ചാനൽ ചർച്ചകൾക്കിടയിൽ വസ്തുത വിരുദ്ധമായ വാദങ്ങളും നുണ പ്രചാരണങ്ങളും ബി.ജെ.പി പ്രതിനിധികൾ നടത്തുകയും അവയിൽ പലതും ഫാക്റ്റ്ഷീറ്റ്സ് വസ്തുത പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തെയും മറ്റും വളച്ചൊടിച്ചും തെറ്റായി അവതരിപ്പിച്ചും തങ്ങളുടെ വാദങ്ങൾക്ക് പിൻബലം ഉണ്ടാക്കുന്ന രീതി ബി.ജെ.പി പ്രതിനിധികൾ തുടരുകയാണ്.
“തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ പട്ടിക ജാതിക്കാരന് കൊടുക്കുന്നില്ല. മുസ്ലിം വിധവകൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം കൊടുക്കുന്നു, ഹിന്ദു വിധവകൾക്ക് കൊടുക്കുന്നില്ല.” എന്ന ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു നടത്തിയ പരാമർശത്തിന്റെ വസ്തുത മുമ്പ് പരിശോധിച്ചിരുന്നു.
സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന കാ.ഭാ സുരേന്ദ്രന്റെ വാദത്തിലെ വസ്തുത വിരുദ്ധതയും മുമ്പ് പ്രസിദ്ധികരിച്ചിരുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട്, മെയ് 28ന് നടന്ന മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ, കോൺഗ്രസിന്റെ തെലങ്കാന തെരെഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ മുസ്ലിങ്ങൾക്ക് മാത്രമായി ഗവർമെന്റ് ആശുപത്രി നിർമിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി പറയുന്നുണ്ട്.
പ്രസ്തുത പരാമർശത്തിന് അവലംബമായി ടൈംസ് നൗ, റിപ്പബ്ലിക് ടി.വി എന്നിവരുടെ വർത്തയെ അദ്ദേഹം ഉദ്ധരിക്കുന്നു. അഡ്വ. ബി ഗോപാലകൃഷ്ണൻ ഉന്നയിച്ച പരാമർശത്തിലെ വസ്തുത പരിശോധിക്കുന്നു.
വസ്തുത
- സമീപകാലത്ത് തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് നടക്കുകയോ, കോൺഗ്രസ് അങ്ങനെ ഒരു മാനിഫെസ്റ്റോ ഇറക്കുകയോ ചെയ്തിട്ടില്ല. 2018ലാണ് അവസാനമായി സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നെയുള്ളൂ.
- അഡ്വ. ഗോപാലകൃഷ്ണൻ അവലംബമായി പറയുന്ന ടൈംസ് നൗ, റിപ്പബ്ലിക് ടിവി വാർത്തകൾ 2018 നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് ഉള്ളതാണ്.
“7 ‘muslim only’ schemes pledged by congress in its telangana manifesto” എന്ന തലക്കെട്ടിൽ ടൈംസ് നൗ ചർച്ച സംഘടിപ്പിച്ചിരുന്നു.

ഇതേ വിഷയത്തിൽ ചാനലിന്റെ മാനേജിങ് എഡിറ്റർ നവിക കുമാർ നേതൃത്വം നൽകിയ മറ്റൊരു ചർച്ചയും അന്ന് സംപ്രേക്ഷണം ചെയ്തിരുന്നു.
സമാന വാർത്തയാണ് റിപ്പബ്ലിക് ടി.വിയും റിപ്പോർട്ട് ചെയ്തത്.
“തെലങ്കാനയിൽ അതിവേഗ പ്രീണനവുമായി കോൺഗ്രസ്: ‘മുസ്ലിങ്ങൾക്ക് മാത്രം’ സ്‌കൂളുകളും ആശുപത്രികളും, പള്ളികൾക്ക് സൗജന്യ അധികാരവും വാഗ്ദാനം ചെയ്യുന്നു”. എന്ന തലക്കെട്ടോടെയാണ് റിപ്പബ്ലിക് വാർത്ത പ്രസിദ്ധികരിച്ചത്.

ഈ വിഷയത്തിൽ അർണബ് ഗോസ്വാമി ചാനലിൽ ചർച്ചയും നടത്തിയിരുന്നു.
കോൺഗ്രസ് മാനിഫെസ്റ്റോയിൽ ഉണ്ടെന്ന് ആരോപിക്കുന്ന 7 കാര്യങ്ങൾ
പ്രചാരണം 1.
ക്രിസ്ത്യൻ, മുസ്‌ലിം പള്ളികൾക്ക് സൗജന്യ വൈദ്യുതി വിതരണം.
വസ്തുത: “ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ, അമ്പലങ്ങൾ ഇതര ആരാധനാലയങ്ങൾക്ക് സൗജന്യ വൈദ്യുതി” എന്നാണ് മാനിഫെസ്റ്റോയിലുള്ള പരാമർശം.
പ്രചാരണം 2. ഇമാമുമാർക്ക് മാത്രം പാരിതോഷികം.
വസ്തുത: “643 ക്ഷേത്രങ്ങളിലെ പൂജാരിമാർ, പള്ളിയിലെ ഇമാം,പാസ്റ്റർ എന്നിവർക്ക് വേതനവും ആക്സിഡന്റ് ഇൻഷുറൻസ്, ഹെല്ത്ത് കാർഡ് എന്നിവ നൽകും” എന്നാണ് യഥാർത്ഥ പരാമർശം.
പ്രചാരണം 3. മുസ്ലിങ്ങൾക്ക് സ്കോളർഷിപ്പ്.
വസ്തുത: “ന്യൂനപക്ഷങ്ങളായ എസ് സി, എസ് ടി, ഈ ബി സി, ഒ ബി സി, മുസ്ലിങ്ങൾ എന്നിവർക്ക് സ്കോളർഷിപ്പ്” നൽകുമെന്നാണ് യഥാർത്ഥ പരാമർശം.
പ്രചാരണം 4. ഗവർമെന്റ് കരാറുകളിൽ മുസ്ലിങ്ങൾക്ക് പ്രത്യക പരിഗണന.
വസ്തുത: “ഗവർമെന്റ് കരാറുകൾ നൽകുന്നതിൽ എസ് സി, എസ് ടി, മുസ്ലിങ്ങൾ തുടങ്ങിയ പിന്നോക്ക സമുദായകാർക്ക് 5 ശതമാനം സംവരണം” എന്നാണ് യഥാർത്ഥ പരാമർശം.
പ്രചാരണം 5. മുസ്ലിങ്ങൾക്ക് മാത്രമായി ആശുപത്രികൾ.
വസ്തുത: “ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ സർക്കാർ ആശുപത്രികൾ സ്ഥാപിക്കും” എന്നാണ് യഥാർത്ഥ പരാമർശം.
പ്രചാരണം 6. മുസ്ലിങ്ങൾക്ക് മാത്രമായി വിദ്യാലയങ്ങൾ
വസ്തുത: “ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയങ്ങൾ സ്ഥാപിക്കും എന്നതോടപ്പം ആദിവാസി മേഖലയിലും വിദ്യാലയങ്ങൾ സ്ഥാപിക്കും” എന്നാണ് യഥാർത്ഥ പരാമർശം.
പ്രചാരണം 7. മതപരമായ വിവേചനത്തിനെതിരെ നടപടി.
വസ്തുത: മുസ്ലിങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന വിധത്തിലായിരുന്നു ഈ വാദത്തെ ടൈംസ് നൗ, റിപ്പബ്ലിക്ക് ടി.വി എന്നിവർ വാർത്ത കൊടുത്തത്. എന്നാൽ ”പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി നൽകുന്നതിൽ മതപരവും ജാതിപരവുമായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കും” എന്നാണ് യഥാർത്ഥ പരാമർശം.
തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ 2018ൽ ടൈംസ് നൗ, റിപ്പബ്ലിക് ടി.വി എന്നീ മാധ്യമങ്ങൾ കൊടുത്ത വാർത്ത അന്ന് തന്നെ വസ്തുത വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.
അതേ തെറ്റായ വാദത്തെ വീണ്ടും ആവർത്തിക്കുകയായിരുന്നു ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ.