Skip to content Skip to sidebar Skip to footer

‘ട്രാഡ്സ്’ന്റെ ഓൺലൈൻ ഇടപെടലുകൾ നിയന്ത്രിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്?

‘ട്രാഡ്സി’ന്റെ ഓൺലൈൻ സാന്നിധ്യം എങ്ങനെ കണ്ടെത്താം? മുസ്ലിംകൾക്കും ദലിതർക്കും നേരെയുള്ള അക്രമങ്ങൾ വ്യാപകമാക്കിക്കൊണ്ട് ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാനാണ് ഹിന്ദുത്വ മതമൗലികവാദികളുടെ ഈ നിഴൽസംഘം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്രയെളുപ്പത്തിൽ അവർ തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തുകയില്ല.


എന്നാൽ, ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് “ട്രാഡ്സ്”ന്റേതാണെന്ന് (“ട്രഡീഷണലിസ്റ്റ്” എന്നതിന്റെ ഹ്രസ്വ രൂപം) മനസിലാക്കാൻ സഹായിക്കുന്ന ഭാഷാപരവും ദൃശ്യപരവുമായ ചില സൂചനകളുണ്ട്. ഒരു പാശ്ചാത്യ നിർമ്മിതിയായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഈ സംഘത്തിന്റെ പല ചിഹ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. കൃത്യമായി പറഞ്ഞാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വൈറ്റ് സുപ്രീമിസ്റ്റുകളായ ‘ആൾട്ട് റൈറ്റ്’ൽ നിന്നാണ് ഇവർ മാതൃകകൾ സ്വീകരിച്ചുപോരുന്നത്.

ഉദാഹരണത്തിന്, 2005-ൽ മാറ്റ് ഫ്യൂറി സൃഷ്ടിച്ച കാർട്ടൂൺ കഥാപാത്രമായ ‘പെപ്പെ ദി ഫ്രോഗ്’നെ ഫീച്ചർ ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇന്ത്യൻ ട്രാഡ്സ് പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. ഒരുകാലത്ത് സന്തോഷത്തിന്റെ പ്രതീകമായിരുന്ന ഈ തവളയുടെ മുഖം അമേരിക്കൻ ആൾട്ട്-റൈറ്റുകൾ ഒരു ഇന്റർനെറ്റ് മീമാക്കി മാറ്റുകയും കൂടുതൽ മോശമായ രൂപങ്ങളിലേക്ക് മോർഫ് ചെയ്യുകയുമുണ്ടായി.


‘ചാഡ് തണ്ടർകോക്ക്’ പോലുള്ള ഹൈപ്പർ സെക്ഷ്വലൈസ്ഡ് വ്യക്തികളോടുള്ള യു.എസ് ആൾട്ട് റൈറ്റുകളുടെ താൽപ്പര്യവും ട്രാഡ്സിനെ സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെയും ബ്രാഹ്മണരെയും ചിത്രീകരിക്കാൻ ബലവത്തായ പേശികളുള്ള പുരുഷ രൂപങ്ങൾ ഉപയോഗിക്കുന്ന ട്രാഡ്സ്, അവർ പരമാധികാരം വാഴണമെന്ന് വിശ്വസിച്ചുപോരുന്നു. നിരവധി അക്കൗണ്ടുകൾ ഇത്തരം രൂപങ്ങൾ പ്രൊഫൈൽ ചിത്രങ്ങളായി ഉപയോഗിക്കുന്നുണ്ട്.

2021 ജനുവരിയിൽ ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് യു.എസിൽ ആൾട്ട് റൈറ്റ് ശ്രദ്ധാകേന്ദ്രമായത്. 2020 ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലം മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്ന് ‘മോഷ്ടിക്കപ്പെട്ടു’വെന്ന് ബോധ്യപ്പെട്ട വൈറ്റ് സുപ്രീമിസ്റ്റുകൾ, ഗവൺമെന്റിന്റെ ‘സീറ്റി’ലേക്ക് ഇരച്ചുകയറുകയായിരുന്നു.


ഇന്ത്യയിൽ, “ബുള്ളി ബായ്” എന്ന ആപ്പിൽ മുസ്ലീം സ്ത്രീകളുടെ വ്യാജ ഓൺലൈൻ ലേലം സംഘടിപ്പിച്ചതിന് ആറ് പേരെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജനുവരിയിൽ ട്രാഡ്സ് പ്രശസ്തരാവുന്നത്. ആറ് പേരും ട്രാഡ് മഹാസഭ എന്ന ഓൺലൈൻ ഗ്രൂപ്പിൽപെട്ടവരാണ്.

ചെറുപ്പക്കാരായായ ഇവരിൽ, 18 വയസ്സുള്ള ഒരു സ്ത്രീ ഒഴികെയുള്ളവരെല്ലാം തന്നെ ഉയർന്ന ജാതിക്കാരായ പുരുഷന്മാരായിരുന്നു. പ്രധാന പ്രതികളിലൊരാളായ 25 കാരനായ ഓംകരേശ്വർ താക്കൂർ, കഴിഞ്ഞ വർഷം സമാനമായ “സുള്ളി ഡീൽസ്” ആപ്പ് രൂപകല്പന ചെയ്തതിലും പ്രതിയായിരുന്നു.

ക്യാപിറ്റൊൾ ഹിൽ ആക്രമണത്തിന് ശേഷം, യു.എസ് കോൺഗ്രസും സുരക്ഷാ ഏജൻസികളും ആൾട്ട് റൈറ്റ് നെറ്റ്‌വർക്കുകളിലേക്ക് ശ്രദ്ധ തിരിച്ചു. ഫെഡറൽ നിയമ ഏജൻസികൾ പ്രസ്താവനകൾ പുറപ്പെടുവിച്ചു, അത്തരം നെറ്റ്‌വർക്കുകൾ യു.എസിനു ഭീഷണിയാണെന്ന് മുദ്രകുത്തിയ കോൺഗ്രസ്, “ആഭ്യന്തര ഭീകരത”, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുമുണ്ടായി.

അതേസമയം ഇന്ത്യയിൽ, വിദ്വേഷത്തിന്റെ വലിയ ശൃംഖലകളേക്കാൾ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ വ്യക്തികളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് “സുള്ളി ഡീൽസ്, ബുള്ളി ബായ്” കേസുകൾ അന്വേഷിക്കുന്ന ദൽഹിയിലെയും മുംബൈയിലെയും പോലീസ് വൃത്തങ്ങൾ പറയുന്നത്.

വെറുപ്പ് ‘ട്രാക്ക്’ ചെയ്യപ്പെടുന്നു

ഡൽഹിയിൽ, പോലീസ് ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമ്മീഷണർ കെ.പി.എസ് മൽഹോത്രയാണ് രണ്ട് കേസുകളുടെയും മേൽനോട്ടം വഹിക്കുന്നത്. “രണ്ട് കേസുകളിലെയും പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ്/എങ്ങനെയാണ് ഇത് സംഭവിച്ചതെന്നതിനെക്കുറിച്ചാണ് നിങ്ങളിപ്പോൾ സംസാരിക്കുന്നതെങ്കിൽ, ആ പ്രശ്‌നങ്ങൾ ഈ അന്വേഷണത്തിന്റെ ഭാഗമല്ല.” – അദ്ദേഹം പറയുന്നു.

ഓൺലൈൻ വിദ്വേഷപ്രചാരണങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ട്രാക്ക് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ, കിംവദന്തികൾ, ഓൺലൈനിലെ വിദ്വേഷപ്രചാരണങ്ങൾ എന്നിവ നിരീക്ഷിക്കുന്ന ഒരു സോഷ്യൽ മീഡിയ സെന്റർ തങ്ങൾക്കുണ്ടെന്ന് ഡൽഹി പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അനൗദ്യോഗികമായി പറയുന്നുണ്ട്. എന്നാൽ, ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രചാരണങ്ങൾ തങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ആക്ഷേപകരമായ ഏതെങ്കിലും ഉള്ളടക്കം കണ്ടെത്തിയാൽ, അവരത് ബന്ധപ്പെട്ട ലോക്കൽ പോലീസിനും ഞങ്ങളുടെ സീനിയർമാർക്കും ആവശ്യമെങ്കിൽ IFSOയിലേക്കും (മൽഹോത്രയുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്] റഫർ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

“സുള്ളി ഡീൽസ്”, “ബുള്ളി ബായ്” എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓൺലൈൻ നെറ്റ്‌വർക്കുകൾ ഇവർ ‘ട്രാക്ക്’ ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.

ഹിന്ദുത്വ മൗലികവാദികൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വർഗീയ വിദ്വേഷത്തെ നേരിടുന്നതിലുള്ള ഈ ‘സ്ഥാപനവൽകൃത വിമുഖത’ എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
ഓരോ സംഭവങ്ങൾക്കും പിന്നിലുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നില്ലെങ്കിൽ, ഭാവിയിൽ അവയെ സന്ദർഭോചിതമായി തടയാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഇത്തരം അപകടകരമായ ഫാൾസ് ഇൻഫർമേഷൻ കൈകാര്യം ചെയ്യുന്നതിൽ നൂതന കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്ന സാങ്കേതിക കമ്പനിയായ ‘ലോജിക്കലി’യിലെ സീനിയർ അനലിസ്റ്റായ ഇഷാന അയ്യന്ന പറഞ്ഞു.

“സുള്ളി ഡീൽസും ബുള്ളി ബായിയും സംഭവിച്ചതിനു പിന്നിലെ കാരണം എന്തായിരിക്കുമെന്നത്
എന്നെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്, അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സ്വയം ധാരണയുണ്ടാക്കാൻ നിയമപാലകർക്ക് സമയമുണ്ടെന്ന് ഞാൻ കരുതുന്നില്ല, അറസ്റ്റ് ചെയ്യുക എന്നതിനാണ് ഒരു വിഷയത്തിൽ അവരുടെ മുൻഗണന” – അവർ പറഞ്ഞു.

എന്നാൽ, വെർച്വൽ ലോകത്ത് ഹിന്ദുത്വ മതമൗലികവാദികളെ ട്രാക്ക് ചെയ്യുന്നതിൽ സ്ഥാപനവൽകൃതമായ ഇച്ഛാശക്തിയുടെ അഭാവവുമുണ്ട്. പതിറ്റാണ്ടുകളായി പോലീസ് പരിഷ്കാരങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ദേവിക പ്രസാദ് ഇത് ശരിവെക്കുന്നു. ഓഫ്‌ലൈൻ ലോകത്തെ വിദ്വേഷ പ്രസംഗങ്ങളോട് പോലീസ് മൃദുവായി പെരുമാറിയ മറ്റ് കേസുകൾ ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏപ്രിൽ മാസത്തിൽ, യതി നർസിംഗാനന്ദിന്റെയും സുരേഷ് ചവാൻകെയുടെയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ‘ഹിന്ദു മഹാപഞ്ചായത്ത്’ മുസ്ലിംകൾക്കെതിരെ ആയുധമെടുക്കാൻ അവിടെയുള്ള ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. പ്രസ്തുത പരിപാടി വിദ്വേഷപരമല്ല, മറിച്ച് “ഒരുകൂട്ടരുടെ മതത്തെ ശാക്തീകരിക്കുന്നതിനാണ്” എന്നാണ് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ ആദ്യം അറിയിച്ചത്.
നരസിംഹാനന്ദ് ആവർത്തിച്ചു കുറ്റകൃത്യം ചെയ്യുന്ന ആളാണെന്ന് (repeat offender) ദേവിക പ്രസാദ് ചൂണ്ടിക്കാട്ടുന്നു. ഡൽഹി മഹാപഞ്ചായത്തിന് മാസങ്ങൾക്ക് മുമ്പ്, ഹരിദ്വാറിൽ മുസ്ലീം വംശഹത്യക്ക് ആഹ്വാനം ചെയ്ത് നടത്തിയ പ്രസംഗങ്ങളുടെ പേരിലും ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ജാമ്യത്തിലിറങ്ങിയ നരസിംഹാനന്ദ്,
ജാമ്യ വ്യവസ്ഥകൾക്ക് പുല്ലുവില കൽപിച്ചുകൊണ്ട്, ഡൽഹിയിലും പിന്നീട് പൂനെയിലും നടന്ന പരിപാടികളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തി. ഇയാളെ ഇനിയും അറസ്റ്റ് ചെയ്യേണ്ടതുണ്ട്.
“ഇത് കേവലം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മാത്രമല്ല. കൃത്യമായ ആർക്കിടെക്ച്ചറിലൂടെ ഏകോപിതമായി പ്രവർത്തിക്കുന്ന വൻ നെറ്റ്‌വർക്കുകളെക്കുറിച്ച് അന്വേഷിക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവമാണ് ഈ കേസുകൾ കാണിക്കുന്നത്” ദേവിക പ്രസാദ് പറഞ്ഞു. “എന്തുകൊണ്ട് ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ പിന്നാലെ പോകാനോ അവരെ സുരക്ഷാ ഭീഷണിയായി മുദ്രകുത്താനോ പാടില്ല? സോഷ്യൽ മീഡിയയുടെ ലോകത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഇത് മറ്റൊരു വെല്ലുവിളി ആയേക്കാമെങ്കിലും വിദ്വേഷ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യാനുള്ള യഥാർത്ഥ ശ്രമങ്ങളെ തടയിടാൻ ഇതുകൊണ്ടൊന്നും കഴിയില്ല.”

ഇന്ത്യയിൽ, ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാനോ അതിൽ ശിക്ഷാനടപടികൾ സ്വീകരിക്കാനോ നിലവിലെ അധികാരികൾക്ക് മടിയുള്ളതായി തോന്നുന്നില്ല. കഴിഞ്ഞ വർഷം, കർഷക പ്രതിഷേധത്തിനിടെ, സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്റർ ആദ്യം വിസമ്മതിച്ചപ്പോൾ, അവരുമായി ഇന്ത്യൻ സർക്കാർ നിരവധി ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു. അതിലെ ജീവനക്കാർക്ക് ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടിവന്നു. സൈറ്റിൽ കൃത്രിമ ഉള്ളടക്കമുണ്ടെന്ന ബി.ജെ.പിയുടെ പ്രചാരണത്തെതുടർന്ന് ഡൽഹി പോലീസ് ട്വിറ്റർ ഓഫീസുകളിൽ റെയ്ഡ് നടത്തി. ട്വിറ്റർ ഇന്ത്യ മേധാവിക്കെതിരെ കലാപത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്ത ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനും ശ്രമിച്ചു. ഒരു മുസ്ലീം വൃദ്ധനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലായതിനെ തുടർന്നാണിത്. സോഷ്യൽ മീഡിയയിലെ വിവരങ്ങൾ നൽകാനും വിവരങ്ങൾ നീക്കം ചെയ്യാനും കമ്പനികൾക്ക് നിയമപരമായ അഭ്യർത്ഥനകൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയുടെ ആദ്യസ്ഥാനങ്ങളിൽ ഇന്ത്യ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്നുണ്ട്.

ട്രാഡ്സ്- വ്യത്യസ്ത രൂപങ്ങളിൽ

“സുള്ളി ഡീൽസ്”, “ബുള്ളി ബായ്” അന്വേഷണങ്ങൾ ട്വിറ്ററിലെ ചില ട്രാഡ് അക്കൗണ്ടുകളെ ‘ഒളിവിൽ പോകാൻ’ നിർബന്ധിതരാക്കി. ചില ഹാൻഡിലുകളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യുകയും, ബാക്കിയുള്ളവർ അക്കൗണ്ട് സ്വയം ഉപേക്ഷിക്കുകയും ചെയ്തു. ട്വിറ്റർ സ്‌പെയ്‌സുകളിൽ മുമ്പ് പബ്ലിക് ആയിരുന്ന ഓഡിയോ ചർച്ചകൾ ഇപ്പോൾ “ക്ഷണിക്കപ്പെട്ടവർക്ക് മാത്ര”മുള്ളതാണ്.
എന്നാൽ, ട്വിറ്ററിലെ അവരുടെ തിരോധാനംകൊണ്ട് ട്രാഡ് നെറ്റ്‌വർക്കുകൾ നിലവിലില്ലെന്ന് കരുതാനാവില്ല. അവർക്ക് കൂടുതൽ സ്വാതന്ത്ര്യമുള്ള Reddit പോലുള്ള പ്ലാറ്റ്‌ഫോമുകളുണ്ട്. ഇപ്പോഴും, മുസ്ലീം സ്ത്രീകളെ ലക്ഷ്യം വച്ചുള്ള അക്രമാസക്തമായ ഉള്ളടക്കങ്ങൾ അവിടെ പബ്ലിക്കിന് ലഭ്യമാണ്. ബ്രാഹ്മണ മേധാവിത്വത്തെക്കുറിച്ചും ഒരു ഹിന്ദു രാഷ്ട്രം എങ്ങനെ സ്ഥാപിക്കാമെന്നതിനെക്കുറിച്ചുമുള്ള തുറന്ന ചർച്ചകൾ നടക്കുന്ന ക്ലബ്ബ് ഹൗസുമുണ്ട്. എന്നിരുന്നാലും, സംഭാഷണങ്ങളുടെ റെക്കോർഡിംഗ് അനുവദിക്കുന്ന റീപ്ലേ ഫീച്ചർ പലപ്പോഴും പ്രവർത്തനരഹിതമാണെന്നത് ഈ കൂട്ടായ്മകൾ കൂടുതൽ ജാഗരൂകരായിട്ടുണ്ടെന്നത് വ്യക്തമാക്കുന്നുണ്ട്.

ചില ഉപയോക്താക്കൾ മെച്ചപ്പെട്ട സ്വകാര്യതയുള്ള കൂടുതൽ സുരക്ഷിതമായ പ്ലാറ്റ്ഫോമുകളിലേക്കും മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്. 2022 ജനുവരിയിലെ അറസ്റ്റിന് ശേഷമുള്ള ആഴ്‌ചകളിൽ, ട്വിറ്ററിലെ നിരവധി ട്രാഡ് അക്കൗണ്ടുകൾ നീക്കം ചെയ്‌തപ്പോൾ, പലരും ഇതര ഓൺലൈൻ ഇടങ്ങളിലേക്ക് മാറിയതായി മനസ്സിലാകുന്നുണ്ട്. അവയിലൊന്നാണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള മൂന്ന് യുവ സംരംഭകർ 2020 ജൂലൈയിൽ സൃഷ്‌ടിച്ച Kutumb എന്ന ആപ്പ്. “Kutumbനുള്ളിലെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ നിങ്ങൾക്ക് ഒരു ഇൻവിറ്റേഷൻ ലഭിക്കേണ്ടതുണ്ട്, Kutumb സിലോസിലാണ് (Silos) പ്രവർത്തിക്കുന്നത്. എല്ലാവർക്കും കാണാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻപോലെയല്ല അത്”- അയ്യന്ന വിശദീകരിക്കുന്നു.


പ്രാദേശിക ഭാഷകളിൽ ‘ഹൈപ്പർലോക്കൽ കമ്മ്യൂണിറ്റികൾ’ നിർമ്മിക്കാൻ തങ്ങൾ സഹായിക്കുന്നുവെന്നാണ് ആപ്പ് പരസ്യം ചെയ്യുന്നത്. വിവിധ സംഘടനകളുടെ തലവന്മാർ പ്രസ്തുത ആപ്പ് ഉപയോഗിക്കാനായി ആളുകളോട് ആഹ്വാനം ചെയ്യുന്ന വീഡിയോകൾ അതിന്റെ ഹോംപേജിൽ പ്രദർശിപ്പിക്കുന്നുണ്ട്. പല ഹിന്ദുത്വ ഗ്രൂപ്പുകളും ഇതിനെ അനുകൂലിക്കുന്നതായാണ് മനസ്സിലാകുന്നത്. ഈ ആപ്പ് ‘സ്വദേശി’യാണ്, ഇന്ത്യയിൽ നിർമ്മിച്ചതാണ്, “അതിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു”- ശ്രീ വിശ്വകർമ സേനയെ നയിക്കുന്ന അശുതോഷ് വിശ്വകർമ, ഒരു പരസ്യ വീഡിയോയിൽ പറഞ്ഞതാണിത്.

ഓരോ ക്ലോസ്ഡ് ഗ്രൂപ്പിനും ഒരു അഡ്മിനിസ്ട്രേറ്ററും ഒരു പ്രത്യേക ചാനലും ഗ്രൂപ്പിലെ ആളുകൾക്ക് പരസ്പരം സ്വകാര്യമായി സന്ദേശമയയ്‌ക്കാൻ കഴിയുന്ന ഒരു ഫീച്ചറും ഉണ്ട്. “ഇത് ഭാവിയിലെ വെല്ലുവിളിയായി മാറുമെന്ന് എനിക്ക് തോന്നുന്നു, ഒന്നാമതായി, Kutumbൽ ഒരുതരത്തിലുള്ള നിയന്ത്രണവുമില്ല. ക്ലോസ്ഡ് ഗ്രൂപ്പുകൾക്കുള്ളിലെ ആർക്കും അതിനുള്ളിലെ ആശയങ്ങളെ റിപ്പോർട്ടുചെയ്യാനോ അപായസൂചന നൽകാനോ കഴിയില്ല.”
Kutumb പോലെ, 2020 മാർച്ചിൽ ആരംഭിച്ച ഒരു സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ Kooയിലും നിയന്ത്രണങ്ങൾ കുറവാണ്. അതും ഒരു “തദ്ദേശീയ” ആപ്പായാണ് വിശേഷിപ്പിക്കപ്പെടുന്നത്. “എല്ലാവരും Koo ഉപയോഗിക്കുന്നു, ഇന്ത്യൻ സർക്കാരും. കർഷക സമരത്തിനിടെ മുഴുവൻ ഹിന്ദു വലതുപക്ഷവും Kooവിലേക്ക് നീങ്ങി.” അയ്യന്ന പറഞ്ഞു.

2021 നവംബറിൽ അവസാനിച്ച ഒരു വർഷം നീണ്ടുനിന്ന കർഷക പ്രതിഷേധം കേന്ദ്രസർക്കാർ പാസാക്കിയ ബില്ലുകൾക്കെതിരെയായിരുന്നു. ഇതിന് മറുപടിയെന്നോണം, ഹിന്ദു വലതുപക്ഷം പ്രതിഷേധക്കാർക്കെതിരെ ട്രോളുകൾ പടച്ചുവിട്ടു. ഈ ട്രോളുകൾക്കെതിരെ ട്വിറ്റർ ശക്തമായി പ്രതികരിച്ചതോടെ അവർ Kooവിലേക്ക് ചേക്കേറി.

ട്രാഡ് സംഭാഷണങ്ങൾ സംരക്ഷിത കമ്മ്യൂണിറ്റികളിലേക്ക് (protected communities) അപ്രത്യക്ഷമാകുമ്പോൾ, ഓൺലൈനിലുള്ള വിദ്വേഷത്തിന്റെ അടിയൊഴുക്ക് കണ്ടെത്താൻ പ്രയാസമാണ്. “നമ്മെ സംബന്ധിച്ച് ഇത് അപകടകരമാണ്, അവരിപ്പോൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയില്ല. നാം ഉടനടി മറികടക്കേണ്ടുന്ന പുതിയ തടസ്സങ്ങളാണിവ.” അയ്യന്ന പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സേവനദാതാക്കളും നൽകുന്ന അജ്ഞാതതയും (Anonymity) ട്രാഡ് അക്കൗണ്ടുകളെ ട്രാക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടാക്കുന്നുണ്ടെന്ന് ഡൽഹിയിലെയും മുംബൈയിലെയും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. “അജ്ഞാത സ്വാഭാവമുള്ള അക്കൗണ്ടുകൾ, വ്യാജ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ട്വിറ്റർ ഐഡികൾ, ഉപയോഗിക്കുന്ന ഇമെയിൽ ഐഡികളും വ്യാജം,” – “ബുള്ളി ബായ്”, “സുള്ളി ഡീൽ” കേസുകൾ അന്വേഷിച്ചിരുന്ന ഒരു ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ‘ഓഫ് ദി റെക്കോർഡ്’ ആയി പറഞ്ഞു.


ട്രാഡ് മഹാസഭയിലെ അജ്ഞാതരായ ആരെയും തങ്ങൾ വിളിപ്പിച്ചിട്ടില്ലെന്ന് “ബുള്ളി ബായ്” കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥനും സമ്മതിച്ചു. എന്തായാലും ട്വിറ്ററിൽ നിന്ന് പ്രസ്തുത ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. മറ്റൊരു പ്ലാറ്റ്‌ഫോമിലോ മറ്റൊരു പേരിലോ വീണ്ടും ഈ ഗ്രൂപ്പ് ഉയർന്നുവന്നിട്ടുണ്ടോ എന്നത് ഉദ്യോഗസ്ഥർക്കറിയില്ല. “സത്യം പറഞ്ഞാൽ, എന്റെ അന്വേഷണം ബുള്ളി ബായ് ആപ്പിനെക്കുറിച്ചാണ്, ട്രാഡ് മഹാസഭയെക്കുറിച്ചല്ല,” – വിശാലമായ ട്രാഡ് നെറ്റ്‌വർക്കിന്മേലുള്ള അവരുടെ താൽപര്യം എന്തുകൊണ്ട് പരിമിതമായിമാറിയെന്നത് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ചുവപ്പുനാട

ട്രാഡ്സിനെ ഓൺലൈനിൽ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ നിയമ തടസ്സങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്ന് നിയമ നിർവ്വഹണ ഏജൻസികളും പറയുന്നു.

ട്രാഡ് അക്കൗണ്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിന്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് പോലീസ് ആശ്രയിക്കുന്നത്. ഈ കമ്പനികളിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആസ്ഥാനമാക്കി ആ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. ഇത്തരം അന്താരാഷ്ട്ര സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നത് അമേരിക്കൻ സുരക്ഷാ ഏജൻസികൾക്ക് ഇന്ത്യൻ ഏജൻസികളേക്കാൾ നേട്ടമുണ്ടാക്കാൻ ഉപകരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ, ട്രാഡ് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെടുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്.

മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചതുപോലെ, സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇന്ത്യയിൽ പ്രതിനിധികളുണ്ടെങ്കിലും അവരുടെ സെർവറുകൾ മറ്റ് രാജ്യങ്ങളിലാണെന്നത് വിവരങ്ങൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. “രണ്ടു വർഷമെടുത്തേക്കാവുന്ന ഈ നീണ്ട നടപടിക്രമങ്ങൾ പിന്തുടരാനാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. അപ്പോഴേക്കും എല്ലാം തണുക്കും, ഞങ്ങൾ സ്ഥലം മാറിക്കഴിഞ്ഞിരിക്കും. ഒരു വർഷം കഴിഞ്ഞ് ഞങ്ങൾക്ക് വിവരം ലഭിച്ചാലും അത് അർത്ഥശൂന്യമായിരിക്കും”- അവർ പറഞ്ഞു.
നിലവിൽ, ഇന്ത്യയിൽ കേന്ദ്രീകരിക്കാത്ത സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് വിവരങ്ങൾ ലഭിക്കുകയെന്നത് ഒരു സങ്കീർണ്ണ പ്രക്രിയയാണ്. ആദ്യം, പരസ്പര നിയമ സഹായ ഉടമ്പടി
(mutual legal assistance treaty) പ്രകാരം സഹായത്തിനായുള്ള പോലീസിന്റെ ഔപചാരിക അഭ്യർത്ഥന ആഭ്യന്തര മന്ത്രാലയത്തിന് അയക്കണം. ഇതിനെത്തുടർന്ന് ഡാറ്റ ആവശ്യപ്പെട്ടുകൊണ്ട് ഉടമ്പടി പ്രകാരമുള്ള ഒരു ‘ലെറ്റർ റോഗറ്ററി’ അയക്കുന്നു. പ്രസ്തുത അഭ്യർത്ഥന ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റുന്നു, അവിടെനിന്ന് ബന്ധപ്പെട്ട സോഷ്യൽ മീഡിയ കമ്പനിക്ക് അഭ്യർത്ഥന കൈമാറുന്നു.

ഈ പ്രക്രിയയ്ക്ക് പൊതുവെ ആറ് മുതൽ ഏഴ് മാസം വരെ സമയമെടുക്കുമെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത് വരുത്തുന്ന കാലതാമസം 2021 ജൂലൈയിൽ രജിസ്റ്റർ ചെയ്ത “സുള്ളി ഡീൽസ്” കേസിൽ വ്യക്തമാണ്. എന്നാൽ ഏഴ് മാസമായിട്ടും ഒരു അറസ്റ്റ് പോലും നടത്താൻ പോലീസിന് കഴിഞ്ഞില്ലെന്നുമാത്രമല്ല, ട്രാഡ് മഹാസഭ ട്വിറ്റർ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. പോലീസ് നടപടിയുടെ അഭാവമാണ് മാസങ്ങൾക്ക് ശേഷം “ബുള്ളി ബായ്” ആപ്പ് സൃഷ്ടിക്കാൻ ബിഷ്‌ണോയിയെ പ്രോത്സാഹിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്.


ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, “സുള്ളി ഡീൽസ്” കേസിൽ, അഭ്യർത്ഥനയും കത്തും
2021 ജൂലൈയിൽ GitHubലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹം പറയുന്നതനുസരിച്ച്, “സുള്ളി ഡീൽസ്” ആപ്പിൽ ഉൾപ്പെട്ടിരിക്കുന്ന കൂടുതൽ ആളുകളെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന വിശദാംശങ്ങൾ GitHub-ൽ നിന്ന് അവർക്കിപ്പോഴും ലഭിച്ചിട്ടില്ല. ഇത്തരം പ്രതികരണം അയയ്‌ക്കേണ്ടതിന് സോഷ്യൽ മീഡിയ കമ്പനിക്ക് ഔദ്യോഗിക സമയപരിധിയൊന്നുമില്ലതാനും.
“ബുള്ളി ബായ്” കേസിൽ “റോഗറ്ററി ലെറ്റർ” അയയ്ക്കാൻ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.

ട്വിറ്ററുമായി ബന്ധപ്പെട്ടപ്പോൾ

ഒരു വക്താവ് പറഞ്ഞത് ഇങ്ങനെയാണ്: “നിയമപാലകർക്കായുള്ള കോൺടാക്റ്റ് ചാനലുകൾ Twitterനുണ്ട്, ഞങ്ങൾക്ക് ബാധകമായ നിയമങ്ങൾക്കനുസൃതമായി പുറപ്പെടുവിക്കുന്ന നിയമപരമായ അഭ്യർത്ഥനകളോട് ഞങ്ങൾ പ്രതികരിക്കും. ദുരുപയോഗങ്ങൾ, ഉപദ്രവങ്ങൾ, വിദ്വേഷകരമായ പെരുമാറ്റം എന്നയവയുമായി ബന്ധപ്പെട്ട ഞങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകളെ തിരിച്ചറിയുന്നപക്ഷം നടപടിയെടുക്കാനും ഞങ്ങൾക്ക് വ്യക്തമായ നിയമങ്ങളുണ്ട്.”


“റഫറൻസ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സ്ത്രീകളെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്ന, ടാർഗെറ്റുചെയ്‌ത് ഉപദ്രവിക്കുന്ന, നിരവധി ട്വീറ്റുകളും അക്കൗണ്ടുകളും ഞങ്ങളുടെ ‘എൻഫോഴ്‌സ്‌മെന്റ് ഓപ്ഷനുകൾക്ക്’ അനുസൃതമായ നടപടിക്ക് വിധേയരായിട്ടുണ്ട്.“സുള്ളി ഡീൽസ്”, “ബുള്ളി ബായ്” കേസുകളെക്കുറിച്ച് ചോദിച്ചപ്പോൾ വക്താവ് കൂട്ടിച്ചേർത്തു.

അധികാര പരിധിയെക്കുറിച്ചുള്ള ചോദ്യം

എന്നിരുന്നാലും, സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് വിവരങ്ങൾ എക്‌സ്‌ട്രാക്‌റ്റുചെയ്യുന്ന പ്രക്രിയകൾ നിലനിൽക്കുന്നത് രണ്ട് രാജ്യങ്ങളുടെ അധികാരപരിധിയ്‌ക്കിടയിലുള്ള ആളില്ലാത്ത സ്ഥലത്താണ്. ഇന്ത്യൻ നിയമത്തിൽ നിന്ന് വ്യത്യസ്തമായ നടപടിക്രമങ്ങളുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമത്തിന് വിധേയമാണ് തങ്ങളെന്ന് GitHub പറഞ്ഞതിനാലാണ് അവിടെനിന്നുള്ള വിവരങ്ങൾ കിട്ടാതായതെന്നാണ് ഡൽഹി ഓഫീസർ പറയുന്നത്.

“ഇന്ത്യൻ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടാത്ത ഉപകരണങ്ങളും സ്ഥാപനങ്ങളുമാണ് ഇന്ത്യക്കാർ അവലംബിക്കുന്നതെങ്കിൽ, (അവരെ കണ്ടെത്തുന്നത്) വളരെ ബുദ്ധിമുട്ടാണ്”

  • സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റിയുടെ സഹസ്ഥാപകനായ പ്രാണേഷ് പ്രകാശ് വിശദീകരിക്കുന്നു.

ഇതുപോലുള്ള സംഭവങ്ങൾ ഡാറ്റാ പ്രാദേശികവൽക്കരണത്തിനുള്ള
(data localisation) ശക്തമായ സാഹചര്യമുണ്ടാക്കിയെന്ന് പ്രകാശ് കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ഡാറ്റ സംഭരിക്കാൻ നിർബന്ധിതരായി. ഇത് വേഗമേറിയതും നിയമാനുസൃതവുമായ ആക്സസ് ഉറപ്പാക്കും. എന്നാൽ, അദ്ദേഹത്തിന് ഒരു മുന്നറിയിപ്പ് കൂടി നൽകാനുണ്ടായിരുന്നു: “അതോടൊപ്പം പോലീസും മറ്റ് അന്വേഷണ ഏജൻസികളും അത്തരം വഴികൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിക്രമങ്ങളിലെ സ്വകാര്യതയ്ക്കായുള്ള ശക്തമായ നിയമങ്ങളും നമുക്കാവശ്യമാണ്.”


എന്നാൽ, ലെറ്റർ ഓഫ് റോഗേറ്ററി പോലുള്ള ദൈർഘ്യമേറിയ പ്രക്രിയകളോ ഡാറ്റാ പ്രാദേശികവൽക്കരണത്താലുള്ള സ്വകാര്യത പ്രശ്‌നങ്ങളോ ഇല്ലാത്ത ഇതരമാർഗങ്ങളുമുണ്ട്. “ഡാറ്റ പ്രാദേശികവൽക്കരണമില്ലാതെ തന്നെ ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്ന വിവിധ സ്ഥാപനങ്ങളുടെ മേൽ നിങ്ങൾക്ക് കൃത്രിമ അധികാരപരിധി സൃഷ്ടിക്കാനും കഴിയും” – പ്രകാശ് പറഞ്ഞു.
“കൂടാതെ, യുഎസ് ക്ലൗഡ് ആക്ടിന് കീഴിൽ, യുഎസ് ആസ്ഥാനമായുള്ള കമ്പനികളിലേക്ക് ഇന്ത്യയ്ക്ക് വേഗത്തിൽ ആക്സസ് ലഭിക്കാനായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സംവിധാനമുണ്ട്”.
ക്ലൗഡ് ആക്റ്റ് അല്ലെങ്കിൽ ക്ലാരിഫൈയിംഗ് ലോഫുൾ ഓവർസീസ് യൂസ് ഓഫ് ഡാറ്റ ആക്റ്റ് (Clarifying Lawful Overseas Use of Data Act) 2018-ൽ യു.എസ് പാസാക്കിയിട്ടുണ്ട്. “യുഎസ് ആസ്ഥാനമായുള്ള ആഗോള സേവനദാതാക്കളുടെ കൈവശമുള്ള ഇലക്ട്രോണിക് വിവരങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കുക” എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. പരസ്പര നിയമ സഹായ ഉടമ്പടികൾ വഴിയുള്ള നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. “സ്വകാര്യതയ്ക്കും പൗരസ്വാതന്ത്ര്യത്തിനും ശക്തമായ പരിരക്ഷയുള്ള” യു.എസും വിദേശ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾക്കായി ഈ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിൽ ക്ലൗഡ് ആക്ട് പ്രകാരം ഇന്ത്യയും യുഎസും തമ്മിൽ കരാറില്ല.
“വിദേശ കമ്പനികളിൽ നിന്ന് വിവരങ്ങൾ നേടുകയെന്നത് പോലീസിന്റെയും കോടതിയുടെയും കൈകളിലൊതുങ്ങുന്ന കാര്യമല്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ താൽപര്യവും ഇന്റർനെറ്റ് നിയമങ്ങൾ എത്രത്തോളം വ്യാപകമായി നിലനിൽക്കുന്നുവെന്നതുമായും ബന്ധപ്പെട്ടതാണ് ഇതിന്റെ പരിഹാരം” – പ്രകാശ് ചൂണ്ടിക്കാട്ടി.

ഐശ്വര്യ അയ്യർ എഴുതി ‘സ്ക്രോൾ’ പ്രസിദ്ധീകരിച്ച ലേഖനം.

മൊഴിമാറ്റം: ശുഐബ് മുഹമ്മദ് ആർ.വി

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2022. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.