ലഖ്‌നൗ ലുലു മാളിൽ ഒരു കൂട്ടം ആളുകൾ നമസ്‌കരിക്കുന്നതായി തോന്നുന്ന വീഡിയോയുടെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പിന്നിലെ ഗൂഢാലോചന ചുരുളഴിയുന്നു.
വീഡിയോ പുറത്തുവന്നതിന് ശേഷം മുസ്ലിംകളെ മാളിൽ പ്രാർത്ഥിക്കാൻ അനുവദിച്ചാൽ, അവിടെ ഹിന്ദു ആചാരങ്ങളും നടത്തുമെന്ന് ചില ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിക്കുകയുണ്ടായു.
രാമായണം വായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളിൽ എത്തിയിരുന്നു. മാളിൽ ജോലി ചെയ്യുന്ന പുരുഷന്മാരിൽ 80% പേരും മുസ്ലിംകളാണെന്നും, സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും, ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവർ ആരോപിച്ചിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ മാൾ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി തുറന്നത്. വിവാദ വീഡിയോ ഷെയർ ചെയ്യപ്പെട്ടത് ബുധനാഴ്ചയായിരുന്നു. മാൾ മാനേജ്‌മെന്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാൾ മാനേജ്‌മെന്റ് എല്ലാ ആരോപണങ്ങളും നിരസിക്കുകയും അവ തെറ്റാണെന്ന് തെളിയിക്കാൻ അവരുടെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ പോലീസുമായും ചില സംഘടനകളുമായും പങ്കിടുകയും ചെയ്തു.
മാളിനെ അപകീർത്തിപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കാനും ബോധപൂർവം നടത്തിയ പ്രവർത്ഥനമാണിതെന്ന് വിവാദത്തിന്റെ തുടക്കം മുതൽ ഉയർന്നുവന്ന സംശയം ഇപ്പോൾ സി.സി.ടി.വി ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.
മാൾ പങ്കുവെച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ എട്ട് പുരുഷന്മാർ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. അവരാരും മാൾ ചുറ്റികാണാനോ നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദർശിക്കാനോ ശ്രമിക്കുന്നില്ല. അവർ ഒന്നും വാങ്ങുകയോ മാളിൽ നിന്ന് സെൽഫി എടുക്കാൻ താൽപ്പര്യം കാണിക്കുകയോ പോലും ചെയ്യുന്നില്ല.
മാളിലേക്ക് പ്രവേശിച്ച് വളരെ പെട്ടന്ന് തന്നെ അവർ ഇരിക്കാനും നമസ്കരിക്കാനുമുള്ള ഇടം തേടാൻ തുടങ്ങുന്നു. അവർ ആദ്യം ബേസ്മെൻറ് പരീക്ഷിച്ചു, തുടർന്ന് താഴത്തെ നിലയും ഒന്നാം നിലയും. ഒന്നാം നിലയിൽ സെക്യൂരിറ്റി ഗാർഡുകൾ അവരെ തടഞ്ഞു. പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവർ പോയി. ആറ് പേർ ഉടൻ തന്നെ നമസ്‌കരിക്കാൻ ഇരുന്നു, ബാക്കിയുള്ള രണ്ട് പേർ വീഡിയോ റെക്കോർഡു ചെയ്യുന്നതിൻ്റെയും ഫോട്ടോ എടുക്കുന്നതിൻ്റയും തിരക്കിലാണെന്നും കാണാം.
എങ്ങനെയാണ് നമസ്കരിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർക്ക് ഒരു സൂചനയും ഇല്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ സമ്മതിച്ചു. അക്രമികൾ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

നമസ്കാരം പൂർത്തിയാക്കാൻ സാധാരണ ഏഴ് മുതൽ എട്ട് മിനിറ്റ് വരെ എടുക്കുമ്പോൾ, ഈ ആളുകൾ തിടുക്കത്തിൽ ഒരു മിനിറ്റിനുള്ളിൽ അത് പൂർത്തിയാക്കി, വാസ്തവത്തിൽ 18 സെക്കൻഡിനുള്ളിൽ. ഗൂഢാലോചനയെക്കുറിച്ച് തുടക്കത്തിൽ തന്നെ ആശങ്ക പ്രകടിപ്പിച്ച ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ താഹിറ ഹസൻ പറയുന്നത്, വടക്കേ ഇന്ത്യക്കാർ ഏകദേശം പടിഞ്ഞാറൻ ദിശയിലുള്ള കഅബയെ അഭിമുഖീകരിച്ചാണ് എപ്പോഴും നമസ്‌കരിക്കുന്നത്. എന്നാൽ ഇതിൽ രണ്ടുപേർ മറ്റ് ദിശകളിലേക്ക് തിരിഞ്ഞത് അവരുടെ വിവരമില്ലായ്മയാണെന്നാണ്.
തിടുക്കപ്പെട്ട് നമസ്‌കരിച്ച് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം അവർ തിടുക്കത്തിൽ മാളിൽ നിന്ന് പുറത്തിറങ്ങി, മാളിൽ കറങ്ങിത്തിരിയാനോ ചുറ്റിയടിച്ച് കാണാനോ ശ്രമിച്ചില്ല.
വിവാദത്തിന്റെ തുടക്കത്തിൽ സി.സി.ടിവി ദൃശ്യങ്ങൾ സ്കാൻ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശനിയാഴ്ച വൈകുന്നേരം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. മാൾ മാനേജ്‌മെന്റ് ദൃശ്യങ്ങൾ സ്‌കാൻ ചെയ്യാൻ സമയം തേടുകയും കുറ്റകരമായ ദൃശ്യങ്ങൾ പോലീസിന് കൈമാറുകയും ചെയ്തു.
ലഖ്‌നൗ സാമുദായിക സൗഹാർദത്തിന്റെയും ഗംഗാ-യമുന സംസ്‌കാരത്തിന്റെയും കേന്ദ്രമായിരിക്കെ, സാമുദായിക സംഘർഷം വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ വ്യാപകമായ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ചാർബാഗ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നമ്പർ മൂന്നിൽ ഒരു യുവാവ് നമസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്ന് റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള 900 വർഷം പഴക്കമുള്ള ഖമ്മൻ പീറിലെ മസാർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പോലുള്ള സംഘടനകൾ വളരെ പെട്ടന്ന് തന്നെ മുന്നോട്ടു വരികയും ചെയ്തിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, മുസ്ലീങ്ങളേക്കാൾ കൂടുതൽ ഹിന്ദുക്കളാണ് മസാറിൽ പ്രാർത്ഥന നടത്തുന്നത്.
മതവിശ്വാസികളായ മുസ്‌ലിംകൾ പ്രാർത്ഥനകൾ നടത്തുന്നതിനേക്കാൾ വീഡിയോകൾ നിർമ്മിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധ്യതയില്ലെന്ന് സാമൂഹിക പ്രവർത്തകനായ ദീപക് കബീർ ചൂണ്ടിക്കാട്ടുന്നു.