ശിവസുന്ദർ
ഒന്നിലധികം വിശ്വാസങ്ങളെ ഉള്‍ക്കൊള്ളുന്ന ചരിത്രപ്രധാനമായ ആരാധനാലയമാണ് കര്‍ണാടകയിലെ ചിക്മംഗളൂർ ജില്ലയില്‍ മലമുകളില്‍ നിലകൊള്ളുന്ന ‘ഗുരു ദത്താത്രേയ സ്വാമി ബാബാബുഡന്‍ ദര്‍ഗ’. ദര്‍ഗയുടെ മത, ഭരണ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഹിന്ദുക്കളും മുസ്ലിംകളും ഉള്‍പ്പെടെ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ഭരണസമിതിയെ നിയമിക്കാന്‍ കര്‍ണാടകയിലെ ബി.ജെ.പി ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുകയാണ്. അപകട സാധ്യമായ ഈ ഉത്തരവ് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ദത്ത ജയന്തി, ദത്ത മാല എന്നിവയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ദര്‍ഗയില്‍ നടത്താന്‍ ഈ ഉത്തരവ് അനുവദിക്കുന്നുണ്ട്. വര്‍ഷംതോറുമുള്ള സൂഫി ഉറൂസും നടത്താം. ഹിന്ദു ആചാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘അര്‍ചക’, മുസ്ലിം ആചാരങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘മുജാവര്‍’ എന്നിവരെയും ഈ സമിതിയില്‍ ഉള്‍പ്പെടുത്തും.
പുറമേനിന്നു നോക്കുന്നൊരാള്‍ക്ക് നിരുപദ്രവകരമെന്ന് തോന്നുന്ന ഈ ഉത്തരവ് കര്‍ണാടകത്തിലെ ഹിന്ദു വലതുപക്ഷത്തിന് ചില കണക്കുകൂട്ടലുകളുടെ വിജയമാണ്. 1992ലെ ബാബ്‌റി മസ്ജിദ് തകര്‍ക്കലിന്റെ സാമൂഹ്യസാഹചര്യത്തില്‍ ദര്‍ഗയെ ദത്താത്രേയ ക്ഷേത്രമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഫലമാണിത്. 2002ലെ ഗുജറാത് വംശഹത്യയ്ക്ക് ശേഷം, കര്‍ണാടകത്തെ മറ്റൊരു ഗുജറാത്താക്കുമെന്നും ബാബാബുഡന്‍ ദര്‍ഗയെ മറ്റൊരു അയോധ്യ ആക്കുമെന്നുമായിരുന്നു ബി.ജെ.പി പ്രസിഡന്റ് എച്ച്.എന്‍ അനന്തകുമാറിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നടന്ന യുദ്ധസമാനമായ പ്രചാരണം.
ഹൈന്ദവ ദൈവമായ ദത്താത്രേയയുടെ അമ്പലമാണ് ഈ ദര്‍ഗയെന്നും ഹൈദര്‍ അലിയുടെ കാലഘട്ടത്തില്‍ ഇവിടം മുസ്ലിങ്ങള്‍ തട്ടിയെടുത്തുവെന്നുമുള്ള വ്യാജപ്രചരണത്തിന്റെ വ്യാപക ഉപയോഗം അന്നുതുടങ്ങിയതാണ്.
സ്വന്തം അവകാശവാദം തെളിയിക്കാന്‍ ചരിത്രപരമായതോ പുരാവസ്തുപരമായതോ ആയ ഒരൊറ്റ തെളിവുപോലും നല്‍കാന്‍ അവർക്ക് കഴിഞ്ഞിട്ടില്ല. അവരുടെ ചരിത്രം പൂര്‍ണമായും ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളില്‍ ഊന്നിയതായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് മുമ്പു മുതല്‍ സ്വാതന്ത്ര്യത്തിന് ശേഷം വരെ, പുരാവസ്തുവിവരങ്ങള്‍, മതപരമായ രേഖകള്‍, നാടോടി അറിവുകള്‍ എന്നിവയിലെല്ലാം ദര്‍ഗയെക്കുറിച്ചുള്ള രേഖപ്പെടുത്തലുകള്‍ ലഭ്യമാണ്. സൂഫി സന്യാസിയായ ദാദാ ഹായത് മീര്‍ ഖലന്ദറിന്റെ ദര്‍ഗയില്‍, പതിനേഴാം നൂറ്റാണ്ടില്‍ യെമനില്‍ നിന്നെത്തിയ ഫകീര്‍ ബാബാബുഡന്‍ കഴിഞ്ഞു.
ഹിന്ദു, മുസ്ലിം സമൂഹങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കിടയില്‍ ബാബാബുഡന്‍ തന്റെ വിശ്വാസം പ്രചരിപ്പിച്ചു. ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നതിനപ്പുറം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ആദ്യമായി കാപ്പിച്ചെടികള്‍ കൊണ്ടുവന്നതിനും ബാബാബുഡന്‍ അറിയപ്പെടുന്നു. നാടോടി കഥകളില്‍ ദര്‍ഗ സ്ഥിതിചെയ്യുന്ന മലയെ ‘ദാദാ കാ പഹാഡ്’ എന്നാണ് വിളിക്കുന്നത്, ‘ബാബാബുഡന്‍ ദര്‍ഗ’ എന്നു തന്നെയാണ് ഈ ദര്‍ഗയുടെ പേരും. ഈയടുത്തായി ഈ മലയെ ‘ചന്ദ്രദ്രോണ പര്‍വ്വതം’ എന്ന് സംസ്‌കൃതത്തില്‍ വിളിച്ചുതുടങ്ങി, അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്.

ദര്‍ഗയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ഉത്തരവ്, എല്ലാവരെയും ഉൾക്കൊള്ളുന്ന ദര്‍ഗയുടെ സ്വഭാവം മാറ്റണമെന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്ന് മനസ്സിലാകും. ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണതെന്നും വ്യക്തം. 2022 ജൂലായ് 19ന് പുറത്തിറക്കിയ ഈ ഉത്തരവ് പരസ്യമാക്കിയത് 2022 ഓഗസ്റ്റ് 18നാണ്. സൂഫി ദര്‍ഗയുടെ മത, ഭരണ നേതൃത്വമായ ഷാ ഖാദ്‌രിക്ക് എല്ലാ അധികാരങ്ങളും നിഷേധിക്കുകയാണ് ഈ ഉത്തരവ് ചെയ്തത്. ഹിന്ദുക്കളും മുസ്ലിംകളും ചേര്‍ന്നുള്ള, സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ഭരണ സമിതിയിലേക്ക് ദര്‍ഗയുടെ പൂര്‍ണ അധികാരം കൈമാറുകയാണ്. ഇത് സൂചിപ്പിക്കുന്നത് ഹിന്ദു അംഗങ്ങള്‍ സംഘപരിവാറിന്റെ ആക്റ്റിവിസ്റ്റുകളും, മുസ്ലിം അംഗങ്ങള്‍ സമുദായത്തിലെ അനുസരണയുള്ള നേതാക്കളും ആയിരിക്കുമെന്നാണ്.
മുജാവറിനൊപ്പം, ബ്രാഹ്മണിക് ആയ അഗമ ആരാധനാരീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരു ഹിന്ദു ആചാരിയെ (അര്‍ചക) ഈ കാവിവല്‍കൃത കമ്മിറ്റി നിയമിക്കും. ഷാ ഖാദ്‌രിക്ക് പകരമായി ഹിന്ദുക്കള്‍ ഉള്‍പ്പെടുന്ന, സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയായിരിക്കും ദര്‍ഗയിലെ ആരാധനാരീതികളിലും ഉറൂസിലും മുജാവറിനെ നയിക്കുക. ഉറൂസ് തന്നെ നടത്തേണ്ടത് ഹിന്ദു കലണ്ടര്‍ അനുസരിച്ചു തീരുമാനിക്കുന്ന തീയ്യതികളിലാണ്. 1997നു മുമ്പ് ദര്‍ഗയില്‍ ആഘോഷിച്ചിരുന്നിട്ടില്ലാത്ത ‘ദത്ത ജയന്തി’യും ‘ദത്തമാല’കളും ഔദ്യോഗിക അംഗീകാരം നേടുകയും പതിവായി ആഘോഷിക്കപ്പെടണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നുണ്ട് ഈ ഉത്തരവ്.
ദര്‍ഗകള്‍ കീഴാളരുടെ ആത്മീയ ആലയം
ദര്‍ഗ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത് ഒരു മുസ്ലിം വ്യക്തിയുടെ കല്ലറയോ, ആരാധനാലയമോ ആയ ദേവാലയമായിട്ടാണ്, ആത്മീയമായ ആരാധനയും തീര്‍ത്ഥാടനവുമാണ് അതിലേക്ക് ആളുകളെ എത്തിക്കുന്നത്. പക്ഷേ, ഇന്ത്യയിലെമ്പാടും ഇത്തരം ദര്‍ഗകള്‍ മുസ്ലിങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ജാതീയമായി താഴ്ത്തപ്പെട്ടവരും ഈ ആരാധനാലയങ്ങളിലെത്തുന്നു.
ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാ ബുഡന്‍ഗിരി ദര്‍ഗയ്ക്ക്, താഴ്ത്തപ്പെട്ട ജാതിസമുദായങ്ങളില്‍ നിന്നുള്ളവരും മുസ്ലിം ഫക്കീറുകളും 250 വര്‍ഷങ്ങളായി അവിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ചരിത്ര രേഖകളുണ്ട്. ദര്‍ഗയിലെ തനതായ ആരാധനാരീതി വളരെ പുരാതനമാണ്. അബ്രാഹ്മണ ഹിന്ദു, നോണ്‍ വഹാബി സൂഫി ഇസ്ലാമിക രീതികളാണ് ഇവിടെ പിന്തുടര്‍ന്നുവന്നിരുന്നത്. ഈ തര്‍ക്കത്തിന്റെ വേരുകള്‍ 1975ല്‍ സ്ഥാപിതമായ വഖ്ഫ് ബോര്‍ഡിലേക്ക് മുസ്ലിം വഖ്ഫ് ബോര്‍ഡിന്റെ വസ്തുക്കള്‍ തരംതിരിച്ചുമാറ്റുന്ന കാലത്തിലാണ്. ദര്‍ഗയുടെ മതപരമായ നേതൃത്വം മുസ്ലിമായ ഷാ ഖാദ്‌രിയുടേതായതിനാല്‍ ഇതൊരു വഖ്ഫ് സ്വത്തായിട്ടാണ് തരംതിരിക്കപ്പെട്ടത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെ ആരാധന നടത്തിവന്നിരുന്നെങ്കിലും ഇത്തരത്തിലുള്ളൊരു ആരാധനാലയത്തിന് നിയമത്തില്‍ ഇടമുണ്ടായിരുന്നില്ല.
ഹിന്ദു, മുസ്ലിം ആരാധനാവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ദര്‍ഗയുടെ ഭരണം ഒന്നിച്ചുതന്നെയാണ് നോക്കിനടത്തിയിരുന്നത്. ഒരു ആരാധനായലയം ഹിന്ദു ദേവാലയങ്ങള്‍ നോക്കിനടത്തുന്ന മുസ്രായിയുടെ കീഴിലോ, അല്ലെങ്കില്‍ വഖ്ഫ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലോ ആയിരിക്കേണ്ടതുണ്ട്. ഷാ ഖാദ്‌രിക്ക് ഈ ദര്‍ഗയെ വഖ്ഫ് ബോര്‍ഡില്‍നിന്നും മുസ്രായ് വകുപ്പിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. 1927 മുതല്‍ മുസ്രായ് നിയമപ്രകാരമാണ് ദര്‍ഗ നോക്കിനടത്തപ്പെട്ടിട്ടുള്ളത്. വഖ്ഫ് ബോര്‍ഡ് ഈ മാറ്റത്തെ എതിര്‍ത്തിരുന്നു. ഈ തര്‍ക്കം പരിഗണിച്ചുകൊണ്ട് കര്‍ണാടക ഹൈ കോടതി ഈ ആരാധനാലയത്തെ ദര്‍ഗ എന്ന നിലയില്‍, ഷാ ഖാദ്‌രിയുടെ മത ആധികാരികതയെയും ഉയര്‍ത്തിപ്പിടിച്ചു. 1991ല്‍ സുപ്രിം കോടതിയും ഹൈ കോടതി വിധി ഉയര്‍ത്തിപ്പിടിച്ചു. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഈ കോടതിയുത്തരവ് ദര്‍ഗയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്.
ഗൂഢാലോചനകൾ!
ഹിന്ദുക്കള്‍ ദത്താത്രേയയുടെ ആരാധനാലയമായി ഈ ദര്‍ഗയില്‍ എത്തുന്നതിനാല്‍ അനസൂയ ജയന്തി, സത്യനാരായണ പൂജ തുടങ്ങിയ പുതിയ ആചാരങ്ങള്‍ കൂടി അനുവദിക്കണമെന്ന അവകാശവാദം ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തിയത് ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കലിന് ശേഷമാണ്.
ഹൈകോടതി തന്നെ ദര്‍ഗയെകുറിച്ചുള്ള മറ്റൊരു കേസ് പരിഗണിക്കവെ എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ക്ക് ദര്‍ഗയിലെ ആരാധനാരീതികള്‍ പരിശോധിക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ മുസ്രായ് ഓഫീസര്‍ വഴി ഒരു പബ്ലിക് ഹിയറിങ് നടത്തി ആരാധനാരീതികള്‍ ഏകീകരിച്ചു. ദര്‍ഗയിലെ ആരാധനാകര്‍മങ്ങള്‍ നടത്തേണ്ടത് ഷാ ഖാദ്‌രി ആണെന്നും ഷാ ഖാദ്‌രി നിയമിക്കുന്ന മുജാവറിന് മാത്രമേ ദര്‍ഗയുടെ ഉള്ളറയിലേക്ക് പ്രവേശനമുള്ളൂ എന്നും ഉത്തരവ് പുറത്തിറക്കി. ദര്‍ഗയിലെ വിളക്ക് കൊളുത്തേണ്ടതും അരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ പ്രസാദം ഭക്തര്‍ക്ക് കൊടുക്കേണ്ടതും മുജാവര്‍ ആണെന്നും ഈ ഉത്തരവ് നിര്‍ദ്ദേശിക്കുന്നു. ദര്‍ഗയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനം ഉറൂസ് മാത്രമായിരിക്കണമെന്നും തീരുമാനമുണ്ടായി.

ഫെബ്രുവരി 25, 1989ലാണ് ഈ ഏകീകരണമുണ്ടായത്. എന്നിട്ടും, പിന്നീട് ഭരണത്തിലെത്തിയ മതേതരമെന്ന് അവകാശപ്പെടുന്ന ഭരണകൂടങ്ങള്‍ പുതിയ ഹൈന്ദവ-ബ്രാഹ്മിണിക് രീതികള്‍ തുടരാന്‍ അനുവാദം നല്‍കി. 1992ല്‍ വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ദത്തജയന്തിയുടെ പേരിലുള്ള വാര്‍ഷിക സമ്മേളനത്തിന് അനുമതി നല്‍കി. 1997ല്‍ മുഖ്യമന്ത്രി ജെ.എച്ച് പട്ടേലിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ ഗവണ്മെന്റ് ഒരാഴ്ച നീണ്ട ദത്തമാല ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി.
2002ലെ ഗുജറാത് വംശഹത്യയ്ക്ക് ശേഷം മോദി ഗുജറാത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ദര്‍ഗയില്‍ സംഘപരിവാര്‍ നടത്തിയ ഇടപെടലുകളുടെ സ്വഭാവം മാറിത്തുടങ്ങി. 2002 മുതല്‍ ഈ ദര്‍ഗയെ മുസ്ലിങ്ങളില്‍നിന്നും തട്ടിയെടുക്കണമെന്നതായി പ്രധാന ആവശ്യം. ദക്ഷിണേന്ത്യയിലെ അയോധ്യയായി ദത്തപീഠത്തെ മാറ്റിയെടുക്കുക, കര്‍ണാടകത്തെ ദക്ഷിണേന്ത്യയുടെ ഗുജറാത്തായി മാറ്റുക എന്നതായിരുന്നു ആഹ്വാനം.
2003ല്‍ ശ്രീ ഗുരു ദത്താത്രേയ പീഡ ദേവസ്ഥാന സംവര്‍ധന സമിതി ഹൈ കോടതിയില്‍ പുതിയൊരു പരാതി നല്‍കി, 1989ല്‍ എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. ആരാധനാലയ സംരക്ഷണ നിയമം നിലവില്‍വന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദര്‍ഗയുടെ മതസ്വഭാവത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പുതിയ പരാതി ഹൈ കോടതിക്ക് മുന്നിലെത്തുന്നത്. 1947 ഓഗസ്റ്റ് 15ന് നിലനിന്നിരുന്ന അതേ സ്വഭാവത്തില്‍ത്തന്നെ ആരാധനാലയങ്ങളെ നിലനിര്‍ത്തണമെന്നാണ് ഈ നിയമം, ഏതെങ്കിലും ആരാധനാലയത്തിന്റെ തനത് സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള നീക്കത്തെ നിരോധിക്കേണ്ട നിയമമാണിത്.
കര്‍ണാടക ഹൈകോടതി ഈ പരാതി സ്വീകരിക്കുകയും 2007 ഫെബ്രുവരിയില്‍ ഇതില്‍ വിധി പറയുകയും ചെയ്തു. എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ തയ്യാറാക്കിയ ഏകീകരണം അസാധുവാക്കുന്നതാണ് ഈ വിധി. വിധി പറഞ്ഞ സിംഗിള്‍ ബെഞ്ച്, ഹൈദര്‍ അലിയുടെ കാലഘട്ടത്തില്‍ ദര്‍ഗയുടെ സ്വഭാവത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടോ എന്നറിയാന്‍ പബ്ലിക് ഹിയറിങ് നടത്തണമെന്നും ആവശ്യമുന്നയിച്ചു. അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ ഒരു തന്ത്രിയെ നിയമിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ ഉത്തരവിനെതിരെ ഷാ ഖാദ്‌രിയും ചില വ്യക്തികളും സംഘടനകളും ചേര്‍ന്ന് കര്‍ണാടക ഹൈ കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെയും പിന്നീട് സുപ്രിം കോടതിയെയും സമീപിച്ചു. അന്ന് ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ കേസ് തുടര്‍ന്നില്ല, അങ്ങനെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് അന്തിമമായി.
2008ല്‍ കര്‍ണാടകയിലെ ചില പ്രമുഖ വ്യക്തികളും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ഉള്‍പ്പെടെയുള്ള സംഘടനകളും ഹൈ കോടതി ഉത്തരവിനെതിരെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി സുപ്രിം കോടതിയെ സമീപിച്ചു. 1989ലെ ഏകീകരണമനുസരിച്ച് തല്‍സ്ഥിതി തുടരണമെന്ന് സുപ്രിം കോടതി പറഞ്ഞു. അതോടൊപ്പം നിലവിലെ എന്‍ഡോവ്‌മെന്റ് ഓഫീസറോട് 1947ന് മുമ്പ് ദര്‍ഗയുടെ പ്രവര്‍ത്തനരീതികളും സ്വഭാവവും എങ്ങനെയായിരുന്നുവെന്ന് കണ്ടെത്താന്‍ പബ്ലിക് ഹിയറിങ് നടത്താനും സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
2010ല്‍ എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ പബ്ലിക് ഹിയറിങ് നടത്തി. കര്‍ണാടക കമ്മ്യൂണല്‍ ഹാര്‍മണി ഫോറം ആരാധനാലയ സംരക്ഷണ നിയമം ആധാരമാക്കി നടപടികളെടുക്കണമെന്ന് കമ്മീഷണറോട് ചൂണ്ടിക്കാട്ടിയപ്പോള്‍ കമ്മീഷണര്‍ അതിന് വിസമ്മതിച്ചു. ഹിയറിങ്ങിന് ശേഷം എന്‍ഡോവ്‌മെന്റ് കമ്മീഷണര്‍ ഒരു തന്ത്രിയുടെ നിയമനവും അഗമ പൂജാരീതികളും കൊണ്ടുവരുന്നതിന് ശുപാര്‍ശ ചെയ്തു. പക്ഷവാദപരമാണ് ഈ കമ്മീഷണറുടെ ശുപാര്‍ശകള്‍, ശ്രീ ഗുരു ദത്താത്രേയ പീഠ ദേവസ്ഥാന സമിതിയുടെ എല്ലാ ആവശ്യങ്ങളും ചരിത്ര, പുരാവസ്തുപരമായ തെളിവുകള്‍ കൂടാതെ തന്നെ അംഗീകരിക്കപ്പെട്ടു. എന്നാല്‍ മറുഭാഗം സമര്‍പ്പിച്ച രേഖകളൊന്നും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പരിഗണിക്കപ്പട്ടിട്ടില്ല, അവയെപ്പറ്റി പരാമര്‍ശിച്ചതുമില്ല.
നിയമവ്യവസ്ഥയ്ക്കുള്ള പങ്ക്
2015ല്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എന്‍.വി രമണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് എന്‍ഡോവ്‌മെന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വിധി പ്രഖ്യാപിച്ചു. കമ്മീഷണറുടെ റിപ്പോര്‍ട്ടിനനുസരിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളും പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ബെഞ്ച് പറഞ്ഞു. അങ്ങനെ ഈ വിഷയത്തില്‍, മതേതര തത്വങ്ങളുള്ള നിയമത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ പരമോന്നത കോടതി വിസമ്മതിച്ചു. പകരം ആരാധനാലയ സംരക്ഷണ നിയമം പരിഗണിക്കാന്‍ മടിച്ച്, അവരുടെ അവകാശവാദങ്ങള്‍ക്ക് സാധുത നല്‍കി ഹിന്ദുത്വ മുന്നേറ്റത്തെ സഹായിച്ചു. പിന്നീട് ഈ ബെഞ്ചിലെ ഒരു ജഡ്ജ് ജസ്റ്റിസ് ഗൊഗോയ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു, അയോധ്യ ജഡ്ജ്‌മെന്റിന്റെ വിധി പ്രഖ്യാപിക്കുന്നതിലും ജസ്റ്റിസ് ഗൊഗോയ് ഭാഗമായി. ആരാധനാലയത്തിന്റെ മതസ്വഭാവം തീരുമാനിക്കുന്നതില്‍ ഭൂരിപക്ഷത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ മാത്രം അംഗീകരിച്ച് കൊണ്ടുള്ളതായിരുന്നു അയോധ്യവിധി, ചരിത്രപരമായ തെളിവുകളെയൊന്നും അവര്‍ പരിഗണിച്ചിട്ടില്ല.
ഈ കേസിലെ കക്ഷികളെ കേട്ട് ശുപാര്‍ശകള്‍ നല്‍കാനായി 2017ല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജസ്റ്റിസ് എച്ച്.എന്‍ നാഗമോഹന്‍ ദാസ് കമ്മിറ്റി രൂപീകരിച്ചു. ഇരുകക്ഷികളെയും പൊതുജനങ്ങളെയും കമ്മിറ്റി കേട്ടു. 1989ലെ എന്‍ഡോവ്‌മെന്റ് കമ്മീഷണറുടെ ശുപാര്‍ശകള്‍ തുടരാന്‍ തന്നെ ഈ കമ്മീഷനും ശുപാര്‍ശ ചെയ്തു. തന്ത്രിയെ നിയമിക്കുന്നതും അഗമ രീതികള്‍ സ്വീകരിക്കുന്നതും ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി നാഗമോഹന്‍ദാസ് കമ്മീഷന്‍ എതിര്‍ത്തു. ദര്‍ഗയിലെ ആരാധനാരീതികള്‍ മാറ്റുന്നത് നിയമലംഘനമാകുമെന്ന് അംഗീകരിച്ചു. ഈ ശുപാര്‍ശകളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു, 2018 മാര്‍ച്ചില്‍ 1989ലെ രീതികള്‍ തന്നെ തുടരാമെന്ന് ഉത്തരവിറക്കി.
ഇതിനെതിരെ വീണ്ടും ശ്രീ ഗുരു ദത്താത്രേയ പീഠ ദേവസ്ഥാന സംവര്‍ധന സമിതി കര്‍ണാടക ഹൈകോടതിയെ സമീപിച്ചു.
2019ല്‍ ഓപറേഷന്‍ കമലയിലൂടെ ബി.ജെ.പി കര്‍ണാടകത്തില്‍ അധികാരത്തില്‍വന്നു. പ്രത്യയശാസ്ത്ര ചായ്വുകളുടെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂട്ടര്‍മാര്‍ നിയമിതരായി. സര്‍ക്കാര്‍ ഉത്തരവിനെ അനുകൂലിച്ചുകൊണ്ട് ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാമായിരുന്നിട്ടും അന്നത്തെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ഇതൊന്നും ചെയ്തിട്ടില്ല. ആരാധനാലയ സംരക്ഷണ നിയമം ഉയര്‍ത്തിപ്പിടിച്ച് കേസില്‍ ഇടപെട്ട സംഘടനകള്‍ക്ക് കോടതിയില്‍ ഹാജരാകാനുള്ള അനുമതി നിഷേധിച്ചു, സര്‍ക്കാര്‍ അഭിഭാഷകനെ സഹായിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് അവര്‍ക്ക് കിട്ടിയത്.
അയോധ്യാ വിധിയുടെ ആവര്‍ത്തനം
2021 സെപ്തംബര്‍ 29ന് ഈ കേസില്‍ ആരാധനാലയ സംരക്ഷണ നിയമം ബാധകമല്ലെന്ന് കര്‍ണാടക ഹൈ കോടതി അവകാശപ്പെട്ടു. കാരണം പ്ലേസസ് ഓഫ് വര്‍ഷിപ് ആക്റ്റ് നിലവില്‍വരുന്നതിന് മുമ്പ് തന്നെ ഈ ദര്‍ഗ മുസ്രായ് ഡിപാര്‍ട്ട്‌മെന്റിന്റെ നിയന്ത്രണത്തിലാണ് എന്നതാണ്. വഖ്ഫ് ബോര്‍ഡില്‍നിന്നും മുസ്രായ് ഡിപാര്‍ട്ട്‌മെന്റിലേക്ക് മാറ്റുമ്പോള്‍ 1991 ഫെബ്രുവരിയില്‍ കര്‍ണാടക ഹൈ കോടതിയും 1991 മേയില്‍ സുപ്രിം കോടതിയും ഈ ആരാധനാലയത്തിന്റെ ദര്‍ഗ സ്വഭാവം അംഗീകരിച്ചിട്ടുണ്ട്, എന്നാല്‍ ഈ വസ്തുത അന്തിമതീരുമാന സമയത്ത് പരിഗണിക്കപ്പെട്ടിട്ടില്ല. അങ്ങനെ പരിഗണിച്ചിരുന്നെങ്കില്‍ ദേവസ്ഥാന സമിതിയുടെ കേസ് തള്ളിപ്പോകുമായിരുന്നു. നിയമം നിലവില്‍വന്ന് പന്ത്രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2003ലാണ് ഈ ആരാധനാലയത്തിന്റെ മത സ്വഭാവത്തെ ചോദ്യംചെയ്യുന്ന പുതിയ തര്‍ക്കം ഉടലെടുക്കുന്നത്.
തന്ത്രിയെ നിയമിക്കുകയോ അഗമ പൂജാ കര്‍മങ്ങള്‍ ആരംഭിക്കുകയോ ചെയ്യുമ്പോഴും, മുസ്ലിം മുജാവര്‍ തന്റെ ആരാധനാരീതികള്‍ തുടരുന്നത്രയും കാലം ദര്‍ഗയുടെ മതസ്വഭാവം മാറുന്നില്ലെന്നും ഹൈകോടതി പറഞ്ഞിരുന്നു.
പൊതു അന്വേഷണവും കോടതിവിധിയും
വ്യാജമായൊരു പൊതു അന്വേഷണം നടത്തി അനുകൂല കോടതിയുത്തരവ് ലഭ്യമാക്കാന്‍ 2021 സെപ്തംബറില്‍ ബി.ജെ.പി ഗവണ്മെന്റ് ഒരു ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ചു. പൊതു അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ ക്യാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പ്രഖ്യാപിച്ചത്, കോടതിയുത്തരവ് മുജാവറിനെ നീക്കം ചെയ്യുന്നതും ദര്‍ഗയില്‍നിന്നും അതിന്റെ മുസ്ലിം ഭൂതകാലം നീക്കംചെയ്യുന്നതും ആയിരിക്കുമെന്നാണ്.
‘ദത്താത്രേയ ക്ഷേത്രം’ എന്ന് നിയമപരമായി പേരും മാറ്റി.
സര്‍ക്കാര്‍ ഉത്തരവ് ഈ ആരാധനാലയത്തിന്റെ പരിപൂര്‍ണ കാവിവല്‍ക്കരണത്തിലേക്ക് കൊണ്ടുപോകുകയാണ്. വരുംദിവസങ്ങളില്‍ ദര്‍ഗയിലെ മുജാവറും സൂഫി, ഇസ്ലാമിക രീതികളും പൂര്‍ണമായും മാറ്റിനിര്‍ത്തപ്പെടും, ഇന്ന് ഷാ ഖാദ്‌രി ചിത്രത്തില്‍ത്തന്നെ ഇല്ലാതായപോലെ. നിയമവ്യവസ്ഥയിലെ നിസ്സംഗതയുടെയും ഭരണസംവിധാനം കുറ്റകൃത്യം ചെയ്യുന്നതിന്റെയും ഫലമാണ് ഹിന്ദുത്വ വലതുപക്ഷത്തിന്റെ ഈ വിജയം.
ശിവസുന്ദർ എഴുതി ‘ദി ന്യൂസ് മിനിറ്റ് ‘ പ്രസിദ്ധീകരിച്ച ലേഖനം.