പം ഉണ്ടായിരുന്ന, എന്നെക്കാളും വിശേഷാധികാരമുള്ള ധാരാളം ആളുകൾ നിശബ്ദത തിരഞ്ഞെടുക്കുകയാണ്. അത് എന്നെ ആർക്കും വേണ്ടാത്തവനായി, സ്വന്തം നാട്ടിൽ അപരിചിതനായി തോന്നിപ്പിക്കുന്നു. ഇതൊന്നും വ്യക്തിപരമല്ലെന്ന തിരിച്ചറിവ് മാത്രമാണ് ഇത്തരം നിമിഷങ്ങളിൽ എനിക്ക് സഹായകമാകുന്നത്. ഞാനനുഭവിക്കുന്ന പീഡനവും ഒറ്റപ്പെടലും ഇതിനേക്കാളെല്ലാം വലിയ ഒന്നിന്റെ പ്രതീകമാണ് – ഇന്ത്യയിലെ മുസ്ലീങ്ങൾ നേരിടുന്ന പീഡനത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രതീകമാണ്.

നിശബ്ദതയിലും, ഏകാന്തതയിലും ആശ്വാസം കണ്ടെത്താനുള്ള ശ്രമങ്ങൾ

ഈയിടെയായി, എന്റെ ചുറ്റുമുള്ള ആളുകളെ യാഥാർഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ഞാൻ നിർത്തി. എത്ര നുണകളാണ് ഞാൻ പൊളിച്ചെഴുതുക? എത്ര പേരോടാണ് ഞാനിത് പറയുക ? ഞാനിപ്പോൾ ഒരു പടി കൂടി കടന്ന് ചിന്തിക്കാൻ പ്രേരിതനാകുന്നു – ഇത് കേവലം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ വിഷയമാണോ? – കുപ്രചരണത്താൽ വഴിതെറ്റിക്കപ്പെടുന്നതാണോ? അതോ ആളുകൾക്ക്, അവരുടെ ബോധ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഈ നുണകളിൽ വിശ്വസിക്കാൻ താൽപ്പര്യമുള്ളത്കൊണ്ടാണോ?

എന്റെ തല ഒരു ചുമരിൽ ഇടിക്കുന്നതിനുപകരം, ഞാനിപ്പോൾ ജയിലിൽ കൂടുതൽ സമയവും ഒറ്റയ്ക്ക് ചെലവഴിക്കുകയാണ്. ചിലപ്പോഴൊക്കെ അസ്വസ്ഥമാക്കുമെങ്കിലും, വാസ്തവത്തിൽ, കഴിഞ്ഞ രണ്ട് വർഷം കൊണ്ട് എന്നിലുണ്ടായിട്ടുള്ള പ്രധാന മാറ്റമാണത്. നിശബ്ദതയിലും ഏകാന്തതയിലും ആശ്വാസം കണ്ടെത്താൻ എന്റെ സാഹചര്യങ്ങൾ എന്നെ നിർബന്ധിച്ചു. തടവറയുടെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോൾ, മണിക്കൂറുകളോളം എന്റെ ചെറിയ സെല്ലിൽ ഒറ്റയ്‌ക്ക് പൂട്ടിയിട്ടിരിക്കുമ്പോൾ എനിക്ക് ക്ലോസ്‌ട്രോഫോബിയ അനുഭവപ്പെടുന്നത് കുറഞ്ഞു. ഇപ്പോൾ, കോടതിയിലേക്കുള്ള യാത്രയിൽ ആളുകളെ കാണുന്നതും, ശബ്ദവും, ട്രാഫിക്കുമെല്ലാം എന്നെ പ്രകോപിപ്പിക്കുകയും ഉത്കണ്ഠാകുലനാക്കുകയും ചെയ്യുന്നു. ഭ്രാന്തമായ ആൾക്കൂട്ടത്തിൽ നിന്ന് മാറി, ജയിലിന്റെ ശാന്തത എനിക്കിപ്പോൾ എന്റെ പതിവായി മാറിയിരിക്കുന്നു. ഞാനീ തടങ്കൽ ജീവിതം ശീലിച്ചുപോകുകയാണോ എന്ന് ഞാൻ ആശ്ചര്യപെടുന്നു.

ഈയിടെ, വ്യാജ ആരോപണങ്ങളുടെ പേരിൽ 14 വർഷത്തിലധികം ജയിലിൽ കഴിഞ്ഞ ഒരാൾ എഴുതിയ ഓർമ്മക്കുറിപ്പ് ഞാൻ വായിക്കാനിടയായി. തന്റെ പുസ്തകത്തിൽ, ജയിലിൽ ചിലവഴിച്ച സമയം വിവരിച്ച ശേഷം, ‘സാധാരണ ജീവിതത്തിലേക്ക്’ മടങ്ങാൻ താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. വർഷങ്ങളോളം, അദ്ദേഹം സ്വതന്ത്രനാകാൻ ആഗ്രഹിച്ചു. പക്ഷേ, ഒടുവിൽ സ്വതന്ത്രനായപ്പോൾ, തനിക്ക് ലഭിച്ച സ്വാതന്ത്ര്യം എന്തുചെയ്യണമെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു, സ്വാതന്ത്ര്യമെന്തെന്ന് അദ്ദേഹം മറന്ന് പോയിരുന്നു. വർഷങ്ങളായി, അദ്ദേഹം തന്റെ സുഹൃത്തുക്കളെ കാണാൻ കാത്തിരുന്നു, എന്നാൽ മോചിതനായ ശേഷം ആളുകളിൽ നിന്നും തിരക്കേറിയ സ്ഥലങ്ങളിൽ നിന്നും മാറി, തന്റെ വീട്ടിൽ ഒറ്റയ്ക്കാണ് അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചത്. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് രോഹിത്, സാധാരണ നിലയിലേക്ക് മടങ്ങാൻ ഞാൻ എത്ര സമയമെടുക്കുമെന്ന്?

എന്നാൽ, ഈ പ്രയാസങ്ങൾക്കൊപ്പം ജയിൽ എന്റെ ജീവിതത്തിൽ നിരവധി “പോസിറ്റീവ്” മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. ഞാൻ പുകവലി ഉപേക്ഷിച്ചു. രണ്ട് വർഷമായി ഞാൻ മൊബൈൽ ഫോൺ ഇല്ലാതെയാണ് ജീവിക്കുന്നത്, അതിനർത്ഥം സോഷ്യൽ മീഡിയ എന്ന മയക്കുമരുന്നിനെയും ഞാൻ അതിജീവിച്ചു. ഒരു ട്വീറ്റ് വായിക്കാനുള്ള ഏകാഗ്രതയോടെയാണ് ഞാൻ ഇവിടെ വന്നത്, എന്നാൽ ഞാനിപ്പോൾ എല്ലാ മാസവും നിരവധി നോവലുകൾ വായിക്കുന്നു. ഒടുവിൽ, വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ, എന്റെ ഉറക്കം ശരിയായിരിക്കുന്നു (ഇത് കേൾക്കുമ്പോൾ എന്റെ ഉമ്മ സന്തോഷിക്കും). നേരം പുലരുമ്പോൾ ഉറങ്ങാൻ പോകുന്നതിനുപകരം, ഞാനിപ്പോൾ സൂര്യനോടൊപ്പം ഉണരാൻ തുടങ്ങിയിരിക്കുന്നു. പ്രഭാതങ്ങൾ മനോഹരമാണ്.

ഈ കത്ത് അവസാനിപ്പിക്കുമ്പോൾ, രാജ്യത്തുടനീളമുള്ള ജയിലുകളിൽ വർധിച്ചുവരുന്ന രാഷ്ട്രീയ തടവുകാരുടെ എണ്ണം കണക്കിലെടുത്തുകൊണ്ട്, ഇത് പറയേണ്ടതുണ്ടെന്ന് ഞാൻ കരുതി. സ്വന്തത്തെ അപകടത്തിലാക്കി, ജനാധിപത്യത്തിനും, മതേതരത്വത്തിനും, സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുന്ന എല്ലാവരും ജയിലിനെക്കുറിച്ച് ആകുലപ്പെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ ചില ദുശീലങ്ങൾ മറികടക്കാൻ ജയിൽ നിങ്ങളെ സഹായിച്ചേക്കാം. അത് നിങ്ങളെ ശാന്തനും, ക്ഷമയുള്ളവനും സ്വയംപര്യാപ്തനുമാക്കിയേക്കാം – എന്നോട് ചെയ്തതുപോലെ.

അവസാനമായി, തടവുകാരുടെ കൗൺസിലർ എന്ന നിലയിൽ നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് എനിക്ക് അറിയാമെന്ന കാര്യം ഇവിടെ സൂചിപ്പിക്കുന്നു. രണ്ട് മാസം മുമ്പ് ഞാൻ നിങ്ങളുടെ ‘ക്രിസ്മസ് ഇൻ തീഹാർ, ആൻഡ് അദർ സ്റ്റോറീസ്’ എന്ന പുസ്തകം വായിച്ചിരുന്നു. എത്ര മനോഹരമായ കൊച്ചു പുസ്തകമാണ് താങ്കൾ എഴുതിയിരിക്കുന്നത്. ഈ ഇരുട്ടറയിൽ ഒട്ടും പഞ്ഞമില്ലാത്ത ഒന്നാണ് കഥകൾ. എല്ലാ തരത്തിലുമുള്ള കഥകൾ – പോരാട്ടത്തിന്റെയും നിരന്തരപ്രയത്‌നങ്ങളുടെയും, വാഞ്‌ഛയുടെയും അനന്തമായ കാത്തിരിപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും ഹൃദയഭേദകമായ അനീതികളുടെയും കഥകൾ, സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ തേടലിന്റെ കഥകൾ, അതുപോലെ തന്നെ മനുഷ്യന്റെ ദുഷ്ടതയുടെ ഇരുണ്ട കഥകളും. സ്വതന്ത്രനായി, ഈ കഥകളെല്ലാം, ഒരു കാപ്പിയോടൊപ്പം ഉടൻ നിങ്ങളുമായി പങ്കിടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അതുവരെ സുഖമായിരിക്കുക,
എഴുത്തു തുടരുക.
എന്ന് സ്വന്തം,
ഉമർ ഖാലിദ്

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.